പി. ഭാരതിരാജ സംവിധാനം ചെയ്ത് 1978-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തമിഴ് ചലച്ചിത്രമാണ് കിഴക്കേ പോകും റെയിൽ (ഇംഗ്ലീഷ്: Eastbound Train). ഇളയരാജയുടെ സംഗീതസംവിധാനമുള്ള ഒരു ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. ചിത്രം തെലുങ്കിൽ ടൂർപു വെല്ലെ റൈലു എന്ന പേരിലും ഹിന്ദിയിൽ സവേരേവാലി ഗാഡി എന്ന പേരിലും റീമേക്ക് ചെയ്തിട്ടുണ്ട്.
'കിഴക്കേ പോകും റെയിൽ' എന്ന് പേരിട്ടിരിക്കുന്ന ട്രെയിനിൽ നിന്ന് പാഞ്ചാലി (രാധിക), അന്ധവിശ്വാസങ്ങളെ കർശനമായ നിയമങ്ങൾപോലെ പാലിക്കുന്ന താമരക്കുളം ഗ്രാമത്തിൽ ഇറങ്ങുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. അവിടെ, പാഞ്ചാലിയെ അവളുടെ സഹോദരി കറുത്തമ്മയും (ഗാന്ധിമതി) അവളുടെ സഹോദരീഭർത്താവ് രാമയ്യയും (ഗൗണ്ടമണി) അവരോടൊപ്പം താമസിപ്പിക്കുന്നു. അവരുടെ അമ്മ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മരിച്ചുവെന്ന് പാഞ്ചാലി കറുത്തമ്മയെ അറിയിക്കുന്നു. രാമയ്യയ്ക്ക് സുന്ദരിയും ചെറുപ്പക്കാരിയുമായ പാഞ്ചാലിയോട് ഒരാഗ്രഹം തോന്നിത്തുടങ്ങി.
പരംജ്യോതി (ബേത്ത സുധാകർ) ഒരു തൊഴിൽരഹിതനായ ബിരുദധാരിയും കവി സുബ്രഹ്മണ്യ ഭാരതിയുടെ വലിയ ആരാധകനുമാണ്. അദ്ദേഹം പിതാവ് മരുതുവിന്റെയും (ജി. ശ്രീനിവാസൻ) സഹോദരി കണ്ണിയമ്മയുടെയും കൂടെയാണ് ജീവിക്കുന്നത്. പിതാവ് മരുതു ഒരു ക്ഷുരകനാണ്. എല്ലാ ഗ്രാമവാസികളെയും പോലെ അവന്റെ പിതാവ് മരുതുവും പരംജ്യോതിയെ ഒന്നിനും കൊള്ളാത്തവനായി കണക്കാക്കുന്നു. വിവാഹശേഷം ഭർത്താവിന്റെ കുടുംബത്തോടൊപ്പം താമസിക്കാൻ ജന്മഗൃഹം വിട്ട് കണ്ണിയമ്മ യാത്രയാവുന്നു.
പാഞ്ചാലിയും പരംജ്യോതിയും കാലക്രമേണ പ്രണയത്തിലാകുന്നു. ഒരു ദിവസം, പാഞ്ചാലിയുടെ പുറകെ ഓടുന്ന പരംജ്യോതിയെ ഗ്രാമവാസികൾ കാണുന്നു. ഗ്രാമപഞ്ചായത്തിൽ (ഗ്രാമ കോടതി) യുവതിയോട് മോശമായി പെരുമാറാൻ ശ്രമിച്ചതിന് പഞ്ചായത്തംഗങ്ങൾ പരംജ്യോതിയെ കുറ്റപ്പെടുത്തി സംസാരിക്കുന്നു.
സൈനികസേവനത്തിൽനിന്നു വിരമിച്ച പട്ടാളക്കാരൻ പട്ടാളത്താരും (വിജയൻ) കർഷകനായ പൊന്നാണ്ടിയും (കെ. ഭാഗ്യരാജ്) മാത്രമാണ് അവന്റെ പ്രണയത്തെ പിന്തുണയ്ക്കുന്നത്. പക്ഷേ പഞ്ചായത്തംഗങ്ങൾ അവരുടെ അഭിപ്രായത്തെ അവഗണിക്കുകയും അവർ പരംജ്യോതിയെ തല മുണ്ഡനം ചെയ്ത് കഴുതപ്പുറത്തു കയറ്റി തെരുവുകളിലൂടെ നടത്തുവാനായി ശിക്ഷ വിധിക്കുകയും ചെയ്യുന്നു. അവന്റെ പിതാവ് മരുതു തന്റെ മകൻ പരംജ്യോതിയുടെ മുടി മൊട്ടയടിക്കുകയും ഗ്രാമത്തിലെ തെരുവുകളിൽ കഴുതപ്പുറത്ത് പരേഡ് നടത്തുകയും ചെയ്തു. ശിക്ഷയായി പാഞ്ചാലിയുടെ കയ്യ് ഒരു വിറകുകൊള്ളികൊണ്ട് പൊള്ളിക്കുവാൻ രാമയ്യ തന്റെ ഭാര്യ കറുത്തമ്മയെ നിർബ്ബന്ധിക്കുന്നു.
തന്റെ മകന്റെ അപമാനത്തിൽ മനംനൊന്ത മരുതു ഗ്രാമത്തിലെ തടാകത്തിൽ ചാടി ആത്മഹത്യ ചെയ്യുന്നു. പരംജ്യോതി ഗ്രാമം വിടാൻ തീരുമാനിക്കുന്നു. നഗരത്തിലേക്കു പുറപ്പെടും മുൻപായി പാഞ്ചാലിയെ വിവാഹം കഴിക്കാനായി താൻ തിരികെ വരുമെന്ന് പരംജ്യോതി അവൾക്ക് ഉറപ്പുകൊടുക്കുന്നു. 'കിഴക്കേ പോകും റെയിൽ' ട്രെയിനിന്റെ അവസാന കമ്പാർട്ടുമെന്റിൽ അവൾക്കായി ഒരു സന്ദേശം എഴുതുമെന്നും അവൻ അവളെ അറിയിക്കുന്നു. നഗരത്തിൽ, നിരവധി അഭിമുഖങ്ങൾക്ക് ശേഷം, അയാൾ ഒരു മാന്യമായ ജോലി കണ്ടെത്തുന്നു.
ഇതിനിടയിൽ, ഗ്രാമ കോടതിയിൽ, കറുത്തമ്മ വന്ധ്യയായ സ്ത്രീയാണെന്ന് രാമയ്യ പരാതിപ്പെടുകയും പാഞ്ചാലിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം, കനത്ത മഴയിൽ ഗ്രാമം തകർന്നുപോവുന്നു. മഴയുടെ ശക്തി കുറക്കുവാൻ ഗ്രാമവാസികൾ വഴികൾ തേടുന്നു. ഗ്രാമത്തിലെ അതിപുരാതനമായൊരു അന്ധവിശ്വസമനുസരിച്ച് ഒരു കന്യക സൂര്യോദയ സമയത്ത് ഗ്രാമവീഥിയിലൂടെ നഗ്നയായി നടന്നാൽ മഴയെ തടയുവാനാവും. അപ്രതീക്ഷിതമായാണ് പാഞ്ചാലിയെ ആ ജോലിക്കായി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കുന്നത്.
ആചാരത്തിന്റെ ദിവസംതന്നെയാണ് അത്യാഹ്ലാദത്തോടെ പാഞ്ചാലിയെ കൂടെക്കൂട്ടാനായി പരംജ്യോതി നഗരത്തിൽനിന്നും തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തുന്നത്. പൂർണ്ണ നഗ്നയായി ഗ്രാമം വലംവയ്ക്കുന്ന പാഞ്ചാലിയെ അവൻ കാണുന്നു. പൂർണനഗ്നയായി നഗരപ്രദിക്ഷണം വയ്ക്കുന്ന തന്റെ പ്രണയിനി പാഞ്ചാലിയെക്കാണുന്ന പരംജ്യോതി ആകെ തകർന്നുപോയെങ്കിലും, അവൻ പാഞ്ചാലിയെ തന്റെ ധോത്തികൊണ്ട് മൂടുന്നു. അവർ രണ്ടുപേരും രോഷാകുലരായ ഗ്രാമീണരിൽ നിന്നും ഓടി രക്ഷപെടുന്നു. അവരെ പിൻചെല്ലുന്ന ഗ്രാമവാസികളെ തടഞ്ഞുകൊണ്ട് പട്ടാളത്താർ ദമ്പതികളെ സഹായിക്കുന്നു. ഗ്രാമവാസികളുമായുള്ള അടിപിടിയിൽ പട്ടാളത്താർ കൊല്ലപ്പെടുന്നു. ഗ്രാമവാസികളുടെ കണ്ണുവെട്ടിച്ച് 'കിഴക്കേ പോകും റെയിൽ' തീവണ്ടിയിൽ കയറി രക്ഷപെടുവാൻ ആ പ്രണയികൾക്കാവുന്നിടത്ത് സിനിമ അവസാനിക്കുന്നു.