അമ്മയുടെ അസ്ഥി (യവന പുരാണങ്ങളിലൂടെ 5)

 അമ്മയുടെ അസ്ഥി (യവന പുരാണങ്ങളിലൂടെ 5)



ഡൽഫിയിലെത്തിയ ഡ്യുക്കാലിയോണും  ഫിറയും മഹാപ്രളയത്തിൽ മനുഷ്യരെല്ലാം നശിച്ചുപോയ ഈ ഭൂമിയിൽ എങ്ങനെ കൂടുതൽ മനുഷ്യരെ കൊണ്ടുവരാം എന്ന ചോദ്യം മാത്രമാണ്  ഉന്നയിച്ചത്. വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലെങ്കിൽ തന്നെയും  അവരെ അത്ഭുതപ്പെടുത്തി കൊണ്ടുള്ള ഒരു വെളിപാടാണ് അവർക്ക് ഉത്തരമായി ഡൽഫിയിൽ നിന്നും ലഭിച്ചത്.  നിങ്ങളുടെ തലകൾ മൂടുപടം കൊണ്ട് മറച്ച്  പുറം തിരിഞ്ഞു നോക്കാതെ നിങ്ങളുടെ അമ്മയുടെ അസ്ഥികൾ പിന്നിലേക്ക് എറിയുക.

 ആദ്യം അവർക്ക് ഒന്നും  തന്നെ മനസ്സിലായില്ല  ഈ നിർദ്ദേശം നടപ്പിലാക്കുക അസാധ്യമാണെന്ന് തന്നെ അവർ കരുതി. ഒന്നാമതായി വെള്ളപ്പൊക്കത്തിൽ എല്ലാം താറുമാറായി കിടക്കുന്ന ഈ ഭൂമിയിൽ തങ്ങളുടെ അമ്മമാരുടെ കുഴിമാടങ്ങൾ ഇരുന്ന  സ്ഥാനങ്ങൾ എങ്ങനെ കണ്ടുപിടിക്കാനാണ്.  ഇനി ആ കുഴിമാടങ്ങൾ കണ്ടുപിടിക്കാനായാൽ തന്നെ മരണമടഞ്ഞവരുടെ അന്ത്യവിശ്രമ സ്ഥാനങ്ങൾ ഇളക്കി മറിച്ച് അവരുടെ അന്ത്യ വിശ്രമത്തിന്  ഭംഗം വരുത്തുന്നതും കേട്ടുകേൾവിയില്ലാത്ത കാര്യമാണ്.
ഡെൽഫിയിൽനിന്നും തിരിച്ചുപോകുന്ന 
ഡ്യുക്കലിയോണും ഫിറയും എറിയുന്ന
കല്ലുകളോരോന്നും മനുഷ്യരായി മാറുന്നു  

 ഡൽഫിയിലെ വെളിപാടിന് ഒളിഞ്ഞിരിക്കുന്ന മറ്റേതോ അർത്ഥതലങ്ങൾ ഉണ്ടാവില്ലേ, ഡ്യുക്കലിയോൺ   ചിന്തിച്ചു.  അവസാനം അവനു  കാര്യം മനസ്സിലായി.  മനുഷ്യരായിരുന്ന അവരുടെ അമ്മമാരുടെ
അസ്ഥിക്കഷണങ്ങളല്ല  മറിച്ച്  മനുഷ്യകുലത്തിനാകെ അമ്മയായ ഭൂമി മാതാവിൻറെ അസ്ഥികളാണ്  ദൈവങ്ങൾ വെളിപാടിലൂടെ ഉദ്ദേശിച്ചത് എന്ന് അവനു മനസ്സിലായി.  അവർ പെട്ടെന്നു തന്നെ  തങ്ങളുടെ തലകൾ മൂടുപടം ഇട്ട് മൂടി യാത്രയായി.  യാത്രയിലുടനീളം അവർ നിലത്തു കിടന്ന കല്ലുകൾ ശേഖരിക്കുകയും  പിന്നിലേക്ക് എറിയുകയും ചെയ്തു കൊണ്ടിരുന്നു. ഡ്യുക്കലിയോൺ  എറിഞ്ഞ കല്ലുകൾ പുരുഷന്മാരും ഫിറ എറിഞ്ഞ  കല്ലുകൾ സ്ത്രീകളുമായി മാറി.