Echo Discussion Forum is conducting A discussion/Debate on the theme of Marriage for All (`Ehe für Alle`) and its challenges on 21 November 2021, Sunday from 14.00 hrs onwards. The platform for the discussion/debate will be `Skype`. Further details will be updated here. If you are interested to participate, please leave a reply in the comment box of this page. Thanks.
Please have a look at the theme below.
17 ആം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ ഭൂമിയെ വലംവച്ചിരുന്ന സൂര്യൻ ആ ദൗത്യം ഭൂമിക്കു വിട്ടു കൊടുത്തപ്പോഴാണ് മാനവ ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റുതിരുത്തലുകളിലൊന്ന് സംഭവിക്കുന്നത്.
ഭൂമിയാണ് സുര്യനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നതെന്ന നഗ്നസത്യം മാലോകരെ വിശ്വസിപ്പിക്കാൻ ഇറങ്ങിത്തിരിച്ച ശാസ്ത്രജ്ഞരെല്ലാം തുറുങ്കിലടയ്ക്കപ്പെടുകയാണുണ്ടായത്.
കടൽത്തീരത്തെ മണൽത്തരികൾകണക്കെ വംശവർധന കലയ്ക്കു നിയോഗിക്കപ്പെട്ടിരുന്ന അബ്രഹാമിന്റെ സന്തതിപരമ്പരകൾ കർത്തവ്യം മറന്ന് സ്വവർഗികളായി മാറിയപ്പോളാണ് വഴിപിഴച്ച ജനതതികൾ തിങ്ങിപ്പാർത്തിരുന്ന സൊദോം ഗോമോറാ നഗരങ്ങളെ തീമഴയിലാഴ്ത്തി ഭൂമുഖത്തുനിന്നു തന്നെ ഉൻമൂലനം ചെയ്യാൻ ദൈവം നിർബന്ധിതനായത്.
സ്വവർഗ ഇടപെടലുകൾ പ്രകൃതിവിരുദ്ധമെന്ന് വിധിയെഴുതിയിരുന്ന സന്മാർഗികൾക്കാർക്കും തന്നെ അറിയില്ലായിരുന്നു പ്രകൃതിയിൽ 450 ലേറെ വർഗ്ഗം ജീവജാലങ്ങളിലും ഈ പ്രതിഭാസം സാധാരണമാണെന്നത്.
സാന്മാർഗികളെന്നു സ്വയം ധരിച്ചു വച്ചിരുന്ന സമൂഹം, സ്വവർഗപ്രേമികളെ കാലങ്ങളോളം ക്രൂരമായി പീഢിപ്പിക്കുകയും സമൂഹത്തിൽ നിന്നും അകറ്റി നിറുത്തുകയും ചെയ്തു പോന്നു.
ലിംഗ ഭേദമെന്യേ എല്ലാവർക്കും പരസ്പരം വിവാഹം
2001-ൽ, നെതർലണ്ടിലാണ്, വിവാഹത്തെപ്പറ്റിയുള്ള മനുഷ്യന്റെ കാഴ്ചപ്പാടുകളെ തിരുത്തിക്കുറിച്ചുകൊണ്ട്, ഒരേ ലിംഗത്തിൽപ്പെട്ടവർക്ക് നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യുവാനും, അന്നുവരെ സ്ത്രീ - പുരുഷ സമാഗമത്തെ മാത്രം വിവാഹമായി അംഗീകരിക്കുകയും പ്രത്യേക അവകാശങ്ങളും പരിഗണനകളും, വംശവർധനക്കുള്ള ലൈസൻസും നൽകി പരിരക്ഷിക്കയും ചെയ്തുപോന്ന പരമ്പരാഗത സമ്പ്രദായത്തിൽ വിപ്ലവകരമായ മാറ്റത്തിനു തുടക്കം കുറിക്കുന്നത്.
സദാചാര-സന്മാർഗചിന്തകരെയെല്ലാം ഞെട്ടിപ്പിച്ച ഈ തുടക്കം 2021 സെപ്റ്റംബർ 26 ന് ഒരു ജനഹിതപരിശോധനയിലൂടെ (64 ശതമാനം പേർ അനുകൂലിച്ചു) സ്വിറ്റസർലണ്ടിലും പ്രാബല്യത്തിൽ വന്നതോടെ ലോകത്ത് 29 രാജ്യങ്ങൾ ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹത്തിനു നിയമപരിരക്ഷ നല്കിയിരിക്കയാണ്.
വെറുതെ വിവാഹം കഴിക്കാൻ മാത്രമല്ല, അവർക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാം, വാടക അമ്മമാരെ കണ്ടെത്തിയോ, അജ്ഞാതന്റെ ബീജം സ്വീകരിച്ചോ സ്വന്തം കുട്ടികൾക്ക് ജന്മം നൽകാം, (പ്രായ പൂർത്തിയാവുന്നതു വരെ അച്ഛനാരെന്നറിയാൻ കുട്ടിയ്ക്ക് അവസരമുണ്ടാവില്ല; മാത്രമല്ല ബീജദാതാവിനെ ഉത്തരവാദിത്തങ്ങളിൽ നിന്നെല്ലാം വിമുക്തനാക്കുകയും ചെയ്തിരിക്കും)
മാതൃസങ്കല്പവും അമ്മിഞ്ഞപ്പാലുമില്ലാതെ തന്നെ ഒരു കുഞ്ഞിനെ സ്നേഹ വാത്സല്യങ്ങൾ നൽകി വളർത്തിയെടുക്കാൻ പുരുഷ ഇണകൾക്ക് എല്ലാ സ്വാതന്ത്ര്യവും നൽകിയിരിക്കുന്നു, അച്ഛന്റെ സംരക്ഷണ തണലിലല്ലാതെ ഒരു കുട്ടിയെ വളർത്തിയെടുക്കാൻ സ്ത്രീ ഇണകൾക്കും ഒരു പോലെ അവസരം ലഭിക്കുന്നു.
പുരുഷ മേധാവിത്വത്തിനു പുല്ലു വില നൽകി അവരിൽ നിന്നും മുക്തമായ ഒരു സ്ത്രീ സമൂഹവും, സ്ത്രീകളുടെ വരുതിയിൽ നിന്നല്ലാതെയും സന്തോഷകരമായ കുടുംബജീവിതം ആസ്വദിക്കാൻ സാധിക്കുമെന്ന് കാട്ടിക്കൊടുക്കുന്ന പുരുഷസമൂഹവും ഇവിടെ രൂപം കൊള്ളുകയാണ്.
പാശ്ചാത്യരാജ്യങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു വഴി തെളിച്ച ഈ തീരുമാനം ഇന്ത്യയിലെത്താൻ ഇനി എത്ര നാൾ കാത്തിരിക്കണം ?
സാന്മാർഗികളുടെയും, കപട സദാചാരവാദികളുടെയും മതഭ്രാന്തന്മാരുടെയും അന്ധവിശ്വാസങ്ങൾക്ക് അറുതി വരുത്തുവാൻ ഇത് നിമിത്തമാവുമോ ?
അച്ഛനമ്മമാരുടെ പരിലാളനയിൽ, സന്തുലിതമായ ബാല്യവും കൗമാരവും പിന്നിടുന്ന ജന്മങ്ങളെ മാത്രം കണ്ടു പരിചയിച്ചിട്ടുള്ള സമൂഹത്തിലേയ്ക് സ്വവർഗ ഇണകളുടെ കുട്ടികൾ കൂടി കടന്നു വരുമ്പോൾ, നിലനിന്നു പോരുന്ന സദാചാര ചിന്തകൾ തിരുത്തിയെഴുതപ്പെടുമോ ?