യവനപുരാണങ്ങളനുസരിച്ച് വൈദ്യശാസ്ത്രത്തിൻറെ പിതാവും സംരക്ഷകദേവനുമാണ് അസെൽപിയസ്. അവൻറെ പേരിൽ അസെൽപിയോൺ എന്നറിയപ്പെടുന്ന നിരവധി ആരാധനാലയങ്ങൾ (ചികിത്സാലയങ്ങൾ) പുരാതന ഗ്രീസിലും സമീപ രാജ്യങ്ങളിലും പണിതുയർത്തപ്പെട്ടിരുന്നു. ഇത്തരം അസെൽപിയോണുകളുടെ നഷ്ടശിഷ്ടങ്ങൾ ഗ്രീസിൻ്റെ പല ഭാഗങ്ങളിലും ഇന്നും കാണുവാനാകും.
തെസ്സാലിയിലെ സുന്ദരിയും മനുഷ്യവർഗ്ഗത്തിൽപെട്ടവളുമായ കൊറോണിസിൽ അപ്പോളോ ദേവൻ അനുരക്തനാവുകയും അപ്പോളോ ദേവനിൽ നിന്നും കൊറോണിസ് ഗർഭിണിയാവുകയും ചെയ്തു. ഗർഭിണി ആയിരിക്കേ തന്നെ മനുഷ്യനായ ഇഷി സുമായി കൊറോണിസ് പ്രേമത്തിലാവുകയും അത് അപ്പോളോ ദേവനെ പ്രകോപിതനാക്കുകയും ചെയ്തു.
കൊറോണിസിനു തക്കതായ ശിക്ഷ നൽകുവാൻ അപ്പോളോ ദേവൻ സഹോദരിയായ ആർട്ടമിസിനോട് ആവശ്യപ്പെട്ടു. ആർട്ടമിസ് വലിയൊരു ചിതയൊരുക്കി കൊറോണിസിനെ ജീവനോടെ ചുട്ടെരിക്കുവാൻ ഒരുങ്ങി.
തൻറെ ഇനിയും പിറക്കാത്ത മകൻ കൂടി ചിതയിൽ കത്തിത്തീരുന്നത് അപ്പോളോ ദേവന് സഹിക്കാനാവുമായിരുന്നില്ല.
അപ്പോളോ ദേവൻ ചിതയ്ക്ക് അരികിലെത്തി പാതി കത്തിത്തീർന്ന കൊറോണിസിന്റെ വയറു കീറി തൻറെ മകനെ പുറത്തെടുത്തു. ചരിത്രത്തിലെ ആദ്യത്തെ സിസേറിയൻ ഓപ്പറേഷനായി ഇത് കരുതപ്പെടുന്നു.
അപ്പോളോ തൻറെ മകനു അസെൽപിയസ് എന്ന പേര് നൽകുകയും അവൻറെ സംരക്ഷണം ചിരോൺ എന്ന സെൻ്റോറിനെ ഭരമേൽപ്പിക്കുകയും ചെയ്തു. സെൻ്റോറുകൾ എന്നാൽ പ കുതി മനുഷ്യനും പകുതി കുതിരയും ആയ സങ്കല്പ സൃഷ്ടികളാണ്. വൈദ്യശാസ്ത്രത്തിൽ നിപുണനായിരുന്ന ചിരോണിൻ്റെ ശിഷ്യനായി വളർന്ന അസെൽപിയസ് ചികിത്സാ വിധികളിൽ നിപുണനായിത്തീർന്നു.
പുരാതന ഗ്രീസിൽ അസെൽപിയസിൻ്റെ പ്രശസ്തി നാടെങ്ങും പരന്നു. ചിരോൺ സർജറിയുടെ ബാലപാഠങ്ങൾക്കൊപ്പം രോഗചികിത്സയിൽ മരുന്നുകളുടെ ഉപയോഗവും, മന്ത്രങ്ങളുടെയും സുഗന്ധദ്രവ്യങ്ങളുടെയും ഉപയോഗവും അവനെ പഠിപ്പിച്ചു കൊടുത്തിരുന്നു. അതിനും പുറമേ പ്രത്യേക മാന്ത്രിക ശക്തിയുള്ള ഗോർഗ്ഗോൺ രക്തം അഥീനാ ദേവി അസെല്പിയസ്സിനു നൽകിയിരുന്നു എന്നു വിശ്വസിച്ചുവരുന്നു. ഗോർഗോണുകൾ ഭീകര രൂപികളായ യക്ഷി സമാനരായ സ്ത്രീ രാക്ഷസികൾ ആയിരുന്നു. അവരുടെ തലയിൽ തലമുടിയിഴകൾ സർപ്പങ്ങളായിരുന്നു. അവർക്ക് പറക്കാൻ ചിറകുകളും പിച്ചളകൊണ്ടുള്ള നഖങ്ങളും ആയിരുന്നു ഉണ്ടായിരുന്നത്. അവരുടെ ശരീരത്തിൻറെ ഇടതുപക്ഷത്തു നിന്നുള്ള രക്തം മനുഷ്യരെ നിമിഷങ്ങൾക്കും മരണപ്പെടുത്തുവാൻ മാത്രം വിഷമയമായിരുന്നു എങ്കിൽ അവയുടെ വലതുപക്ഷത്തു നിന്നുള്ള രക്തം മരിച്ച മനുഷ്യരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ കെൽപ്പുള്ളതായിരുന്നു.
അസെല്പിയസിൻ്റെ ചികിത്സയിൽ പാമ്പ് വിഷത്തിനെതിരായ മരുന്നുകൾ പ്രധാനമായിരുന്നു. വിഷം ഉള്ളവയും ഇല്ലാത്തവയും ആയ സർപ്പങ്ങളെയും അസെല്പിയസ് തൻ്റെ ചികിത്സയിൽ രോഗങ്ങൾക്കുള്ള പ്രതിവിധിയായി ഉൾപ്പെടുത്തിയിരുന്നു. അസെല്പിയസ്സിൻ്റെ പ്രതിമകളിലെല്ലം ഒരു സർപ്പം ചുറ്റിയിരിക്കുന്ന വടിയുമായാണ് അദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിലും ഭിഷഗ്വരൻറെ ചിഹ്നമായി അതേവടി തന്നെയാണ് ഉപയോഗിക്കുന്നത്.
അസെല്പിയസിൻ്റെ ചികിത്സ മൂലം ഭൂമിയിലെ മരണസംഖ്യ വളരെയേറെ കുറഞ്ഞുവന്നു. അതോടൊപ്പം തന്നെ തൻറെ പ്രത്യേക ചികിത്സാ രീതികളിലൂടെ മരിച്ചു കഴിഞ്ഞ വളരെയേറെപ്പേരെ അവൻ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു
പാതാള ലോകത്തിൻറെ വാതിൽക്കൽവരെയെത്തിയ മരിച്ച ആത്മാക്കളെ വരെ തിരിച്ചു കൊണ്ടുവന്ന് മരിച്ചവരുടെ ശരീരത്തിൽ പ്രവേശിപ്പിച്ച് അവരെ ജീവിപ്പിക്കുവാൻ ഉള്ള കഴിവ് അസെല്പിയസിനുണ്ടായിരുന്നു. ഭൂമിയിൽ മരണം കുറഞ്ഞതു മൂലം മരിച്ച ആത്മാക്കളുടെ വാസസ്ഥലമായ അധോലോകത്തിൽ ജനസംഖ്യ കുറവ് ഉണ്ടാവുകയും അത് അധോലോക ദേവനായ ഹെയ്ഡ്സിനെ ആശങ്കാകുലനാക്കുകയും ചെയ്തു. അവൻ പരാതിയുമായിദേവാധിപനായ സീയൂസ് ദേവനെ സമീപിച്ചു.
ഭൂമിയിൽ മനുഷ്യരാരും തന്നെ മരിക്കാത്ത അവസ്ഥമൂലമുണ്ടാവുന്ന അസന്തുലിതാവസ്ഥയിൽ സീയൂസ് ദേവനും അസ്വസ്ഥനായിരുന്നു. മനുഷ്യജന്മങ്ങൾ ജനിക്കുവാനും ജീവിക്കുവാനും കാലക്രമത്തിൽ മരിക്കുവാനുമുള്ളതാണ്. ആളുകൾ മരിക്കാതിരുന്നാൽ ഭൂമി മനുഷ്യരെക്കൊണ്ട് നിറയുകയും അത് ഭൂമിയുടെ സന്തുലിതാവസ്ഥക്ക് ഭംഗം വരുത്തുകയും ചെയ്യും. ഈ സന്തുലിതാവസ്ഥയെയാണ് അസെല്പിയസ് തൻറെ പ്രവർത്തികളാൽ തകിടം മറിച്ചിരിക്കുന്നത്. ഇത് മനസ്സിലാക്കിയ സീയൂസ് ദേവൻ അസെല്പിയസിൻറെ പ്രവൃത്തികൾക്കു കടിഞ്ഞാണിടണമെന്നും അവനെ ശിക്ഷിക്കണമെന്നും തീരുമാനിച്ചു.
സീയൂസ് ദേവൻ തൻറെ ആയുധമായ ഇടിമിന്നലിനെ അയച്ച് അസെൽപിയസിൻറെ മരണശിക്ഷ നടപ്പിൽ വരുത്തി. എന്നാൽ ഒരു രീതിയിൽ സീയൂസ് ദേവൻ അസെൽപിയസിനോടു നീതി പുലർത്തി എന്നു പറയാം. മരണശേഷം അധോലോകത്ത് ഹെയ്‌ഡ്‌സിന്റെ അടുത്തേക്കല്ല മറിച്ച് ചക്രവാളത്തിൽ നക്ഷത്രക്കൂട്ടങ്ങൾക്കിടയിലേക്കാണ് അവനെ അയച്ചത്. ഹിന്ദിയിൽ ഈ നക്ഷത്രമണ്ഡലം സർപ്പധാരീ താരമണ്ഡൽ എന്ന പേരിലാണ് അറിയപ്പെടുന്നത്.
അസെൽപിയസിൻറെ മരണശേഷം അദ്ദേഹത്തിൻറെ അനുയായികൾ ഗ്രീസിലുടനീളം അസെല്പിയോൺ എന്ന പേരിൽ അവനായി ആരാധനാലയങ്ങൾ പണിതുയർത്തി. അവർ അവനെ ഒരു ദേവനായിക്കരുതി ആരാധിക്കുവാൻ തുടങ്ങി. അവൻറെ പേരിലുള്ള അമ്പലങ്ങൾ ഒരേസമയം ആരാധനാലയങ്ങളും ആശുപത്രികളും മെഡിക്കൽ കോളജുകളുമായി വർത്തിച്ചു. ആധുനിക വൈദ്യശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന ഹിപ്പോക്രാറ്റസിൻറെ വാദ്യശാസ്ത്രപഠനം കോസ് ദ്വീപിലെ അസെൽപിയോണിലായിരുന്നു എന്ന് കരുതപ്പെടുന്നു. ക്രിസ്തുമതം ഗ്രീസിലും യൂറോപ്പിലും പ്രചാരം നേടുന്നതുവരെ അസെൽപിയസിനോടുള്ള ആരാധനയും, അവൻറെ പേരിലുള്ള അമ്പലങ്ങളും ആശുപത്രികളും ഗ്രീസിൽ നിലനിന്നിരുന്നു. ഇന്നും ഗ്രീസിൻറെ പല ഭാഗങ്ങളിലും ഉദാഹരണമായി കോസ്, ത്രികാല, എപ്പിടാരുസ് എന്നിവിടങ്ങളിൽ അസെല്പിയോണുകളുടെ അവശിഷ്‌ടങ്ങൾ കണ്ടെത്താനാവും.