കാളിദാസന്റെ മേഘദൂത്
"ഈ പ്രപഞ്ചത്തിൽ വിരഹദുഃഖമനുഭവിക്കുന്ന സകല ജീവജാലങ്ങളുടെയും സന്ദേശമാണ് മേഘദൂത്," എന്നാണ് പ്രശസ്ത കവി രവീന്ദ്ര നാഥ ടാഗോർ അഭിപ്രായപ്പെട്ടിരിക്കുന്നത്.
പ്രശസ്തനായ സംസ്കൃത കവിയും നാടക രചയിതാവുമായ കാളിദാസന്റെ ഏറ്റവും മഹത്തെന്നു വിശേഷിപ്പിക്കപ്പെടുന്ന കവിതയാണ് മേഘസന്ദേശം. കവി, അല്ലെങ്കിൽ കവിതയിലെ നായകൻ, ആകാശത്തുകൂടെ മന്ദംമന്ദമൊഴുകുന്ന മേഘത്തിന്റെ കൈവശം കൊടുത്തയക്കുന്ന സന്ദേശം എന്ന രീതിയിൽ എഴുതിയ ഈ കവിത പിൽക്കാലങ്ങളിൽ പല കവികളെയും ഏതാണ്ട് ഇതേ ആശയത്തിലും രീതിയിലുമുള്ള സന്ദേശ കാവ്യങ്ങൾ എഴുതുവാൻ പ്രേരിപ്പിക്കുകയും പുരാതന ഭാരതീയ സാംസ്കാരികതയിൽ ഒരു സന്ദേശകാവ്യശാഖതന്നെ ഉടലെടുക്കുകയും ചെയ്തു. ആകാശത്തുകൂടെ മന്ദഗതിയിൽ നീങ്ങുന്ന മേഘത്തിന്റെ പ്രയാണത്തെ അനുകരിക്കുന്നു എന്ന രീതിയിൽ മന്ദാക്രാന്ത താളത്തിൽ എഴുതിയിരിക്കുന്ന ഈ കവിതയ്ക്ക് 120 ഖണ്ഡങ്ങൾ ആണുള്ളത്. കവിതയെ രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കവിതയുടെ ആദ്യഭാഗത്തെ പൂർവ്വമേഘ എന്നും രണ്ടാം ഭാഗത്തെ ഉത്തരമേഘ എന്നും വിവക്ഷിക്കുന്നു.
ഇനി കവിതയുടെ കഥയിലേക്ക്: യക്ഷൻമാരും ഗന്ധർവ്വന്മാരും പ്രാചീനഭാരത സാഹിത്യ കൃതികളിലെ നിതാന്ത സാന്നിധ്യമായിരുന്നു. സ്വർഗ്ഗലോകത്തു നിന്നും പലകാരണങ്ങളാൽ ഭൂമിയിലേക്ക് ഇറങ്ങിവന്നു മനുഷ്യരുമായി സഹകരിക്കേണ്ടിവരുന്ന ദേവൻമാരാണത്രേ യക്ഷൻമാരും ഗന്ധർവ്വന്മാരും.
ദേവലോകത്തു ചെയ്ത തെറ്റുകുറ്റങ്ങൾക്ക് ശിക്ഷയായി ദൈവങ്ങൾ ഭൂമിയിലേക്ക് അയക്കുന്ന ദേവന്മാർ യക്ഷൻമാരും, ഭൂമിയിലെ സുന്ദരിമാരായ മനുഷ്യ സ്ത്രീകളിൽ ആകൃഷ്ടരായി സ്വന്തം ഇഷ്ടപ്രകാരം ഭൂമിയിലേക്ക് വരുന്ന ദേവകളെ ഗന്ധർവന്മാർ എന്നും വിളിക്കുന്നു. (എൻറെ ഒരു നിരീക്ഷണമാണ് കേട്ടോ. നിങ്ങൾക്ക് ഇതേപ്പറ്റി അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുമല്ലോ.)
മേഘദൂതിൻറെ ഉത്ഭവകഥ ഇങ്ങനെ. സമ്പത്തിന്റെ ദേവനായ കുബേരയുടെ പ്രജയായിരുന്ന ഒരു യക്ഷൻ സ്വർഗ്ഗലോകത്തെ അവൻറെ ഉത്തരവാദിത്തങ്ങളിൽ വീഴ്ച വരുത്തിയെന്ന കാരണത്താൽ വടക്കേ ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുന്നു. അവൻറെ ശിക്ഷാകാലാവധി ഏതാണ്ട് ഒരു വർഷത്തോളമാണ്. അവൻറെ സുന്ദരിയായ ഭാര്യ ഇപ്പോഴും ഹിമാലയശൃംഗങ്ങളിലെ കൈലാസ പർവ്വതത്തിന് മുകളിലുള്ള അളകാപുരി എന്ന സ്വർഗ്ഗത്തിലാണ്. തൻറെ ഭാര്യയെ മാത്രമോർത്ത് തൻറെ ശിക്ഷാ കാലാവധി തീരുന്ന ദിവസങ്ങൾ എണ്ണിക്കഴിയുന്ന യക്ഷൻ ഇന്നത്തെ നാഗ്പൂരിനു സമീപമുള്ള സമതലങ്ങളിൽ നിൽക്കുമ്പോൾ അവൻറെ തലയ്ക്കുമുകളിലൂടെ അലസമായി വടക്കോട്ട് ഗമിക്കുന്ന മേഘക്കൂട്ടങ്ങളെ കാണുന്നു. തൻറെ പ്രിയതമയ്ക്ക് ഒരു സന്ദേശം കൊണ്ടുപോകാമെന്ന് യക്ഷൻ അതിലൊരു മേഘത്തെകൊണ്ടു സമ്മതിപ്പിക്കുന്നു. മേഘത്തിനെ വിന്ധ്യാപർവ്വതം മുതൽ അളകാപുരി വരെയുള്ള യാത്രയ്ക്ക് പ്രേരിപ്പിക്കുന്നതിനായി യാത്രാമധ്യേയുള്ള പ്രദേശങ്ങളുടെ സൗന്ദര്യ വർണ്ണനയാണ് കവിതയുടെ പ്രധാന ഭാഗം. കവിതയിലെ പ്രകൃതിവർണ്ണനകളിൽ വിരഹിയായൊരു കാമുകന്റെ വികാരവിചാരങ്ങൾ തെളിയുന്നു. കുന്നുകളും മലകളും അവന് ഭൂമിദേവിയുടെ സ്തനങ്ങളും, നിറഞ്ഞൊഴുകുന്ന നദികൾ വിലാസവതികളായ യുവകാമിനിമാരും വരണ്ടുണങ്ങിയ പുഴകൾ വിരഹാർദ്രരായ കാമുകിമാരുമായി കവിക്ക് തോന്നുന്നു. ഉത്തരേന്ത്യയുടെ പ്രകൃതിയെക്കുറിച്ച് കാളിദാസനുണ്ടായിരുന്ന അഗാധമായ അറിവ് കവിതയിൽ പ്രതിഫലിക്കുന്നു.
ഇന്ത്യൻ പോസ്റ്റൽ വകുപ്പ് 1960 ൽ മേഘദൂതിനെ ആദരിച്ചുകൊണ്ട് പുറപ്പെടുവിച്ച തപാൽ സ്റ്റാമ്പാണ് ചിത്രത്തിൽ.