Democracy ജനാധിപത്യത്തിന്റെ മറുപുറം.

 ജനാധിപത്യത്തിന്റെ മറുപുറം.


എബ്രഹാം ലിങ്കന്റെ മഹത്തായ ഗെറ്റിസ്ബർഗ് പ്രസംഗം കഴിഞ്ഞിട്ട് ഏതാണ്ട് 160 ശരിക്കും പറഞ്ഞാൽ 158 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.  ഗെറ്റിസ്ബർഗ് പ്രസംഗമെന്നറിയപ്പെടുന്ന ലിങ്കന്റെ ആ പ്രസംഗത്തിലൂടെയാണ് ജനാധിപത്യത്തെപ്പറ്റിയുള്ള ഏറ്റവും പ്രശസ്തമായ ആ വിശദീകരണം, "ജനങ്ങളുടെ, ജനങ്ങളാലുള്ള, ജനങ്ങൾക്കുവേണ്ടിയുള്ള ഭരണം" ഈ ലോകത്തിനു ലഭിച്ചത്.  പൗരന്മാരൊരുത്തർക്കും സ്വാതന്ത്ര്യവും സമത്വവും ഉറപ്പുവരുത്തുന്ന ഒന്നാണ് ജനാധിപത്യം.

 ചരിത്രത്തിലേക്കും ഏറ്റവും മഹത്തരം എന്ന് കരുതപ്പെടുന്ന  ജനാധിപത്യത്തിൻറെ ഉദയത്തിനു മുൻപ് രാജാവ് ചെയ്യും ജന്മികളുടെ യും ഫ്യൂഡൽ വ്യവസ്ഥിതിയും മതങ്ങളുടെയും മത പുരോഹിത വർഗ്ഗത്തെ യും ഒക്കെ തേർവാഴ്ച യും മനുഷ്യസമൂഹം സഹിക്കേണ്ടിവന്നിട്ടുണ്ട് ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു അക്കാലത്തെ അല്ല ഭരിക്കുന്നവരും ഭരിക്കപ്പെടുന്ന വരും എന്നൊരു തരംതിരിവ് അല്ലാതെ പൗരൻ എന്ന ഒരു സങ്കല്പമോ ഭരിക്കപ്പെടുന്ന വരായ വ്യക്തികൾക്ക് സമത്വം  എന്ന ഒരു പരികൽപ്പന യോ നിലവിലുണ്ടായിരുന്നില്ല.

 ഈ അടുത്ത ദിവസം കേട്ട ഏതോ ഒരു പ്രസംഗത്തിൽ രാമരാജ്യം എന്ന സങ്കല്പം ജനാധിപത്യ തത്വസംഹിതയിൽ ഊന്നിയതാണെന്നും  രാമൻറെ ഭരണത്തിലൂടെ ജനാധിപത്യ മൂല്യങ്ങൾക്കും ആധുനിക ഭരണതന്ത്രജ്ഞതയുടെ പല സങ്കല്പങ്ങൾക്കും തുടക്കമിട്ടു എന്നുമൊക്കെ സമർത്ഥിക്കുന്നത് കേൾക്കുവാൻ ഇടയായി.  ഉത്തമ മനുഷ്യൻ എന്തായിരിക്കണം എന്നതിന് ഉദാഹരണമായി  വാല്മീകിയുടെ മനസ്സിലുദിച്ച രാമൻ എന്ന കഥാപാത്രത്തിന് പല കഴിവുകളും ഉണ്ടായേക്കാം. എന്നാൽ അസത്യവും വാസ്തവ വിരുദ്ധവും ആയ ഈവിധ പുലമ്പലുകളിലൂടെ രാജ്യത്തെ യഥാർത്ഥ സ്ഥിതിവിശേഷങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുവാനുള്ള വ്യഥാ വ്യായാമങ്ങളാണ് നടക്കുന്നതെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

 ഗ്രീസിലെ ആതൻസിൽ ജനാധിപത്യ സങ്കല്പം പിറവികൊണ്ടു എന്നും  അവിടെ ഡയറക്ട് ഡെമോക്രസി ആയിരുന്നു ഉണ്ടായിരുന്നത് എന്നും ഒക്കെ നമ്മൾ സ്വപ്നം കാണുന്നു എങ്കിലും അവിടെയും ജനാധിപത്യം പൂർണമായിരുന്നില്ല തന്നെ. സമൂഹത്തിലെ ഉപരി വർഗ്ഗത്തിനു മാത്രമാണ് ജനാധിപത്യപ്രക്രിയയിൽ പങ്കാളിയാകുവാൻ അവസരം  ലഭ്യമായിരുന്നത്. ചുരുക്കം 500 പേർ മാത്രമുണ്ടായിരുന്ന ഒരു ആൾക്കൂട്ടത്തിലെ ഒരു വിഭാഗത്തിൻറെ  മാത്രം ആരവത്തിൻറെ ഫലമായിരുന്നു മഹാനായ സോക്രട്ടീസിൻറെ മരണമെന്നത് ചരിത്രകാരന്മാരിൽ പലരും അൽപ്പമൊന്ന് നിരീക്ഷിക്കുന്നു പോലുമില്ല.

 സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ മുദ്രാവാക്യങ്ങളുമായി മുന്നോട്ടുവന്ന ഫ്രഞ്ച് വിപ്ലവത്തിനുശേഷമാണ് (1789 മുതൽ 1799 വരെ) പൗരനും വ്യക്തിയും, അല്ലെങ്കിൽ സമൂഹത്തിലെ അധോവർഗ്ഗം മുഖ്യധാരയിലേക്ക് എത്തുന്നത്.  സമത്വം എന്നതാണ് ജനാധിപത്യത്തിൻറെ നട്ടെല്ല്. സമൂഹത്തിലെ ഏതൊരു വ്യക്തിക്കും തൻറെ കഴിവുകൾ അനുസരിച്ച് (സാമ്പത്തികമായ തോ കുടുംബപരമായ ഔന്നത്യം  കൊണ്ടുള്ളതോ ആയ കഴിവുകൾ അല്ല) ഭരണത്തിലേക്ക് ഉയരുവാനും വീണ്ടും തിരിച്ച് ഭരിക്കപ്പെടുന്നവരാകുവാനുമുള്ള സമത്വം. അതാണ് എബ്രഹാംലിങ്കൺ അടിവരയിട്ട് പറഞ്ഞ ജനാധിപത്യ സങ്കല്പം. 

എന്നാൽ പ്രാതിനിധ്യ ജനാധിപത്യം നിലനിൽക്കുന്ന ലോകത്തെ എത്ര രാജ്യങ്ങളിൽ ഈ സങ്കൽപം പ്രാവർത്തികമാകുന്നുണ്ട്. രാജവാഴ്ചയുടെ ഗൃഹാതുരത്വം ഭരിക്കപ്പെടുന്ന ജനതയിൽ നിന്നും, കുറഞ്ഞത്  ഇന്ത്യയിൽ എങ്കിലും മാഞ്ഞുപോയിട്ടില്ല തന്നെ. അതുകൊണ്ടാണല്ലോ നമ്മിൽ പലരും രാജഭരണ കാലത്തെക്കുറിച്ചും ബ്രിട്ടീഷ് ഭരണകാലത്തെക്കുറിച്ചും പുകഴ്ത്തിപ്പാടുകയോ അത് ഇന്നത്തെ അവസ്ഥയെക്കാളും  നന്നായിരുന്നു എന്ന് പുലമ്പുന്നതും. 

ഈ  ഗൃഹാതുരതയുടെ ആലസ്യത്തിൽ സ്വയം എന്തെങ്കിലും ചെയ്യുവാൻ മടി പിടിച്ചിരിക്കുന്ന ജനം എന്ന പൗരന്മാരെക്കാളും അല്പം മുകളിൽ നിൽക്കുന്നവരാണ് തങ്ങളെന്നു ധരിച്ചുവശായ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ രാജാക്കന്മാരെപ്പോലെ  പോലെ ആനയും ആലവട്ടവും പ്രതീക്ഷിക്കുന്നു. ജനങ്ങൾ അത് നൽകുന്നില്ലെങ്കിൽ അവരത് ജനങ്ങളിൽ നിന്നും പിടിച്ചു വാങ്ങുന്നു.  ജനജീവിതം സംഭവിപ്പിച്ചുകൊണ്ട് നൂറുകണക്കിന് പടയാളികളുടെ അകമ്പടിയോടെ അവൻ എഴുന്നള്ളത്തും നടത്തുന്നു. കഥയറിയാതെ ആട്ടം കാണുന്ന പൊതുജനം ഇതെല്ലാം ജനാധിപത്യത്തിൻറെ  ഭാഗമാണെന്നു കരുതി  വിശ്വക്കുന്നു. രാജഭരണകാലത്ത് ഒരു സിംഹത്തെ മാത്രം പേടിച്ചാൽ മതിയായിരുന്ന പൊതുജനമെന്ന കഴുത  ചെന്നായ്ക്കളുടെ ക്രൗര്യമുള്ള ഒരു പറ്റം  കുറുക്കന്മാരാൽ  ആക്രമിക്കപ്പെടുന്ന അവസ്ഥയിൽ രാജഭരണം എന്ന നഷ്ടസ്വപ്നം കാണുന്നു.

 ഇന്ന് വിവരസാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തിൽ ജനാധിപത്യം വളരെയേറെ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ഞാൻ കരുതുന്നു. വിവരസാങ്കേതിക മാധ്യമങ്ങൾ വിവരത്തെക്കാൾ അധികം വിവരദോഷം ആണ് കൈമാറപ്പെടുന്നത്. അതോടൊപ്പം തന്നെ പുതിയ ഇലക്ട്രോണിക് സംവിധാനങ്ങൾ വ്യക്തികളെ നിരീക്ഷിക്കുന്നതിനും  നിയന്ത്രിക്കുന്നതിനും  വളരെയധികം കഴിവുകൾ ഭരണാധികാരികൾക്ക് നൽകുന്നു. അങ്ങനെ തെറ്റായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചു കൊണ്ടും  അതിനെതിരെ ശബ്ദിക്കുന്നവരുടെ  വായടച്ചു കൊണ്ടും  ജനാധിപത്യവ്യവസ്ഥിതിയിൽ ചിന്തിക്കുന്ന ജനതയ്ക്ക് ഉള്ള വിശ്വാസം നഷ്ടപ്പെടുത്തി അവരെ  ഭീതിപ്പെടുത്തിയും  കൊണ്ട്  സമ്മതിദായകയകരിൽ ഭൂരിപക്ഷത്തെ വോട്ടിംഗ് പ്രക്രിയയിൽ നിന്ന് മാറ്റി നിർത്തുന്നതിൽ ഭരണം കയ്യാളുന്ന വേതാളങ്ങൾ വിജയിക്കുന്നു.

 അതോടൊപ്പം ജനാധിപത്യം നിലനിൽക്കുന്ന, ജനാധിപത്യം ഉണ്ടായിരുന്നത് എന്നു പറയപ്പെടുന്ന പല രാജ്യങ്ങളിലും ഭരണകൂടം തിയോക്രസികളായി മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യാമഹാരാജ്യം തിയോക്രസി യുടെ മുഖംമൂടിയിട്ട സ്ഥാപിത താൽപര്യക്കാരുടെ ഭരണത്തിൽ നിന്നും വളരെ അകലെയല്ല. ജനാധിപത്യം ഇന്ന് നേരിടുന്ന പ്രധാന  വെല്ലുവിളി ലോകത്ത് ഇന്ന് ഇൻറർനെറ്റിലൂടെ വിതരണം ചെയ്യപ്പെടുന്ന വിവരങ്ങൾ വിവരദോഷം ആണെന്നതാണ്.  ജനാധിപത്യത്തിൻറെ നെടുംതൂണുകളിൽ ഒന്നായ പത്രമാധ്യമങ്ങൾ അല്ലെങ്കിൽ മീഡിയക്ക്  അവരുടെ ഉത്തരവാദിത്തം  നിറവേറ്റാൻ ആവുന്നില്ല എന്നതുമാണ്. ഭരണകൂടത്തിൻറെ  പ്രവർത്തികളേക്കുറിച്ചുള്ള ഏതൊരു വിമർശനവും രാജ്യദ്രോഹമായി മുദ്രകുത്തപ്പെട്ട യും ചെയ്യപ്പെടുന്നു.