ഇസ്രായേൽ പലസ്‌തീൻ സംഘർഷം

ഇസ്രായേൽ പലസ്‌തീൻ സംഘർഷം

പലസ്തീൻ ജനതയോടു് ഐക്യദാർഡ്യം പ്രഖ്യാപിച്ചിരിക്കുന്ന കേരളരാഷ്ട്രീയാചാര്യന്മാരും പ്രമുഖ പത്രമാധ്യമങ്ങളും പങ്കു വയ്ക്കുന്ന വാർത്തകളിൽ നിന്നും ഈ സംഘർഷത്തിന്റെ യഥാർത്ഥ കാരണങ്ങൾ മനസ്സിലാക്കുക ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്.
ചരിത്രമറിയാത്തവർ ഈ മാധ്യമങ്ങളെ വിശ്വസിച്ച് ആശയ രൂപീകരണം നടത്തുന്നത് ആപൽക്കരവും.
പലസ്തീൻ ജനതയുടെ അവകാശങ്ങളെ ന്യായീകരിച്ചുകൊണ്ടു തന്നെ പറയട്ടെ, ഈ സംഘർഷം ഹമാസിന്റെ നിലനിൽപിന് അത്യന്താപേക്ഷിതമായിരുന്നു; അല്ലെങ്കിൽ ചർച്ചകളിലൂടെ പരിഹരിക്കാമായിരുന്ന ഒരു പ്രശ്നം 100 കണക്കിനു റോക്കറ്റുകൾ ഇസ്രയേലിലേയ്ക്കു തൊടുത്തുവിട്ടുകൊണ്ട്, അതും ഈ മിസൈലുകളൊന്നും അവരുടെ പ്രതിരോധ സംവിധാനത്തെ മറികടന്ന് അവിടെ കാര്യമായ നാശം വിതയ്ക്കാൻ പര്യാപ്തമല്ല എന്ന് മനസ്സിലാക്കിക്കൊണ്ട്, ഇങ്ങനെയൊരു സാഹസത്തിന് ഹമാസ് നേതൃത്വം മുതിരുകയില്ലായിരുന്നു.

പരാജയ ഭീതി മണത്ത പാലസ്റ്റീൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് ആസന്നമായിരുന്ന തിരഞ്ഞെടുപ്പു മാറ്റിവച്ചതും, ഇറാനൊഴിച്ചുള്ള മിക്കവാറും അറബ് രാജ്യങ്ങളെല്ലാം ഇസ്രയേലുമായി അടുത്തുകൊണ്ടിരിക്കുന്നതും പലസ്തീൻ ജനതയുടെ ഇടയിൽ ഹമാസിനുണ്ടായിരുന്ന പ്രഭാവത്തിനു മങ്ങലേല്പിച്ചു. ഗാസയിൽ പ്രാതിനിധ്യമുണ്ടെങ്കിലും മുഴുവൻ പലസ്തീൻ ജനതയുടെയും ഇടയിൽ തങ്ങളുടെ അപ്രമാദിത്യം തെളിയിക്കാനും, അവർക്കു വേണ്ടി പോരാടുന്നത് യഥാർത്ഥത്തിൽ തങ്ങളാണെന്ന് അവരെ ബോധ്യപ്പെടുത്താനും ഹമാസിനു മുൻപിൽ അവശേഷിച്ചിരുന്ന ഒരേയൊരു മാർഗം പ്രകോപനം സൃഷ്ടിക്കുക എന്നത് മാത്രമായിരുന്നു.
അതിലൂടെ പലസ്തീൻ പ്രശ്നം ലോകശ്രദ്ധയിൽ ജ്വലിപ്പിച്ചു നിറുത്തുവാനും അവർ ആഗ്രഹിച്ചു.
അതിനു വേണ്ടി അവർ തിരഞ്ഞെടുത്ത മാർഗമായിട്ടാണ് ആത്മഹത്യാപരമായ ഈ മിസൈൽ ആക്രമണം വിലയിരുത്തപ്പെടുന്നത്.

ഇന്നലെ വരെയുള്ള കണക്കനുസരിച്ചു 3000 ത്തോളം മിസ്സൈലുകളാണ് അവർ ഇസ്രയേലിലേയ്ക് തൊടുത്ത്. അവയിൽ ലക്‌ഷ്യം കണ്ടവ വിരലിലെണ്ണാവുന്നവ മാത്രവും.
സംഘർഷത്തിനു പിന്നിലുള്ള മറ്റൊരു കാരണമായി പറയുന്നത് കിഴക്കൻ ജറുസലേമിലുള്ള, യെഹൂദ പണ്ഡിതൻ ഷിമോൺ ഹാട്സ്അദികിന്റെ (ക്രിസ്തുവിനു 300 വർഷം മുൻപ് ) അതിപുരാതനമായ ശവകുടീരത്തിനു സമീപത്തു നിന്നും നാലു പലസ്തീൻ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ്.
1875 ൽ ഒരു യെഹൂദ ഫൌണ്ടേഷൻ ഈ വീടുകൾ വിലയ്ക്കു വാങ്ങുകയും, യെമനിൽ നിന്നും വന്ന യെഹൂദര്ക്ക് അവിടെ താമസിക്കാനായി വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.
1948 ലെ യുദ്ധ സമയത്ത് ജോർദാൻ പട്ടാളക്കാർ ഇവിടം കൈവശപ്പെടുത്തിയ സമയത്താണ് ആ വീടുകൾ നാലും മുസ്ലിം വംശജർ കൈയേറി അവിടെ താമസമാക്കുന്നത്.
യുദ്ധശേഷം വീടുകളുടെ രേഖാമൂലമുള്ള ഉടമസ്ഥാവകാശം അംഗീകരിച്ച മുസ്ലിം കുടുംബങ്ങൾ ഫൗണ്ടേഷനു വാടക കൊടുത്തു കൊണ്ട് ഈ വീടുകളിൽ താമസം തുടർന്നു.1990 വരെ വാടകയ്ക്കു താമസിച്ചിരുന്ന ഇവർ ബാഹ്യ പ്രേരണയാൽ അതിനു ശേഷം വാടക നൽകാതായി. അന്നു മുതൽ വ്യവഹാരത്തിലിരിക്കുന്ന ഈ കേസ് ഫൗണ്ടേഷന് അനുകൂലമായ വിധികൾ നിലനിൽക്കെ, ഹമാസിന്റെ പിന്തുണയിൽ വിട്ടുകൊടുക്കാൻ വിസമ്മതിച്ചു കൊണ്ട് ഈ നാല് കുടുംബങ്ങളും അവിടെ താമസം തുടരുന്നു.

മറ്റൊന്ന് ഇസ്രായേൽ പൗരത്വമുള്ള അറബ് വംശജരാണ്; അവരുടെ രണ്ടാം തലമുറ വിദ്വേഷങ്ങളെല്ലാം മറന്ന് അന്തസ്സായി അതിർത്തിക്കിപ്പുറം ജീവിക്കുമ്പോൾ അപ്പുറത്തുള്ളവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഇവരെ അലോസരപ്പെടുത്തിയിരുന്നു.
ഹമാസിന്റെ ഇടപെടലുകൾ സംഘർഷസമയങ്ങളിൽ ആഭ്യന്തരകലാപമായി അത് രൂപം കൊള്ളുകയാണ്.

പ്രശ്ന പരിഹാരം സങ്കീർണമാണ്.
 
യെഹൂദനെ ഭൂമുഖത്തു നിന്നും തുടച്ചുമാറ്റണമെന്ന മനസ്ഥിതിയിൽ നിന്നും പിന്നോട്ടു മാറാൻ വൈമനസ്യം കാണിക്കുന്ന ഹമാസും, അവർക്കു ശക്തി പകരുന്ന ഇറാനും, അവസരം പാർത്തിരിക്കുമ്പോൾ, ലോകമെമ്പാടുമുള്ള യെഹൂദൻ ദിവസേനയെന്നോണം തീവ്ര വലതുപക്ഷ പാർട്ടികളുടെയും മുസ്ലിം തീവ്ര വാദികളുടെയും ആക്രമണത്തിനിരയായിക്കൊണ്ടിരിക്കുമ്പോൾ, യെഹൂദനായി എന്ന ഒറ്റക്കാരണത്താൽ ഈ ലോകത്തു ജീവിക്കാൻ അവസരം നിഷേധിക്കപ്പെടുന്ന അവസ്ഥ അംഗീകരിച്ചുകൊടുക്കാനാകുമോ ?

ഇസ്രയേലിന്റെ പക്കൽ മിസൈൽ പ്രതിരോധ സംവിധാനമായ Iron Dome ഇല്ലാത്തഒരു സാഹചര്യത്തെപ്പറ്റിവെറുതെ ഒന്നോർത്തു നോക്കുക, ഇസ്രായേൽ ജനതയുടെ അവസ്ഥ ഇന്നെന്താകുമായിരുന്നെന്ന്.

ഈ സംഘർഷ സാഹചര്യത്തിൽ ചരിത്ര യാഥാർഥ്യങ്ങൾക്കു നേരെ കണ്ണടച്ചു കൊണ്ട്, ഗ്യാസ് ചേംബറും, ഹോളോകോസ്റ്റും, രണ്ടാം ലോകമഹായുദ്ധകാലത്ത് 7 മില്യനോളം യെഹൂദരെ ചാരമാക്കിയതു മൊക്കെ വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കെട്ടുകഥകളെന്നു പറഞ്ഞു പരത്തുന്നവർ അന്ധമായി ജൂദ വിരോധം വച്ച് പുലർത്തുന്നവരാണ്.

ജാതി, ന്യൂനപക്ഷ പ്രീണനം നടത്തുന്ന രാഷ്ട്രീയക്കാരും ഇവരിൽ നിന്നും വ്യത്യസ്തരല്ല