സവാള ഇല്ലാത്ത ഒരു നാട്
ഒരിക്കൽ ഒരു ചെറുപ്പക്കാരൻ എന്തു കച്ചവടം ചെയ്താലാണ് നല്ല ലാഭം കിട്ടുക എന്ന ചിന്തയിലായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ പട്ടണത്തിൽ വച്ച് അവൻ ഒരു സഞ്ചാരിയെ കണ്ടുമുട്ടി. സഞ്ചാരി തൻറെ യാത്രയിലെ അനുഭവങ്ങൾ വിവരിച്ച കൂട്ടത്തിൽ സവാളയോ ഉള്ളിയോ ഒന്നും വളരില്ലാത്ത ഒരു നാടിൻറെ കാര്യവും വിവരിച്ചു.
യുവാവ് പറഞ്ഞു സവാള ഇല്ലാത്ത ഭക്ഷണത്തെപ്പറ്റി ചിന്തിക്കുവാൻ പോലും എനിക്കാവുന്നില്ല. ആ രാജ്യത്തെ ആളുകൾ അല്പംപോലും രുചിയില്ലാത്ത ഭക്ഷണമായിരിക്കും കഴിക്കുന്നത്. എന്തായാലും ആ രാജ്യത്ത് സവാള വിൽപ്പന നടത്തിയാൽ നല്ല ലാഭം ഉണ്ടാക്കുവാനാകുമായിരിക്കും. ആലോചന പ്രവർത്തിയിലേക്കു മാറുവാൻ താമസം ഒന്നുമുണ്ടായില്ല. ആ ചെറുപ്പക്കാരൻ ഉടൻതന്നെ ഒരു വണ്ടി വാടകയ്ക്കെടുത്ത് മാർക്കറ്റിൽ പോയി നാലഞ്ചു ചാക്ക് സവോള വാങ്ങി. അയാൾ അതുമായി ആ പുതിയ രാജ്യത്തേക്ക് യാത്രയായി.
സവാള ഇല്ലാത്ത രാജ്യത്തെത്തിയ യുവാവിനോട് രാജഭടന്മാർ കാര്യം ചോദിച്ചു. യുവാവിന്റെ കൈവശമുള്ള പുതിയ പച്ചക്കറികൊണ്ട് അത്ഭുതപ്പെട്ട അവർ അവനെ രാജകൊട്ടാരത്തിൽ രാജാവിൻറെ മുന്നിലെത്തിച്ചു. യുവാവ് രാജാവിനോട് സവോള ഉപയോഗിച്ച് ഭക്ഷണവും കറികളും ഉണ്ടാക്കിയാൽ ഉള്ള ഗുണഗണങ്ങളെക്കുറിച്ച് വിശദീകരിച്ചു. രാജാവു പറഞ്ഞു എങ്കിൽ നീ ഇതുകൊണ്ട് ഭക്ഷണം ഉണ്ടാക്കി കാണിച്ചുതരിക. യുവാവ് സവാള ചേർത്ത് പലതരം കറികൾ ഉണ്ടാക്കി ഒരു സദ്യ തന്നെ ഒരുക്കി. ഭക്ഷണം കഴിച്ച രാജാവും രാജ്ഞിയും മന്ത്രിമാരും എല്ലാം ഒരു കാര്യത്തിൽ ഒറ്റക്കെട്ടായിരുന്നു, തങ്ങളുടെ ജീവിതത്തിൽ ഒരിക്കലും ഇത്ര രുചിയേറിയ ഭക്ഷണം തങ്ങൾ കഴിച്ചിട്ടേയില്ല.
ഇത്തരം ഒരു പുതിയ വിഭവം തങ്ങൾക്ക് പരിചയപ്പെടുത്തിത്തന്ന ചെറുപ്പക്കാരന് നല്ല പാരിതോഷികം നൽകണമെന്ന് രാജാവ് തീരുമാനിച്ചു. രാജാവ് മന്ത്രിമാരുമായി കൂടിയാലോചിച്ച് ചെറുപ്പക്കാരൻ കൊണ്ടുവന്ന സവാളയ്ക്ക് തുല്യമായ തൂക്കം സ്വർണം അവനു സമ്മാനമായി നൽകി.
ചെറുപ്പക്കാരൻ തിരിച്ച് സ്വന്തം രാജ്യത്തേക്ക് വരുന്ന വഴി അവൻ ഒരു വ്യാപാരിയെ കണ്ടുമുട്ടി. വിശേഷങ്ങൾ പറയുന്നതിനിടയിൽ അവൻ സ്വർണത്തിന് സവോളയെക്കാൾ വിലക്കുറവുള്ള ആ രാജ്യത്തെപ്പറ്റി, അവിടെ അവനു ലഭിച്ച ഹാർദ്ദമായ സ്വീകരണത്തെപ്പറ്റി എല്ലാം വിവരിച്ചു പറഞ്ഞു. അതോടൊപ്പം ആ രാജ്യത്ത് വെളുത്തുള്ളിയും ലഭ്യമല്ല എന്ന് അവൻ വ്യാപാരിയോടു പറഞ്ഞു.
വ്യാപാരി വിചാരിച്ചു തനിക്കും ഈ അവസരം എന്തുകൊണ്ട് മുതലാക്കിക്കൂടാ. .വെളുത്തുള്ളി ആ രാജ്യത്തെ രാജാവിനും, മന്ത്രിമാർക്കും, ജനങ്ങൾക്കും പരിചയപ്പെടുത്തിക്കൊടുത്താൽ തനിക്ക് ചെറുപ്പക്കാരനു ലഭിച്ചതിനേക്കാൾ വലിയ സമ്മാനങ്ങൾ കിട്ടിയേക്കാം.
അയാൾ ഉടനെ തന്നെ നാലഞ്ചു ബാഗുകൾ നിറയെ വെളുത്തുള്ളി വാങ്ങി തൻറെ കുതിരപ്പുറത്തു കയറ്റി പുതിയ രാജ്യത്തേക്കു യാത്രയായി. അവിടെ രാജകൊട്ടാരത്തിൽ എത്തിയ അവൻ രാജാവിനോട് വെളുത്തുള്ളിയുടെ ഗുണഗണങ്ങൾ വിവരിക്കുകയും രാജാവിൻറെ നിർദ്ദേശപ്രകാരം വെളുത്തുള്ളി ചേർത്ത ഭക്ഷണ വിഭവങ്ങൾ കൊണ്ട് ഒരു സദ്യ ഒരുക്കുകയും ചെയ്തു. സദ്യയുണ്ട രാജാവും മന്ത്രിമാരും ഭക്ഷണം ഒന്നുകൂടി രുചികരമായിരുന്നു എന്ന കാര്യത്തിൽ ഒറ്റ അഭിപ്രായക്കാരായിരുന്നു.
ഇത്രയും നല്ലൊരു ഭക്ഷ്യവിഭവം തങ്ങൾക്ക് പരിചയപ്പെടുത്തിയ വ്യാപാരിക്ക് എന്തു സമ്മാനമാണ് കൊടുക്കേണ്ടത് എന്ന് രാജാവും മന്ത്രിമാരും കൂടിയാലോചിച്ചു. അവർ ഒരു തീരുമാനത്തിലെത്തി. ഇത്രയും നല്ല, വിലയേറിയ ഒരു വസ്തു നമുക്ക് കൊണ്ടുവന്നുതന്ന ഇയാൾക്ക് സ്വർണം സമ്മാനമായി കൊടുത്താൽ മതിയാവുകയില്ല. അതിനെക്കാൾ വിലയേറിയ സവോള വ്യാപാരിക്ക് സമ്മാനമായി നൽകുവാൻ രാജാവ് തീരുമാനിച്ചു.