Animal Farm by George Orwell

അനിമൽ ഫാം 

ജോർജ് ഓർവെൽ 


ഇരുപതാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതിൽവച്ച് ഏറ്റവും ചർച്ച ചെയ്യപ്പെട്ട, സാമൂഹ്യ വിമർശനം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ഹാസ്യ നോവലാണ് ജോർജ് ഓർവെലിൻറെ അനിമൽ ഫാം.

വളരെ ഉദാത്തമായ ലക്ഷ്യങ്ങളുമായി അരങ്ങേറിയ ഒരു വിപ്ലവത്തിന്റെ പരിതാപകരമായ പരിണിതഫലങ്ങളാണ് നോവലിന്റെ പ്രതിപാദ്യവിഷയം.  "All animals are equal."  എന്ന മുദ്രാവാക്യവുമായി തുടങ്ങിയ വിപ്ലവം വിജയിച്ചതിനു ശേഷം വിപ്ലവകാരികളിലെ ഒരു വിഭാഗം ഭരണവും അധികാരവും പിടിച്ചെടുക്കുന്നതും അതിനുവേണ്ടി ആശയങ്ങളിൽ വെള്ളം ചേർക്കുന്നതും നാം കാണുന്നു. "All animals are equal, but some are more eqaual than the others." എന്ന മുദ്രാവാക്യവുമായി അധികാരി സമൂഹം സ്വയം ന്യായീകരിക്കുന്നത് നോവലിന്റെ അവസാനം നമ്മൾ കാണുന്നു.

"അധികാരം ദുഷിപ്പിക്കുന്നു, പൂർണ്ണമായ അധികാരം പൂർണ്ണമായി ദുഷിപ്പിക്കുന്നു",
"Power corrupts, absolute power corrupts absolutely."  എന്ന ലോർഡ് ആക്ടണിന്റെ നിരീക്ഷണം, ആയത് മതമേലധികാരികളെപ്പറ്റിയും രാജാക്കന്മാരെപ്പറ്റിയുമായിരുന്നെങ്കിൽപോലും  ഇവിടെയും  സാധുത നേടുന്നു.

മനുഷ്യനായ മിസ്റ്റർ ജോൺസിന്റെ  മനോർ  ഫാമിലെ  വളർത്തുമൃഗങ്ങളാണ് കഥയിലെ പ്രധാന കഥാപാത്രങ്ങൾ. 

മേജർ എന്നു പേരായ ഒരു വയസ്സൻ പന്നി കാലാകാലങ്ങളായി തങ്ങൾ അനുഭവിച്ചുവരുന്ന മർദ്ദനത്തിനും  അടിമത്തത്തിനുമെതിരെ ഉണർന്നെഴുന്നേൽക്കണമെന്നും   സാഹോദര്യത്തിന്റേതും സമത്വത്തിന്റേതുമായ ആനിമലിസം മാർഗ്ഗരേഖയായി സ്വീകരിച്ച ഒരു പുതിയ ലോകം കെട്ടിപ്പടുക്കണമെന്നും ആഹ്വാനം ചെയ്യുന്നു. 

ഫാമിലെ വളർത്തുമൃഗങ്ങൾ എങ്ങനെയാണ് അതിനോട് പ്രതികരിച്ചത്? 

കഥയിലേക്ക് കടക്കാം അതിനുമുൻപ് ഒരു വാക്കു കൂടി 

ഒരു നീണ്ട ദൃഷ്ടാന്ത കഥ (prolonged allegory) കൂടിയായ അനിമൽ ഫാമിൽ (നോവലിൽ) പ്രതിപാദിക്കുന്ന സംഭവവികാസങ്ങളെ 1917-ലെ റഷ്യൻ വിപ്ലവത്തോടും അതിനുശേഷം ഉദയം ചെയ്ത സോവിയറ്റ് യൂണിയൻറെ ഏതാണ്ട് 1945 വരെയുള്ള ചരിത്രത്തോടും കൂടി ചേർത്തു വായിക്കേണ്ടിയിരിക്കുന്നു.

 ഈ നോവൽ ഡിസ്റ്റോപ്യാ (dystopia) എന്ന  നിലവിലുള്ളതിലും  മോശമായ ഒരു സാമൂഹിക വ്യവസ്ഥിതി നിലനിൽക്കുന്ന ഒരു അവസ്ഥയെയാണ് അനാവരണം ചെയ്യുന്നത്.  Dystopia (ഡിസ്റ്റോപ്യ) ഉട്ടോപ്പിയ (Utopia) എന്ന സങ്കല്പത്തിന് നേർവിപരീതമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. 

നോവലിലെ മനോർ ഫാം റഷ്യ ആണെങ്കിൽ ഫാമിന്റെ  ഉടമയായ മിസ്റ്റർ ജോൺസ് റഷ്യയിലെ സാർ ചക്രവർത്തിയും,  വയസ്സനും ചിന്തകനുമായ മേജർ കാൾ മാർക്സോ ലെനിനോ  ഒക്കെയും  ആവാം.  സ്നോബോൾ എന്ന് പേരുള്ള ചെറുപ്പക്കാരനായ പന്നി ചിന്തകനും വിപ്ലവകാരിയും ആയിരുന്ന ലിയോൺ ട്രോട്സ്കിയെ പ്രതിനിധീകരിക്കുമ്പോൾ നെപ്പോളിയൻ സ്റ്റാലിനെയും, പട്ടികൾ സ്റ്റാലിന്റെ ക്രൂരഭരണത്തിൽ  സ്റ്റാലിന്റെ  വലംകൈയായി പ്രവർത്തിച്ച രഹസ്യ പോലീസിനെയും (KGB) പ്രതിനിധാനം ചെയ്യുന്നു. 

കഥ തുടങ്ങട്ടെ 

ഒരു രാത്രി മനോർ ഫാർമിലെ  പക്ഷിമൃഗാദികൾ എല്ലാം ഫാമിലെ വൈക്കോൽപുരയിൽ അല്ലെങ്കിൽ കളപ്പുരയിൽ ഒത്തു ചേരുന്നു. യോഗത്തിൽ പ്രായംചെന്ന മേജർ എന്നു പേരായ ഒരു പന്നി അവൻ കണ്ട പുതിയ ലോകത്തെപ്പറ്റിയുള്ള സ്വപ്നത്തെപ്പറ്റി, മൃഗങ്ങളെല്ലാം അവരുടെ യജമാനന്മാരുടെ മർദ്ദനത്തിൽ നിന്നും ചൂഷണത്തിൽ നിന്നും മോചനം നേടി സ്വതന്ത്രരായി തുല്യതയിലും സമത്വത്തിലും ജീവിക്കുന്ന  പുതുലോക പശ്ചാത്തലത്തെക്കുറിച്ച് വിവരിക്കുന്നു. പ്രസ്തുത മീറ്റിങ്ങിനു ശേഷം അധികം വൈകാതെതന്നെ ആദരണീയനായ മേജർ പന്നി ഇഹലോകവാസം വെടിയുന്നു. 

മേജർ മരണമടഞ്ഞു എങ്കിലും അവൻ കൊളുത്തിയ പുതിയ സ്വപ്നത്തിന്റെ  പ്രകാശത്തിൽ `ആനിമലിസം` എന്ന ആശയത്തിൽ പ്രചോദിതരായ മൃഗങ്ങൾ ഫാമിന്റെ മുതലാളി ജോൺസിനെതിരായി സംഘടിക്കുന്നു. ചെറുപ്പക്കാരായ രണ്ട് പന്നികൾ, സ്നോബോളും  നെപ്പോളിയനും മൃഗങ്ങളുടെ സംഘടിതശക്തിയെ ഏകോപിപ്പിക്കുന്നതിനു 
നേതൃത്വം വഹിക്കുകയും ചെയ്യുന്നു. മേജറുടെ മരണശേഷം മേജറുടെ സ്വപ്നങ്ങൾക്ക് ഫാമിലെ മൃഗങ്ങളെല്ലാം ചേർന്ന് അനിമലിസം എന്ന പേരു നൽകുന്നു. ഒരു വിപ്ലവത്തിലൂടെ ആനിമലിസം നടപ്പിൽ വരുത്തുന്നതിനായി പല രഹസ്യഗൂഢാലോചനകളും യോഗങ്ങളും നടക്കുന്നുണ്ട്. 

മൃഗങ്ങളിൽ ഏറ്റവും ബുദ്ധിമാന്മാർ എന്ന് കരുതപ്പെടുന്ന, പന്നികളിലെ പ്രധാനികളായ സ്നോബോളും നെപ്പോളിയനും മൃഗങ്ങൾക്കിടയിൽ ആനിമലിസം   പ്രചരിപ്പിക്കുന്നതിന്റെയും  അവരെ ക്ലാസുകളിലൂടെയും  യോഗങ്ങളിലൂടെയും   പ്രബോധിപ്പിക്കുന്നതിന്റെയും  ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.

 മോളിയെന്ന വെളുത്ത പെൺകുതിരയുടെ റിബ്ബണുകളെപ്പറ്റിയുള്ള ആശങ്കകളും(Capitalism), മോസസിന്റെ 
 പഞ്ചാരമിഠായി കൊണ്ടുള്ള പർവ്വതങ്ങളെ പറ്റിയുള്ള കഥകളും (Religion)  മൃഗങ്ങളിൽ ചിലരെ അനിമലിസത്തിൽ വിശ്വസിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു എങ്കിലും സാവകാശം എല്ലാവരെയും അനിമലിസത്തിലേക്ക് കൊണ്ടുവരുന്നതിൽ  സ്നോബോളും  നെപ്പോളിയനും വിജയിക്കുന്നു. 

ഒരു ദിവസം പൊതുവേ മദ്യപാനിയായ ജോൺസ്  ഫാമിലെ ജീവികൾക്ക് ഭക്ഷണം കൊടുക്കുവാൻ മറക്കുന്നു. വിശന്നുവലഞ്ഞ മൃഗങ്ങൾ ജോൺസിനെതിരെ പ്രതികരിക്കുന്നു. വിപ്ലവം നടക്കുന്നു. മൃഗങ്ങൾ ജോൺസിനെയും അവന്റെ സഹായികളായ തൊഴിലാളികളെയും ഫാമിൽ നിന്നും തുരത്തിയോടിച്ച്  ഫാമിന്റെ  അധികാരം പിടിച്ചെടുക്കുന്നു.  മനോർ ഫാമിന്റെ  പേരു മാറ്റി അനിമൽ ഫാം എന്നാക്കുന്നു.  അവർ അനിമലിസത്തിൻറെ നെടുംതൂണുകളായി 7 കൽപ്പനകൾ വൈക്കോൽ പുരയുടെ ഭിത്തികളിൽ എഴുതിയിടുന്നു. എല്ലാവർക്കും വായിക്കുവാനും അനുസരിക്കുവാനുമായി. 
*******************************************************
ഏഴു കല്പനകൾ ഇങ്ങനെ:

1.  Whatever goes upon two legs is an enemy.

രണ്ടു കാലുകളിൽ നടക്കുന്നത് എന്തും ഒരു ശത്രുവാണ്.

2.  Whatever goes upon four legs, or has wings, is a friend.

നാലു കാലുകളിൽ നടക്കുന്നവരോ, ചിറകുകളുള്ളവരോ ആയവർ മിത്രങ്ങളാണ്.

3.  No animal shall wear clothes.

ഒരു മൃഗവും വസ്ത്രങ്ങൾ ധരിക്കരുത്.

4.  No animal shall sleep in a bed.

ഒരു മൃഗവും കട്ടിലിൽ കിടന്നുറങ്ങരുത്.

5.  No animal shall drink alcohol.

ഒരു മൃഗവും മദ്യം കഴിക്കരുത്.

6.  No animal shall kill any other animal.

ഒരു മൃഗവും മറ്റൊരു മൃഗത്തെ കൊല്ലുവാൻ പാടില്ല.

7.  All animals are equal.

എല്ലാ മൃഗങ്ങളും തുല്യരാണ്.
***********************************************
മനുഷ്യർക്കു വേണ്ടി നിർമ്മിച്ചിരുന്ന ഫാം ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ  സ്വതന്ത്രരെങ്കിലും പരിചയക്കുറവുള്ള  മൃഗങ്ങൾക്ക് വൈഷമ്യം ഉണ്ടായിരുന്നു. എങ്കിലും അവരുടെ പരസ്പര സഹകരണത്തിന്റെ ഫലമായി ആ വർഷത്തെ വിളവെടുപ്പ് വളരെ കാര്യക്ഷമമായും, ജോൺസും  തൊഴിലാളികളും  എടുക്കുന്നതിലും കുറഞ്ഞ സമയത്തിലും, അവർ പൂർത്തിയാക്കി. 

വിളവെടുപ്പുകാലം മുഴുവൻ തന്നെ boxer എന്ന കുതിര   ആരോഗ്യവാനും ക്ഷീണമെന്തെന്നറിയാതെ പണിയെടുക്കുന്നവനും എന്ന നിലയിൽ മറ്റു മൃഗങ്ങളുടെ പ്രത്യേക ശ്രദ്ധയും ആദരവും പിടിച്ചുപറ്റി. 

സാവകാശം പന്നികൾ മറ്റു ജോലിക്കാരായ മൃഗങ്ങളുടെ സൂപ്പർവൈസർമാരും ഡയറക്ടർമാരും ഒക്കെയായി മാറിക്കൊണ്ടിരുന്നു. 

ഞായറാഴ്ചകളിൽ  മൃഗങ്ങളെല്ലാവരും  വൈക്കോൽ പുരയിൽ ഒത്തുകൂടി സ്നോബോളും  നെപ്പോളിയനും തമ്മിൽ പലവിധ വിഷയങ്ങളെപ്പറ്റി നടത്തുന്ന ഡിബേറ്റുകൾക്കു കേൾവിക്കാരായി.  ചില വിഷയങ്ങളിൽ അവരൊരുകാലത്തും (സ്നോബോളും  നെപ്പോളിയനും) യോജിക്കുകയില്ല എന്നു തോന്നുമായിരുന്നു. 

ഫാമിൻറെ ഭരണം നിയന്ത്രിക്കുന്നതിനും മൃഗങ്ങളുടെ ഉന്നമനത്തിനുമായി  സ്നോബോൾ പല കമ്മിറ്റികൾ രൂപീകരിക്കുന്നുണ്ടെങ്കിലും അവയുടെ പ്രവർത്തനങ്ങളൊന്നും തന്നെ   ഫലപ്രാപ്തിയിലെത്തുന്നില്ല. എന്നാൽ അവൻറെ ശ്രമഫലമായി മൃഗങ്ങൾക്കിടയിൽ അല്പസ്വല്പം സാക്ഷരത നേടിയെടുക്കുവാനാവുന്നുണ്ട്.  ഓരോ ജീവിയും അവൻറെ ബുദ്ധിപരമായ കഴിവിനനുസരിച്ച് എഴുതുവാനും വായിക്കുവാനും പഠിച്ചു.  മൃഗങ്ങൾക്കെല്ലാവർക്കും ആനിമലിസത്തിൻറെ ഏഴ് കല്പനകളും പഠിക്കുവാൻ ബുദ്ധിമുട്ടാണെന്നു കണ്ട് സ്നോബോൾ 7 കൽപ്പനകളും കൂടി സംഗ്രഹിച്ച് ഒരു കല്പന ആക്കി ചുരുക്കി ഒരേയൊരു  മുദ്രാവാക്യമാക്കി. 

"Four legs, good.  Two legs bad." 

"നാൽക്കാലികൾ നല്ലത്.   ഇരുകാലികൾ മോശം." 


ഇതിനിടെ നെപ്പോളിയൻ ചെറുപ്പക്കാരുടെ വിദ്യാഭ്യാസത്തിൽ  ശ്രദ്ധ ചെലുത്തുന്നു.  അവൻ നായ്ക്കളായ  ജെസ്സിയുടേയും ബ്ലൂബെല്ലിന്റെയും കുഞ്ഞുങ്ങളെ വിദ്യാഭ്യാസം നൽകുന്നതിനും  പരിശീലനം നൽകുന്നതിനും എന്നുള്ള വ്യാജേന അവൻറെ കീഴിലാക്കുന്നു.

കാറ്റത്ത് കൊഴിഞ്ഞുവീണ ആപ്പിളുകളും  പശുവിൻപാലും ചേർത്താണ് പന്നികളുടെ ഭക്ഷണം തയ്യാറാക്കുന്നത് എന്ന് മനസ്സിലാക്കുന്ന മറ്റു മൃഗങ്ങൾ പന്നികൾക്ക് ലഭിക്കുന്ന പ്രത്യേക പരിഗണനയെ എതിർക്കുന്നു, ചോദ്യം ചെയ്യുന്നു. 

എന്നാൽ ബുദ്ധിമാനും പ്രാസംഗികനും ആയ സ്ക്വീലർ (മുരങ്ങൻ) 
എന്ന പന്നി (അവന് അവൻറെ വാക്ചാതുരിയിലൂടെ കറുപ്പ് വെളുപ്പാണെന്ന് സ്ഥാപിക്കാൻ കഴിവുണ്ടെന്നാണ് മൃഗങ്ങൾക്കിടയിൽ സംസാരം) പന്നികൾ പാലും ആപ്പിളും കഴിക്കേണ്ടതിന്റെ  ആവശ്യകതയെപ്പറ്റി വിശദീകരിക്കുന്നു. 

പന്നികൾ എപ്പോഴും മറ്റു മൃഗങ്ങളുടെ നന്മയ്ക്കുവേണ്ടി ജോലി ചെയ്യുന്നതിനാൽ അവരുടെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് പരമപ്രധാനമാണ്. പാലും ആപ്പിളും പന്നികളുടെ ആരോഗ്യസംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു  കഴിഞ്ഞതാണ്. ശരിക്കും നിങ്ങൾക്കു വേണ്ടിയാണ് ഞങ്ങൾക്ക്  ഒട്ടും ഇഷ്ടമില്ലാത്ത ഈ ഭക്ഷണങ്ങൾ ഞങ്ങൾ കഴിക്കുന്നത്. 

"It is for your sake that we drink that milk and eat those apples." 

ഇങ്ങനെ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങൾ സഹകാരികൾക്കു  വേണ്ടിയുള്ള ആത്മസമർപ്പണമാണ്. ഞങ്ങളുടെ ഈ പ്രവർത്തി നിങ്ങൾ മൃഗങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള രക്തസാക്ഷിത്വം കൂടിയാണ്. അതല്ല ജോൺസൺ തിരിച്ചുവരണമെന്ന് താല്പര്യമുള്ള ആരെങ്കിലും നിങ്ങളുടെ കൂടെ ഉണ്ടോ 

"Surely, there is no one among you who wants to see Jones back. "

"ജോൺസ് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്ന ആരും നിങ്ങളുടെ കൂടെ ഉണ്ടാവില്ലല്ലോ അല്ലേ?" സ്ക്വീലറുടെ  പ്രസംഗം കേട്ട മൃഗങ്ങൾക്ക് മനസ്സിലായി പന്നികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് എത്ര പ്രധാനമാണ് എന്ന്:

"The importance of keeping the pigs in good health was all too obvious." 

സ്നോബോൾ  വിഭാവന ചെയ്ത പുതിയ പതാകയും, ഏഴു  കല്പനകളും, വിപ്ലവ സ്മരണികയായി ജോൺസിന്റെ വീട് ഒരു മ്യൂസിയമാക്കി മാറ്റാം എന്നുള്ള  തീരുമാനവും ഒക്കെ മൃഗങ്ങളിൽ സാഹോദര്യവും തങ്ങൾ ഒന്നാണെന്ന ചിന്തയും ഊട്ടിയുറപ്പിക്കുവാൻ പര്യാപ്തമായിരുന്നു.  എന്നാൽ ചിന്തകനും ഒരു സ്വപ്നജീവി യുമായിരുന്ന സ്നോബോളിന്റെ  സാമൂഹിക പരിഷ്കരണ ശ്രമങ്ങൾ ഒന്നും തന്നെ വിജയിക്കുന്നില്ല. 

പശുക്കളുടെ ഉന്നമനത്തിനായി രൂപംകൊടുത്ത "വൃത്തിയുള്ള വാൽ ലീഗും"  (Clean Tails League) 
എലികൾ, വവ്വാലുകൾ, കാക്കകൾ തുടങ്ങിയ വന്യമൃഗങ്ങളെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമത്തിന്റെ  ഫലമായി ഉണ്ടാക്കിയ  "വന്യമൃഗങ്ങളായ സഖാക്കളുടെ പുനർ വിദ്യാഭ്യാസ കമ്മിറ്റിയും"  (Wild comrades, re-education committee) തികഞ്ഞ പരാജയങ്ങളായിരുന്നു. 

വളരെ ഉദാത്തവും ഉന്നതവുമായ ലക്ഷ്യങ്ങളാണ് സ്നോബോളിനുള്ളതെങ്കിലും മൃഗങ്ങളുടെ മാനസിക കഴിവുകളെപ്പറ്റിയുള്ള അവൻറെ  വിലയിരുത്തലുകൾ, മൃഗങ്ങളുടെ സ്വഭാവ വിശേഷങ്ങളിൽ ക്രിയാത്മകമായ മാറ്റങ്ങൾ വരുത്താം എന്ന അവൻറെ പ്രതീക്ഷ, എല്ലാമെല്ലാം വെറും സ്വപ്നം മാത്രമായി മാറുകയാണ്.  ശരിക്കും വിപ്ലവത്തിനു പിന്നിലെ  ബുദ്ധിജീവിയും ചിന്തകനുമാണ്  സ്നോബോൾ. 

എന്നാൽ നെപ്പോളിയനാവട്ടെ സ്നോബോളിന്റെ  കമ്മറ്റി രൂപീകരണങ്ങളിലൊന്നും യാതൊരു താൽപര്യവും കാണിക്കുന്നില്ല. എന്നിരുന്നാലും യുവാക്കളുടെയും കുഞ്ഞുങ്ങളുടെയും വിദ്യാഭ്യാസം എന്ന ആശയത്തെ അവൻ പൂർണമായി പിന്തുണയ്ക്കുകയും പ്രവർത്തിപദത്തിൽ എത്തിക്കുകയും ചെയ്യുന്നു. എന്നാൽ ചെറിയ പട്ടിക്കുഞ്ഞുങ്ങളെ തട്ടിയെടുത്ത് തനിക്കുവേണ്ടി ഒരു ഭീകര സേനയായി വളർത്തിയെടുക്കുക എന്ന  ഗൂഢലക്ഷ്യം കൂടി ഒളിപ്പിച്ചു കൊണ്ടാണ് നെപ്പോളിയൻ ഇത്തരമൊരു നന്മ പ്രവർത്തിക്കു തയ്യാറെടുക്കുന്നത്.


ബോക്സറിനെപ്പറ്റി നാം നേരത്തെ തന്നെപറഞ്ഞുവല്ലോ. സ്ഥിരോത്സാഹിയായ ഒരു മിടുക്കൻ കുതിരയാണ് അവൻ.  എല്ലാ സാധാരണക്കാരെയും പോലെ ഒരു സാധാരണക്കാരൻ. പഠനത്തിൽ അവൻ മോശമാണ്.  അക്ഷരമാലയിലെ  നാലക്ഷരം പോലും പഠിച്ചെടുക്കുവാൻ അവനാവുന്നില്ല. പക്ഷേ ബുദ്ധിയിലുള്ള തന്റെ കുറവ് ജോലി ചെയ്ത് നികത്തിക്കളയാം എന്ന ചിന്തയാണ് അവന്. അവൻറെ മുദ്രാവാക്യവും ലക്ഷ്യവും ഒന്നുതന്നെയാണ്: 

"I will work harder." 

വിളവെടുപ്പിന്റെ കാലത്ത് മറ്റ് ജോലിക്കാരെക്കാളും അരമണിക്കൂറെങ്കിലും  നേരത്തെ ജോലി സ്ഥലത്ത് ഹാജരാകുവാൻ അവനു സന്തോഷമേയുള്ളൂ. ആദ്യ വിളവെടുപ്പുകാലത്തു  തന്നെ ബുദ്ധിമാന്മാരായ പന്നികൾ ജോലികളിൽ നിന്ന് മാറിനിൽക്കുകയും കുതിരകളെ ജോലി ചെയ്യുവാൻ ഹുറാ വിളികളുമായി പ്രോത്സാഹിപ്പിക്കുകയും, ആയത് കാലക്രമത്തിൽ നിർദ്ദേശങ്ങളായും ആജ്ഞകളായും  പരിണമിക്കുകയും ചെയ്തു. 

പന്നികളുടെ നിർദേശങ്ങളെ അന്ധമായി വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്തുപോന്ന ഒരു കൂട്ടമായിരുന്നു ചെമ്മരിയാടുകൾ. ചിന്താശക്തി തീരെ കുറവായിരുന്ന അവരും അവർ പഠിച്ച മുദ്രാവാക്യങ്ങൾ ഒരു കോറസ്സായി തൊണ്ടപൊട്ടുമാറുച്ചത്തിൽ ആവർത്തിക്കുന്നതിൽ ആനന്ദം കൊണ്ടു.  അവർ ആവശ്യത്തിനും അനാവശ്യത്തിനും സ്നോബോളിന്റെ  മുദ്രാവാക്യം: 

"Four legs. Good. Two legs bad. "

ഉച്ചത്തിലുച്ചത്തിൽ പാടുകയും ഏറ്റുപാടുകയും ചെയ്തുകൊണ്ടിരുന്നു. 

വയസ്സൻ കഴുത ബെഞ്ചമിൻ ബുദ്ധിമാനാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഏറ്റവും കുറഞ്ഞത് കഴുത ബുദ്ധിയെങ്കിലും അവനുണ്ടായിരുന്നു. ഓർവെലിന്റെ  വാക്കുകളിങ്ങനെ;  "ബെഞ്ചമിന് മാറ്റമൊന്നുമുണ്ടായില്ല" വിപ്ലവത്തെപ്പറ്റി അവധാനതയോടെ മാത്രം പ്രതികരിച്ചിരുന്ന അവൻ പുതിയ ഭരണകൂടവുംഅഴിമതിയിലേക്കു  വീണുപോകുമെന്ന് മുൻകൂട്ടി കണ്ടിരിക്കാം.  ഏറ്റവും കുറഞ്ഞത് ഓർവെലിന്റെ നോവലിലെ ബെഞ്ചമിൻ കഴുതയെങ്കിലും.  ബെഞ്ചമിനെ  അവൻറെ മുൻവിധികളിൽ നിന്നും മാറ്റുവാനാർക്കുമായിരുന്നില്ല. 

അവൻ എപ്പോഴും പറയും, കഴുതകൾ വളരെക്കാലം ജീവിച്ചിരിക്കും. കാരണം നിങ്ങളാരും ഇന്നേവരെ ഒരു ചത്ത കഴുതയെ  കണ്ടിട്ടില്ലല്ലോ.  മറ്റു മൃഗങ്ങൾ എഴുതുവാനും വായിക്കുവാനും പഠിച്ചപ്പോഴും ബെഞ്ചമിൻ മുഖംതിരിച്ചു നിന്നതേയുള്ളൂ. "വായിക്കാൻ പഠിച്ചിട്ട് എന്തു കാര്യം, വായിക്കാൻ കൊള്ളാവുന്നത് ഒന്നുമില്ലല്ലോ." 

"Nothing worth reading." 

പൊങ്ങച്ചക്കാരിയായ മോളിക്കുതിരയ്ക്ക് വിപ്ലവമോ രാഷ്ട്രീയമോ  ഒന്നും പ്രശ്നമല്ല. വിപ്ലവത്തിനു ശേഷവും പഞ്ചാര മിഠായികളും അവളുടെ മുടി അലങ്കരിക്കുവാൻ റിബണുകളും ലഭ്യമാവുമോ എന്നതുമാത്രമാണ് അവളുടെ ആശങ്ക. 

വേനൽക്കാലം തീരുമ്പോഴേക്കും അനിമൽ ഫാമിലെ വിപ്ലവത്തിൻറെ വാർത്തകൾ അയൽ ഫാമുകളിലെ മൃഗങ്ങളെ അറിയിക്കുവാനും ആനിമലിസം  പ്രചരിപ്പിക്കുവാനും നെപ്പോളിയനും  സ്നോബോളും സന്ദേശവാഹകരായ  പ്രാവുകളെ അയക്കുന്നു.

തൻറെ ഫാം  നഷ്ടപ്പെട്ട ജോൺസിന്റെ  ജീവിതം ഇപ്പോൾ അധിക നേരവും മദ്യശാലയിലാണ്. മദ്യത്തിൽ മുങ്ങി ദുഃഖം മറക്കുവാൻ ശ്രമിക്കുന്ന അവൻ തന്റെ  ഗതകാലസ്മരണകൾ അയൽക്കാരായ കൃഷിക്കാരുമായി പങ്കുവയ്ക്കുന്നു.  വേനൽക്കാലത്തിന്റെ  അവസാനം ഒക്ടോബറിൽ ജോൺസ് ചില സഹായികളുമായി ചേർന്നു ഫാം തിരിച്ചു പിടിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും സ്നോബോൾ മറ്റു മൃഗങ്ങളുടെ സഹായത്തോടെ ജോൺസിനെയും കൂട്ടരെയും തുരത്തിയോടിക്കുന്നു. ജോൺസിന്റെ മേലുള്ള രണ്ടാമത്തെ വിജയം ആഘോഷിക്കുന്ന മൃഗങ്ങൾ ആ സംഭവത്തെ  "The battle of the cowshed."  "തൊഴുത്തിനുള്ളിലെ യുദ്ധം" എന്നു  പേരിട്ട്  അനിമൽ ഫാമിന്റെ  ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലാക്കി മാറ്റുന്നു. 

ബഹളത്തിനിടയിൽ ജോൺസിന്റെ  സഹായിയായിരുന്ന തൊഴുത്തു സൂക്ഷിപ്പുകാരൻ പയ്യൻ ബോക്സറുടെ  കാലുകൾക്കിടയിൽ പെട്ട് മരണമടയുന്നു. അവൻറെ മുൻകാലുകൾ കൊണ്ട്  
ചെറുപ്പക്കാരന്റെ മൃതദേഹം മറിച്ചിടാൻ ശ്രമിക്കുന്ന അവൻ പറയുന്നു;  "ആർക്കും മനസ്സിലാവും ഞാൻ ഇത് അറിഞ്ഞുകൊണ്ടു  ചെയ്തതല്ല എന്ന്." അതേസമയം സ്നോബോളിന്റെ   പ്രതികരണം മറ്റൊന്നാണ്; "യുദ്ധം യുദ്ധമാണ്, നല്ലവനായ മനുഷ്യൻ മരിച്ചു കഴിഞ്ഞവനാണ്." 

"War is war. The only good human being is a dead one. "

അവൻ അവൻറെ അനുയായികൾക്കു നേരെയും അല്പംപോലും ഹൃദയാലുത്വം  കാണിക്കുന്നതേയില്ല. യുദ്ധത്തിൽ മരണമടഞ്ഞ ചെമ്മരിയാടിന്റെ  ചരമ പ്രസംഗത്തിൽ അവൻ പറയുന്നു; "മരണം വിപ്ലവത്തിൻറെ ഫലമാണ്, അല്ലെങ്കിൽ മരണം വിപ്ലവത്തിൻറെ അനിവാര്യതയാണ്." 

സ്നോബോളിൻറെ ആശയങ്ങൾക്കനുസരിച്ച് പഞ്ചാര മിട്ടായികളും റിബണുകളും സ്വാതന്ത്ര്യത്തിനും സമത്വത്തിനും ഒട്ടുമേ അനിവാര്യമായിരുന്നില്ല.  അതുകൊണ്ടുതന്നെ വിപ്ലവത്തിനു ശേഷം അനിമൽ ഫാമിൽ മിഠായികളും റിബ്ബണുകളും ലഭ്യമായിരുന്നില്ല. മഞ്ഞുകാലമായപ്പോഴേക്കും മോളി അൽപംപോലും ജോലി ചെയ്യുന്നില്ല എന്നായി. അവളെ അയൽ ഫാം ആയ പിക്കിങ്‌ടണിലെ ജോലിക്കാർ പഞ്ചാരമിട്ടായിയും റിബണുകളും നൽകി സ്വാധീനിക്കുന്നതായി മൃഗങ്ങളിൽ പലരും, പ്രത്യേകിച്ച് ക്ളോവർ, കണ്ടുപിടിക്കുന്നു.   പിക്കിങ്‌ടൺകാരുടെ പ്രലോഭനങ്ങളിൽ വീണ് മോളി ഒരുദിവസം അനിമൽ ഫാമിൽ നിന്നും ഒളിച്ചോടുന്നു. അവളെന്നും കൊതിച്ചിരുന്ന നിറപ്പകിട്ടാർന്ന റിബണുകളുമായി ഗ്രാമത്തിലെ മദ്യശാലക്കു  പുറത്ത് അവളെ കണ്ടതായി പ്രാവുകൾ റിപ്പോർട്ട് ചെയ്തു. 

ഫാമിൽ പന്നികളുടെ സ്വാധീനം ഒന്നിനൊന്ന് വർദ്ധിച്ചുകൊണ്ടിരുന്നു. ഇപ്പോൾ പുതിയ തീരുമാനങ്ങൾ ഒന്നും മറ്റു  മൃഗങ്ങളുമായി ചർച്ച ചെയ്യാറില്ല. പന്നികൾ നിയമങ്ങൾ രൂപീകരിക്കുകയും മൃഗങ്ങളുടെ ഭൂരിപക്ഷ വോട്ടിലൂടെ നിയമസാധുത നേടുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. സ്നോബോളും  നെപ്പോളിയനും തമ്മിലുള്ള ഡിബേറ്റുകൾ ഇപ്പോഴും നടക്കുന്നുണ്ട്. അതിലൊന്നായിരുന്നു ഫാമിലെ  ചെറിയ മൊട്ടക്കുന്നിനു മുകളിൽ ഒരു വിൻഡ് മിൽ സ്ഥാപിക്കുക എന്ന സ്നോബോളിന്റെ  ആശയം. അതിലൂടെ വളരെയേറെ ജോലിഭാരം ലഘൂകരിക്കാം  എന്ന് അവൻ കണക്കുകൂട്ടി. 

 നേപ്പോളിയൻ അതിനെതിരായിരുന്നു. അവൻറെ അഭിപ്രായത്തിൽ കാറ്റാടി മില്ലിന്റെ നിർമ്മാണം വളരെയേറെ  ശ്രമകരവും ബുദ്ധിമുട്ടേറിയതുമാണ്.  മില്ലിനു  പകരം കൂടുതൽ ഭക്ഷണം ഉത്പാദിപ്പിക്കുവാനാണ് ഇപ്പോൾ ശ്രമിക്കേണ്ടത്.  അതുപോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് അനിമൽ ഫാമിനെ  ശത്രുക്കളിൽനിന്നും സംരക്ഷിക്കുക എന്നത്.  അതിനായി  തോക്കുകളുടെ വലിയൊരു ശേഖരം തന്നെ ആവശ്യമാണെന്ന് നെപ്പോളിയൻ വാദിച്ചപ്പോൾ സമീപ  ഫാമുകളിലേക്ക് ആശയ പ്രചരണത്തിനായി കൂടുതൽ പ്രാവുകളെ അയച്ച് 
അവിടങ്ങളിലും ആനിമലിസം  നടപ്പിൽ വരുത്തണം എന്ന ചിന്താഗതിക്കാരനായിരുന്നു സ്നോബോൾ.  അങ്ങനെ ലോകം മുഴുവൻ അനിമലിസം പ്രചരിച്ചുകഴിഞ്ഞാൽ  പിന്നീട് ശത്രുക്കളുണ്ടാവില്ലല്ലോ. . 

ഇരുവരും തമ്മിലുള്ള വാഗ്വാദം എങ്ങുമെത്താതെ ഒരു ഞായറാഴ്ച കാറ്റാടി മില്ലിന്റെ  പ്ലാൻ വോട്ടിനിടുവാൻ തീരുമാനിച്ചു. എന്നാൽ അന്നേദിവസം നെപ്പോളിയൻ താൻ പ്രത്യേക പരിശീലനം നൽകി  വളർത്തിയെടുത്തിരുന്ന ഒമ്പത് വേട്ടപ്പട്ടികളെ  ഉപയോഗിച്ച് സ്നോബോളിനെ ഫാമിൽ നിന്നും തുരത്തിയോടിക്കുകയും  ഇനിമുതൽ ഡിബേറ്റുകളും ചർച്ചകളും ഉണ്ടായിരിക്കുന്നതല്ല എന്ന്  പ്രഖ്യാപിക്കുകയും ചെയ്യുന്നു.  നെപ്പോളിയൻ മൃഗങ്ങൾക്കുമേൽ  പുതിയ കുറെ നിയമങ്ങൾ കൂടി  അടിച്ചേൽപ്പിക്കുന്നു. 


സ്നോബോളിനെ ഓടിച്ചതിനു ശേഷം രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ കാറ്റാടി മില്ലു  സ്ഥാപിക്കുന്നതിനുള്ള തൻറെ തീരുമാനം നെപ്പോളിയൻ പ്രഖ്യാപിക്കുന്നു. യഥാർത്ഥത്തിൽ  കാറ്റാടി യന്ത്രം സ്ഥാപിക്കുക എന്നത് തൻറെ ആശയമായിരുന്നു എന്നും സ്നോബോൾ തന്റെ ആശയം മോഷ്ടിച്ചു  സ്വന്തമാക്കുകയായിരുന്നു എന്നും മൃഗങ്ങളോട് വിശദീകരിക്കുന്നതിനായി നെപ്പോളിയൻ സ്ക്വീലറെ അയക്കുന്നു. 

തൻറെ പ്രസംഗങ്ങളിലൂടെ കറുപ്പിനെ  വെളുപ്പാക്കുവാൻ കഴിവുള്ളവനാണ് സ്ക്വീലർ എന്നാണ് മൃഗങ്ങൾക്കിടയിലുള്ള സംസാരം. ഉദാഹരണത്തിന് ഫാമിലെ  പാലും ആപ്പിളുകളും  പന്നി കൾക്കു മാത്രമായി മാറ്റി വെച്ചതിനെ മറ്റു മൃഗങ്ങൾ എതിർത്തപ്പോൾ പാലിലും  പഴങ്ങളിലും  പന്നികളുടെ ആരോഗ്യ പരിപാലനത്തിന് ആവശ്യമായ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. യഥാർത്ഥത്തിൽ പന്നികൾക്ക് പാലം ആപ്പിളും വെറുപ്പാണ്. നിങ്ങൾക്കു വേണ്ടി മാത്രമാണ് ഞങ്ങൾ പന്നികൾ ഞങ്ങൾക്ക് ഇഷ്ടമില്ലാത്ത പാലു കുടിക്കുന്നതും ആപ്പിളുകൾ ഭക്ഷിക്കുന്നതും. എന്നിങ്ങനെ അവൻ  വാസ്തവത്തെ വളച്ചൊടിച്ചത് നമ്മൾ നേരത്തെ കണ്ടതാണല്ലോ. 

മഞ്ഞുകാലം കഴിഞ്ഞ് അടുത്ത വസന്തകാലമായപ്പോഴേക്കും മൃഗങ്ങളുടെ ജോലിഭാരം ഒന്നിനൊന്ന് വർധിച്ച് താങ്ങാവുന്നതിലധികമായി.  എന്നിരുന്നാലും ഈ ജോലിയെല്ലാം തങ്ങളുടെ നന്മയ്ക്കുവേണ്ടിയാണല്ലോ, മടിയന്മാരും മോഷ്ടാക്കളുമായ   മനുഷ്യർക്കുവേണ്ടിയല്ലല്ലോ എന്ന ചിന്ത എന്തു കഷ്ടപ്പാടും സഹിക്കുവാൻ മൃഗങ്ങൾക്ക് ശക്തി നൽകി. 

ബെഞ്ചമിൻ കഴുതയൊഴികെ  മറ്റെല്ലാ മൃഗങ്ങളും നെപ്പോളിയന്റെ പ്രൊപ്പഗാണ്ടയിൽ വിശ്വസിച്ചവരാണ്.  കാറ്റാടിമില്ലു സ്ഥാപിക്കുന്നതിനുള്ള ഭാരമേറിയ ജോലികളിൽ ബോക്സർ കുതിര കാണിക്കുന്ന അമിത താൽപര്യത്തിൽ നിന്നും ഇക്കാര്യം വ്യക്തമാണ്. ക്ലോവർ കുതിര അവനോട് അവൻറെ ആരോഗ്യം ശ്രദ്ധിക്കണം എന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും 

I will work harder. 
(ഞാൻ കൂടുതൽ ജോലി ചെയ്യും.) 

നെപ്പോളിയൻ ചെയ്യുന്നതെല്ലാം ശരിയാണ്. 
(Napoleon is always right.)

എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളുമായി ബോക്സർ അവൻറെ കഠിനാദ്ധ്വാനം തുടരുന്നു. ചിന്താശക്തിയില്ലാത്ത, ബുദ്ധി കുറവുള്ള  മൃഗങ്ങളെ ജോലി ചെയ്യിക്കുവാനും തന്നോടു വിധേയരായി നിലനിർത്തുവാനും ഇത്തരം മുദ്രാവാക്യങ്ങൾ ഫലപ്രദമാണെന്ന് നെപ്പോളിയന് മനസ്സിലായി.  

ഇതോടൊപ്പംതന്നെ ചില പുതിയ തീരുമാനങ്ങളും നെപ്പോളിയൻ പ്രഖ്യാപിക്കുന്നു. അയൽ ഫാമുകളുമായി അനിമൽ ഫാം വ്യാപാര ബന്ധങ്ങളിലേർപ്പെടുന്നു  എന്നതായിരുന്നു അതിലൊന്ന്. ആയതിലേക്കായി മനുഷ്യനായ വക്കീൽ മിസ്റ്റർ വിമ്പറെ (Mr. Wymper) ഇടനിലക്കാരനായി നിയമിക്കുന്നു. 

മദ്യശാലകളിൽ ഒത്തുകൂടുന്ന അയൽ ഫാമുകളുടെ ഉടമകൾ അനിമൽ ഫാം അധികം വൈകാതെ കടക്കെണിയിലായി നശിച്ചുപോകും എന്ന അഭിപ്രായക്കാരാണ്. 

ജോൺസ് ആവട്ടെ ഫാം തിരിച്ചു പിടിക്കാം എന്ന സ്വപ്നമെല്ലാം ഉപേക്ഷിച്ച് രാജ്യത്തിൻറെ മറ്റൊരു മേഖലയിലേക്ക് കുടിയേറുന്നു. 

പന്നികൾ സാവകാശം തൊഴുത്തിൽ നിന്നും ജോൺസിന്റെ വീട്ടിനുള്ളിലേക്ക് താമസം മാറ്റുന്നു. പതുപതുത്ത കിടക്കകളിലും കട്ടിലുകളിലുമാണ്  ഇപ്പോൾ അവരുടെ ഉറക്കം. ഈ മാറ്റത്തെ സംശയാസ്പദമായി വീക്ഷിച്ച  മൃഗങ്ങൾക്കിടയിലേക്ക് വിശദീകരണവുമായി സ്ക്വീലർ പന്നിയെത്തി. ഫാം നടത്തിക്കൊണ്ടുപോവുക എന്ന മാനസിക ക്ലേശമുള്ള ജോലിക്ക് ശേഷം പന്നികൾക്ക് ശരിയായ വിശ്രമം ആവശ്യമാണ്. 


ഇതിനിടെ പാതി പണിതീർന്ന കാറ്റാടി മില്ലിന്റെ ഒരുഭാഗം കാറ്റിൽ തകർന്നു വീഴുന്നു. കാറ്റാടിമില്ലിന്റെ  നാശത്തിന് കാരണക്കാരൻ സ്‌നോബോൾ  ആണെന്നു  പ്രഖ്യാപിക്കുന്ന നെപ്പോളിയൻ  സ്‌നോബോളിനെ കൊലപ്പെടുത്തുകയോ  ജീവനോടെ പിടിച്ചു കൊണ്ടു വരികയോ  
 ചെയ്യുന്നവർക്ക് വലിയൊരു സമ്മാനം പ്രഖ്യാപിക്കുന്നു. അതോടൊപ്പം കാറ്റാടിമില്ലിന്റെ  പുനരുദ്ധാരണം അന്നുമുതൽ തന്നെ ആരംഭിക്കുന്നതാണെന്നും മൃഗങ്ങളെ അറിയിക്കുന്നു. 

വിപ്ലവകാലത്ത് തുല്യരായ സഖാക്കൾ ആയിരുന്ന മൃഗങ്ങളുടെയിടയിൽ ഒരു ധ്രുവീകരണം  നടക്കുന്നത് നാം കാണുന്നു. പന്നികൾ ഉടമകളും ഭരണവർഗവും ആയി മാറുമ്പോൾ മറ്റു മൃഗങ്ങൾ 
നിർബന്ധിത ജോലി ചെയ്യുന്ന, ഫാമിന്റെ പ്രവർത്തനത്തിലോ  തീരുമാനങ്ങളിലോ യാതൊരു അഭിപ്രായ പ്രകടനത്തിനും അവസരമില്ലാത്ത അടിമകളുമായി മാറുന്നു. 

ഫാമിന്റെ നിലനില്പിനായി ഞായറാഴ്ചകളിൽക്കൂടി മൃഗങ്ങൾ ജോലി ചെയ്യേണ്ടി വരുമെന്ന് അറിയിക്കുന്ന നെപ്പോളിയൻ അത് സ്വമനസ്സാലെയുള്ള സന്നദ്ധ സേവനമാണ് എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഞായറാഴ്ച ജോലിയിൽ നിന്നും മാറി നിൽക്കുന്നവരുടെ റേഷൻ വെട്ടിക്കുറക്കുമെന്ന് അറിയിക്കുന്നതിലൂടെ 
സഖാക്കൾക്കിടയിൽ നിർബന്ധിത അടിമവേല അടിച്ചേൽപ്പിക്കുകയാണ്. 

അനിമൽ ഫാമിന് പുറത്ത് മനുഷ്യരുടേതായ ലോകം അനിമൽ ഫാം തകരുന്നു എന്ന വാർത്ത കേൾക്കുവാനായി കാത്തിരിക്കുകയാണ്.  അനിമൽ ഫാമിലെ മൃഗങ്ങളെല്ലാംതന്നെ പട്ടിണിയിലാണ്. എന്നാൽ അനിമൽ ഫാമിൽ എല്ലാക്കാര്യങ്ങളും സുസ്ഥിരവും സുഭിക്ഷവും ആണെന്ന് പുറംലോകത്തെ അറിയിക്കുവാൻ നെപ്പോളിയൻ മിസ്റ്റർ വിമ്പറെ ഉപയോഗിക്കുന്നു. 

തങ്ങളുടെ മുട്ടകൾ നെപ്പോളിയന് കാഴ്ചവെക്കണമെന്ന നിർദ്ദേശത്തിനെതിരെ പ്രതികരിച്ച് സമരം ചെയ്യുന്ന കോഴികളുടെ ഭക്ഷണ റേഷൻ വിഹിതം  നെപ്പോളിയൻ തടയുന്നു.  ഒമ്പതോളം കോഴികളുടെ പട്ടിണി മരണമായിരുന്നു ഫലം.  ഒരു ദിവസം നെപ്പോളിയൻ വിളിച്ചുചേർത്ത മൃഗങ്ങളുടെ സമ്മേളനത്തിൽ വച്ച് നെപ്പോളിയനെതിരെ സംസാരിച്ച 4 പന്നികളുടെയും 
കോഴികളുടെ സമരം നയിച്ച 6 കോഴികളുടെയും കുറ്റ സമ്മതം വാങ്ങുകയും അവൻറെ വേട്ടപ്പട്ടികളെ  ഉപയോഗിച്ചു മറ്റു മൃഗങ്ങളുടെ മുൻപിൽ വച്ച് കൊലപ്പെടുത്തുകയും ചെയ്യുന്നു. 

നാടുകടത്തപ്പെട്ട സ്നോബോൾ അടുത്തുള്ള ഫാം ഉടമയായ ഫ്രഡറിക്കുമായി ചേർന്നിരിക്കുകയാണെന്നും  രാത്രികാലങ്ങളിൽ ഫാമിലെത്തി  അനിമൽ ഫാമിൽ മൃഗങ്ങൾ ചെയ്ത   ജോലികളും കൃഷികളും നശിപ്പിക്കുന്നത് സ്നോബോൾ ആണെന്നും  അവനാണ് തങ്ങളുടെ പട്ടിണിക്കും കഷ്ടപ്പാടുകൾക്കും കാരണമെന്നും മറ്റു മൃഗങ്ങളെ വിശ്വസിപ്പിക്കുന്നതിൽ സ്ക്വീലർ പന്നി വിജയിക്കുന്നു. 

മൃഗങ്ങൾക്ക് കൃഷി കാര്യങ്ങളിൽ ഉള്ള പരിചയക്കുറവും നെപ്പോളിയന്റെ  പ്ലാനിങ്ങിലെ തെറ്റുകളും മൂലം ആ വർഷം മഞ്ഞു കാലമായപ്പോഴേക്കും അനിമൽ ഫാം  പട്ടിണിയിലായി. ഫാമിലെ കഷ്ടപ്പാടുകളുടെ വാർത്തകൾ പുറംലോകത്തേക്ക് പ്രചരിക്കുന്നു. 

അതിനൊരു തടയിടുവാനായി നെപ്പോളിയൻ മിസ്റ്റർ വിമ്പറെ ഉപയോഗിക്കുന്നു.  അനിമൽ ഫാമിൽ സന്ദർശനത്തിനെത്തുന്ന മിസ്റ്റർ വിമ്പറുടെ മുൻപിൽ ഫാമിലെ ധാരാളിത്തത്തെപ്പറ്റിയും പുതുക്കിയ റേഷൻ വിഹിതത്തെപ്പറ്റിയും നേരത്തെ പഠിച്ചു വെച്ച വാചകങ്ങളുരുവിട്ട്  ചെമ്മരിയാടുകൾ നല്ല അഭിനേതാക്കളാവുന്നു.  
 
വളർന്നുകിടന്ന രോമക്കുപ്പായത്തിനുള്ളിൽ അവരുടെ പട്ടിണികിടന്ന് എല്ലുന്തിയ ശരീരം ആരും കാണില്ലല്ലോ. അതിനും പുറമേ ധാന്യ ഭരണികളിൽ മണൽ നിറച്ച് സുഭിക്ഷതയുടെതായ ഒരു നാടകം അവതരിപ്പിക്കുന്നതിലും മിസ്റ്റർ വിമ്പറെ  അത് വിശ്വസിപ്പിക്കുന്നതിലും നെപ്പോളിയൻ വിജയിച്ചു. 


സ്ക്വീലറുടെ  കണക്കുകളും ലിസ്റ്റുകളും പ്രകാരം നെപ്പോളിയന്റെ ഭരണത്തിൻകീഴിൽ ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദനത്തിൽ കാര്യമായ ഉയർച്ച ഉണ്ടായി എന്ന് സൂചിപ്പിക്കുന്നുണ്ടായിരുന്നെങ്കിൽപോലും  അടുത്തവർഷം മൃഗങ്ങൾക്ക് കാറ്റാടിമില്ലിന്റെ  പുനരുദ്ധാരണവും കൃഷിപ്പണികളുമായി അമിതജോലിയും കുറഞ്ഞ ഭക്ഷണവും ആയിരുന്നു ലഭിച്ചത്. 

നെപ്പോളിയൻറെ സ്വാധീനവും ശക്തിയും വർദ്ധിക്കുന്നതിനനുസരിച്ച് അവനെ പൊതുസ്ഥലങ്ങളിൽ അധികമൊന്നും കാണാതായി. അവൻ പുറത്തിറങ്ങുന്നതാവട്ടെ അവൻറെ സംരക്ഷകരായ വേട്ടപ്പട്ടികളുടെ കാവലിലും.  നെപ്പോളിയനെതിരായി ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്തുവെന്ന് സംശയിക്കപ്പെട്ടവരെയെല്ലാം തന്നെ വധശിക്ഷയ്ക്ക് വിധേയരാക്കി. 

പന്നികൾക്കിടയിലെ ബുദ്ധിമാനായ കവി മിനിമസ്  നെപ്പോളിയനെപ്പറ്റി പാടിപ്പുകഴ്ത്തിക്കൊണ്ട് കവിതകളെഴുതി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.  

മൃഗങ്ങളെ പീഢിപ്പിക്കുന്നവനെന്നു പേരു കേട്ട അയൽവാസിയായ  ഫാമുടമ ഫ്രഡറിക്കിന് മരങ്ങളും തടികളും വിൽക്കുവാനുള്ള തീരുമാനം നെപ്പോളിയൻ പ്രഖ്യാപിക്കുന്നു. 

ആഗസ്റ്റ് ആയപ്പോഴേക്കും കാറ്റാടി മില്ലിന്റെ പണി പൂർത്തിയായിക്കഴിഞ്ഞിരുന്നു.  നെപ്പോളിയനിൽ നിന്നും തടി (മരം) ചെക്കു  കൊടുത്തു  വാങ്ങുവാനെത്തുന്ന ഫ്രെഡറിക്കിനോട്  രൊക്കം  പണം തന്നെ വേണമെന്ന് നെപ്പോളിയൻ ആവശ്യപ്പെടുന്നു. എന്നാൽ ഫ്രഡറിക്ക് നൽകിയ നോട്ടുകൾ കള്ളനോട്ടുകളായിരുന്നു എന്നു  തിരിച്ചറിയുന്ന നെപ്പോളിയൻ വഞ്ചകനായ മനുഷ്യനെതിരെ മരണശിക്ഷ വിധിക്കുന്നു. 

പിറ്റേന്നു രാവിലെ ഫ്രെഡറിക്ക് അവൻറെ 14 അനുയായികളോടൊപ്പം അനിമൽ ഫാം പിടിച്ചെടുക്കുവാനായി ഫാമിൽ എത്തുന്നു. ഫ്രെഡറിക്കിന്റെ   ആക്രമണം വിജയകരമായിരുന്നു എങ്കിലും തങ്ങളുടെ വർഷങ്ങളുടെ  അദ്ധ്വാനഫലമായ  കാറ്റാടി മില്ലിന് ഫ്രെഡറിക്കും  കൂട്ടുകാരും ചേർന്ന് തീ വെക്കുന്നതു  കണ്ട മൃഗങ്ങൾക്ക് അതു  സഹിക്കാനായില്ല.   

അവരുടെ  കൂട്ടം ചേർന്ന ആക്രമിണത്തിൽ  ഫ്രെഡറിക്കിനെയും  അനുയായികളെയും തുരത്തിയോടിക്കുന്നതിൽ മൃഗങ്ങൾ വിജയിക്കുന്നു. 

ആക്രമണത്തിൽ കുറെയേറെ മൃഗങ്ങൾക്ക് മുറിവേൽക്കപ്പെടുകയും   കൊല്ലപ്പെടുകയും ചെയ്തു എങ്കിലും തങ്ങളാണ് വിജയികൾ എന്നും, ഈ യുദ്ധം "കാറ്റാടി മില്ലിലെ യുദ്ധം" 

"Battle of the windmill." 
എന്ന പേരിൽ ചരിത്രത്താളുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു  എന്നും സ്ക്വീലർ 
വിശദീകരിക്കുന്നു.  

കുറച്ചു ദിവസങ്ങൾക്ക് ശേഷം പന്നികൾ ജോൺസിന്റെ  സെല്ലറിൽൽ നിന്നും ഒരു പെട്ടി വിസ്കിക്കുപ്പികൾ കണ്ടെടുക്കുന്നു. ഇത്തിരിയധികം മദ്യം അകത്താക്കുന്ന നെപ്പോളിയനു തോന്നുന്നു താൻ ഇപ്പോൾതന്നെ മരിച്ചുപോകുമെന്ന്. 

പിറ്റേന്നു രാവിലെ ബോധം തെളിയുന്ന നെപ്പോളിയൻ പുതിയ നിയമം പാസാക്കുന്നു, മദ്യപാനം മരണ ശിക്ഷ വിധിക്കപ്പെടാവുന്ന കുറ്റമാണെന്ന്.   എന്നിരുന്നാലും രണ്ടുദിവസത്തിനുശേഷം മൃഗങ്ങൾക്ക് ജോലിക്ക് ശേഷം വിശ്രമിക്കുവാനായി മാറ്റിവച്ചിരുന്ന പുൽപറമ്പ് ഉഴുതു മറിക്കാനും അവിടെ വിസ്കി  നിർമ്മിക്കുവാനുള്ള ബാർലി കൃഷി ചെയ്യുവാനും നെപ്പോളിയൻ ഉത്തരവിടുന്നു. 

അതിനു ശേഷമൊരു ദിവസം വൈക്കോൽ പുരയുടെ ഭിത്തിയിൽ എഴുതിയിരുന്ന 7 കല്പനകളിൽ അഞ്ചാമത്തേത് "മൃഗങ്ങളാരും മദ്യപിക്കരുത്" എന്നത് "മൃഗങ്ങളാരും 
 അമിതമായി മദ്യപിക്കരുത്" എന്നു തിരുത്തിയതായി കാണുന്നു. 

(No animal shall drink alcohol. / No animal shall drink alcohol to excess. )

കാറ്റാടി മില്ലിലെ യുദ്ധത്തിൽ ഫ്രെഡറിക്കിന്റെ  മേലുള്ള വിജയം ആഘോഷിക്കുന്ന മൃഗങ്ങൾ അടുത്തദിവസംതന്നെ പുതിയ കാറ്റാടി മില്ലിന്റെ പണി ആരംഭിക്കുന്നു. 

ബോക്സർ കുതിരയുടെ കുളമ്പുകൾ മുറിവേറ്റു വിണ്ടുകീറിയിട്ടുണ്ടെങ്കിലും ജോലിയുടെ മുൻനിരയിലവനുണ്ട്. അവൻറെ റിട്ടയർമെന്റിനു മുൻപായി കാറ്റാടി മില്ലിന്റെ പണി തീർക്കണം എന്നതാണ് അവൻറെ ഇപ്പോഴത്തെ ആഗ്രഹം. 

 ഫാമിലെ 4 പെൺ പന്നികൾ കൂടി 31 കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.  കുഞ്ഞുങ്ങളുടെ യെല്ലാം പിതാവ് നെപ്പോളിയൻ തന്നെയാണ്.  പന്നിക്കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനായി ഒരു സ്കൂൾ പണിയുവാൻ നെപ്പോളിയൻ ആജ്ഞാപിക്കുന്നു. 

അനിമൽ ഫാമിനെ ഒരു ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്ന നെപ്പോളിയൻ ആയതിന്റെ  തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടായി സ്വയം അവരോധിക്കുന്നു. 

ഫാമിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കപ്പെട്ട കാലമാണ് ഇതെന്ന പ്രൊപ്പഗാണ്ടയുമായി സ്ക്വീലർ പന്നി മുന്നിലുണ്ടെങ്കിലും സാധാരണ മൃഗങ്ങൾ ഉത്തരോത്തരം പട്ടിണിയിലേക്ക് വീണുകൊണ്ടിരുന്നു. 

പന്നികളാവട്ടെ ദിവസംചെല്ലുംതോറും തടിച്ചുകൊഴുത്തുകൊണ്ടിരുന്നു. 

ബോക്സറുടെ ഒരു കാലിലെ മുറിവ് ഭേദമായിരിക്കുന്നു. അവൻ വീണ്ടും കഠിനാധ്വാനത്തിലേക്കു  തിരിഞ്ഞെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖംമൂലം അവൻ ജോലിസ്ഥലത്ത് തളർന്നു വീഴുന്നു.  സഖാക്കളായ  മൃഗങ്ങൾ അവനെ തിരികെ തൊഴുത്തിലേക്കെത്തുവാൻ സഹായിക്കുന്നു.  ബോക്സറെ  ചികിത്സിക്കുവാൻ അടുത്ത നഗരമായ വെല്ലിങ്ടണിലുള്ള  ഒരു മൃഗഡോക്ടറെ നെപ്പോളിയൻ ഏർപ്പാടു  ചെയ്തിരിക്കുന്നു എന്നകാര്യം സ്ക്വീലർ പന്നി എല്ലാ മൃഗങ്ങളെയും അറിയിക്കുന്നു.  ബോക്സറെ  ആശുപത്രിയിലെത്തിക്കാനെന്ന വ്യാജേന ഒരു വാൻ ഫാമിലെത്തുന്നു.  എന്നാൽ ബെഞ്ചമിൻ കഴുത വാനിന്റെ  വശങ്ങളിൽ എഴുതിയിരുന്ന  പേരിൽ നിന്നും അതൊരു കശാപ്പുശാലയുടെ വാഹനമാണെന്നു മനസ്സിലാക്കുന്നു. 

ക്ലോവർ കുതിര ബോക്സ്റിനോട് വാനിൽനിന്നു ചാടി രക്ഷപെടുവാൻ വിളിച്ചു പറയുന്നുണ്ടെങ്കിലും വാനിൽ നിന്നും പുറത്തേക്കു ചാടാൻ പോലുമുള്ള ആരോഗ്യം ബോക്സറിൽ  മിച്ചമുണ്ടായിരുന്നില്ല. 

ബോക്സറെയുമായി വാൻ ഫാമിൽ നിന്നും യാത്രയായി. പിന്നീട് അവരാരും ബോക്സറെ കണ്ടിട്ടേയില്ല. 
 
മൃഗങ്ങളെ സമാധാനിപ്പിക്കാൻ സ്ക്വീലർ  വീണ്ടും തൻറെ കള്ളക്കഥകളുമായി 
 എത്തുന്നു.  സ്ക്വീലർ പറഞ്ഞു,   ബോക്സറെ  കശാപ്പുശാലയിലേക്കല്ല കൊണ്ടുപോയത്. മൃഗഡോക്ടർ അടുത്തദിവസങ്ങളിലാണ് കശാപ്പുശാലയുടെ വക വാഹനം വാങ്ങിയത്. 
അതിൻറെ പഴയ പെയിന്റു മാറ്റി പുതിയ പെയിന്റു ചെയ്യുവാൻ സമയം ഇല്ലാത്തതുകൊണ്ടാണ് നിങ്ങൾക്ക് ആശയക്കുഴപ്പമുണ്ടായത്. സ്ക്വീലറെ വിശ്വസിക്കുന്ന മൃഗങ്ങൾ സ്വയം  സമാധാനിക്കുന്നു.

ഫാമിലേക്കെത്തുന്ന പലചരക്കുകടക്കാരന്റെ വാഹനത്തിൽ നിന്നും ഒരു പെട്ടി വിസ്കി 
പന്നികൾക്കായി എത്തുന്നു. 

മദ്യം കഴിച്ചു മത്തരായ പന്നികൾ മൃഗങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കാതെ പഴയ മുതലാളി ജോൺസിനെപ്പോലെ തന്നെ പിറ്റേന്ന് ഉച്ചവരെ കിടന്നുറങ്ങുന്നു. 

വർഷങ്ങൾ പലതു കടന്നു പോയിരിക്കുന്നു. വിപ്ലവത്തിൽ പങ്കെടുത്ത,  അൽപ്പമെങ്കിലും ബുദ്ധിയുള്ള മൃഗങ്ങളെല്ലാം തന്നെ മരണമടഞ്ഞു കഴിഞ്ഞിരിക്കുന്നു. 

ക്ലൊവർ കുതിരയ്ക്ക് ഇന്ന് പ്രായം 14. റിട്ടയർമെൻറ് പ്രായം കഴിഞ്ഞിട്ട് രണ്ടു വർഷം കഴിഞ്ഞെങ്കിലും  ഇപ്പോഴും ജോലിയിൽ തന്നെയാണ്. വിപ്ലവത്തിനുശേഷം അനിമൽ ഫാമിൽ  മൃഗങ്ങൾക്ക് ആർക്കും തന്നെ റിട്ടയർമെൻറ് ലഭിച്ചിട്ടില്ല. പിക്കിംഗ്‌ടൺ  ഫാമിലെ കുറെ സ്ഥലം കൂടി വാങ്ങിച്ച് അനിമൽഫാമിന്റെ വിസ്തൃതി  വർദ്ധിപ്പിച്ചിട്ടുണ്ട്.  വിപ്ലവത്തിനു മുൻപ് ഉണ്ടായിരുന്നതിന്റെ   ഇരട്ടിയിലധികം മൃഗങ്ങൾ ഇന്ന് ഫാമിലുണ്ട്.  ഗോതമ്പ് പൊടിക്കുന്നതിനായി രണ്ടാമതൊരു കാറ്റാടിമില്ലുകൂടി നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നു.  ഇതൊക്കെയാണെങ്കിലും പന്നികൾ ഒഴികെ ഫാമിലെ  മൃഗങ്ങൾക്കെല്ലാം  കഠിനാധ്വാനവും പട്ടിണിയും മാത്രം മിച്ചം.

പണ്ടത്തെ നാലു കാലുകൾ നല്ലത് രണ്ടു കാലുകൾ മോശം എന്ന മുദ്രാവാക്യത്തിനു  പകരമായി ചെമ്മരിയാടുകൾ പുതിയ മുദ്രാവാക്യം പാടിത്തുടങ്ങിയത് മറ്റു മൃഗങ്ങൾ ശ്രദ്ധിക്കുന്നു.  

"All animals are equal, but some are more equal than the others. "

"എല്ലാ മൃഗങ്ങളും തുല്യരാണ് എന്നാൽ ചില മൃഗങ്ങൾ മറ്റുള്ളവരെക്കാൾ കൂടുതൽ തുല്യരാണ്."

 പെട്ടെന്നതാ സ്ക്വീലർ പന്നി അവൻറെ പിൻകാലുകളിൽ കുത്തി രണ്ടു കാലുകളിൽ നടന്നുവരുന്നു. മറ്റു പന്നികളും അവനെ അനുകരിച്ച് ഇരുകാലികളായി പിന്നാലെയുണ്ട്.  ഏറ്റവും പിറകിലായി കുതിരപ്പുറത്ത് ചാട്ടവാറുമായി നെപ്പോളിയനും. അനിമലിസത്തിൻറെ നെടുംതൂണുകൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന 7 കൽപ്പനകൾ വൈക്കോൽ പുരയുടെ ഭിത്തിയിൽ നിന്നും പുതിയ പെയിൻറ് അടിച്ചു മായിച്ചിരിക്കുന്നു.  പകരം പുതിയ മുദ്രാവാക്യം: 

"All animals are equal but some are more equal than the others." 

എഴുതിച്ചേർത്തിരിക്കുന്നു. പന്നികൾ ജോൺസിന്റെ  പഴയ വസ്ത്രങ്ങൾ ധരിക്കാനും എപ്പോഴും ചാട്ടവാറുകൾ കൈവശം വയ്ക്കാനും തുടങ്ങിയിരിക്കുന്നു. 

സമീപവാസികളായ മനുഷ്യരായ ഫാം ഉടമകളുടെ ഒരു ഡെലിഗേഷനെ  അനിമൽ ഫാം സന്ദർശിക്കാനായി നെപ്പോളിയൻ  ക്ഷണിക്കുന്നു. അനിമൽ ഫാമിന്റെ വളർച്ച നേരിട്ടു  കണ്ടറിഞ്ഞ അയൽവാസി മിസ്റ്റർ പിക്കിംഗ്‌ടൺ  നെപ്പോളിയൻ ഏർപ്പെടുത്തിയ അത്താഴവിരുന്നിൽ വച്ച് അവന്റെ  കഴിവിനെ പ്രശംസിക്കുന്നു.

നെപ്പോളിയൻ അവൻറെ മറുപടി പ്രസംഗത്തിൽ അവൻ നടപ്പിൽ വരുത്താൻ പോകുന്ന നിരവധി ഭരണപരിഷ്കാരങ്ങൾ അക്കമിട്ടു പറയുന്നു. 

* കോമ്രേഡ് അല്ലെങ്കിൽ സഖാവ് എന്ന വാക്കിൻറെ ഉപയോഗം ഇനിമുതൽ നിരോധിക്കുന്നു. 

*  ഞായറാഴ്ച യോഗങ്ങൾ ഇനിമുതൽ ഉണ്ടായിരിക്കുന്നതല്ല. 

*  ചിന്തകനും അനിമലിസത്തിന്റെ ഉപജ്ഞാതാവുമായ  വയസ്സൻ പന്നി മേജറുടെ തലയോട്ടി അവൻറെ ശവക്കുഴിയിൽ നിന്നെടുത്ത്  ഒരു ചില്ലുകൂട്ടിൽ സ്മാരകമായി സ്ഥാപിക്കുന്നതാണ്.  

*അനിമലിസത്തെയും അനിമൽ ഫാമിനേയും പ്രതിനിധീകരിച്ചിരുന്ന കൊടിയിൽനിന്നും കൊമ്പിന്റെയും കുളമ്പിന്റെയും ചിഹ്നങ്ങൾ മാറ്റിക്കളയുന്നു. ഇപ്പോളതിന്  പുല്ലിന്റെ പച്ച നിറമാണ്. 

*അതോടൊപ്പം തന്നെ ഫാമിന്റെ പേരും പഴയതുപോലെ മനോർ ഫാം എന്നാക്കുന്നു.


നെപ്പോളിയൻറെ പ്രസംഗത്തിനുശേഷം മനുഷ്യരും പന്നികളും കൂടി ചീട്ടു  കളിക്കാനിരിക്കുന്നു.  ചീട്ടുകളിയിൽ കള്ളക്കളി കളിക്കുന്ന മനുഷ്യരും പന്നികളുമായി വാക്കുതർക്കമുണ്ടാവുന്നു. വീടിനു പുറത്ത്  ജനാലയിലൂടെ ഈ രംഗം വീക്ഷിക്കുന്ന ക്ലോവർ കുതിരക്കോ  മറ്റു മൃഗങ്ങൾക്കോ  പന്നികളെയും മനുഷ്യരെയും തമ്മിൽ തമ്മിൽ  തിരിച്ചറിയാനാവുന്നില്ല.