ഇസ്രായേൽ

 ഓൺലൈൻ പത്രങ്ങളും ന്യൂസ് ചാനലുകളുമൊക്കെ കടന്നു വന്നതോടെ മുഖ്യ ധാര പത്രങ്ങളെ പലരും ഉപേക്ഷിച്ചതായി കാണാം. അവർക്കു വേണ്ട മസാല വാർത്തകൾ ഓൺലൈൻ ന്യൂസ് ചാനലുകളിൽ നിന്നും എരിവും പുളിയുമൊക്കെ ചേർത്തു  ലഭിക്കുമ്പോൾ വാർത്തകളുടെ നിജസ്ഥിതിയറിയാൻ വേണ്ടി സ്വതന്ത്ര വീക്ഷണമുള്ള മാധ്യമങ്ങളെ തേടി പോകാൻ അവർക്കു സമയമില്ല

എന്നാൽ സ്ഥാപിത താല്പര്യങ്ങളോടെ പ്രവർത്തിക്കുന്ന വാർത്താ  ചാനലുകളും പത്രമാസികകളും സമൂഹത്തെ സാവധാനമെങ്കിലും സാംസ്‌കാരിക  അപചയത്തിലേയ്ക്കാണ്  നയിച്ചുകൊണ്ടിരിക്കുന്നതെന്ന യാഥാർഥ്യം  ഭയപ്പെടുത്തുന്നു.

രാഷ്ട്രീയ പാർട്ടികൾക്കും, വ്യത്യസ്ത സമുദായങ്ങൾക്കും  അവരവരുടെ സ്വന്തം ആശയങ്ങൾ പ്രചരിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങളുണ്ടാവുകയും, അതു  മാത്രം വായിക്കാൻ അണികൾ നിർബന്ധിതരാവുകയും  ചെയ്യുമ്പോൾ അവർക്കു നഷ്ടമാവുന്നത് സ്വതന്ത്രമായ  വ്യക്തിത്വവികസനത്തിനുള്ള അവസരമാണ്.
സ്വാർത്ഥമതികളായ രാഷ്ട്രീയ മേലാളന്മാരും സാമുദായിക പ്രമുഖരും  പാവപ്പെട്ട അണികളെ തങ്ങളുടെ ബൗദ്ധിക അടിമകളാക്കി തളച്ചിടുന്നു..യാഥാർഥ്യങ്ങളോടു പുലബന്ധം പോലുമില്ലാത്ത വാർത്തകൾ വായിക്കുകയും  ആ അറിവുകളെ മാത്രം അടിസ്ഥാനമാക്കി ചിന്താഗതികൾ രൂപപ്പെടുത്തുകയും ചെയ്യുന്നതിലൂടെയാണ്  തീവ്രവാദികൾ പോലും ജന്മമെടുക്കുന്നത്.
 .  
വാർത്തകളും ചരിത്ര പശ്ചാത്തലവുമെല്ലാം സ്വന്തം താല്പര്യങ്ങൾക്കനുസൃതമായി വായനക്കാരനുമായി പങ്കുവച്ചുകൊണ്ട്  അവരെ സാമൂഹ്യവിരുദ്ധരും, ഭീകരരും വരെ ആക്കിയെടുക്കാൻ വഴിമരുന്നിടുകയാണ് ഈ കുബുദ്ധികൾ ചെയ്തുകൊണ്ടിരിക്കുന്നത്.

കാലഹരണപ്പെട്ട സിദ്ധങ്ങളെ ഉയർത്തിപ്പിടിച്ചു കൊണ്ട് കോടീശ്വരന്മാരായ നേതാക്കൾ കേരളം ഭരിക്കുമ്പോൾ പട്ടിണിപ്പാവങ്ങളായ, അണികളെ കൂടെ നിറുത്താനും അവർ മറക്കാറില്ല. അനർഹരായവർക്ക് ഉന്നത തസ്തികകളിൽ ജോലിയും പി എസ് സി യെ നോക്കുകുത്തിയാക്കികൊണ്ടുള്ള താത്കാലിക/കരാർ  നിയമനങ്ങളും,വേണ്ടപ്പെട്ടവർക്കു  വേണ്ടി മത്സരപരീക്ഷകളിൽ ക്രമക്കേടുകൾ നടത്തലും രണ്ടു ഗഡുക്കളിലായി ഒരു സാമാജികന് ഏതാണ്ട് നാല്പതോളം പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ കണക്കിൽ  പെൻഷൻ തരപ്പെടുത്തിക്കൊടുത്തുകൊണ്ടു കൂടെ നില്കുന്നവർക്കു ആജീവനത വരുമാനമുണ്ടാക്കി കൊടുക്കലുമൊക്കെ വഴി സാധാരണ അണികളെ കൂടെ നിര്ത്തുമ്പോൾ ബന്ധു നിയമനം വഴി തായ് വഴിയിലുള്ള എല്ലാവരും തന്നെ, അഞ്ചു വർഷത്തെ ഭരണം കഴിഞ്ഞു ഇറങ്ങിപ്പോകുമ്പോൾ ഉന്നത തസ്തികകളിൽ ഇരിപ്പിടങ്ങൾ സ്ഥിരപ്പെടുത്തിയിരിയ്ക്കും.

മറ്റുള്ളവർ ജോലി ചെയ്യുന്നത് കണ്ടു നിന്നാൽ കിട്ടുന്ന നോക്കു കൂലി നിയമവിരുദ്ധമാണെങ്കിലും ഇന്നും പലസ്ഥലങ്ങളിലും  അത് നടപ്പിലാക്കപ്പെട്ടിട്ടില്ല. നിയമ പാലകർ നിയമം നടപ്പിലാക്കുന്നതു പോലും  കുറ്റവാളികളുടെ രാഷ്ട്രീയ ചായ്‌വ് നോക്കിയിട്ടാണ്.
ഇതിനെ എല്ലാംന്യായീകരിക്കുന്ന  തരത്തിൽ വാർത്തകളും പ്രസ്താവനകളും പാർട്ടി പത്രങ്ങളിൽ നിറയുമ്പോൾ  അതു മാത്രം വായിക്കുന്ന അണികൾ സന്തുഷ്ടരാണ്.
ഭരണകക്ഷിക്ക് തുടർ ഭരണവും തീർച്ച.

ഇന്ത്യയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒന്നിലധികം ദേശീയ മാധ്യമങ്ങളെ പിന്തുടർന്നാൽ മാത്രമേ ആഗോള തലത്തിൽ എന്താണ് സംഭവിക്കുന്നുവെന്നതിന്റെ  യഥാർത്ഥ രൂപം  വായനക്കാരനു ലഭിക്കുകയുള്ളു.

പുരാതന ക്രിസ്ത്യൻ ദേവാലയമായിരുന്ന ഹാഗിയ സോഫിയ ഓട്ടോമൻ പടയോട്ടത്തിൽ മുസ്ലിം അധീനതയിലാവുകയും 800 വർഷത്തോളം ക്രിസ്ത്യാനികളുടെ ആരാധനാലയമായിരുന്ന ദേവാലയത്തെ അവരുടെ ആരാധനാലയമാക്കി മാറ്റിയെടുക്കുകയും ചെയ്‌തെങ്കിലും ദേവാലയത്തിന്റെ ചരിത്രപ്രാധാന്യത്തെ കണക്കിലെടുത്തു കൊണ്ട് 400  ഓളം വർഷങ്ങൾക്കുശേഷം ആട്ട  തുർക്കിന്റെ ഭരണകാലത്ത് ദേവാലയത്തെ ഒരു മ്യൂസിയമാക്കി മാറ്റി.

ഇതെല്ലം ചരിത്രത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ.
2020  ജൂലൈ 10 ന് തുർക്കി പ്രസിഡണ്ട് എർദോഗാൻ, ഹാഗിയ സോഫിയയിലെ വിലമതിക്കാനാവാത്ത  ക്രിസ്ത്യൻ പെയിന്റിങ്ങുകൾ തുണിയിട്ടു മറച്ചു കൊണ്ട് 85 വർഷത്തിനു ശേഷം വീണ്ടും അതിനെ മുസ്ലിം ആരാധനാലയമാക്കി മാറ്റുകയുണ്ടായി. മുസ്ലിം രാഷ്ട്രങ്ങളുൾപ്പെടെ ലോകരാഷ്ട്രങ്ങളെല്ലാം തന്നെ ഈ തീരുമാനത്തെ ശക്തമായി അപലപിച്ചപ്പോൾ കേരളത്തിലെ സാമുദായിക നേതാവിന്റെ മാധ്യമപ്രതികരണം വായനക്കാരനിൽ  അബദ്ധ ധാരണ ജനിപ്പിക്കുന്നതായിരുന്നു.

ഇസ്രയേലും യൂ എ ഇ യും തമ്മിൽ നയതന്ത്ര ബന്ധങ്ങളുണ്ടാക്കാൻ തീരുമാനമായതിനെ പലസ്തീനിയൻസിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കുന്നതിനു തുല്യമായിട്ടു വരെ ഉപമിച്ച ഓൺ ലൈൻ മാധ്യമങ്ങളുണ്ട്. ചരിത്രമറിയാത്തവരുടെ അല്ലെങ്കിൽ അറിയാൻ മിനക്കെടാത്തവരുടെ ചാനൽ റേറ്റിംഗ് കൂട്ടാനുള്ള  പ്രഹസനമായി  മാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. എന്നാൽ ചരിത്രം ഇങ്ങനത്തെ ചാനലുകളിൽ നിന്നു മാത്രം ഗ്രഹിക്കുന്ന കേൾവിക്കാരന്റെ അല്ലെങ്കിൽ വായനക്കാരന്റെ മനസ്സിൽ ഇസ്രയേലിനോടുള്ള വിരോധം വർദ്ധിതമാവുന്നു.

എ ഡി 72 ൽ റോമൻ പട്ടാളവുമായുള്ള യുദ്ധത്തിൽ യെറുശലേം ദേവാലയം തകർക്കപ്പെടുകയും യുദ്ധത്തെ അതിജീവിച്ച യെഹൂദർ അടിമകളാക്കപ്പെടുകയോ യെരുശലേമിൽ നിന്നും ആട്ടിയോടിക്കപ്പെടുകയോ ചെയ്തപ്പോളാണ് അവിടം യെഹൂദന്റെതല്ലാതായത്.

600 ഓളം വർഷങ്ങൾക്കു ശേഷം ഇസ്ലാമിന്റെ ആഗമനത്തോടെ അറേബ്യയിൽ ഉണ്ടായിരുന്ന മിക്കവാറും യെഹൂദർ നിർബന്ധിത മത പരിവർത്തനത്തിലൂടെ ഇസ്ലാമിലേയ്ക് ചേർക്കപ്പെട്ടു.

പ്രവാചകൻ സ്വപ്നത്തിൽ യെരുശലേമിലേയ്ക് പോയതിന്റെ ഓർമയാണ് അൽ ആക്സ മോസ്‌ക്.
ഇതിൽ നിന്നൊക്കെ ഇസ്ലാമും യെരുശലേംയുമായുള്ള ബന്ധം എന്തായിരുന്നെന്ന് ചരിത്രം പഠിക്കുന്നവന് മനസ്സിലാക്കാം.
സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട യെഹൂദർ കുടിയേറിയിടത്തെല്ലാം അവർക്കു പീഡനങ്ങളനുഭവിക്കേണ്ടി വന്നു. രണ്ടാം ലോകമഹായുദ്ധ സമയത്തു 7 മില്യനോളം ജൂതരാണ് ഗ്യാസ് ചേംബറുകളിൽ എരിഞ്ഞടങ്ങിയത്.
യു എൻ മേൽനോട്ടത്തിൽ 1948 ൽ ഇസ്രായേൽ രൂപപ്പെടുമ്പോൾ . 700 000 പലസ്തീനികൾ അഭയാര്ഥികളാക്കപ്പെടുകയുണ്ടായി. അവരിൽ പലരും യെഹൂദർക്കൊപ്പം ഇസ്രായേലിൽ ജീവിക്കാൻ ഇഷ്ടപ്പെടാതെ അഭയാർ ത്തികളായവരാണ്. നാളുകൾക്കുള്ളിൽ യെഹൂദരെ അവിടെ നിന്നും ആട്ടിയിറക്കുമെന്നു ശപഥം ചെയ്തു കൊണ്ട് അഭയാർത്ഥികളായവർ.
അന്ന് മുതൽ മനസ്സിൽ സൂക്ഷിച്ച പകയാണ് 1967 വീണ്ടുമൊരു യുദ്ധമായി പരിണമിച്ചത്. ഈജിപ്തും സിറിയയും ജോർദാനും ചേർന്ന് ഇസ്രയേലിനെ ഭൂമുഖത്തുനിന്നുതന്നെ തുടച്ചു മാറ്റുവാൻ തയാറെടുക്കുകയായിരുന്നു.
67  ലെ യുദ്ധത്തിൽ ഇസ്രായേൽ പരാജയപ്പെട്ടിരുന്നെങ്കിൽ ജൂതൻ ഇന്നും സ്വന്തമായി ഒരു രാജ്യമില്ലാതെ ലോകം മുഴുവൻ അലയേണ്ടി വന്നേനെ; അതായിരുന്നു എതിർ കക്ഷികൾ ആഗ്രഹിച്ചിരുന്നത്.

ഇസ്രയേലുമായി അറബ് രാജ്യങ്ങൾ സൗഹൃദത്തിലാകുന്നതിനെ ഏറ്റവുമധികം എതിർക്കുന്നത് ഇറാൻ ആണ്. ഗ്യാസ് ചേംബറുകളിൽ 7 മില്യനോളം ജൂത ജനതയെ ചുട്ടെരിച്ചത് കള്ളക്കഥയെന്നാണ് അവരുടെ പക്ഷം. ഇസ്രായേലി നെ ഒരു രാജ്യമായി അംഗീകരിക്കുവാൻ ഇനിയും തയാറാവാത്ത, ജൂതരെ ഭൂമുഖത്തുനിന്നും തുടച്ചു നീക്കുവാൻ മനക്കോട്ട കെട്ടുന്ന ഇറാനെ യും, അവരോടൊപ്പം കൂടി ഇസ്രയേലിനെതിരെ പട പൊരുതുന്ന പാലസ്റ്റീനിയൻസിനെയും ന്യായീകരിക്കുന്നതിനു മുൻപ് ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കുന്നത് നന്നായിരിക്കും.

അധിനിവേശ പ്രദേശങ്ങളിൽ ഇസ്രായേൽ സ്വീകരിച്ചിട്ടുള്ള നിലപാടുകളെ ന്യായീകരിക്കുന്നില്ല. പക്ഷെ അവർക്കു കൂടി ഈ ഭൂമുഖത്തു ജീവിക്കുവാൻ അവകാശമുണ്ടെന്നത് മറന്നു പോകരുത്.

C. Abraham