Olympus Mount (യവനപുരാണങ്ങളിലൂടെ 1)

 അബ്രഹാമിക് മതങ്ങളായ ക്രിസ്തുമതവും ഇസ്ലാം മതവും യൂറോപ്പിനെ കീഴടക്കുന്നതിനു മുൻപ് യൂറോപ്പിനു തനതായ , ബഹുദൈവവാദത്തിലടിയുറച്ച ഒരു വിശ്വാസസംഹിതയും, സാംസ്കാരികതയുമുണ്ടായിരുന്നു. തത്വചിന്തയുടെയും ജനാധിപത്യത്തിന്റെയുമൊക്കെ ഈറ്റില്ലമായ ഗ്രീസിൽ ഉടലെടുത്ത ഈ ദൈവസങ്കല്പം കാലക്രമത്തിൽ റോമാസാമ്രാജ്യവും ഏറ്റെടുക്കുകയും ദൈവങ്ങളുടെ സ്വഭാവവിശേഷങ്ങളും സ്ഥാനമാനങ്ങളും നിലനിർത്തിക്കൊണ്ടുതന്നെ ചില പേരുമാറ്റങ്ങളിലൂടെ സ്വന്തമാക്കി മാറ്റുകയും ചെയ്തു. ഗ്രീക്ക്-റോമൻ സാഹിത്യകാരന്മാരായിരുന്ന ഹോമറും  വിർജിലും തങ്ങളുടെ മഹാകാവ്യങ്ങളായ ഇലിയഡ്, ഒഡീസി, എനിയാസ്  എന്നിവയിലൂടെ മനുഷ്യനോടടുത്തുനിന്ന ആ ദൈവങ്ങളെ അനശ്വരമാക്കി. ഒരുകാലത്ത് മനുഷ്യർ ഭയഭക്തിബഹുമാനങ്ങളോടെ ആദരിക്കുകയും ബലികളർപ്പിക്കുകയും ആപത്ഘട്ടങ്ങളിൽ സഹായത്തിനായി ഓടിയണയുകയും ചെയ്തിരുന്ന ദൈവങ്ങളുടെ ഒരു സമൂഹം തന്നെ വെറും ഐതിഹ്യങ്ങളും കഥകളുമായി മാറിപ്പോയത് വിധിവൈപരീത്യമെന്നല്ലാതെ എന്തുപറയാൻ.





യവനപുരാണങ്ങളിലൂടെ 1 

ഒളിമ്പസ് മലയിലെ ദേവലോകം 

പണ്ട് പണ്ട് സഹസ്രാബ്ദങ്ങൾക്കു മുൻപ് ഗ്രീസിലെ ഏറ്റവും വലിയ പർവ്വതമായ   ഒളിമ്പസ് മേഘങ്ങളാൽ  ചുറ്റപ്പെട്ടു മനുഷ്യർക്ക് അപ്രാപ്യമായി ഉയർന്നു നിന്നു.  കൂട്ടം തെറ്റി കാണാതായ തൻറെ ആട്ടിൻ കുട്ടിയെ അന്വേഷിച്ചു വൃദ്ധനായ ആ ഇടയൻ ഒളിമ്പസ് മലയുടെ താഴ്വാരങ്ങളിലൂടെ വളരെനേരം അലഞ്ഞു നടന്നു. കോണിഫർ മരങ്ങൾ തിങ്ങിനിറഞ്ഞ മലഞ്ചെരുവിൽ എവിടെയോ നിന്നും എൻറെ പ്രിയപ്പെട്ട ആട്ടിൻകുട്ടിയുടെ ശബ്ദം കേൾക്കുന്നുണ്ടോ?.  അയാൾ സാവകാശം മലഞ്ചെരുവിലൂടെ മുകളിലേക്ക് നടന്നു തുടങ്ങി.  ദൈവങ്ങളുടെ രാജാധിരാജനായ ജൂപിറ്റർ ദേവൻറെയും മറ്റു ദേവന്മാരുടെയും വാസസ്ഥലമായ ഒളിമ്പസ് മലയുടെ മുകൾ ഭാഗം എപ്പോഴും മേഘങ്ങളാൽ  മൂടപ്പെട്ടിരുന്നു. ആ മലയുടെ ഉയരം എന്തെന്നോ   അവിടെയുള്ള ദേവലോകത്തിൻറെ ഭംഗി എന്തെന്നോ  ഭൂമിയിൽ ആർക്കും തന്നെ ചിന്തിക്കാൻപോലും ശേഷി ഉണ്ടായിരുന്നില്ല.
ഒളിമ്പസ് പർവ്വതം 

 തൻറെ പ്രിയപ്പെട്ട ആട്ടിൻകുട്ടി യോടുള്ള സ്നേഹം മൂലം ഒളിമ്പസ് മല മനുഷ്യർക്ക് അപ്രാപ്യമായ നിരോധിത മേഖലയാണ് എന്ന കാര്യം നമ്മുടെ ഇടയൻ  പാടെ മറന്നു പോയിരുന്നു.  അയാൾ മല കയറി ക്കൊണ്ടേയിരുന്നു. പെട്ടെന്നാണ് വളരെ പ്രകാശമാനമായിരുന്ന  ആകാശം ഇരുണ്ടു കറുത്തത്. മലമുകളിൽ നിന്നും താഴേക്കിറങ്ങി വന്ന  കോടമഞ്ഞിൻറെ  ഇരുട്ടിൽ തൻറെ കൈകൾ പോലും കാണാൻ വയ്യാത്ത അവസ്ഥയായി ഇടയന്. സ്വന്തം പാദപതനത്തിൻറെ ശബ്ദം പോലും  അയാളെ ഭയപ്പെടുത്തി.  മലമുകളിൽ അയാൾക്ക് മുകളിൽ ഒരു കൊടുങ്കാറ്റ് വീശിയടിക്കുവാൻ തുടങ്ങി.   ദേവലോകത്തേക്ക് നുഴഞ്ഞുകയറിയ മനുഷ്യനെ തേടി ജൂപ്പിറ്റർ തൻറെ ആയുധമായ ഇടിമിന്നലിനെ  അയച്ചു.  ഒളിമ്പസ്  മലയുടെ പരിശുദ്ധിയിലേക്കു  കടന്നുകയറുക എന്ന തെറ്റു ചെയ്ത  പാവം ആട്ടിടയനെ തേടി  മിന്നൽപ്പിണറുകൾ തലങ്ങും വിലങ്ങും ആ വനത്തിലൂടെ പാറിനടന്നു.

(റോമൻ ഐതിഹ്യങ്ങളിൽ ജൂപിറ്റർ എന്നറിയപ്പെടുന്ന ദേവൻ തന്നെയാണ് ഗ്രീക്കുകാരുടെ സീയൂസ്.)

 നാളിതുവരെ ഒരു മനുഷ്യജീവിക്കും ഒളിമ്പസ് മല കയറുവാനോ ദേവന്മാരുടെ  വാസഗൃഹങ്ങൾ സന്ദർശിക്കുവാനോ അവസരം ലഭിച്ചിട്ടില്ല.   പിന്നെങ്ങനെ ഇക്കാര്യങ്ങളൊക്കെ നമ്മൾ അറിഞ്ഞു?  ജോലി കഴിഞ്ഞു തളർന്നു മയങ്ങിയ ചില ആട്ടിടയൻ മാരുടെയും നാവികരുടെയും ഒക്കെ സ്വപ്നങ്ങളിൽ  ഒളിമ്പസ് ദേവലോകത്തിൻറെ മാസ്മരികതയും  സൗകുമാര്യവും  സൗന്ദര്യവും അനശ്വരമായ യുവത്വവും   വെളിപ്പെടുത്തപ്പെട്ടു  എന്നാണ്  ഹോമറിനെപ്പോലെയുള്ള സാഹിത്യ കേസരികൾ സാക്ഷ്യപ്പെടുത്തുന്നത്.

  മനുഷ്യ വർഗ്ഗത്തിൻറെ ചിന്തകൾക്ക് അതീതമായ ലോകത്തിൻറെ പ്രാരംഭകാലത്തു  തന്നെ ജൂപ്പിറ്റർ ദേവനും അദ്ദേഹത്തിൻറെ അനുചരന്മാരായ ദേവഗണങ്ങളും ഒളിമ്പസ് മലമുകളിൽ താമസമുറപ്പിച്ചിരുന്നു.   ജൂപ്പിറ്ററുമായി  അധികാരത്തിനുവേണ്ടി  മത്സരിച്ചിരുന്ന  മറ്റ് പല ശക്തികളെയും തോൽപ്പിച്ച് ഓടിച്ചതിനുശേഷം മാത്രമാണ് അദ്ദേഹത്തിന് ലോകത്തിനുമേൽ  പൂർണ്ണമായി അധികാരം സ്ഥാപിക്കുവാനായത്. ഒളിമ്പസ് മലമുകളിൽ കൊട്ടാരത്തിൽ തൻറെ  സിംഹാസനത്തിലിരുന്നു ജൂപ്പിറ്ററിന്  ലോകം മുഴുവൻ വീക്ഷിക്കുവാനാകുമായിരുന്നു. സമുദ്രം ഭരിക്കുവാനുള്ള അധികാരം തൻറെ സഹോദരനായ നെപ്ട്യൂണിനെയും  ഹെയ്ഡസ് (Hades) എന്ന പേരിൽ അറിയപ്പെട്ടിരുന്ന  അധോലോകം അല്ലെങ്കിൽ പാതാളത്തിൻറെ അധികാരം തൻറെ മറ്റൊരു  സഹോദരനായ പ്ലൂട്ടോയെയും ഏൽപ്പിച്ചു. മറു ലോകത്തെ സ്നേഹവും  സഹോദര്യവും ആഹ്ളാദവും നഷ്ടപ്പെട്ടതിനെപറ്റി ആകുലപ്പെട്ട്  നിശ്വാസമുതിർത്തു വിലപിക്കുന്ന ആത്മാക്കളെ കൊണ്ട് നിറഞ്ഞ പാതാളം നിശബ്ദവും പ്രകാശ  രഹിതവും തണുത്തുറഞ്ഞതും ആയിരുന്നു.

 തൻറെ മാളിക മുകളിൽ നിന്ന് നോക്കുമ്പോൾ അങ്ങകലെ  ആഫ്രിക്കൻ
അറ്റ്ലസ് തന്റെ ഭാരവുമായി ചിത്രകാരന്റെ
 ഭാവനയിൽ 
വൻകരയിൽ കാലുറപ്പിച്ച് ആകാശത്തെ മുഴുവൻ തൻറെ തോളിൽ താങ്ങി നിർത്തുന്ന അറ്റ്ലസ് സിനെ ജൂപ്പിറ്റർ ദേവന് കാണുവാനാകുമായിരുന്നു. അനാദികാലം മുതലേ ആകാശത്തെയും സ്വർഗ്ഗത്തെയും തൻറെ ചുമലിൽ താങ്ങി നിർത്തുന്ന ഒരു രാക്ഷസരൂപിയായ ദേവനാണ്  അറ്റ്ലസ്.  കാലാകാലങ്ങളായി ഒരു ചലനം പോലുമില്ലാതെ തൻറെ ജോലിയിൽ വ്യാപൃതനായി നിൽക്കുന്ന  അറ്റ്ലസിനു  ചുറ്റും  വലിയൊരു വനം തന്നെ വളർന്നിരിക്കുന്നു. 20 - 25 മീറ്റർ ഉയരമുള്ള വൃക്ഷങ്ങൾ അറ്റ്ലസിൻറെ മുട്ടിനൊപ്പമെത്തി അയാളുടെ കാലുകളെ  മറച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യനേത്രങ്ങളാൽ  അറ്റ്ലസിനെ  കാണുവാൻ എളുപ്പമായിരുന്നില്ല.  എന്നിരുന്നാലും കാറ്റും വെൺമേഘങ്ങളും ഉള്ള ചില  സായന്തനങ്ങളിൽ  ഭീമാകാരനായ അറ്റ്ലസി ൻറെ നിഴൽ രൂപം നിങ്ങൾക്കും ചക്രവാളത്തിൽ വേർതിരിച്ച് കാണുവാൻ ആയേക്കും. (വല്ലപ്പോഴുമൊക്കെ വീടിന് പുറത്തിറങ്ങി ആകാശം നോക്കി സ്വപ്നം കാണുക).

അറ്റ്ലസിനെ  തൻറെ ഭാരപ്പെട്ട ജോലിയിൽ സഹായിക്കുവാൻ ആരുമുണ്ടായില്ല.

(നിങ്ങൾക്കറിയാമോ?' നമ്മുടെ തലയെ താങ്ങി നിറുത്തുന്ന നട്ടെല്ലിന്റെ
ഏറ്റവും മുകളിലത്തെ അസ്ഥിയുടെ പേരും അറ്റ്ലസ് എന്നാണ്.)  നമ്പർ 1 പച്ചനിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു അറ്റ്ലസിനെ.