ഏതൻസിൻറെ ജനനം. (യവനപുരാണങ്ങളിലൂടെ 7)

  എഫിമെത്തിയോസിന്റെയും  പാൻഡോരയുടെയും കാലവും, ഡ്യുക്കാലിയോണിൻറെയും ഫിറയുടെയും കാലവും കഴിഞ്ഞു നൂറ്റാണ്ടുകൾ കഴിഞ്ഞു പോയി. മാനവരാശി  പുരോഗതിയിലേക്കു കുതിക്കുകയായിരുന്നു. ഗ്രീസിൻറെ   പലഭാഗങ്ങളിലും ചെറു പട്ടണങ്ങൾ ഉയർന്നുവന്നു. ഇവയൊക്കെ സാംസ്കാരികമായും സാമ്പത്തികമായും വളരെയേറെ ഉന്നമനം പ്രാപിച്ചെങ്കിലും അവരാരും ഒളിമ്പസ് മലമുകളിലിരുന്ന് തങ്ങളെ സംരക്ഷിക്കുന്ന ദേവൻമാരെ മറന്നില്ല.  പട്ടണങ്ങൾ അഭിവൃദ്ധിപ്പെടുന്നതനുസരിച്ചു പുതിയ ദേവാലയങ്ങളും ബലികുടീരങ്ങളും  ഉയർന്നു വന്നു. അവിടെ അർപ്പിക്കപ്പെടുന്ന ദഹനബലികളിൽ നിന്നുയരുന്ന ധൂമപടലങ്ങൾ ഒളിമ്പസ് മലമുകളിൽവരെ എത്തി ദേവഗണങ്ങളെ  പ്രീതിപ്പെടുത്തി.


 ഓരോ പട്ടണത്തിലും നിരവധി അമ്പലങ്ങളും ബലിപീഠങ്ങളും
പണികഴിക്കപ്പെട്ടു  എങ്കിലും  ഓരോ പട്ടണവും തങ്ങൾക്ക് സംരക്ഷകനായി ഓരോ പ്രത്യേക ദേവനെ തെരഞ്ഞെടുക്കുകയും, ആ  ദേവനു  വേണ്ടി പ്രത്യേകം ദേവാലയങ്ങൾ പടുത്തുയർത്തുകയും, പ്രത്യേകം പൂജാകർമ്മങ്ങൾ നടത്തുകയും,  തങ്ങളുടെ പട്ടണത്തിന് ആ ദേവൻറെ അല്ലെങ്കിൽ ആ ദേവിയുടെ പേര് നൽകുകയും ചെയ്തു പോന്നു.  ഇത്തരത്തിൽ ഏതെങ്കിലുമൊരു ഗ്രാമത്തിൻറെയോ നഗരത്തിന്റെയോ  രക്ഷാധികാരിയായിരിക്കുന്നതിൽ ദേവന്മാർ അഭിമാനം കൊണ്ടു.

 അക്കാലത്ത് ഗ്രീസിൽ ഏതെങ്കിലും ഒരു പുതിയ നഗരം ഉദയം കൊള്ളുമ്പോഴൊക്കെ  ദേവലോകത്ത് ആ നഗരത്തിൻറെ അധികാര സ്ഥാനത്തെ ചൊല്ലി ദേവന്മാർ മത്സരബുദ്ധിയോടെ വാദപ്രതിവാദങ്ങളും തർക്കങ്ങളും നടത്തുകയും, പലപ്പോഴും ജൂപ്പിറ്ററിൻറെ  മാധ്യസ്ഥതയിലേക്ക് പ്രശ്നപരിഹാരം നീക്കി വെക്കേണ്ടി വരികയും ചെയ്യാറുണ്ടായിരുന്നു. അതുപോലെതന്നെ  ഭാവിയിൽ ലോക വിഖ്യാതമാവുമെന്ന് ദേവന്മാർക്ക് എല്ലാവർക്കും  ഉറപ്പുണ്ടായിരുന്ന ഒരു നഗരത്തിനു വേണ്ടി ദേവന്മാരെല്ലാവരും തന്നെ അവകാശവാദമുന്നയിച്ചു. പ്രശ്നപരിഹാരത്തിനായി ജൂപ്പിറ്റർ ദേവനു  മുന്നിൽ ദേവന്മാരുടെ കൗൺസിൽ യോഗമാരംഭിച്ചു.  ജൂപ്പിറ്റർ ദേവൻറെ അഭ്യർത്ഥന മാനിച്ച് ദേവന്മാർ ഒന്നൊന്നായി താങ്കളുടെ നാമനിർദ്ദേശങ്ങളും, അവകാശവാദങ്ങളും പിൻവലിച്ചു. അവസാനം മത്സരവേദിയിൽ  കടൽദേവനായ നെപ്ട്യൂണും,  അറിവിൻറെ ദേവതയായ മിനർവയും  ബാക്കിയായി. രണ്ടുപേരും തങ്ങളുടെ അവകാശവാദങ്ങളിൽ നിന്നും പിന്മാറാൻ തയ്യാറായിരുന്നില്ല.  ഒരു മത്സരം നടത്തി വിജയിയെ  കണ്ടെത്താമെന്ന് ജൂപ്പിറ്റർ ദേവൻ  തീരുമാനിച്ചു. അദ്ദേഹം പറഞ്ഞു. പുതിയ നഗരത്തിലെ ജനങ്ങൾക്ക് ഉപകാരപ്രദമായ ഏറ്റവും നല്ല സമ്മാനം നൽകുന്ന ആൾക്ക് പുതിയ നഗരത്തിൻറെ രക്ഷാധികാരിയാവാം.

നെപ്ട്യൂൺ   തൻറെ ത്രിശൂലം എടുത്തു നിലത്ത് ആഞ്ഞു കുത്തി.  ഭൂമി പിളർന്നു ശ്വേതശോഭയാർന്ന, അരോഗദൃഢഗാത്രനായ, അജയ്യനായ ഒരു  കുതിര ഉയർന്നുവന്നു. നെപ്ട്യൂൺ  ദേവൻ കുതിരയെ പുതിയ നഗരത്തിന് സമ്മാനിച്ചു.  മത്സരം കണ്ടുനിന്ന ദേവീദേവന്മാർ അവനെ അഭിനന്ദിച്ചു.

 അടുത്തയൂഴം മിനർവയുടേതായിരുന്നു.  അന്നുവരെ ഏവർക്കും അജ്ഞാതമായിരുന്ന ഏതോ ഒരു മരത്തിൻറെ ഒരു ചില്ലയുമായിട്ടാണ് മിനർവ മത്സര വേദിയിലേക്ക് കടന്നുവന്നത്. അവളുടെ സമ്മാനം കണ്ട് എല്ലാവരുടെയും ചുണ്ടുകളിൽ ഒരുതരം പരിഹാസച്ചിരി വിടർന്നു.  താൻ കൊണ്ടുവന്ന ചെടിയെ മണ്ണിൽ നട്ടുകൊണ്ട്  ഒലിവു മരത്തിൻറെ ഇലകളും കായ്കളും  തടിയും ഒക്കെ ഏതൊക്കെ രീതിയിൽ മനുഷ്യകുലത്തിന് ഉപകാരപ്രദമാവും എന്ന് അവൾ വിവരിച്ചു കൊടുത്തു. അതുപോലെതന്നെ നെപ്ട്യൂണിൻറെ കുതിര യുദ്ധങ്ങൾക്കും രക്തച്ചൊരിച്ചിലിനും  വഴി തെളിക്കുമ്പോൾ തൻറെ ഒലിവുമരത്തിൻറെ  ഇലകൾ സമാധാനത്തിൻറെ  അടയാളമാകും  എന്നവൾ സമർഥിച്ചു.  (നമ്മൾ കേരളക്കാർക്ക് തെങ്ങ് എന്നതുപോലെ  യൂറോപ്പിനും മധ്യപൂർവ്വ ദേശങ്ങൾക്കും ഒരു കല്പവൃക്ഷമാണ് ഒലിവു  മരങ്ങൾ. അവരുടെ ദൈനംദിന ഭക്ഷണത്തിൽ ഒലിവെണ്ണയും ഒലിവ് കായ്കളും  ഒരവിഭാജ്യ ഘടകം തന്നെയാണ്.).

 മിനർവയുടെ വിശദീകരണം കേട്ടപ്പോൾ എല്ലാവർക്കും മനസ്സിലായി അവളുടെ സമ്മാനമാണ് ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമെന്ന്.   നഗരത്തിന് പേരിടാനുള്ള അവകാശം മിനർവക്ക് നൽകപ്പെട്ടു.  ഗ്രീക്കു  ഭാഷയിൽ അഥീന  എന്നാണ് മിനർവ അറിയപ്പെട്ടിരുന്നത്.  പുതിയ നഗരത്തിന്  ആതൻസ് എന്ന പേരു നൽകപ്പെട്ടു. ഇന്നും ഈ നഗരം ഇതേ പേരിലറിയപ്പെടുന്നു. അഥീനാ  ദേവിക്കുവേണ്ടി നഗരത്തിനു സമീപമുള്ള മലമുകളിൽ വെണ്ണക്കല്ലു കൊണ്ട് പാർത്തനോൻ എന്നറിയപ്പെടുന്ന ഒരു ദേവാലയം പണിതുയർത്തപ്പെട്ടു.  അവളുടെ വലിയൊരു പ്രതിമയും അവിടെ സ്ഥാപിക്കപ്പെട്ടു.  വാസ്തുശില്പകലയിലും സൗന്ദര്യത്തിലും പാർത്താനോണിനെ വെല്ലാൻ  മറ്റൊരു സൗധം  ഉണ്ടായിരുന്നില്ല തന്നെ.