ഓർമക്കുറിപ്പുകൾ 21
Uttarlai 1987 ,India - Pakistan stand off
എയർ ഫോഴ്‌സ് ജീവിതത്തോടു വിട പറയുന്നത് ഉത്തർലെയിൽ നിന്നായിരുന്നു. 1985 അവസാനമാണ് പാകിസ്ഥാൻ അതിർത്തിയോടു വളരെ അടുത്തുള്ള അങ്ങോട്ടേയ്ക്ക് എനിക്കു സ്ഥലം മാറ്റം ലഭിക്കുന്നത്.
മിഗ് യുദ്ധ വിമാനങ്ങളും, മൈക്രോവേവ് കമ്മ്യൂണിക്കേഷൻ സിസ്റ്റവും ആധുനിക റഡാർ സംവിധാനങ്ങളുമെല്ലാമുള്ള ഉത്തർലെയും ,ജൈസൽമീരും, ബിക്കാനീരും യുദ്ധസാഹചര്യങ്ങളിൽ വളരെ തന്ത്രപ്രധാനമായ എയർ ഫോഴ്‌സ്
യൂണിറ്റുകളാണ്.
യൂണിറ്റുകളാണ്.
രാജസ്ഥാൻ മരുഭൂമിയുടെ ഒഴിഞ്ഞ കോണിലുള്ള അങ്ങോട്ടേയ്ക്ക് എത്തിപ്പെടാൻ ജോഡ് പൂരിൽ നിന്നും വിജനമായ മണൽകാടുകൾക്കു നടുവിലൂടെ മണിക്കൂറുകളോളം ട്രെയിനിൽ യാത്ര ചെയ്യണം.
ഉത്തർലെ സ്റ്റേഷനിൽ ഇറങ്ങാൻ സാധാരണയായി അവധി കഴിഞ്ഞു തിരിച്ചെത്തുന്ന അല്ലെങ്കിൽ പുതുതായി പോസ്റ്റിംഗിൽ വരുന്ന പട്ടാളക്കാരല്ലാതെ ആരുമുണ്ടാവാറില്ല.
എത്തുന്ന ദിവസവും സമയവുമൊക്കെ നേരത്തെ അറിയിച്ചിരുന്നതുകൊണ്ട് കൂട്ടി കൊണ്ടുപോകാൻ പട്ടാള വണ്ടി കാത്തു നിൽക്കുന്നുണ്ടായിരുന്നു.
ഗാർഡ്‌റൂമിൽ റിപ്പോർട്ട് ചെയ്തശേഷം താമസസ്ഥലത്തേയ്ക്ക് പോയി.
കോട്ടയംകാരൻ ഒരു തോമസിനോപ്പം താമസിക്കാൻ സൗകര്യം ലഭിച്ചു. കുറേക്കാലമായി തനിച്ചായിരുന്നു അയാൾക്ക് മിണ്ടിയും പറഞ്ഞുമിരിക്കാൻ ഒരാളെ കിട്ടിയതിൽ സന്തോഷമായി.
ആദ്യത്തെ ഒരു മണിക്കൂറിനിടയ്ക്കു പുതിയ സ്ഥലത്തെപ്പറ്റിയുള്ള ഏകദേശ ധാരണ തോമസിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു.
400 ൽ താഴെ മാത്രം ആൾക്കാരെ ഇവിടെയുള്ളു.
45 ഡിഗ്രി വരെ ചൂടും മണൽക്കാറ്റും; രാത്രി 12 കഴിയുമ്പോളേക്കും സൂര്യപ്രകാശമേറ്റു പൊള്ളിക്കിടക്കുന്ന മണൽ ചുടിറങ്ങി തണുക്കും ; ആ സമയത്തു് മണൽക്കാടുകളെ തഴുകി വരുന്ന കാറ്റിനും ചെറിയ തണുപ്പുണ്ടാകും.
രാവിലെ ബെഡിഡിൽ നിന്നും എഴുന്നേൽക്കാൻ ആർക്കും ഇഷ്ടമില്ല.
ഏറ്റവും അടുത്ത് സിറ്റിയെന്നു പറയ്യാൻ അതിർത്തിയോടടുത്തുള്ള ബാർമിർ ആണുള്ളത്.
സിറ്റിയെന്നു പറയാമെന്നല്ലാതെ നേരമ്പോക്കിനുള്ള ഒന്നും തന്നെ അവിടെ ഇല്ലായിരുന്നു. അതുകൊണ്ടു സിറ്റിയിലേയ്ക് ആരും പോകാറില്ല.
പിന്നെയുള്ളത് ഒരു ചെറിയ അമ്പലമാണ്, ജാതിമത ഭേദമെന്യേ എല്ലാവരും അവിടെ പോയി ഏറ്റവും അടുത്തു കിട്ടിയ ദൈവത്തോട് പ്രാർത്ഥിക്കും.
പട്ടാളക്കരൻ ദൈവങ്ങളെ തമ്മിൽ തരം തിരിച്ചിട്ടില്ല.
ഇവിടെ എത്തിപ്പെടുന്നവർ രണ്ടു മാസത്തെ വാർഷിക അവധിയും കാഷ്വൽ ലീവും പിന്നെ പറ്റുന്ന ടെമ്പററി ഡ്യൂട്ടികളുമൊക്കെ അഡ്ജസ്റ്റ് ചെയ്ത് പറ്റുന്നിടത്തോളം സമയം യൂണിറ്റിൽ നിന്നും അകന്നു നില്ക്കാൻ ശ്രമിക്കും.
ഒരു വർഷവും ഏതാനും മാസങ്ങളും കഴിഞ്ഞാൽ എയർ ഫോഴ്‌സി നോടു വിട പറയാൻ തയാറെടുത്തിരിക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം ഇവിടത്തെ ദിനങ്ങൾ എണ്ണി തീർക്കാൻ മാത്രമേയുള്ളു. അതുകൊണ്ട് ഉള്ള സമയം സന്തോഷകരമാക്കാനുള്ള മാർഗങ്ങൾ സ്വയം കണ്ടെത്തി. ലൈബ്രറിയിലുണ്ടായിരുന്ന മിക്കവാറും പുസ്തകങ്ങളെല്ലാം വായിച്ചു തീർത്തു. വെയിലിന്റെ ശക്തി കുറയുമ്പോൾ നടക്കാനിറങ്ങി; തിരിച്ചു വരുന്ന വഴി ഒരു തണുത്ത ലസ്സിയും കുടിച്ച്
മുറിയിൽ വന്നു കുളി കഴിഞ്ഞാൽ ദിവസേനയെന്നോണം ബാറിൽ പോയി മദ്യ സേവ പതിവായി. ചെയ്തിരുന്നു
ഭക്ഷണവും കഴിച്ചു തിരിച്ചു റൂമിലെത്തിവീണ്ടും വായനയിൽ മുഴുകും.
ഇടയ്ക്കെങ്ങോ നിറുത്തിപ്പോയ ഡയറി എഴുത്തും പുനരാരംഭിച്ചു.
ഫുൾ സ്പീഡിൽ കറങ്ങുന്ന ഫാനി നു കീഴിലും നല്ല ചുടായിരിക്കും,
ഉറക്കം രാത്ര 11.30 നു മുൻപു നടക്കില്ല.
ശക്തിയായി വീശിയടിക്കുന്ന മണൽകാറ്റും വൈകുന്നേരങ്ങളിൽ പോലുമുള്ള അസഹ്യമായ ചൂടും മൂലം സ്പോർട്സ് ആക്ടിവിറ്റീസ് ഒന്നും തന്നെ സാധ്യമല്ല.
87 ജനുവരിയിൽ പിരിഞ്ഞു പോരാൻ തയാറെടുത്തിരുന്ന ഇലക്ടോണിക്‌സ് വിഭാഗത്തിലുള്ളവരെ പുതിയ ഉത്തരവുണ്ടാകുന്നതുവരെ വിട്ടയക്കേണ്ടതില്ലെന്ന തീരുമാനം അപ്രതീക്ഷിതമായിരുന്നു.
വിവാഹത്തിനുശേഷം ഏതാനും മാസങ്ങൾ കൂടി വിദേശത്തു ജോലിചെയ്തു തിരിച്ചു വന്ന ഭാര്യയുമൊത്തു, ബറേലിയിൽ കുടുംബസമേതം താമസിക്കയും മകൾക്ക് ഒരു വയസ്സ് തികയുന്നതിനു മുൻപേ, പ്രവാസ ജീവിതത്തോടു തീരെ താല്പര്യമില്ലാതിരുന്നിട്ടും മാറി മറിഞ്ഞ സാഹചര്യങ്ങൾ, കുറച്ചു നാളത്തേയ്ക്കൊരു വിദേശ ജോലിയെന്ന തീരുമാനത്തിലേയ്ക്ക് കൊണ്ടെത്തിക്കയും ചെയ്തു.
ഓസ്ട്രിയയിൽ പോകാൻ അവസരമുണ്ടായിരുന്നതുകൊണ്ട് മോളെ വീട്ടിൽ തനിച്ചാക്കി ഭാര്യയെ നേരത്തെ വിട്ടശേഷം ഡിസ്ചാർജ് കിട്ടിയാലുടൻ കുട്ടിയുമായി ഭാര്യയോടൊപ്പം ചേരാമെന്ന പദ്ധതിയാണ്, ഞങ്ങളുടെ വിടുതൽ തടഞ്ഞവച്ചതിലൂടെ അവതാളത്തിലായിരിക്കുന്നത്.
ഇനി ആകെ ഒരു ചാൻസ് ഉള്ളത് വ്യക്തിപരമായ ബുദ്ധിമുട്ടുകൾ വിശദീകരിച്ചുകൊണ്ട് ഡൽഹിയിലുള്ള മേലധികാരികൾക്ക് അലിവു തോന്നും വിധം എത്രയും വേഗം സർവീസിൽ നിന്നും വിടുതൽ നൽകണമെന്ന് അപേക്ഷിക്കുക മാത്രമാണ്. അതിനു വേണ്ടി 15 വർഷം പൂർത്തിയാകുന്ന അടുത്ത ജനുവരി വരെ കാത്തിരിക്കാൻ തീരുമാനിച്ചു.
87 ജനുവരി 23 ന് എയർ ഫോഴ്‌സിൽ 15 വർഷം പുർത്തിയായതിന്റെ അടുത്ത ദിവസം തന്നെ വ്യക്തിപരമായ ബുദ്ധിമുട്ടുകൾ പരിഗണിച്ച് എത്രയും വേഗം സർവീസിൽ നിന്നും വിടുതൽ തരണമെന്നു കാണിച്ചുകൊണ്ടുള്ള അപേക്ഷ ഓഫീസിൽ സമർപ്പിച്ചു.
ഏറിയാൽ രണ്ടു മാസത്തിനുള്ളിൽ എല്ലാം ശരിയാവുമെന്നാണു പ്രതീക്ഷ.
അന്നു ജോലിയും കഴിഞ്ഞ് ഉച്ചയ്ക്കു ഭക്ഷണത്തിനിരിക്കുമ്പോളാണ് ജനറൽ റീകാൾ സൈറൺ മുഴുങ്ങുന്നത്.
പാകിസ്ഥാൻ അതിർത്തിയിൽ അവർ സേനാവിന്യാസം നടത്തിയിരിക്കുന്നു,
ഇന്ത്യയും അതിനു മറുപടിയായി സേനാവിന്യാസം നടത്തുകയാണ്.
സ്ഥിതിവിശേഷങ്ങൾ കലുഷിതമായതു വളരെ പെട്ടന്നായിരുന്നു.
അവധിയിലുണ്ടായിരുന്ന എല്ലാവരോടും ഉടൻ തിരിച്ചു റിപ്പോർട്ടു ചെയ്യാനുള്ള മെസ്സേജ് കൊടുത്തു.
യുദ്ധ വിമാനങ്ങളുടെ സ്ക്വാഡ്രനുകൾ ഓപ്പറേഷൻ പ്ലാനിങ്ങ് അനുസരിച്ചു പരസ്പരം സ്ഥലം മാറ്റി.
മൊബൈൽ ഒബ്സെർവഷൻ ഫോഴ്‌സുകാരെ അതിർത്തി പ്രദേശങ്ങളിൽ വിന്യസിച്ചു,
മൊബൈൽ ട്രോപോ യൂണിറ്റുകൾ തന്ത്ര പ്രധാനമായ സ്ഥലങ്ങളിൽ നിലയുറപ്പിച്ചു,
രണ്ട് ആർമി യൂണിറ്റുകൾ കൂടി ഉത്തർലേയിലെത്തി. എയർ ഫോഴ്‌സ് സ്റ്റേഷൻ രണ്ടു ദിവസം കൊണ്ട് നേരത്തെ ഉണ്ടായിരുന്നതിലും നാലിരട്ടി ആൾക്കാരെക്കൊണ്ടു നിറഞ്ഞു.
എല്ലാ വിഭാഗങ്ങളിലും സ്‌പെഷലൈസ് ചെയ്തവർ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു.
ഉണ്ടായിരുന്ന ട്രഞ്ചുകളെല്ലാം മിനുക്കിയെടുക്കുകയും പുതിയവ കുഴിക്കുകയും ചെയ്തു.
രാത്രികാലങ്ങളിൽ അപായ സൈറൺ മുഴങ്ങുമ്പോൾ പേടിച്ചരണ്ട എലികളെപ്പോലെ ഞങ്ങൾ ട്രൂഞ്ചുകളിലേക്കോടി.
എങ്ങും യുദ്ധ സമാനമായ സാഹചര്യം.
ഒരു യുദ്ധമുണ്ടായാൽ അതിർത്തിയോടു വളരെയടുത്തുള്ള, യുദ്ധവിമാനങ്ങളുടെ സങ്കേതമായ ഉത്തർ ലേയിൽ, ആക്രമണം ഉണ്ടാകുമെന്നതു തീർച്ചയാണ്. അതുകൊണ്ട് മുൻകരുതലുകളും പരിശീലനവുമെല്ലാം കൃത്യതയോടെ നടത്തി. ദിനചര്യകളിൽ നിന്നും അകന്ന് മറ്റൊന്നിനെപ്പറ്റിയും ചിന്തിക്കാൻ ആർക്കും സമയം കിട്ടിയില്ല.
പ്രിയപെട്ടവരുമായി ഇനിയൊരു കൂടിച്ചേരൽ സാധ്യമാവുമോ എന്ന ആശങ്കകളൊക്കെ ആദ്യദിവസങ്ങളിൽ എല്ലാവരെയും അലട്ടിയിരുന്നു. പരസ്പരം സംസാരിക്കുന്നതു തന്നെ വരെ വളരെ കുറച്ചു മാത്രം.
സാഹചര്യവുമായി വളരെ വേഗം ഞങ്ങൾ പൊരുത്തപ്പെട്ടു. ഒരേ ലക്ഷ്യവും ഒരേ മനസ്സു മായി ഓരോരുത്തരിലും നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വങ്ങൾ കൃത്യതയോടെ ചെയ്തു തീർത്തു.
മിഗ് വിമാനങ്ങൾ പരിശീലനപ്പറക്കലുകൾ നടത്തുമ്പോൾ റിഹേഴ്‌സൽ സൈറൺ മുഴങ്ങുന്നത് പലപ്പോഴും നെഞ്ചിടിപ്പ് വർധിപ്പിച്ചു; മുകളിൽ പറക്കുന്നതു ശത്രുവിമാനമാണോ എന്നു തീർച്ചയില്ലല്ലോ.
യുദ്ധം തുടങ്ങുന്ന നിമിഷത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ഒരാഴ്ചയോളം നീണ്ടു.
ഈ അനിശ്ചിതാവസ്ഥയിലും നല്ലതു സാക്ഷാൽ യുദ്ധം തന്നെയെന്നു ഞങ്ങളറിഞ്ഞു; അത്രയ്ക്കും വലുതായിരുന്നു അപ്പോളത്തെ മാനസിക പിരിമുറുക്കം.
ഇരു രാജ്യങ്ങളിലെയും സൈനിക നേതൃത്വവും വിദേശകാര്യ മന്ത്രാലയവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചകൾ ഫലം കണ്ടു; അതിർത്തിയിൽ സേനാപിന്മാറ്റത്തിനു ധാരണയായി.
യുദ്ധ മുന്നണിയിലുള്ള ഒരു പട്ടാളക്കാരന്റെ മാനസികാവാസ്ഥ എന്തായിരിക്കുമെന്ന് അനുഭവിച്ചറിയാനായതാണ് വെടി പൊട്ടാതെ പോയ ഈ യുദ്ധസന്നാഹത്തിലൂടെ ഭ്യമായത്.
മുന്നിലുള്ളത് സ്വന്തം ജീവനും രാജ്യത്തിന്റെ സുരക്ഷക്കും ഭീഷണിയായിട്ടുള്ള ശത്രുവാണ്. അവന്റെ മുൻപിൽ തോറ്റുകൊടുത്താൽ ആദ്യം നഷ്ടപ്പെടുന്നത് സ്വന്തം ജീവൻ, ചില സാഹചര്യങ്ങളിൽ നഷ്ടപ്പെടുന്ന ആ ഒരു ജീവനായിരിക്കും യുദ്ധഗതി വരെ മാറ്റി മറി ക്കുന്നത്.
സ്വയ രക്ഷക്കുവേണ്ടിയുള്ള ശതുസംഹാരം അതും രാജ്യത്തിനുവേണ്ടിയാവുമ്പോൾ പ്രകീർത്തിക്കപ്പെടുന്നു.
യുദ്ധക്കെടുതികളെപ്പറ്റി കേട്ടറിവു മാത്രമുള്ളവർ, പട്ടാളക്കാരെ , മറ്റൊരു ജോലിയും കിട്ടാതായപ്പോൾ ജീവിത മാർഗം തേടിപ്പോയവർ എന്നു മുദ്രകുത്തി അപമാനിക്കുമ്പോളും, ചിലപ്പോളെങ്കിലും മേലധികാരികൾ പാവകളിപ്പിക്കുമ്പോളും ഒരു മിലിട്ടറിക്കാരനാവാൻ തീരുമാനിച്ചതിൽ ആശങ്കപ്പെടുന്നവർ കണ്ടേക്കാം.
എന്നാൽ യുദ്ധമുന്നണിയിൽ ആർക്കും, പട്ടാളക്കാരനാകാനെടുത്ത തീരുമാനത്തെപ്പറ്റി സംശയങ്ങളില്ല.
ഏതാണ്ട് രണ്ടാഴ്ചകൾ കൊണ്ട് എല്ലാം വീണ്ടും പഴയതു പോലായി.
മറ്റു സ്ഥലങ്ങളിൽ നിന്നും വന്നിരുന്നവരെല്ലാം വീണ്ടും തിരിച്ചു പോയി.
എന്റെ വിടുതൽ ആപ്ലിക്കേഷൻ അംഗീകരിച്ചുകൊണ്ടുള്ള മെസ്സേജ് വന്നു. മെയ് മാസത്തിൽ എനിക്ക് സർവീസിൽ നിന്നും പിരിയാം.
15 വർഷവും ഏതാനും മാസങ്ങളും ദീർഘിച്ച എയർ ഫോഴ്‌സു ജീവിതത്തോടു വിട പറയുമ്പോൾ സുരക്ഷിതത്വവും ആദരവുമുൾപ്പെടെ പലതും നഷ്ടപ്പെട്ടെങ്കിലുംങ്കി ഒരു സാധാരണ പൗരന്റെ സ്വാതന്ത്ര്യവും സ്ഥിരതയുമുള്ള ജീവിത സാഹചര്യങ്ങൾ ആസ്വദിക്കുകയായിരുന്നു പുറത്തു പോരുവാനുള്ള തീരുമാനത്തിനു പിന്നിൽ.