അഭിപ്രായസ്വാതന്ത്ര്യവും നിരപേക്ഷതയും

ഫ്രഞ്ച് ഓപ്പൺ ഒന്നാം റൌണ്ട് മത്സര വിജയത്തിനു ശേഷം പ്രസ്സ് കോൺഫ്രൻസിനു നിന്നുകൊടുക്കാഞ്ഞ നവോമി ഒസാക്കയ്ക് ലോക ടെന്നീസ് മേലാളന്മാർ 15000 ഡോളർ പിഴയിടുകയും ഇനിയും ആവർത്തിച്ചാൽ മത്സരങ്ങളിൽ നിന്നും വിലക്ക് നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു.
മാധ്യമ ഭീമന്മാരിൽ നിന്നും കോടിക്കണക്കിനു തുക കൈപ്പറ്റിയിരിക്കുമ്പോൾ ഈ പ്രസ് കോൺഫ്രൻസ് ഒക്കെ അവരുടെ അവകാശങ്ങളാണ്. അതിൽ നിന്നും ഒരു കളിക്കാർക്കും വിട്ടുനിൽക്കാൻ അനുവാദമില്ല.
വ്യക്തിഗത ഇനങ്ങളിൽ ടെന്നീസിനോളം ജനപ്രിയമായവ മറ്റൊന്നില്ല. A T P ടൂർണമെന്റുകളും ഗ്രാൻഡ്സ്ലാം മത്സരങ്ങളും നടക്കുമ്പോൾ മില്യൺ കണക്കിന് ആരാധകരാണ് തങ്ങളുടെ ഇഷ്ട താരങ്ങളുടെ കളി നേരിലും ടെലിവിഷൻ സ്ക്രീനിലുമായി പിന്തുടരുന്നത്.
വിജയികൾക്കുള്ള സമ്മാനത്തുകയും ദശലക്ഷങ്ങളിലധികം !

ഒരു ഗ്രാൻഡ്സ്ലാം വിജയിക്കുന്നതും  ലോക ഒന്നാം നമ്പർ താരമാവുന്നതും  മാത്രമല്ല താരങ്ങളുടെ  പൊതുജന സമ്മതിയെയും, കാണികളുടെ ഇഷ്ടതാരമെന്ന പദവിയേയും സ്വാധീനിക്കുന്നത്.
കളിമികവു പുറത്തെടുക്കുന്നതിനൊപ്പം കളിക്കളത്തിലെ അവരുടെ പെരുമാറ്റവും, കളി കഴിഞ്ഞുള്ള തത്സമയ ഇന്റർവ്യൂവുമെല്ലാം താരത്തിന്റെ മൂല്യനിർണയത്തിൽ നിർണായക പങ്കു വഹിക്കുന്നു.
താരങ്ങളുടെ ജനസമ്മതിയനുസരിച്ചാവും അവരെ സ്വന്തമാക്കാൻ  പ്രസിദ്ധ കമ്പനികൾ  കോടിക്കണക്കിനു തുകയുടെ പരസ്യ വാഗ്ദാനങ്ങളുമായി അവർക്കു വേണ്ടി ക്യു നിൽക്കുന്നത്.
കളിക്കളത്തിലെ വിജയവും ലോക ഒന്നാം നമ്പർ സ്ഥാനവുമൊക്കെ മനസ്സിൽ കൊണ്ടുനടക്കുന്നവരിൽ പലർക്കും ഒരു പക്ഷെ അരാധാകർ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു പെർഫോമൻസ് ടെലിവിഷൻ ഇന്റർവ്യൂകളിൽ സാധിച്ചില്ലെന്നു വരും. 
പലർക്കും തന്നെക്കാളും ശക്തനായ ഒരു എതിരാളിയെ തറപറ്റിക്കുന്നതിലും ബുദ്ധിമുട്ടാവും മണിക്കുറുകൾ നീണ്ട കളിയുടെ ആലസ്യം വിട്ടുമാറുന്നതിനു മുൻപ് മില്യൺ കണക്കിനു കാണികൾക്കു വേണ്ടിയുള്ള ഒരു  തത്സമയ പ്രക്ഷേപണത്തിനായി ഇരുന്നു കൊടുക്കേണ്ടിവരുന്നത്.

കളിക്കളത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ഒരു താരത്തിൽ നിന്നും വിവിധ വിഷയങ്ങളിൽ പക്വതയുള്ള അഭിപ്രായപ്രകടനങ്ങൾ പ്രതീക്ഷിക്കുന്നതും, അതിലൂടെ അവരെ വിലയിരുത്താനോ അവരുടെ കാഴ്ചപ്പാടുകൾക്കനുസൃതമായി അഭിപ്രായരൂപീകരണമുണ്ടാക്കാനോ ശ്രമിക്കുന്നതും  ശരിയായ രീതിയല്ല.

നവോമിയുടെ കാര്യത്തിലാണെങ്കിൽ ഇന്റർവ്യൂവിനു നിന്നുകൊടുക്കാൻ ബുദ്ധിമുട്ടാണെന്ന് കളി തുടങ്ങും മുൻപേ അവർ പറഞ്ഞിരുന്നതുമാണ്.

അതൊരു സത്യസന്ധമായ ഏറ്റുപറച്ചിലായിരുന്നു.

അച്ചടക്ക നടപടിക്കു വിധേയയായ ലോക രണ്ടാം നമ്പർ താരം ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറിയത് സംഘാടകരെ ഞെട്ടിക്കുകയും യാഥാർഥ്യങ്ങളെ ഉൾകൊണ്ട്‌കൊണ്ടുള്ള സ്വയം വിമർശനത്തിന് അവരെ നിർബന്ധിതരാകുകയും ചെയ്തിട്ടുണ്ട്.

ഇന്നത്തെ സെലിബ്രിറ്റി പരിവേഷമുള്ള പലരും സമാനസാഹചര്യങ്ങളിൽ പെട്ട് തങ്ങൾക്കു ബോധ്യമില്ലാത്ത വിഷയങ്ങളെപ്പറ്റി അഭിപ്രായപ്രകടനങ്ങൾ നടത്താൻ നിർബന്ധിതരാകുന്നതായി കാണാം.

ലക്ഷദ്വീപിൽ സിനിമ പിടിക്കാൻ പോയ കാലത്ത്, ദ്വീപു നിവാസികളിൽ ചിലരുമായി ഉണ്ടായ സൗഹൃദം മൂലം കേന്ദ്ര ഭരണപ്രദേശമായ ദ്വീപിന്റെ വികസനകാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശം  ദ്വീപു ജനതയ്ക്കു  മാത്രമാണെന്നു പക്ഷം പിടിച്ചു പറയേണ്ടി വരുന്നത് കേന്ദ്രഭരണപ്രദേശങ്ങളിലെ ഭരണവ്യവസ്ഥയെക്കുറിച്ചുള്ള അറിവില്ലായ്മ ഒന്ന് കൊണ്ട് മാത്രമാണ്.

പ്രാദേശികപ്രശ്നങ്ങൾ തുടങ്ങി ആഗോള തലത്തിൽ വരെയുണ്ടാവുന്ന എന്ത് പ്രശ്നങ്ങൾക്കും പൊതു ജനം ആദ്യം അഭിപ്രായം തേടുക അതാതിടങ്ങളിലെ ഭാരരണാധികാരികളുടെതിലേറെ അവരുടെ ഇഷ്ട സെലിബ്രിറ്റികളും, ബുദ്ധിജീവികളും എന്തു പറയുന്നെന്നായിരിക്കും. 
ചരിത്രാന്വേഷികളാവാതെ, സ്വന്തം ചുറ്റുവട്ടത്തു  നടക്കുന്ന സംഭവവികാസങ്ങളുടെ പോലും നിജസ്ഥിതി അറിയാൻ മിനക്കെടാതെ, അവർ പറയുന്നതനുസരിച്ചു പക്ഷം പിടിക്കാനാണ് ഭൂരിപക്ഷത്തിനും താല്പര്യം.

അണികൾക്കും ആരാധകർക്കും വേണ്ടി അഭിപ്രായം രേഖപ്പെടുത്തുന്നവർ അവരെ സുഖിപ്പിക്കാൻ വേണ്ടി കുറിപ്പുകളും കിറ്റുകളും തട്ടിക്കൂട്ടും. പല സെലിബ്രിറ്റികളുടെയും നിലനിൽപ്പുതന്നെ ഈ ആരാധകവൃന്ദത്തിന്റെ ബലത്തിലായിരിക്കും.

ഏറ്റവും കൂടുതൽ പ്രവാസികളുള്ളതുകൊണ്ടാവും ഈ സ്ഥിതിവിശേഷം കൊണ്ട് ഏറ്റവുമധികം ദുരിതമനുഭവിക്കേണ്ടി വരുന്ന രാജ്യമാണ് നമ്മുടേത്.
രാജ്യ നന്മയ്ക്കും സുരക്ഷക്കുമായുള്ള നിയമ നിർമ്മാണങ്ങൾക്കെതിരെ പോലും സാമൂഹ്യമാധ്യമങ്ങളിൽ അലയടിച്ച പ്രതിഷേധം വിദേശ സെലിബ്രിറ്റികളെക്കൊണ്ട് വരെ ട്വീറ്റ് ചെയ്യിച്ചു ലോകശ്രദ്ധ നേടാൻ നോക്കി.

തന്റെ ജനനം മുതലാണു ചരിത്രം തുടങ്ങുന്നതെന്ന് ധരിച്ചുവച്ചിരിക്കുന്നവർ പലസ്തീൻ പ്രശ്നത്തിൽ വരെ അഭിപ്രായങ്ങൾ തട്ടിവിടുന്നതും അതിനു ഭൂരിപക്ഷ പിന്തുണ നേടുന്നതും കാണുമ്പോൾ നാം ഭയക്കേണ്ടിയിരിക്കുന്നു.