കഴിഞ്ഞ ദിവസങ്ങളിൽ പരമോന്നത കോടതി രണ്ടു സുപ്രധാന വിധികൾ പുറപ്പെടുവിക്കുകയുണ്ടായി;
ഒന്ന്:
ജനാധിപത്യസംവിധാനത്തെ പുഴുക്കുകളേൽക്കാതെ മുന്നോട്ടു കൊണ്ടുപോകാൻ പാർലമെന്റും ജുഡീഷ്യറിയും പോലെ തന്നെ സ്വതന്ത്രമായ മാധ്യമപ്രവർത്തനവും ഒഴിച്ചുകൂടാനാവാത്തതാണെന്നും, മാധ്യമങ്ങൾക്കു പരിധികൾ നിശ്ച്വയിക്കുന്നതിലൂടെ ഏകാധിപത്യത്തിലേയ്ക്കും ഫാസിസത്തിലേയ്ക്കുമുള്ള ചുവടു വയ്പുകൾ സമൂഹത്തിൽ നിന്നും മറച്ചുപിടിക്കപെടുമെന്നുമായിരുന്നു വ്യംഗ്യമായ വിലയിരുത്തൽ.
രണ്ട് :
അഭിപ്രായ സ്വാതന്ത്ര്യത്തെ പരാമർശിച്ചുകൊണ്ടുള്ളതായിരുന്നു;
ആ സ്വാതന്ന്ത്ര്യത്തെയാണല്ലോ നമ്മൾ ഇന്ത്യക്കാർ സാക്ഷാൽ സ്വാതന്ത്ര്യമെന്നു പറയുന്നത്; ആർക്കെതിരെയും, എന്തിനെതിരെയും അടിസ്ഥാനമൊന്നുമില്ലാതെതന്നെ എന്തും വിളിച്ചു പറയുവാനുള്ള സ്വാതന്ത്ര്യം.
ഭരണാധികാരികൾക്കെതിരെയുള്ള പരാമർശം രാഷ്ട്രത്തിനെതിരെയുള്ളതായി വിലയിരുത്താനോ രാജ്യദ്രോഹമായോ കാണാൻ പറ്റില്ലത്രെ.
പൗരത്വസമരപ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയ JNU വിദ്യാർത്ഥിനേതാക്കളെ മോചിപ്പിച്ചു കൊണ്ടുള്ള വിധിപ്രസ്താവനയിലായിരുന്നു ഈ പരാമർശം.
ലക്ഷ്യപ്രാപ്തിക്കായി വീണ്ടും സമരമുഖത്തുണ്ടാവുമെന്ന മുന്നറിയിപ്പുമായാണ് അവർ പുറത്തേയ്ക്കു വരുന്നത്.
രണ്ടും വളരെ ശരിയായ നിഗമനങ്ങളെന്നു വിലയിരുത്തേണ്ടിയിരിക്കുന്നു,
സ്വതന്ത്രമായ പത്രപ്രവർത്തനം ജനാധിപത്യത്തിന്റെ അടിത്തൂണുകളിലൊന്നു തന്നെ;
എന്നാൽ രാഷ്ട്രത്തിന്റെ അഖണ്ഡതയെയും കെട്ടുറപ്പിനെയും മുൻനിറുത്തിക്കൊണ്ടുള്ള ക്രിയാത്മകമായ പത്രപ്രവർത്തനത്തെ മാത്രമേ ഒരു ജനാധിപത്യത്തിന്റെ അടിത്തൂണായി വിലയിരുത്താനാവൂ.
ആ ധാർമികത നിലനിറുത്തിക്കൊണ്ടുള്ള, നിലവാരമുള്ള പത്രപ്രവർത്ഥനരംഗം അപ്രത്യക്ഷമായിരിക്കുന്നു എന്നത് കോടതി കാണാതെ പോയോ എന്നൊരു സംശയമുണ്ട്.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി മാത്രം ചലിപ്പിക്കുന്ന തൂലികയേന്തുന്നവരായി മാധ്യമപ്രവർത്തകർ അധപ്പതിച്ചിരിക്കുന്നു.
ഇന്നത്തെ ആധുനികതയിൽ ഏതെങ്കിലും ഒരു മാധ്യമത്തെ മാത്രം വിമർശനോപാധിയായി വിലയിരുത്തുന്നതേ ശരിയായ സമീപനമല്ല.
സാമൂഹ്യമാധ്യമങ്ങളിലൂടെ ഏതൊരു പൗരനും വിമർശിക്കാനും ആശയങ്ങൾ പങ്കു വയ്ക്കാനും അവസരമുള്ളപ്പോൾ ആ സംവിധാനങ്ങളിലൂടെ തങ്ങളുടെ സാന്നിദ്ധ്യം വർദ്ധിതമായി ദുരുപയോഗപ്പെടുത്താനും രാഷ്ട്രീയ കാര്യങ്ങളിൽ നിസ്സംഗത പാലിക്കുന്ന ഒരു ജനതയിൽ ആശയക്കുഴപ്പമുണ്ടാക്കാനും എളുപ്പത്തി സാധിക്കും.
അതിനർത്ഥം, ജനാധിപത്യത്തെ താങ്ങി നിറുത്തുന്ന നാലം തൂണായി കോടതി കണ്ടെത്തിയിട്ടുള്ളതിൽ ബഹുഭൂരിപക്ഷവും തല്പരകഷികളായ സാമൂഹ്യ മാധ്യമ ഉപയോക്താക്കളാണെന്നതു തന്നെ..
തങ്ങൾക്കിഷ്ടപ്പെടാത്ത ഏതു തീരുമാനത്തെയും എതിർക്കുകയെന്നതല്ലാതെ അതിനു പ്രത്യേകിച്ചൊരു മാനദണ്ഡവും ഇക്കൂട്ടർ വച്ചു പുലർത്തുന്നില്ല.
തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഭരണാധികാരികളെയും, പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങളെയും അംഗീകരിക്കാൻ ഇവർ വിമുഖത കാട്ടുന്നു.
ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതും CAA, NRC പൗരത്വ നിയമം തുടങ്ങിയവയുമൊക്കെ രാജ്യ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായിരിക്കെ തങ്ങളുടെ ഭരണകാലത്ത് ഇല്ലാതിരുന്ന ഈ നിയമങ്ങൾ നടപ്പിലാക്കാതിരിക്കാൻ മുൻഭരണാധികാരികൾ സാമൂഹ്യമാധ്യമങ്ങളെയും മറ്റു പ്രതിപക്ഷ കക്ഷികളെയും കൂട്ടു പിടിച്ച് ഭരണപക്ഷത്തെ അസ്ഥിരപ്പെടുത്താൻ കോപ്പു കൂട്ടുന്നു.
ഒന്നോർക്കണം കാശ്മീരിന് വേണ്ടി പതിനായിയിരിക്കണക്കിനു ധീരജവാന്മാർ ജീവത്യാഗം ചെയ്യേണ്ടി വന്നിട്ടുള്ളത് രാജ്യരക്ഷയ്ക് വേണ്ടി മാത്രമാണ്..
ഭരണത്തിൽ തിരിച്ചെത്തിയാൽ 370 ഭേദഗതി എടുത്തുകളയുകയും,കാശ്മീരിന് വീണ്ടും സ്വയം ഭരണവും ആനുകുല്യങ്ങളുമൊക്കെ നൽകുമെന്നും പറയുന്നവർ നമ്മുടെ പട്ടാളക്കാരെ അവിടെ നിന്നും തിരിച്ചു വിളിക്കുമെന്ന് കൂടി വിളംബരം ചെയ്യണം; ആർക്കു വേണ്ടിയാണ് അവർ ചോര ചിന്തുന്നത് ?!
ഇതു വരെ രക്തസാക്ഷികളാവേണ്ടിവന്ന പട്ടാളക്കാരുടെ കുടുംബാംഗങ്ങൾ അർഹമായ നഷ്ടപരിഹാരവും അർഹിക്കുന്നു.
അനുകരണീയമായ ഒരുദാഹരണം ഇസ്രായേലിൽ നിന്നും:
12 വർഷത്തെ പ്രധാനമന്ത്രി പദത്തിൽ നിന്നും നെതാനിയാഹു പടിയിറങ്ങിയത് പലസ്തീനുമായി 11 ദിവസത്തെ ഏറ്റുമുട്ടലിനു ശേഷമായിരുന്നു. വെടിനിറുത്തൽ വ്യവസ്ഥകൾ കാറ്റിൽ പറത്തിക്കൊണ്ട് ഹമാസ് പോരാളികൾ ബലൂണുകളിലൂടെ ഇസ്രായേലിൽ തീമഴ പെയ്യിക്കാൻ ഒരുമ്പെട്ടപ്പോൾ പുതിയ പ്രധാന മന്ത്രി നഫ്റ്റാലി ബെന്നറ്റിനു കീഴിലും തങ്ങൾ സുരക്ഷിതരാണെന്ന് ഓരോ യെഹൂദനും തീർച്ചയുണ്ട്. കാരണം തങ്ങളുടെ ഭരണാധികാരികളായി വരുന്നവരെല്ലാം അവരുടെ യുവത്വം രാജ്യ സുരക്ഷയ്ക്കു വേണ്ടി സമർപ്പിച്ചവരായിരുന്നു. രാഷ്ട്രീയ കിടമത്സരങ്ങൾക്കിടയിലും തങ്ങളുടെ രാജ്യത്തിന്റെ മഹത്വം ഓരോ യെഹൂദനും നെഞ്ചിലേറ്റുന്നു.
അനുകരണീയമെന്നു വിശേഷിപ്പിക്കപ്പെടുന്ന ജനാധിപത്യസംവിധാനം നിലനിൽക്കുന്ന സ്വിറ്റസർലണ്ടിൽ അഹിതകരമായ ആരോപണങ്ങൾക്കും വാർത്തകൾക്കും കടിഞ്ഞാണിടാൻ ഭരണകൂടം തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണെന്നതും കൂടി കൂട്ടി വായിക്കുക.
മാധ്യമസ്വാതന്ത്ര്യമെന്നാൽ രാജ്യതാല്പര്യങ്ങളെ ഉൾക്കൊണ്ടുകൊണ്ടും ജനാധിപത്യസംവിധാനത്തിന് അധീനപ്പെട്ടുകൊണ്ടുമുള്ളതാകണമെന്നർത്ഥം. പക്വതയാർജിച്ച മാധ്യമപ്രവർത്തകർ ജനാധിപത്യത്തിന് എന്നും മുതൽക്കൂട്ടായായിരിക്കും, അല്ലാത്തവർ ജനാധിപത്യധ്വംസകരും.
രാജ്യം തിയോക്രസിയിലേയ്ക്കാണോ ചുവടു വയ്ക്കുന്നതെന്ന ആശങ്ക ചിലർക്കെങ്കിലുമുണ്ട്.. എല്ലാ ഇന്ത്യൻ പൗരനും രണ്ടു വർഷത്തെ നിർബന്ധിത സൈനിക സേവനം നിയമമാക്കിയാൽ കാഴ്ചപ്പാടുകൾ ഒരു പക്ഷെ വ്യത്യസ്തമാവും.