ജനാധിപത്യവ്യവസ്ഥിതി

 ജനാധിപത്യവ്യവസ്ഥിതിയിൽ ആരെ വാഴിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം ജനത്തിനാണ്; അതുകൊണ്ടാണല്ലോ അതിനെ ജനാധിപത്യമെന്നു  പറയുന്നത്. അവിടെ യോഗ്യതകളൊന്നും ഒരു മാനദണ്ഡമാകുന്നില്ല.

ജനങ്ങളിൽ ഭൂരിപക്ഷവും യോഗ്യത കുറഞ്ഞവരാകുമ്പോൾ അല്ലെങ്കിൽ അയോഗ്യരാകുമ്പോൾ, മത്സര പരീക്ഷകളിലൂടെ യോഗ്യത തെളിയിച്ചവർക്കു  തന്നെ ജോലി നൽകണമോ എന്ന് തീരുമാനിക്കാനുള്ള അവകാശം പോലും ഭരണാധികാരിയുടെ കൈയിൽ നിഷിപ്തമായിരിക്കുന്നു.
സാംസ്കാരിക നായകനെന്ന വിശേഷണമുള്ള ചലച്ചിത്ര അക്കാദമി ചെയർമാൻ കമലും, അതിബുദ്ധിമാനും I A S അലങ്കാരവുമുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനുമുൾപ്പെ ടെ സംസ്ഥാനത്തെ എല്ല സംവിധാനങ്ങളും ഭരണപക്ഷത്തെ പിന്തുണയ്ക്കുന്ന അയോഗ്യരെ, മത്സരപരീക്ഷകളിൽ ജയിച്ചു നിയമനം കാത്തിരിക്കുന്നവരെ നോക്കുകുത്തികളാക്കിക്കൊണ്ടു ജോലി നേടുമ്പോൾ, സമർത്ഥരായവർ

ജീവിതമാർഗം തേടി നാടു  വിടേണ്ടി വരുന്നു.
കടം വാങ്ങിയും പ്രവാസികളുടെ  പണമുപയോഗിച്ചും ഭരണകർത്താക്കൾ ശമ്പളവും, ക്ഷേമപെൻഷനും, സൗജന്യകിറ്റു മൊക്കെക്കൊടുത്തു കൈയടി നേടുകയും, അനധികൃത മാർഗങ്ങളിലൂടെ കോടീശ്വരന്മാരായി മാറുകയും ചെയ്യുമ്പോൾ കേരളത്തെ കാത്തിരിക്കുന്നതു നല്ല ദിവസങ്ങളായിരിക്കില്ല എന്നോർക്കുന്നതു നന്ന്.
ഉൽപ്പാദന മേഖലയിൽ നിന്നും കാര്യമായ വരുമാനമൊന്നും എടുത്തു പറയാനില്ലാത്ത മലയാളിയുടെ ആളോഹരി കടം ദിനം പ്രതിയെന്നോണം കൂടിക്കൊണ്ടിരിക്കുന്നു.

പിടിപ്പുകെട്ട സാമ്പത്തിക നയങ്ങളും കടബാധ്യതയും ഒരു കാലത്തു സമ്പന്നരായിരുന്നു ഗ്രീസിനെ കൊണ്ടെത്തിച്ചത് പാപ്പരത്വത്തിന്റെ വക്കിലേയ്ക്കായിരുന്നു.
ഗവൺമെന്റ്‌ ജോലിക്കാർക്ക് 2 മാസത്തെ ബോണസ് ശമ്പളമുൾപ്പെടെ 14 മാസത്തെ ശമ്പളം, എല്ലാ വർഷവും ശമ്പള വർധന, മാനദണ്ഡങ്ങളൊന്നുമില്ലാതെ ആശ്രിതർക്കെല്ലാം ജോലി, 58 വയസ്സിൽ പെൻഷൻ, വനിതകൾക്ക് 50  വയസ്സ് കഴിഞ്ഞാൽ പെൻഷൻ അങ്ങനെ ജനപ്രിയ പദ്ധതികളുമായി മുന്നോട്ടു പോയ സർക്കാർ ഇതിനുള്ള വക കണ്ടെത്തിയിരുന്നത് കടം മേടിച്ചായിരുന്നു.
യൂറോപ്പ്യൻ യൂണിയനിലെ നടപ്പിലാക്കിയിട്ടുള്ള  സാമ്പത്തിക നിബന്ധനകൾ നിർബന്ധമായും പാലിച്ചില്ലെങ്കിൽ യൂണിയനിൽ നിന്നും പുറത്താക്കുമെന്നും, കട ബാധ്യതകൾ വീട്ടിയില്ലെങ്കിൽ പാപ്പരായി പ്രഖ്യാപിച്ചു നടപടികളെടുമെന്നും ഭീഷണിപ്പെടുത്തിയതോടെ എല്ലാം തീർന്നു. 2008 ൽ തുടങ്ങിയ പ്രതിസന്ധിയിൽ നിന്നും അവർ കരകയറിയത് ഏതാണ്ട് 10 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു.
ശമ്പളം പകുതിയായി കുറഞ്ഞു, ധാരാളമാളുകളുടെ ജോലി നഷ്ടമായി, പെൻഷൻ ലഭിക്കാതായി; 
ഗ്രീസുകാർ കടന്നു പോന്ന ആ ദാരിദ്ര്യ ദിനങ്ങൾ അവർ ഇനി മറക്കാനിടയില്ല.

കേരളത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല; നമ്മൾ ഒരു സ്വതന്ത്ര രാജ്യമല്ലാത്തതുകൊണ്ടു  കാര്യങ്ങൾ കൈവിട്ടുപോകാതെ കേന്ദ്രം കാത്തുകൊള്ളുമെന്നു കരുതാം.

അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള തയാറെടുപ്പുകൾ നടന്നു കൊണ്ടിരിക്കെ, കേരളത്തിലെ സമ്മതിദായകരെ എങ്ങനെ കൂടെ നിറുത്താൻ സാധിക്കുമെന്നാണ് ഓരോ പാർട്ടിക്കാരും ആലോചിക്കുന്നത്. യോഗ്യതയില്ലെങ്കിലും അവസരങ്ങൾ സാധ്യമാക്കുന്ന  പാർട്ടിയെയായിരിക്കും ബഹു ഭൂരിപക്ഷവും പിന്തുണയ്ക്കാൻ സാധ്യത. മിനക്കെട്ടിരുന്നു പഠിച്ചു മത്സര പരീക്ഷകളും പാസ്സായ ഒരു ജോലിക്കു വേണ്ടി കാത്തിരിക്കുന്നതിലും എന്തുകൊണ്ടും അഭികാമ്യം ഒരു പിൻവാതിൽ നിയമനം തന്നെ.

രണ്ടാമത്തെ സാധ്യത, ജോലി ചെയ്യാതെ വീട്ടിലിരുന്നാലും അലവൻസുകളും കിറ്റുകളുമൊക്കെ വാഗ്‌ദാനം ചെയ്യുന്നവർക്കാണ്. അസുഖം വന്നാൽ സൗജന്യ ചികിത്സയും കൂടിയാവുമ്പോൾ വേവലാതികൾ തെല്ലുമില്ലാതെ ജീവിതം മുന്നോട്ടു പോകും.
ജോലി ചെയ്തിട്ടില്ലെങ്കിലും കൈ നിറയെ വാർധക്യ കാല പെൻഷൻ കൂടിയാവുമ്പോൾ തികച്ചും  `ദൈവത്തിന്റെ നാട് ` ഭൂമിയിൽ അന്വർത്ഥമാകും ; നമ്മുടെ കൊച്ചു കേരളത്തിൽ ! ഇതിൽ കൂടുതൽ എന്ത് വേണം അഭിമാനിക്കാൻ.

മാന്യമായി തൊഴിൽ ചെയ്ത് ആത്മാഭിമാനത്തോടെ ജീവിക്കുവാനുള്ള അവസരമാണ് ഭരണാധികാരികൾ ജനങ്ങൾക്കു നൽകേണ്ടത്; സൗജന്യങ്ങളല്ല.

C. Abraham