കേരളത്തിന്റെ
ഭാവി- കാഴ്ചപ്പാട്
തോമസ് എഡിസൺ,
ജോസഫ് സ്വാൻ തുടങ്ങി നിരവധി പേരുടെ ദീർഘകാല തപസ്യയുടെ
ഫലമായിരുന്നു, രാത്രിയെന്നാൽ നിറഞ്ഞ അന്ധകാരമെന്ന പ്രകൃതിനിയമത്തെ, തിരുത്തിയെഴുതിയ ഇലക്ട്രിക്ക് ബൾബിന്റെ കണ്ടുപിടുത്തം.
ആകാശത്തെ വരുതിയിലാക്കി ആദ്യ വിമാനം പറപ്പിച്ചത് റൈറ്റ് ബ്രദേർസ് ആയിരുന്നെങ്കിൽ, സിനിമാസ്വാദനത്തിൻറെ മാസ്മരികലോകത്തേക്ക് നമ്മളെ കൈപിപിടിച്ചു നടത്തിയ ഫിലിമിന്റെ കണ്ടുപിടുത്തം ലൂമിയർ ബ്രാദേർസിൻറെ വകയായിരുന്നു.
ടാക്ടറും, ടെലിവിഷനും,മൊബൈൽ ഫോണും തുടങ്ങി ലോകത്തു നടന്നിട്ടുള്ള എല്ലാ കണ്ടുപിടുത്തങ്ങളും എഴുതിച്ചേർക്കപ്പെട്ടിട്ടുള്ളത് വ്യക്തികളുടെയും സ്വകാര്യ സംരംഭങ്ങളുടെയും പേരിലാണ്; ഭരണ സംവിധാനങ്ങൾക്ക് ഈ കണ്ടുപിടുത്തങ്ങളിലൊന്നും ഒരുവിധ പങ്കാളിത്തവുമില്ലെന്നു സാരം.
സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനു വേണ്ടി നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുകയേ ഭരണത്തിലിരിക്കുന്നവർക്കു കരണീയമായിട്ടുള്ളു. സ്വകാര്യ സംരംഭകരേയും പുതിയ കണ്ടെത്തലുകളെയും മാറ്റിനിറുത്തിക്കൊണ്ട് ലോകത്തൊരിടത്തും പുരോഗമനം സാധ്യമായിട്ടില്ല. സ്വന്തം ജനതയുടെ ഭാവനയെയും സർഗ്ഗശക്തിയെയും ഉണർത്തി പരിപോഷിപ്പിക്കുവാനും, അതിലൂടെ പുതിയ ചുവടു വായ്പുകൾക്ക് അവസരമൊരുക്കുവാനുമാണ് ഏതൊരു ഭരണാധികാരിയും അവസരമൊരുക്കേണ്ടത്.
കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങളിൽ നിന്നും, ഇന്നും, മോചിതരാവാത്ത കേരളജനതയും അവരുടെ നേതാക്കളും പക്ഷെ ലോകത്തിലുണ്ടായിട്ടുള്ള മാറ്റങ്ങളെ അവഗണിച്ചുകൊണ്ടുള്ള പ്രയാണം തുടരുകയാണ്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യ സമ്മിശ്ര സമ്പദ്വ്യവസ്ഥ സ്വീകരിച്ചു. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള വലിയ സംരഭങ്ങളെ പൊതുമേഖലയിലും, മറ്റുള്ളവയെ സ്വകാര്യ മേഖലയിലുമായി നിലനിറുത്തിക്കൊണ്ടുള്ള ദേശീയ നയമായിരുന്നു സ്വാതത്ര്യാനന്തര ഇന്ത്യ കൈക്കൊണ്ടിരുന്നത്. മൊട്ടുസൂചി മുതൽ പൊതുമേഖല ഏറ്റെടുക്കാഞ്ഞ എല്ലാത്തിന്റെയും ഉൽപ്പാദനം സ്വകാര്യ വ്യക്തികളോ കമ്പനികളോ ഏറ്റെടുത്തു നടത്തി.
എന്നാൽ
50 കളിലും, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നേരിയ തോതിലെങ്കിലും വിദ്യാഭാസം നേടിയിരുന്ന കേരളജനത സാമൂഹിക
അസമത്വത്തിനും, അടിച്ചമർത്തലിനുമെതിരെ ശക്തമായി പ്രതികരിച്ചു പോന്നു. സ്വകാര്യ
സംരഭമെന്നാൽ കുത്തകമുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കലാണെന്ന് അവർ സ്വയം വിശ്വസിക്കയും
പ്രചരിപ്പിക്കുകയും ചെയ്തു.
ഒരു സംരഭകനെയും സംരക്ഷിക്കുവാനോ പുതിയവ തുടങ്ങുവാൻ അവസരങ്ങൾ ഉണ്ടാക്കുവാനോ അധികാരികൾ ശ്രമിക്കാതായതോടെ തൊഴിലാളി സംരക്ഷകരെന്നു സ്വയം വിശേഷിപ്പിച്ചിരുന്ന ഭരണ കർത്താക്കൾ ഫലത്തിൽ തൊഴിലാളികളുടെ അവസരങ്ങൾ ഇല്ലാതാക്കിക്കൊണ്ട് അവരെ നാടു വിടുവാൻ നിരർബന്ധിതരാക്കി.
330 ലക്ഷം
ജനസംഖ്യയുള്ള കേരളത്തിൽ ഏതാണ്ട് 5.5 ലക്ഷം ആളുകൾ സ്റ്റേറ്റ് അല്ലെങ്കിൽ സെൻട്രൽ ഗവൺമെന്റ് ജോലിക്കാരാണ്. 6.5 ലക്ഷത്തോളം പേർ സ്വകാര്യ സ്ഥാപനങ്ങളിൽ
ജോലി ചെയ്യുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ മുകളിൽ പറഞ്ഞ 12 ലക്ഷം ആളുകൾ മാത്രമാണ് 330 ലക്ഷത്തിൽ സ്ഥിര വരുമാനമുള്ളവർ. ബാക്കിയുള്ള 300 ലക്ഷവും അവരുടെ ജീവിത മാർഗമായി കാണുന്നത് അസംഘടിത കാർഷികവൃത്തിയിലൂടെയും സാധാരണ ദിവസ വേതനക്കാരുമൊക്കെയായിട്ടാണ്.
ഈ മഹാഭൂരിപക്ഷത്തിനും ഇങ്ങനെ ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് 21 ആം നൂറ്റാണ്ടിൽ
ജീവിതം മുൻപോട്ടുകൊണ്ടു പോകാനുള്ള വക കണ്ടെത്താൻ സാധിക്കുന്നില്ല.
ബഹുഭൂരിപക്ഷത്തിനും
തൊഴിലില്ലാതിരിക്കുന്ന അവസ്ഥ കേരളത്തെ ഒരു ദരിദ്ര
സംസ്ഥാനമായി മാറ്റുന്നു.
തൊഴിലില്ലാത്ത, വരുമാനമില്ലാത്ത ഒരു ജനതയിൽ
നിന്നും വളർച്ചയൊ വികസനമോ
പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലല്ലൊ. ഗവൺമെന്റുകൾ നൽകുന്ന ഔദാര്യങ്ങൾക്കു വേണ്ടി കൈ നീട്ടുക മാത്രമാണ്
അവർക്കു മുന്നിലുള്ള ഏക മാർഗം. താത്കാലികമായ സന്തോഷത്തിന് മദ്യവും
മയക്കുമരുന്നും മാത്രമാണ് അവർക്കൊരാശ്രയമായിട്ടുള്ളത്.
തുച്ഛ
ശമ്പളത്തിൽ ലോകത്തെവിടെയും ജോലി ചെയ്യാൻ തയാറായി
അവർ അലയുന്നു, ഒന്നും തരപ്പെടാത്തവർ ജീവിതം തന്നെ അവസാനിപ്പിക്കുന്നു.
തൊഴിലാളി
വർഗത്തെ, ശാരീരികമായ തൊഴിൽ ചെയ്യുന്നവരെ, പ്രകീർത്തിക്കുന്ന രാഷ്ട്രീയ നേതാക്കളും ഇടതുപക്ഷ എഴുത്തുകാരും ഇങ്ങനെയുള്ള മനുഷ്യൻ മൃഗസമാനമായി ജോലിയെടുക്കേണ്ടിവരുന്ന തൊഴിലുകളെ മഹത്വവല്കരിച്ചുകൊണ്ട് ഇന്നും
നിലപാടുകളെടുക്കുന്നതു നിരുത്തരവാദപരമെന്നു തന്നെ
പറയേണ്ടിയിരിക്കുന്നു.
കടത്തു
വഞ്ചിയും,സൈക്കിൾ റിക്ഷകളും, ചുമട്ടുതൊഴിലുമൊക്കെ ഇന്നും മഹത്വവത്കരിക്കപ്പെടുകയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നത് പുരോഗമനചിന്തയായി കാണാൻ സാധ്യമല്ല. ഇങ്ങനത്തെ ശാരീരികമായ ജോലികൾ അവരെ ചിന്താശേഷി ആവശ്യമില്ലാത്ത
വെറും `മസിൽ ` ശക്തിയായി ചുരുക്കുന്നു, രണ്ടാംകിട പൗരന്മാരായി മാറ്റിക്കളയുന്നു..
ഒരു
കടത്തുകാരന്റെ ജോലിസ്ഥിരതയെപ്പറ്റി ആകുലപ്പെടുകയാണോ പകരം ഒരു പാലം
പണിയുന്നതിനെപ്പറ്റി ചിന്തിക്കയാണോ ഇന്നു നമ്മൾ ചെയ്യേണ്ടത് ?, തലച്ചുമടുകൾക്കു വിരാമമിട്ടു കൊണ്ട് ആ ജോലികൾ റോബോട്ടുകൾക്കോ
ചെറിയ ` forklift `മെഷീനുകൾക്കോ ഏല്പിച്ചുകൊടുത്തു
കൂടെ ?.
വരും കാലങ്ങളിൽ, മസിൽ പവർ ആണോ ബുദ്ധിശക്തിയാണോ, തൊഴിലിടങ്ങളിൽ പ്രയോജനപ്പെടുത്തേണ്ടതെന്നാണ് കേരളജനത അടിസ്ഥാനപരമായി ചിന്തിക്കേണ്ടതും ഉത്തരം കണ്ടെത്തേണ്ടതും.
എല്ലാ
മനുഷ്യരിലും എന്തെങ്കിലും തരത്തിലുള്ള പ്രത്യേക
കഴിവുകൾ അന്തർലീനമായിട്ടുണ്ടാവും. അവയെ കണ്ടെത്തി പരിപോഷിപ്പിക്കുവാനുള്ള
അവസരങ്ങൾ സാധ്യമാക്കുമ്പോൾ മാത്രമേ വികസനം സാധ്യമാവൂ. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ ഈ യാഥാർഥ്യം മനസ്സിലാക്കിയ
ഒരേ ഒരാൾ ഡെങ് സിയാവോ പിങ് ആയിരുന്നെന്നു പറയാം. " it dosen`t
matter whether a cat is white or black, as long as it catches mice it`s a good
cat". പൂച്ച കറുത്തതായാലും വെളുത്തതായാലും എലി പിടിക്കുന്നുണ്ടെങ്കിൽ അതൊരു നല്ല
പൂച്ച തന്നെയെന്ന് അയാൾ കോമ്രേഡ്സിനെ ബോധവാന്മാരാക്കുകയായിരുന്നു.
ചൈനയിൽ സോഷ്യലിസത്തിന് അന്ത്യം കുറിച്ച ഈ പ്രസ്താവന അവരുടെ പുരോഗതിയിലേക്കുള്ള ചുവടുവയ്പായിരുന്നു. ദാരിദ്ര്യത്തിൽ ആണ്ടു പോവേണ്ടിയിരുന്ന ഒരു ജനതയുടെ ഉയിർത്തെഴുന്നേപിന്റെ ആരംഭം.
ഇന്നത്തെ നിലയിൽ നിന്നും കേരളത്തിന് എങ്ങനെ വികസിക്കാൻ സാധിക്കും? യാഥാസ്ഥിതികത മാറ്റിവച്ചുകൊണ്ട് പുരോഗമനപരമായി നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കയും, സംരക്ഷിക്കയും ചെയ്യേണ്ടിയിരിക്കുന്നു. ആധുനികതയുടെ സംഭാവനകളായ, യന്ത്രവത്കരണവും, ടെക്നോളജിയും, ഡിജിറ്റലൈസേഷനുമൊക്കെ ദൈനം ദിന ജീവിതത്തിൽ പ്രായോഗികമാക്കിയാൽ മാത്രമേ ഇനി വികസനം സ്വപ്നം കാണാൻ സാധിക്കുകയുള്ളു.
വിദ്യാസമ്പന്നരായ
കേരളയുവത്വത്തിന് പരമ്പരാഗത കൃഷിരീതിയിൽ മുറുകെപ്പിടിച്ചുകൊണ്ട് ഇനി മുന്നോട്ടു പോകാൻ
സാധ്യമല്ലതന്നെ. ചിതറിക്കിടക്കുന്ന ചെറിയ വിസ്തൃതിയിലുള്ള കൃഷിഭൂമിയെ ഒന്നിപ്പിച്ച് ടാക്ടറും കംപ്യൂട്ടറും, ഡ്രോണും ആധുനിക ജലസേചന രീതികളുമുപയോഗിച്ചു നമ്മൾ കൃഷി ചെയ്യണം. പുതിയ
തരം വിത്തുകളും ആധുനിക കൃഷി രീതികളും ഉപയോഗിച്ചാൽ,
ആയിരക്കണക്കിനാളുകൾ പണിചെയ്താൽ ലഭിക്കുന്നതിലും പത്തിരട്ടി അങ്ങനെ ഉൽപ്പാദിപ്പിക്കുവാൻ
സാധിക്കും.
ഈ രീതിയിലുള്ള മാറ്റം
സംഭവിക്കുമ്പോൾ ജോലിയില്ലാതാവുന്ന ലക്ഷക്കണക്കിനാളുകളെ തീറ്റിപ്പോറ്റേണ്ടി വരില്ലേ എന്ന ചോദ്യം പ്രസക്തമായി
നിലനിൽക്കുന്നു. നമ്മുടെ രാഷ്ട്രീയക്കാരും, സാമൂഹ്യ പരികർത്താക്കളുമൊന്നും അപഗ്രഥിക്കാനോ, പോംവഴികൾ കണ്ടെത്താനോ മിനക്കെടാത്ത
ഒരു സാഹചര്യമാണിത്. അവർക്കു നിർദ്ദേശിക്കാനുള്ള ഒരേയൊരു പരിഹാരമാർഗം സൗജന്യ കിറ്റുകളും, 6000 രൂപവച്ചു സൗജന്യമായി വീട്ടിലെത്തിക്കലും തുടങ്ങിയ സുഖിപ്പിക്കൽ പരിപാടികൾ മാത്രമാണ്. സ്വന്തം കീശവീർപ്പിക്കലും, അണികൾക്ക് വാരിക്കോരിക്കൊടുക്കലുമൊക്കെ കഴിഞ്ഞു ഖജനാവിൽ മിച്ചമില്ലാത്തതു കൊണ്ട് എല്ലാം കടമെടുത്താണെന്നത് മറ്റൊരു വസ്തുതമാത്രം.
ഇന്ത്യയുടെ
വികസനം ഉദ്ദേശിക്കുന്ന വേഗതയിലേക്കെത്തുന്നില്ല എന്നാണ് പറയപ്പെടുന്നത്. ഇന്ത്യ ഒരാനയെപ്പോലെ ആടിയുലഞ്ഞ് വികസനത്തിലേക്കു അടിവക്കുമ്പോൾ കേരളത്തിന്റെ വികസനപുരോഗതി ഒച്ചിന്റെ
വേഗത്തിലാണ്. രണ്ടും ആശാവഹമെന്നു കരുതാനാവില്ല. എന്നിരുന്നാലും നമുക്ക് നാല് അന്തർദേശീയ വിമാനത്താവളങ്ങളുണ്ട്.
വിമാനത്താവളങ്ങളിലൊന്നിലും
നിന്ന് കാര്യമായ ചരക്കു ഗതാഗതമില്ലെന്നതു നമ്മുടെ
വികസനത്തിന്റെ തോതിനെയാണ് കാണിക്കുന്നത്. സ്വന്തം ഉല്പന്നങ്ങൾ കയറ്റിയയക്കുന്നുണ്ടെങ്കിലല്ലേ
ചരക്കു ഗതാഗതം വർധിക്കയുള്ളു.
രാജ്യത്തെ
തന്നെ ഏറ്റവും നല്ല വിദ്യാഭാസ, ആരോഗ്യമേഖലകളാണ്
നമുക്കുള്ളത്. എന്നിട്ടും തൊഴിലില്ലാമയിലും ആത്മഹത്യാ
നിരക്കിലും മറ്റു
സംസ്ഥാനങ്ങളെക്കാൾ മുന്നിലാണ് നമ്മൾ.
വളർച്ചയുടെ
ഈ മെല്ലപ്പോക്കിൽ നിന്നും ഒരു കുതിച്ചു ചാട്ടമായിരിക്കണം
നമ്മൾ ലക്ഷ്യമിടേണ്ടത് . സ്മാർട് സിറ്റികളിലൂടെയും സ്മാർട്ട് വില്ലേജുകളിലൂടെയും നമുക്കതു കൈ വരിക്കാൻ സാധിക്കും. (വില്ലേജ് എന്നതുകൊണ്ട് ഗ്രാമങ്ങൾ എന്നാണ് വിവക്ഷിക്കുന്നത്.) യുവതലമുറയ്ക്ക് പരീക്ഷണങ്ങൾക്കും, ഉത്പാദനത്തിനും വികസനത്തിനും അവസരം നൽകുന്ന സിറ്റികൾ, ജൈവ വൈവിധ്യ രീതികൾ
പരീക്ഷിക്കപ്പെടുന്ന കൃഷിയിടങ്ങളുള്ള സ്മാർട്ട് വില്ലേജുകൾ. ഹ്രസ്വകാല വിളകളും, സുഗന്ധദ്രവ്യങ്ങളും കൃഷിചെയ്യുന്നതിൽ
കുടുതൽ ശ്രദ്ധചെലുത്തണം. കൃഷി ഭൂമിയെയും
ആവാസവ്യവസ്ഥിതിയെയും വരെ നശിപ്പിക്കുന്ന റബ്ബർ
കൃഷി പോലുള്ള മോണോകൾച്ചർ കൃഷിരീതികൾ നിരുത്സാഹപ്പെടുത്തണം.
ഗ്രാമപ്രദേശങ്ങളിലെ കൃഷിഭൂമികൾ ഏകോപിപ്പിച്ച് യന്ത്രവത്കൃതമായ
കൃഷിരീതികൾ നടപ്പിലാക്കുകയും ഗുണമേന്മയുള്ള വിത്തുകളുപയോഗിച്ചു ഉത്പാദനം
വർധിപ്പിക്കുകയും ചെയ്യണം.
ഭാവിയിലേയ്ക് നഗരങ്ങൾ പ്ലാൻ ചെയ്യുമ്പോൾ ഇപ്പോഴുള്ള നാലു വിമാനത്താവളങ്ങളുടെ ചുറ്റുവട്ടത്തിലും, ഇപ്പോൾ പരിഗണനയിലുള്ള സിൽവർ ലൈൻ പദ്ധതിയുമായി ബന്ധിപ്പിച്ചുകൊണ്ടുമായിരിക്കണം. നഗരങ്ങൾക്ക് പ്രത്യേകമായ ഇൻഡസ്ട്രിയൽ ആൻഡ് റിസേർച് സൗകര്യങ്ങളും IT പാർക്കും, പ്രത്യേകമായി വിഭാവനം ചെയ്ത 5 മില്യൺ ജനങ്ങൾക്കെങ്കിലും താമസിക്കാൻ ഉതകുന്ന തരത്തിലുള്ള ഭവന സമുച്ചയവുമുണ്ടാവണം. ടെക്നിക്കൽ ആൻഡ് റിസേർച് ഇൻസ്റ്റിറ്റിയൂട്ടിന്റെ കീഴിൽ കമ്പ്യൂട്ടർ, ഡ്രോൺസ്, മെഡിസിൻ, ഫുഡ് പ്രോസസ്സിങ് യൂണിറ്റ് തുടങ്ങിയ എല്ലാ ആധുനികതയുടെയും ആസ്ഥാനമായിരിക്കണം പുതിയ നഗരങ്ങൾ. ഇതുപോലൊരു പ്രൊജക്റ്റ് ആണ് കേന്ദ്ര പദ്ധതിയിൽ ഇപ്പോൾ DHOLERA സ്മാർട്ട് സിറ്റിയിൽ രൂപം കൊള്ളുന്നത്.
തികച്ചും
പാപ്പരായ ഒരു സംസ്ഥാനം ഇതിനൊക്കെയുള്ള
ഫണ്ട് എങ്ങിനെ കണ്ടെത്തുമെന്നുള്ളതായിരിക്കും
പദ്ധതി വിഭാവനം ചെയ്യുന്നവരെ ഏറ്റവുമധികം അലട്ടുന്ന പ്രശ്നം. പണം മുടക്കുവാൻ ശേഷിയുള്ള,
വിവിധമേഖലകളിൽ ജോലിചെയ്യുന്ന, ഏതാണ്ട് 30 ലക്ഷത്തോളം പ്രവാസിജോലിക്കാർ നമുക്കുണ്ട്, അവരുടെ നിക്ഷേപത്തിന് ഉറപ്പു കൊടുത്താൽ പണം മുടക്കുവാനും സ്വന്തം
നാട് വികസിച്ചു കാണുവാനും ആഗ്രഹിക്കുന്നവരായി. മിക്കവാറും കുടുംബങ്ങളിൽ ആഭരണങ്ങളായി സൂക്ഷിച്ചിട്ടുള്ള സ്വർണം ആകർഷകമായ നിബന്ധനകളിലൂടെ, വിശ്വാസ്യതയുള്ള ഒരു ഭരണസംവിധാനത്തിനു നിക്ഷേപമായി
മാറ്റാൻ കഴിയും. മറ്റെല്ലാവരേക്കാളും മുന്നിലായിരിക്കണമെന്ന
കേരളജനതയുടെ അഭിമാനബോധത്തെ തൊട്ടുണർത്താനായാൽ നമുക്കു നേടാൻ പറ്റാത്തതായി ഒന്നുമുണ്ടാവില്ല.
മാറ്റങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്ന, ഇന്നലെകളിൽ ജീവിക്കുന്ന, അനവധിയാളുകളിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടി വരും, ട്രേഡ് യൂണിയനിസത്തിനും നോക്കുകൂലിക്കുമെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളേണ്ടതായി വരും, സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെ എന്നും ഭരണവർഗത്തിന്റെ ഔദാര്യങ്ങൾ സ്വീകരിക്കുന്ന, അവരുടെ വോട്ടു ബാങ്കുകളാക്കി നിലനിറുത്താനാഗ്രഹിക്കുന്ന രാഷ്ട്രീയക്കാരുമായി ഏറ്റുമുട്ടേണ്ടി വരും. ഫ്യൂഡൽ വ്യവസ്ഥിതിയിലെ ജന്മിമാരെപ്പോലെ വികസനത്തിന്റെ ഗുണഭോക്താക്കളായ ഒരു ന്യൂനപക്ഷം താഴെത്തട്ടിലുള്ളവർക്ക് അത് നിഷേധിക്കുകയും എല്ലാം സ്വന്തമായി കൈയടക്കിയിരിക്കുന്നതുമാണ് ഇന്ന് നമ്മുടെ മുൻപിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
കാലഹരണപ്പെട്ടതും
അഴിമതിയിൽ ആണ്ടുപോയതുമായ പാരമ്പര്യ രാഷ്ട്രീയത്തിന് പകരം അഭ്യസ്ത വിദ്യർ
നേതൃത്വം കൊടുക്കുന്ന ജനകീയ മുന്നേറ്റങ്ങൾ ഭരണം
പിടിച്ചെടുക്കുകയും മാറ്റങ്ങൾക്കു തുടക്കം കുറിക്കുകയും ചെയ്യുന്ന നാളുകൾ വിദൂരമല്ല.
കാലാവസ്ഥാവ്യതിയാനവും പുതിയ ഊർജ സ്രോതസ്സുകളും, ഉയരുന്ന സമുദ്രജലനിരപ്പും ആലപ്പുഴ, കൊച്ചി, കോഴിക്കോട് തലശ്ശേരി തുടങ്ങിയ നഗരങ്ങളെ വെള്ളത്തിനടിയിലാക്കുന്ന കാലം വിദൂരമല്ല. അതുകൊണ്ടു
തന്നെ മുൻ കൂട്ടി പകരം
സംവിധാനങ്ങൾ പടുത്തുയർത്തേണ്ടിയിരിക്കുന്നു.
വാസയോഗ്യമായ ഭൂമിയുടെ ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ, പകരമായി പുതിയ ഗ്രീൻ ഡിജിറ്റൽ സിറ്റികൾ പടുത്തുയർത്തുക മാത്രമായിരിക്കും ഒരേയൊരു പോംവഴി.
സ്വാർത്ഥ ചിന്തകളെ മാറ്റി വച്ച് ആനുകാലികമായി നമ്മൾ ചിന്തിക്കാൻ തുടങ്ങേണ്ടിയിരിക്കുന്നു. വിമാനത്താവളങ്ങളുടെ എണ്ണം കൂട്ടുന്നതിന് പകരം ഉള്ളവയെ റയിൽവേ ലൈനുകളുമായി ബന്ധിപ്പിച്ചു
കേരളത്തിലെ എല്ലാ നഗരങ്ങളിലേക്കും പുതിയ ട്രെയിൻ സർവീസുകൾ നിലവിൽ വരണം. ഇതിലൂടെ ചരക്കു ഗതാഗതവും സഞ്ചാരവും ചെലവ് കുറഞ്ഞതും വേഗത്തിലുമാവും.നഗരങ്ങളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് മാളുകളും, കൾച്ചറൽ സെന്ററുകളും ക്ലബ്ബുകളുമൊക്കെ വരുമ്പോൾ ജനങ്ങളുടെ ജീവിതം കൂടുതൽ ആയാസ രഹിതമായിത്തീരും.പുതിയ
പുതിയ കണ്ടു പിടുത്തങ്ങളെ നമ്മൾ പ്രോത്സാഹിപ്പിക്കണം; വെള്ളത്തിലൂടെ ഓടിക്കാവുന്ന സൈക്കിളും, പ്രകൃതിദത്തമായ നൂലുകൾ ഉപയോഗിച്ചുള്ള വസ്ത്രങ്ങളും, പ്രകൃതിയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന മരുന്നുകളും തുടങ്ങി നമ്മുടെ ഭാവനയിൽ വരുന്നവയെ എല്ലാം പ്രാവർത്തികമാക്കാൻ സാധ്യമാവും വിധം അവസരങ്ങൾ സൃഷ്ടിക്കണം.
നമ്മുടെ ഉത്പന്നങ്ങൾ പരിതഃസ്ഥിതിയും സാമ്പത്തികവുമായ സമതുലനമുള്ളവയാവുമ്പോൾ പ്രകൃതിയെ വരെ നമുക്ക് സംരക്ഷിക്കാൻ
സാധിക്കും.
എല്ലാത്തിലുമുപരി മനുഷ്യന് അവൻറെ കഠിനമായ ശാരീരിക അദ്ധ്വാനത്തിൽ നിന്നും മോചനം നൽകുവാൻ സാധിക്കും.
മനുഷ്യനെ
ഒരു പാർട്ടിയുടേയോ ഗവൺമെന്റിന്റേയോ അടിമയായി കാണുക എന്നത് ആധുനികതയ്ക്കു നിരക്കുന്നതല്ല, അതുകൊണ്ടു തന്നെ അതിനെ ഞാൻ ശക്തമായി എതിർക്കുന്നു.
പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട്, ഉത്തരവാദിത്വബോധത്താൽ ബന്ധിതമായ സ്വാതന്ത്ര്യം അനുഭവിക്കുന്ന, ആധുനികതയെ ഇഷ്ടപ്പെടുന്ന, മുഖം മുടികളഴിച്ചുവച്ച ഒരു കേരളജനതയുടെ നാളെയെയാണ് ഞാൻ സ്വപ്നം കാണുന്നത്.
Mathew Kuzhippallil