പാൻഡോരയുടെ നിധി പേടകവും പ്രതീക്ഷയും.
മനുഷ്യവർഗ്ഗത്തിന്റെ പരിണാമവീഥി യിൽ അവൻറെ ബലഹീനതകളെക്കുറിച്ചും അതുമൂലം ഉണ്ടായേക്കാവുന്ന കഷ്‌ട നഷ്ട സാധ്യതകളെക്കുറിച്ചും പറയുന്നതും പഠിപ്പിക്കുന്നമായ പല പല ഐതിഹ്യങ്ങളും കഥകളുമെല്ലാം പൗരാണിക സംസ്കാരങ്ങളിലെല്ലാം തന്നെ ഉത്ഭവം കൊള്ളുകയും, വായ്മൊഴിയായും വരമൊഴിയായും ആധുനിക സമൂഹത്തിന് വഴികാട്ടിയായി നിലകൊള്ളുകയും ചെയ്യുന്നു. അത്തരമൊരു കഥയാണ് പാൻഡോരയുടെയും.
അമിതമായ ആകാംക്ഷയും അത് നിയന്ത്രിക്കാനാവാതെ
വരുന്നതുമൂലമുണ്ടാകുന്ന അസ്വസ്ഥതകളും ബൈബിളിൽ ഹവ്വയുടെ കഥയിലൂടെയും, മഹാഭാരതത്തിൽ പാതി വളർന്ന തൻറെ മക്കളെ മുട്ട പൊട്ടിച്ച് അവരുടെ വളർച്ച തടഞ്ഞ കുന്തിയുടെ കഥയിലൂടെയുമൊക്കെ വിശ്വസാഹിത്യത്തിൽ നിറഞ്ഞു നിൽക്കുന്നു.
പാൻഡോരയുടെ കഥക്ക് രണ്ടു മാനങ്ങളാണുള്ളത്. ഒന്ന് മനുഷ്യൻ മണ്ണിൽ അല്ലെങ്കിൽ ഭൂമിയിൽ അനുഭവിക്കേണ്ടിവരുന്ന വേദനകൾക്കും യാതനകൾക്കും സങ്കടങ്ങൾക്കും കാര്യകാരണപ്രസക്തമായ ഒരു വിശദീകരണം നൽകുക എന്നതാണത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യന് ഈ കഥ ആശ്വാമൊന്നും നൽകില്ലായിരിക്കാം. എന്നാൽ മത- ദൈവ- അമാനുഷിക ശക്തികളുടെ നിതാന്തജാഗ്രതയിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചിരുന്ന സഹസ്രാബ്ദങ്ങളിൽ ജീവിച്ചുമരിച്ച ഓരോ മനുഷ്യനും താൻ അനുഭവിക്കുന്ന വേദനയുടെ, യാതനയുടെ വിശദീകരണമായിരുന്നു ഇത്തരം ഐതിഹ്യങ്ങൾ.
രണ്ടാമതായി മനുഷ്യൻറെ അനിയന്ത്രിതമായ ജിജ്ഞാസ, പലപ്പോഴും അതിനെ ഒരു നല്ല ഗുണവും കഴിവും ആയി സമൂഹം വീക്ഷിക്കുന്നുണ്ടെങ്കിലും, കടിഞ്ഞാണില്ലാത്ത ജിജ്ഞാസ മനുഷ്യനെ കുഴിയിൽ വീഴ്ത്തുമെന്ന പാഠവും നൽകുന്നു.
ഗ്രീക്ക് മിത്തോളജി പ്രകാരം ഈ ലോകത്ത് പിറന്നുവീണ ആദ്യത്തെ സ്ത്രീയാണ് പാൻഡോര. ഗ്രീക്ക് ദൈവങ്ങളുടെയിടയിലും മറ്റനേകം ടൈറ്റനുകളെപ്പോലെയുള്ള അമാനുഷിക സൃഷ്ടികൾക്കിടയിലും സ്ത്രീകൾ ഉണ്ടായിരുന്നുവെങ്കിലും മനുഷ്യരുടെ ഇടയിൽ അങ്ങനെയൊന്നുണ്ടായിരുന്നില്ല. യഥാർത്ഥത്തിൽ അനുസരണകെട്ട മനുഷ്യകുലത്തോടു പ്രതികാരം ചെയ്യുവാൻ ആണ് ദൈവങ്ങൾ പാൻഡോരയെ സൃഷ്ടിച്ചത്.
കഥ ഇങ്ങനെ. പ്രൊമിത്യൂസും എഫെമിത്യുസും ഹൃദയത്തിൽ നന്മയുള്ള, ടൈറ്റൻ കുലത്തിൽപ്പെട്ട, രണ്ടു ദൈവ സഹോദരങ്ങൾ ആയിരുന്നു. (ഒളിമ്പിക് ദേവന്മാരുടെയും ദേവതകളുടെയും ഹൈറാർക്കിയെ പറ്റി
![]() |
പെട്ടി തുറക്കുന്ന പാൻഡോര |
തനിക്കൊരു മകളെ ഉണ്ടാക്കുവാൻ സീയൂസ് ദേവൻ ദേവൻമാരുടെ പ്രതിമാ നിർമ്മാതാവും, കുശവനും, കൊല്ലനും ഒക്കെയായ ഹേഫെസ്റ്റോസ് ദേവനോട് ആവശ്യപ്പെട്ടു. ഹേഫെസ്റ്റോസ് കളിമണ്ണിൽ വെള്ളം ചേർത്തു കുഴച്ച് വളരെ സുന്ദരമായ ഒരു സ്ത്രീരൂപം മെനഞ്ഞെടുത്തു. അഥീന ദേവി അവൾക്ക് ജീവൻ നൽകി. അഫ്രോഡൈറ്റ് ദേവി അവളെ സുന്ദരിയാക്കി. ഹെർമസ് ദേവൻ അവളെ ഒരേസമയം വശ്യയായിരിക്കുവാനും വഞ്ചിക്കുവാനും പഠിപ്പിച്ചു. സിയൂസ് ദേവൻ അവൾക്ക് പാൻഡോര എന്ന് പേരും നൽകി.
മറ്റു ദേവീദേവന്മാരും നല്ലതും ചീത്തയുമായ പല കഴിവുകളും അവൾക്ക് നൽകി. മനുഷ്യർക്ക് കൊടുക്കുവാൻ തീ മോഷ്ടിച്ചതിന് ശിക്ഷയായി പ്രോമിത്യുസിനെ ഒളിമ്പസ് മലമുകളിൽ ചങ്ങലക്കിട്ടതു മുതൽ അവൻറെ സഹോദരൻ എഫെമിത്യുസ് ഏകനായിരുന്നു. എഫെമിത്യുസിൻറെ ഏകാന്തതയ്ക്ക് ഒരു പരിഹാരമെന്ന നിലയിൽ പാൻഡോരയെ അവന് കൂട്ടുകാരിയായി നൽകാമെന്ന് സിയൂസ് ദേവൻ അവനോടു പറഞ്ഞു. ബുദ്ധിമാനായിരുന്ന പ്രോമിത്യുസ് ദേവന്മാർ നൽകുന്ന യാതൊരു സമ്മാനവും സ്വീകരിക്കരുതെന്ന് എഫേമിത്യുസിനോട് പറഞ്ഞിരുന്നു. എന്നാൽ പാൻഡോരയുടെ സൗന്ദര്യത്തിൽ മതിമയങ്ങിയ എഫെമിത്യുസ് കരുതി ഇത്ര സുന്ദരിയായ ഇവൾക്ക് തന്നെ വഞ്ചിക്കുവാനൊന്നുമാകില്ല.
അതുകൊണ്ടുതന്നെ ഇവളെക്കൊണ്ട് തനിക്കോ മനുഷ്യവർഗ്ഗത്തിനോ അപകടമൊന്നുമുണ്ടാകില്ല. അവൻ അവളെ വിവാഹം കഴിക്കുവാൻ സമ്മതിച്ചു.
തൻറെ തന്ത്രങ്ങൾ ഫലിക്കുന്നുവെന്നു മനസ്സിലായ സീയൂസ് ദേവൻ അവരുടെ വിവാഹദിവസം വളരെ നന്നായി ചിത്രപ്പണികൾ ചെയ്ത ഒരു പെട്ടിയും അതിൻറെ താക്കോലും അവർക്കു സമ്മാനമായി നൽകി. (അത് ഒരു ഭരണിയായിരുന്നു എന്നും ചില പാഠഭേദങ്ങളിൽ കാണുന്നു.) അവർക്ക് ഈ സമ്മാനം നൽകുമ്പോൾ ഈ പെട്ടി യാതൊരു കാരണവശാലും തുറക്കരുതെന്നൊരു നിർദ്ദേശവും സീയൂസ് ദേവൻ അവർക്കു കൊടുത്തു.
പെട്ടിക്കകത്ത് എന്താണെന്നറിയുവാനുള്ള ആകാംക്ഷയും ജിജ്ഞാസയും അപ്പോൾത്തന്നെ പൻഡോരയുടെ മനസ്സിലുണ്ടായി. രാവും പകലും പെട്ടിയെക്കുറിച്ചും അതിനുള്ളിലുള്ള രഹസ്യത്തെക്കുറിച്ചുമായിരുന്നു അവളുടെ ചിന്ത. ഒരു സമ്മാനം ലഭിച്ചിട്ട് അതൊരിക്കലും തുറന്നുകാണുകപോലും ചെയ്യരുതെന്ന് പറയുന്നതിലെ അർത്ഥശൂന്യത അവളെ ഭ്രാന്തുപിടിപ്പിച്ചു .
എഫേമിത്യുസ് വീട്ടിലുള്ളപ്പോഴൊന്നും പെട്ടിയുടെ അടുത്തു പോകാൻ പോലും അവൻ അവളെ അനുവദിച്ചിരുന്നില്ല. ഒരിക്കൽ എഫേമിത്യുസ് ആടുകളെ മേയ്ക്കാൻ പുറത്തുപോയിരുന്ന സമയം നോക്കി താക്കോലുമെടുത്ത് പെട്ടി തുറക്കാൻ പോയതാണ് പാൻഡോര. എന്നാലും ഇതറിഞ്ഞാൽ എഫേമിത്യുസിനുണ്ടായേക്കാവുന്ന ദേഷ്യമോർത്ത് അവൾ പലതവണ പിന്തിരിഞ്ഞു. എഫെമിത്യുസല്ലാതെ അവൾക്കാരാണുള്ളത് ഈ ലോകത്ത്.
പക്ഷെ അവൾക്കു തന്നെത്തന്നെ നിയന്ത്രിക്കാനായില്ല. അവസാനമൊരു ദിവസം അവളാ പെട്ടി തുറന്നു. ആകാംക്ഷയോടെ പെട്ടിക്കുള്ളിലേക്കു നോക്കിയ പാൻഡോരക്ക് തന്നെത്തന്നെ വിശ്വസിക്കാനായില്ല. തനിക്കാവുന്നിടത്തോളം തിന്മകളെയാണ് സീയൂസ് ദേവൻ പെട്ടിക്കുള്ളിൽ കുത്തിനിറച്ചിരുന്നത്. ഞെട്ടിത്തരിച്ചുനിന്ന പാൻഡോരയുടെ മുന്നിലൂടെ ദാരിദ്ര്യം, വേദന, മരണം, രോഗങ്ങൾ, നിരാശ, അസൂയ തുടങ്ങിയ തിന്മകളെല്ലാം ചെറുവണ്ടുകളുടെയും കീടങ്ങളുടെയും രൂപത്തിൽ ഭൂമിയിലേക്കു പറന്നിറങ്ങി. അവയിൽ ചിലതൊക്കെ അപ്പോൾത്തന്നെ പാൻഡോരയെ കടിക്കുവാനും ആക്രമിക്കുവാനും തുടങ്ങി. ഞെട്ടൽ മാറിയ പാൻഡോര പെട്ടെന്ന് പെട്ടിയുടെ അടപ്പു വലിച്ചടച്ചു. എന്നിട്ട് ഉച്ചത്തിലുച്ചത്തിൽ പൊട്ടിക്കരഞ്ഞു. വീട്ടിനു പുറത്ത് തോട്ടത്തിലായിരുന്ന എഫെമിത്യുസ് ശബ്ദം കേട്ട് ഓടിവന്നു. മനുഷ്യകുലത്തിൻറെ ആദ്യത്തെ കരച്ചിലായിരുന്നു പാൻഡോരയുടേത് .
അവർ ശ്രദ്ധിച്ചപ്പോൾ പെട്ടിക്കുള്ളിൽ നിന്ന് വളരെ ചിലമ്പിച്ച ശബ്ദത്തിൽ ആരോ തന്നെക്കൂടി പുറത്തുവിടാൻ കരഞ്ഞപേക്ഷിക്കുന്നതു കേൾക്കാമായിരുന്നു. എഫേമിത്യുസ് പറഞ്ഞു, ഇപ്പോൾ പുറത്തുവന്നിരിക്കുന്ന തിന്മകളെക്കാളും മോശമായിരിക്കില്ല ഇനി പെട്ടിക്കുള്ളിലുള്ളത്. അതിനെക്കൂടി പുറത്തുവിട്ടേക്കാം.
രണ്ടുപേരും കൂടി ഒരിക്കൽക്കൂടി പെട്ടി തുറന്നു. പെട്ടിക്കുള്ളിൽനിന്നും ലോലമായ ചിറകുകളുള്ള ഒരു ചിത്രശലഭത്തെപ്പോലെ പ്രതീക്ഷ പുറത്തേക്കു പറന്നുവന്നു. അത് പാൻഡോരയുടെയും എഫേമിത്യുസിന്റെയും ശരീരത്തിലും മനസ്സിലുമുണ്ടായ മുറിവുകൾ ചുംബിച്ചുണക്കി. പാൻഡോര ലോകത്തിലേക്ക് വേദനകളും യാതനകളും കൊണ്ടുവരുന്നതിനു കാരണക്കാരിയായെങ്കിലും പ്രതീക്ഷയെയും പുറത്തുവിട്ടുകൊണ്ട് ആ തിന്മകളെയും യാതനകളെയും ജയിക്കുവാനുള്ള സാഹചര്യവുമൊരുക്കി.
പ്രതീക്ഷ കൈവിടാതിരിക്കുക.