മഹാപ്രളയം
പൻഡോരയുടെയും എഫിമെത്യൂസിൻറെയും മക്കളും കൊച്ചുമക്കളും ഈ സുന്ദരമായ ഭൂമിയിൽ സമാധാനത്തിലും സന്തോഷത്തിലും ജീവിച്ചുപോന്നു. പല തലമുറകൾ കഴിഞ്ഞുപോയി പൻഡോര (Pandora) തുറന്നുവിട്ട കറുത്ത ചിറകുകളുള്ള തിന്മയുടെ ദുർഭൂതങ്ങൾ അവിടെല്ലാം അലഞ്ഞു നടക്കുന്നുണ്ടായിരുന്നെങ്കിലും മാനവസമൂഹം സ്നേഹത്തിലും സാഹോദര്യത്തിലും പരസ്പര സഹവർത്തിത്തത്തിലും ഉറച്ചുനിന്നതുകൊണ്ട് അവർക്ക് മനുഷ്യരെ ഒരുതരത്തിലും ആക്രമിക്കാനായില്ല. ഫലഭൂയിഷ്ഠമായ ഭൂമിയിൽ അവർ പരസ്പര സഹകരണത്തോടെ കൃഷിയിറക്കുകയും നൂറുമേനി വിളവ് കൊയ്യുകയും ചെയ്തു.
വിളവിൻറെ ഒരു ഭാഗം അവർ ദേവന്മാർക്കായി ഒരുക്കിയ ബലിപീഠങ്ങളിൽ സമർപ്പിച്ചു. മനുഷ്യ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടമായിരുന്നു അത്. നൂറ്റാണ്ടുകളും തലമുറകളും കടന്നുപോയി. മനുഷ്യർക്കിടയിൽ പരസ്പര വിശ്വാസവും സ്നേഹവും നഷ്ടപ്പെട്ടു തുടങ്ങി. അതോടൊപ്പംതന്നെ കഴിഞ്ഞകാലങ്ങളിൽ തങ്ങൾക്കൊപ്പം നിന്ന ദൈവങ്ങളെ അവൻ മറന്നു. സ്വന്തം മെയ്ക്കരുത്തിൽ അഹങ്കാരം പൂണ്ട അവൻ സഹോദരൻ സഹോദരനെതിരായും പിതാവ് പുത്രനെതിരായും പുത്രൻ പിതാവിനെതിരായും വാളെടുത്ത് യുദ്ധംചെയ്തു ചെയ്തുതുടങ്ങി. ഭൂമിയിൽ ആരും തന്നെ ദൈവങ്ങളെപ്പറ്റി ചിന്തിക്കുക പോലും ചെയ്യാതെയായി. ദൈവങ്ങളുടെ പേരിലുയർത്തപ്പെട്ടിരുന്ന നൂറുകണക്കിന് അമ്പലങ്ങൾ പൊടിപിടിച്ച് മാറാല കെട്ടി ആർക്കും വേണ്ടാതെ നരിച്ചീറുകൾക്ക് താവളമായി ഉപേക്ഷിക്കപ്പെട്ടു. അമ്പലങ്ങളിലെ തണുത്തുറഞ്ഞ ഹോമകുണ്ഡങ്ങളിൽ പാമ്പും പല്ലിയും ഇഴഞ്ഞു നടന്നു. മനുഷ്യർക്കിടയിൽ കൊള്ളയും കൊലയും പിടിച്ചുപറിയും ഒന്നിനൊന്നു വർദ്ധിച്ചുവന്നു.
ഒളിമ്പസിനു മുകളിൽ ദേവന്മാർ വളരെ ആകുലതയോടെയാണ് ഭൂമിയിലെ സംഭവവികാസങ്ങൾ നോക്കിക്കണ്ടത്. കാര്യങ്ങൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ ജൂപ്പിറ്റർ ദേവൻ കാത്തിരുന്നു. എന്നാൽ മനുഷ്യരുടെ ഓരോ തലമുറ കഴിയുന്തോറും സാഹചര്യങ്ങൾ മോശമാവുകയായിരുന്നു. അവസാനം ജൂപ്പിറ്റർ ദേവൻ തൻറെ മക്കളായ മറ്റു ദേവന്മാരെയെല്ലാം വിളിച്ച് ഒരു ആലോചനായോഗം ചേർന്നു. പ്രസ്തുത യോഗത്തിൽ തങ്ങളെ ബഹുമാനിക്കാത്തവരും അധമ സഞ്ചാരികളും ആയ മനുഷ്യകുലത്തെ പാടേ നശിപ്പിക്കേണ്ടതിൻറെ ആവശ്യകതയെപ്പറ്റി അവരെ അറിയിച്ചു.
ഭൂമിയിലേക്ക് അഗ്നിയെ അയച്ച് മനുഷ്യകുലത്തെയാകെ ഒരു ദഹനബലി ആക്കുവാനായിരുന്നു ജൂപിറ്ററിന്റെ തീരുമാനം. എന്നാൽ ഭൂമിയിൽനിന്നുയരുന്ന തീ നാളങ്ങളും പുകയും മാനംമുട്ടെയുയർന്ന് തങ്ങളുടെ കൊട്ടാരങ്ങളെ കൂടി നശിപ്പിച്ചേക്കുമോ എന്നൊരു ഭയം ദൈവങ്ങളിൽ ചിലർ പങ്കുവെച്ചു. തങ്ങളുടെ കൊട്ടാരങ്ങൾ ഭൂമിയിൽ നിന്ന് ഉയരുന്ന പുക പുകയേറ്റ് മങ്ങി പോകുന്നതു പോലും അവർക്ക് സഹിക്കാനാവുമായിരുന്നില്ല.
അടുത്ത ഏറ്റവും ഫലപ്രദമായ മാർഗമായി ദേവന്മാർ കണ്ടത് ഭൂമിയെ ഒരു
വെള്ളപ്പൊക്കത്തിലൂടെ നശിപ്പിക്കുക എന്നതായിരുന്നു. ഒരു ദിവസം താഴെ ഭൂമിയിൽ മനുഷ്യർ തങ്ങളുടെ കഴിവുകളിൽ അഹങ്കരിച്ചു മത്തരായി കഴിയവേ വലിയൊരു ഇടിമുഴക്കത്തോടെ ജൂപിറ്റർ തൻറെ സംഹാരം ആരംഭിച്ചു. ആകാശത്തിൻറെ തുറന്ന വാതിലുകളിലൂടെ മഴവെള്ളം ഭൂമിയിലേക്ക് കുത്തിയൊഴുകി. നദികലും തടാകങ്ങളും നിറഞ്ഞുകവിഞ്ഞു. സമുദ്രത്തിലെ തിരമാലകൾ നിമിഷംപ്രതി ഉയർന്നു വന്ന് കരയിലേക്ക് ആഞ്ഞടിച്ചു. പതിരുപോലെ ജലത്തിൽ പതഞ്ഞു കിടന്ന മനുഷ്യരുമായി തിരമാലകൾ കടലിലേക്ക് തിരിച്ചൊഴുകി. കാറ്റുകളുടെ ദേവനായ ഇയോളസ് (Aeolus) കൊടുങ്കാറ്റുകളെ പൂട്ടിയിട്ടിരുന്ന ഗുഹകളുടെ വാതിലുകൾ തുറന്നു. സ്വാതന്ത്ര്യം കിട്ടി തിമർത്തുവന്ന കൊടുങ്കാറ്റുകൾ തിരമാലകളുടെ ശക്തി വർധിപ്പിച്ചു. അവ മനുഷ്യർ അഭയം തേടിയിരുന്ന വലിയ കുന്നുകളുടെ മുകളിലേക്കു പോലും അടിച്ചുകയറി. ആശയറ്റ മനുഷ്യർ അവസാന കച്ചിത്തുരുമ്പായി കരുതിയ ചെറു വള്ളങ്ങളും കപ്പലുകളും തിരമാലകൾ അമ്മാനമാടി അടിച്ചുതകർത്തു. ജലം ഉയർന്നു കൊണ്ടേയിരുന്നു, എല്ലാ മലകളും മുങ്ങി വെള്ളത്തിനടിയിലാകുന്നതുവരെ.
എന്നാൽ അപ്പോഴും വെള്ളത്തിനടിയിലാവാതെ ഒരു കൊടുമുടി മാത്രം ബാക്കി നിന്നു. ഗ്രീസിലെ ഏറ്റവും ഉയരം കൂടിയ പർണാസസ് കൊടുമുടി മാത്രം. അവിടെ അഭയം തേടിയ ഒരു സ്ത്രീയും പുരുഷനും മാത്രം രക്ഷപെട്ടു. ദൈവഭയത്തിലും നന്മയിലും ധർമ്മനിഷ്ഠയിലും തങ്ങളടെ ജീവിതം നയിച്ചുപോന്ന ദമ്പതികളായ ഡ്യൂകാലിയോണും (Deucalion) ഭാര്യ ഫിറയും (Pyrrha ) ആയിരുന്നു അവർ. മലമുകളിൽ വിലപിച്ചു കൊണ്ടു നിൽക്കുന്ന അവരെ കണ്ട ജൂപ്പിറ്റർ ദേവന് അവരുടെ നന്മകളെ പറ്റി ഓർമ്മ വന്നു. അവരെ നശിപ്പിക്കേണ്ടതില്ല എന്ന് അദ്ദേഹം തീരുമാനിച്ചു. ഇപ്പോഴുള്ള മഴയും പ്രളയവും നിൽക്കട്ടെ എന്ന് അവൻ ആഹ്വാനം നൽകി.
ഇയോളസ് ദേവൻ ഭൂമിക്കുമേൽ ഭ്രാന്തമായി വീശിയടിച്ച കൊടുങ്കാറ്റുകളെ ഒന്നൊന്നായി തിരിച്ചുവിളിച്ച് അവയുടെ ഗുഹകളിലാക്കി ബന്ധിച്ചു. കടലിൻറെ ദേവനായ നെപ്റ്റ്യൂൺ ശംഖനാദം മുഴക്കി ഭൂമിയിലേക്ക് ഇരച്ചുകയറി നാശം വിതച്ചുകൊണ്ടിരുന്നു ഭ്രാന്തൻ തിരമാലകളെ ഒന്നൊന്നായി കടലിലേക്ക് തിരിച്ചു വിളിച്ചു. പ്രളയം പിൻവലിഞ്ഞ ഭൂമിയിൽ വീണ്ടും പച്ചപ്പുനിറഞ്ഞു.
കുന്നിറങ്ങിവന്ന ഡ്യൂകാലിയോണിനെ യും ഫിറയെയും എതിരേറ്റത് മനുഷ്യ രഹിതമായ ശൂന്യമായ ഒരു ഭൂമിയാണ്. പൂർണമായ ഏകാന്തത അസഹ്യമായ അവർ ചിന്തിച്ചു, ഇങ്ങിനെയൊരു ജീവിതത്തെക്കാൾ നല്ലത് മരണമായിരുന്നില്ലേ എന്ന്. കുന്നിറങ്ങി വന്നു ലക്ഷ്യമില്ലാതെ ഭൂമിയിലൂടെ അലഞ്ഞുനടന്ന അവർ എത്തിയത് പ്രശസ്തമായ ഡൽഫിയിലെ അമ്പലത്തിലാണ്. പ്രളയത്തിൽ നശിക്കാതെ ബാക്കി നിന്ന ഏക മനുഷ്യ നിർമ്മിതിയും ഡൽഫിയിലെ അമ്പലം ആയിരുന്നു. ചരിത്രാതീത കാലം മുതലേ ദൈവങ്ങളുടെ താൽപര്യങ്ങളും നിർദ്ദേശങ്ങളും ആരായുവാൻ മനുഷ്യർ ഡൽഫിയിലെ വെളിപാടുകളാണ് ആശ്രയിച്ചിരുന്നത്. ഡൽഫിയിലെ ദൈവിക വെളിപാടുകൾക്ക് എതിരു നിൽക്കാൻ ഒരു മനുഷ്യ ജീവിയും തുനിഞ്ഞിട്ടില്ല തന്നെ.