ഓർമക്കുറിപ്പികൾ 22
87 അവസാനത്തോടെ എയർ ഫോഴ്‌സു വിട്ടു സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തിയ ഞങ്ങളുടെ ബാച്ചിലെ എല്ലാവരും തന്നെ നാട്ടിൽ പലയിടങ്ങളിലായി ജോലിയിൽ പ്രവേശിച്ചു. ബാങ്കിലും, കസ്റ്റംസിലും, ഇൻകംടാക്സ് ഡിപ്പാർട്മെന്റിലും,ടെലിഫോൺസിലും ഒക്കെയായി കുടെയുണ്ടായിരുന്നവരെല്ലാം ജോലി നേടിയപ്പോൾ ഞാൻ മാത്രം ഓസ്ട്രിയയിലുള്ള കുടുംബത്തോടൊപ്പം ചേർന്നു. ഏറിയാൽ അഞ്ചു വർഷത്തെ പ്രവാസം, അതായിരുന്നു മനസ്സിൽ.
എന്റെ ഏറ്റവും അടുത്ത സുഹൃത്ത് അങ്കമാലിക്കാരൻ ജോസും കുടുംബവും ഡൽഹിയിലാണ് സെറ്റിലായത്. അവന് L I C യിൽ ജോലി കിട്ടിയിരുന്നു. ഭാര്യ ഡൽഹിയിൽ തന്നെ മിലിറ്ററി നേഴ്‌സും. സ്വന്തമായി ചെറിയ ബിസിനസ്സും, കുട്ടികൾ മൂന്നു പേരും സെൻട്രൽ സ്കൂളിലും; എല്ലാം കൊണ്ടും രാജ്യതലസ്ഥാനത്തു തന്നെ കുടാമെന്ന് അവർ തീരുമാനിച്ചു.
ഡെൽഹിയിലായിരുന്നെങ്കിലും അങ്കമാലിയിൽ തറവാടിനോടടുത്തു സ്വന്തമായൊരു വീടും അവൻ പണി തീർത്തു.
അങ്ങനെയിരിക്കുമ്പോളാണ് ജോസിന്റെ ഭാര്യ ആനിക്ക് US വിസ ഇന്റർവ്യൂവിനുള്ള ക്ഷണം വരുന്നത്. കോട്ടയം കരി ആനിയുടെ വീട്ടിലെ എല്ലാവരും തന്നെ അമേരിക്കയിൽ സ്ഥിരതാമസക്കാരാണ്. ആനിയുടെ പേരിൽ ഫയൽ ചെയ്തിരുന്ന ഇമിഗ്രേഷൻ റിക്വസ്റ്റ് ശരിയായി വരാൻ വർഷങ്ങളെടുത്തു. അമേരിക്കൻ സ്വപ്നങ്ങൾ നേരത്തെ മനസ്സിലുണ്ടായിരുന്നെങ്കിലും വിസ ഇന്റർവ്യൂവിനു ക്ഷണം കിട്ടിയപ്പോൾ ആകെയൊരു അസ്വസ്ഥത.
ഇനി ഫാമിലി വിസയിൽ ഏതൊരു മലയാളിയുടെയും സ്വപ്ന ഭൂമിയായ അമേരിക്കയിൽ പോയി എല്ലാവര്‍ക്കും കൂടി സെറ്റിൽ ആവാനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്.
കുട്ടികളുടെ പഠനവും, തന്റെ ജോലിയും, ഡൽഹിയിലുള്ള സുഹൃത്തുക്കളെയും എല്ലാം വിട്ട് അമേരിക്കയിലേയ്ക്കൊരു പറിച്ചു നടൽ; എത്ര ആലോചിച്ചിട്ടും അതിനെ ഉൾക്കൊള്ളാൻ അവനാകുന്നില്ല.
അവധിക്കാലത്തു നാട്ടിൽ വരുന്ന കൂടപ്പിറപ്പുകളുടെ ധാരാളിത്തം ആനിയെ മോഹിപ്പിച്ചിട്ടുണ്ട്. അധികം താമസിയാതെ തനിക്കും ഇതൊക്കെ സാധിക്കുമല്ലോ എന്നോർത്ത് ആനി സമാധാനിച്ചിരുന്നു.
വിസ ഇന്റർവ്യൂവിനു വിളി വന്നപ്പോൾ എത്രയും വേഗം അമേരിക്കയിലെത്തി അവിടത്തെ സമൃദ്ധിയിൽ അലിഞ്ഞുചേരാനായി ആനിയുടെ മനസ്സ് വെമ്പൽ കൊണ്ടു.
ജോസിന്റെ താല്പര്യക്കുറവും കുട്ടികളുടെ പഠനം ഇടയ്ക്കു വെച്ചു നിറുത്തുന്നതും, അമേരിക്കയിലെ സ്കൂളുകളിലെ പുതിയ തുടക്കവുമൊക്കെ അവരെ എങ്ങനെ ബാധിക്കുമെന്നതും ആനിയെയും അസ്വസ്ഥയാക്കിയിരുന്നു . എന്നാൽ ബന്ധുക്കളുടെ പ്രോത്സാഹനം ആനിയ്ക്ക് ധൈര്യം പകർന്നു.
ജോസിനെ നിർബന്ധിച്ചു സമ്മതിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുട്ടികളുമൊത്തിരുന്നുള്ള ചർച്ചയിൽ ആദ്യം ആനി തനിയെ പോയി ജോലി തുടങ്ങാനും അതിനു ശേഷം ജോസും കുട്ടികളും കൂടെയെത്താമെന്നും തീരുമാനമായി.
ജോസിനെയും കുട്ടികളെയും ഡൽഹിയിൽ വിട്ട് ആനി ചിക്കാഗോയിലേയ്ക്കു വിമാനം കയറി.
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം, R N പരീക്ഷ പാസ്സായി സ്ഥിരജോലിയും, ജോസും കുട്ടികളും വരുമ്പോൾ താമസിക്കാനുള്ള സൗകര്യങ്ങളും റെഡിയാക്കി ആനി കാത്തിരുന്നു.
അപ്പോളും ജോസിനു സംശയമായിരുന്നു, അമേരിക്കൻ സാഹചര്യങ്ങളുമായി ഒത്തു പോകുവാൻ തനിക്കു സാധിക്കുമോ എന്നതിൽ.
വായിച്ചും കേട്ടും മനസ്സിലാക്കിയിട്ടുള്ള അമേരിക്കൻ സംസ്കാരം ജോസിനെ ഒരിക്കലും പ്രലോഭിപ്പിരുന്നില്ല.
L I C യിൽ നിന്നും മൂന്നു മാസത്തെ അവധിയെടുത്ത്, മക്കളെയും കൂട്ടി, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണത്തിന് അവൻ തയാറെടുത്തു.
അവർ ചിക്കാഗോയിലെത്തി.
ആനിയും ബന്ധുക്കളുമെല്ലാം എയർപോർട്ടിൽ കാത്തു നിന്നിരുന്നു.
ഗംഭീരമായ സ്വീകരണ പാർട്ടിക്ക് ശേഷം ആനിയുമൊത്തു പുതിയ വീട്ടിലേയ്ക്കു പോയി.എല്ലാ സൗകര്യങ്ങളുമുള്ള വീടും ചുറ്റുപാടുകളു. കാറ് വാങ്ങുന്നതു ജോസിന്റെ ഇഷ്ടത്തിനാകാമെന്നു വച്ച് ആനി കാത്തിരിക്കുകയായിരുന്നു.
അടുത്ത ദിവസങ്ങളിലെല്ലാം ബന്ധുക്കളുടെയും അവരുടെ സുഹൃത്തുക്കളുടെയും നാട്ടുകാരുടെയുമൊക്കെ വീട്ടിൽ സ്വീകരണ പാർട്ടികൾ നടന്നു. വാങ്ങുമ്പോൾ വലിയ കാർ തന്നെ വാങ്ങുന്നതാണു നല്ലതെന്നും ക്രെഡിറ്റിൽ വാങ്ങുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അനുഭവസ്ഥർ ഉപദേശിച്ചു. ജോലി കിട്ടാൻ ബുദ്ധിമുട്ടേണ്ടി വരില്ല, നല്ല ജോലി എന്തെങ്കിലും കിട്ടുന്നതു വരെ തൽക്കാലത്തേക്ക് പെട്രോൾ പമ്പിലോ റെസ്റ്റോറന്റിലോ ഒക്കെ ചെറിയ ജോലികൾ കിട്ടാൻ എളുപ്പമാണ്.
ഓരോ പാർട്ടികളിലും രണ്ടര ലിറ്ററിന്റെ വിലയേറിയ മദ്യക്കുപ്പികൾ കാലിയായി. എയർ ഫോഴ്‌സിലെ വലിയ കുടിയന്മാരെയൊക്ക കണ്ടിട്ടുണ്ടെങ്കിലും അമേരിക്കൻ അച്ചായന്മാരുടെ കപ്പാസിറ്റി കണ്ട് അവൻ അന്തം വിട്ടു.
കുട്ടികളെ സ്കൂളിലും കോളേജിലും ചേർക്കുന്നതിനെ പറ്റിയൊക്കെ അവർ ആലോചിച്ചു.
സിയേഴ്‌സ് ടവറും നാഷണൽ പാർക്കും,വാട്ടർ പാർക്കും തുടങ്ങി ആകർഷകങ്ങളായ എല്ലാം തന്നെ അവർ നടന്നു കണ്ടു. അവിടെയെത്തി ജീവിതവിജയം നേടിയ പല മലയാളികളുടെയും വിജയഗാഥകൾ പാർട്ടികൾക്കിടയിൽ ചർച്ചാവിഷയമായി. അമേരിക്കയിലെത്തുന്നവർക്കു മുന്നിലുള്ള അനന്ത സാധ്യതകളെപ്പറ്റി ജോസിനെ കേൾപ്പിക്കയായിരുന്നു ലക്‌ഷ്യം.
ജോസിന്റെ മനസ്സ് അപ്പോളും ഡെൽഹിയിലായിരുന്നു. മടിശ്ശീല കാലിയാണെങ്കിൽപ്പോലും ഡൽഹിയിലെ സാധാരണക്കാരന്റെ മുഖത്തു വിരിയുന്ന ചിരി, അമേരിക്കയുടെ സമ്പന്നതയിൽ അവനു കണ്ടെത്താനായില്ല.
കുട്ടികളുമായി സ്കൂളുകൾ കയറിയിറങ്ങിയെങ്കിലും അവരുടെ മനസ്സും ഡെൽഹിവിട്ടു പോന്നിരുന്നില്ല. അവർ എല്ലാ `മിസ്സ്` ചെയ്തിരിക്കുന്നു.
ആനിയുടെ സാന്ത്വനപ്പെടുത്തലുകൾക്കും ഭാവിസ്വപ്നങ്ങൾക്കുമൊന്നും ജോസിനെ കൂടെ നിറുത്താനായില്ല.
രണ്ടു മാസങ്ങൾക്കു ശേഷം അവൻ തീർച്ചപ്പെടുത്തി; അമേരിക്ക തനിയ്ക്കു പറ്റില്ല.
മൂന്നു മാസം തികയുന്നതിനു മുൻപ് അവനും കുട്ടികളും അമേരിക്കയോടു വിട പറഞ്ഞു.
ഡൽഹിയിൽ തിരിച്ചെത്തിയപ്പോൾ വീണ്ടും സ്വാതന്ത്രനായതുപോല.
ജോസിനു മനം മാറ്റമുണ്ടായി കുട്ടികളുമായി ചിക്കാഗോയിലേയ്ക്ക് തിരിച്ചു ചെല്ലുന്നതും പ്രതീക്ഷിച്ചു് ആനി രണ്ടു വർഷം കൂടെ അവിടെ ജോലി ചെയ്തു. അതു സംഭവിക്കില്ലെന്നു തീർച്ചയായപ്പോൾ അമേരിക്കൻ സ്വപ്നം എന്നേയ്ക്കുമായി ഉപേക്ഷിച്ചുകൊണ്ട് ആനിയും തിരിച്ചു പൊന്നു.
അങ്കമാലിയിലെ വീട്ടിലേയ്ക്കു തിരിച്ചു പോകണമെന്നുള്ള ചിന്ത കുറച്ചു നാളുകളായി അവനെ അലട്ടുന്നുണ്ടായിരുന്നു.
ഇപ്പോൾ മക്കളുടെ സെൻട്രൽ സ്കൂൾ കാലഘട്ടം അവസാനിച്ചിരിക്കുന്നു.
എയർ ഫോഴ്‌സിൽ ചേരാൻ വേണ്ടി നാടു വിട്ട് 28 വര്‍ഷങ്ങള്‍ക്കു ശേഷം അങ്കമാലിയിലുള്ള L I C ഓഫീസിലേയ്ക്ക് ട്രാൻസ്ഫർ വാങ്ങി ഗൃഹാതുരത്വമുറങ്ങുന്ന കാച്ചപ്പള്ളി വീട്ടിലേയ്ക്കു അവർ തിരിച്ചെത്തി..
L I C യിൽ നിന്നും വിരമിച്ച ശേഷം കുടുംബവുമായി സ്വിറ്റസർലാൻഡ് സന്ദർശനമൊക്കെ പ്ലാൻ ചെയ്തിരുന്ന എന്റെ പ്രിയ സുഹൃത്ത് വിരമിക്കാൻ രണ്ടു വര്‍ഷം ബാക്കി നിൽക്കെ 2011 ൽ വളരെ ആകസ്മികമായി ഞങ്ങളോടു വിട പറഞ്ഞു.
അവന്റെ കണ്ണുകൾ അറിയപ്പെടാത്ത ആരിലൂടെയോ ഇന്നും ഈ ലോകത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നുണ്ട്. ആ കണ്ണുകൾക്കു മുൻപിലൂടെ അവിചാരിതമായി എന്നെങ്കിലും ഞാനും കടന്നു പോയേക്കാം; പരസ്പരം തിരിച്ചറിയാതെ