ദിശാബോധമില്ലാത്ത വനിതാ ആക്ടിവിസ്റ്റുകൾ
വനിതാ ആക്ടിവിസം എന്നാൽ പുരുഷനെതിരെ നിലപാടുകളെടുക്കുകയും അതിനായി പ്രേരിപ്പിക്കയും ചെയ്യലാണെന്ന അബദ്ധ ധാരണ വെച്ചു പുലർത്തുന്നവരാണ് കേരളത്തിലെ ആക്ടിവിസ്റ്റുകളിൽ അധികവും.
കായികമായ പരിമിതികൾപോലും അംഗീകരിക്കാൻ തയാറാവാതെ സ്ത്രീ സമത്വത്തിനു വേണ്ടി നിലകൊള്ളുന്ന ആക്ടിവിസ്റ്റുകൾ ഈ കുറിപ്പ് വായിക്കുന്നത് ഉപകാരപ്രദമായേക്കാം.
ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം, നമ്മളറിയുന്ന ഏറ്റവും ശക്തയായ സ്ത്രീ കഥാപാത്രം ഒരു പക്ഷെ 16 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്നെന്നു കരുതപ്പെടുന്ന പുത്തൂരം - ആറ്റും മണമേലെ ഉണ്ണിയാർച്ച യായിരിക്കണം. അല്ലിമലർക്കാവിലെ കൂത്തു കാണാനായി ഭർത്താവിനൊപ്പം പുറപ്പെട്ട ഉണ്ണിയാർച്ചയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ജൊനക മാപ്പിള സംഘത്തെ, ഒറ്റക്കെതിരിട്ടു കീഴ്‌പ്പെടുത്തിയ ആർച്ച, മലയാളി മനസ്സിൽ സ്ത്രീശക്തിയുടെ പ്രതീകമായി നിലകൊള്ളുന്നു.
1857 ൽ ബ്രിട്ടീഷു കാർക്കെതിരെ പട നയിച്ച ഝാൻസി റാണി- ലക്ഷ്മിഭായി യാണ് ഇന്ത്യൻ ചരിത്രത്തിൽ സ്ത്രീ ശക്തിയായി അറിയപ്പെടുന്ന മറ്റൊരു കഥാപാത്രം.
ഇവർ രണ്ടു പേരും കായികമായും,നെഞ്ചുറപ്പിലും പുരുഷനെ പിന്നിലാക്കിയവർ, ആദരിക്കപ്പെടുന്നവർ.
അടുത്തത് ഇന്ത്യൻ പ്രധാനമന്ത്രി പദമലങ്കരിച്ചിരുന്ന ഇന്ദിരാ ഗാന്ധി യാണ്. ഇന്ദിരാ ഗാന്ധി പക്ഷെ നെഹ്‌റു കുടുംബത്തിൽ സ്വർണകരണ്ടിയുമായി ജനിക്കാൻ ഭാഗ്യം ലഭിച്ചതുകൊണ്ട് നേതൃ സ്ഥാനത്തേയ്ക്ക് ഉയർത്തപ്പെട്ടതാണ്. ഒരു സാധരണ പ്രവർത്തകയിൽ നിന്നും നേതൃപാടവം കൊണ്ടു പുരുഷന്മാരെ പിന്നിലാക്കി പ്രധാനമന്ത്രി പദത്തിലെത്തിയവരല്ലെന്നു സാരം
ഉരുക്കു വനിതയെന്നറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗ്രറ്റ് താച്ചറും, ജർമൻ ചാൻസലർ ആൻജെലാ മെർക്കലും ലോക നേതാക്കളിൽ പുരുഷകേസരികളെ വെല്ലുന്ന നേതൃപാടവം പ്രകടിപ്പിച്ചവരാണ്.
ചരുക്കം ചിലരുടെ മാത്രം പേരുകൾ പരാമർശിക്കുമ്പോൾ വിവിധ മണ്ഡലങ്ങളിലെ പ്രവർത്തന മികവിലൂടെ ലോകപ്രശസ്തരായ വനിതകളെ ഇവിടെ മറക്കുന്നില്ല.
ലോക പ്രശസ്തരായ വനിതകളുടെ ലിസ്റ്റെടുക്കുമ്പോൾ നമുക്ക് കാണുവാൻ സാധിക്കുന്നത്, അവരെല്ലാവരും തന്നെ കുടുംബിനികളായിരുന്നെന്നും, ഭർത്താവും മക്കളുമൊത്തു കുടുംബജീവിതം
നയിച്ചവരായിരുന്നെന്നതുമാണ്. പരുഷനെ അംഗീകരിച്ചു സ്ത്രീയായി ജീവിച്ചു വിജയം വരിച്ചവർ, പ്രകൃതിദത്തമായി ജീവിച്ചവർ.
വനിതാ ആക്ടിവിസമെന്നു പറഞ്ഞാൽ സ്ത്രീകൾ പുരുഷനെപ്പോലെ ആകുന്നതല്ല. കായികമായി പുരുഷനോടു മത്സരിക്കാൻ പ്രാപ്തരാകുമ്പോളാണ് ആക്ടിവിസ്റ്റുകൾ ലക്ഷ്യപ്രാപ്തിയിലെത്തുന്നതെന്നുള്ള ചിന്ത തന്നെ അബദ്ധമാണ്.
സ്ത്രീക്കും പുരുഷനും വ്യത്യസ്തമായ ശാരീരിക കഴിവുകൾ സ്വായത്തമായിരിക്കെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വളരുവാനാണ് സ്ത്രീകൾ ശ്രമിക്കേണ്ടതും, ആക്ടിവിസ്റ്റുകൾ പഠിപ്പിക്കേണ്ടതും. ഇന്നത്തെ ആധുനികതയിൽ പരിമിതികൾ തന്നെ പരിമിതമായിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഇക്കാലത്തു മസിൽ പവർ ഉപയോഗിക്കേണ്ട ആവശ്യകത യുദ്ധമുഖങ്ങളിൽ പോലും കുറഞ്ഞു വരുകയാണ്.
പുരുഷ മേധാവിത്വം പറഞ്ഞു കയ്യടക്കി വയ്ക്കാവുന്ന മേഖലകൾ അപ്രത്യക്ഷമാകുന്ന കാലം വിദൂരമല്ലെന്നു സാരം.
കന്മദം സിനിമയിലെ മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ മാനസികാവസ്ഥ സൂക്ഷിക്കുന്നവരോ അങ്ങനത്തെ ഒരു മുഖം മൂടി അണിയാൻ നിർബന്ധിതരാക്കപ്പെട്ടവരോ ആണ് ഒരു നല്ല വിഭാഗം സ്ത്രീകളും. അതിനു കാരണം വിദ്യാഭാസത്തിന്റെ കുറവും, ദാരിദ്ര്യവും, അതുമൂലമുണ്ടാകുന്ന ആത്മ വിശ്വാസമില്ലായമയുമാണ്.
തങ്ങളെ അടിമകളും ഉപകരണങ്ങളുമാക്കി ധനസമ്പാദനം നടത്തുന്ന പുരുഷ ഇത്തിക്കണ്ണികളിൽ നിന്നും രക്ഷപെടുവാൻ അവർക്കു പല മുഖം മുടികളും അണിയേണ്ടി വരുന്നു.
കായികമായി അവരെ എതിർക്കാനുള്ള ശക്തി സംഭരിക്കലാണ് അവർ തിരഞ്ഞെടുക്കുന്ന ഒരു മാർഗം, അല്ലെങ്കിൽ അതിനു വേണ്ടി ഗുണ്ടാ സംഘങ്ങളെ ഏർപ്പെടുത്തും; രണ്ടും സ്വയം വിന വരുത്തി വയ്ക്കലാണ്.
ആക്ടിവിസ്റ്റുകളുടെ മുഖം മൂടിയുണ്ടെങ്കിലും പുരുഷനെ മുന്നിൽ നിറുത്തി സ്ത്രീകളെ തന്നെ ഉപഭോഗ ചരക്കാക്കി മാറ്റുന്നവരും കുറവല്ല.
സൃഷ്ടിയിൽ തന്നെ വ്യത്യസ്തത പുലർത്തുന്ന രണ്ടു ലിംഗ-വിഭാഗങ്ങൾ തമ്മിൽ മത്സരിക്കുന്നതിന്റെ അപ്രായോഗികത മനസ്സിലാക്കി സ്ത്രീ സമത്വത്തിനു വേണ്ടി വികസിത രാജ്യങ്ങൾ സ്വീകരിച്ച മാർഗങ്ങൾ പരിശോധിക്കുന്നത് ഉപകാരപ്പെട്ടേക്കാം
1971 വരെ സമ്മതി ദായക അവകാശം പോലും അന്യമായിരുന്ന സ്വിറ്റ്‌സർലണ്ടിലെ വനിതകൾ ഇന്ന് അവരുടെ ഫെഡറൽ കൗൺസിലിലെ 7 ൽ മൂന്നു സ്ഥാനങ്ങളും കൈയടക്കി വച്ചിരിക്കുന്നു. സംവരണത്തിലൂടെയല്ല, പുരുഷനും സ്ത്രീയ്ക്കും സ്വതന്ത്രമായി മത്സരിക്കാവുന്ന ജനറൽ സീറ്റുകളിൽ നിന്നാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടത്.
ജനാധിപത്യം, ജനങ്ങളുടെ നേരിട്ടുള്ള ഇടപെടലിലൂടെ (Direct Democracy) നടത്തപെടുന്ന സ്വിസ്സിൽ, പുരുഷന്മാരേക്കാളധികം സ്ത്രീകളാണ് രാഷ്ട്രീയ രംഗത്തുള്ളത്. സാമ്പത്തികമായും, ജീവിതസൗകര്യങ്ങളിലും ലോക രാഷ്ട്രങ്ങൾക്കു മുൻപന്തിയിലുള്ള സ്വിറ്റസർലണ്ടിൽ വനിതകൾ ഭരണസാരഥ്യമേറ്റെടുത്തിരിക്കുന്നതുകൊണ്ടു കുറവുകളൊന്നും സംഭവിച്ചിട്ടില്ല.
പടിഞ്ഞാറൻ രാജ്യങ്ങളിലെല സ്ത്രീകൾ മിക്കവാറും എല്ലാ മേഖലകളിലും സ്വന്ത്രരാണ്. അവരുടെ വ്യക്തി ജീവിതത്തിലും, പങ്കാളികളെ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിലുമൊന്നും കുടുംബവും സമൂഹവും ഇടപെടാറില്ല. ഒഴിവു സമയങ്ങളിലും വൈകുന്നേരങ്ങളിലും അവർക്കു സ്വതന്ത്രമായി സഞ്ചരിക്കാം. വിവാഹം കഴിച്ചോ കഴിക്കാതെയോ ഒരുമിച്ചു ജീവിക്കാം. സ്വവർഗത്തോടൊപ്പവും വിവാഹം കഴിച്ചും കഴിക്കാതെയും ജീവിക്കാം. രജിസ്റ്റർ ചെയ്തു ജീവിക്കുന്ന സ്വവർഗത്തിലുള്ളവർക്കു കുട്ടികളെ ദെത്തെടുക്കാം. അല്ലെങ്കിൽ കൃത്രിമ മാർഗങ്ങളിലൂടെ സ്വന്തം കുഞ്ഞിനെ വളർത്താം.
ഒത്തു ജീവിതത്തിലുടെയോ,അല്ലാതെയോ ഒരു കുഞ്ഞു ജനിച്ചാൽ അതിനെ വളർത്തുവാനുള്ള ഉത്തരവാദിത്വം സ്ത്രീയുടെ കൈയിലേൽപ്പിച്ചു പൊടിയും തട്ടി പോകാൻ ആരെയും അനുവദിക്കില്ല.
ഈ സാമൂഹിക വ്യവസ്ഥിതികൾക്കെല്ലാം നിയമപരിരക്ഷയുള്ളതു കൊണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നു.
ഈയൊരു നിലവാരത്തിലേക്കുള്ള സമൂഹത്തിന്റെ വളർച്ചയ്ക്ക് കാരണം, ഭരണത്തലങ്ങളിലേക്കുള്ള വിദ്യാ സമ്പന്നരായ സ്ത്രീകളുടെ കടന്നുവരവാണ്. തീരുമാനങ്ങളെടുക്കുന്ന സഭകളിൽ വർദ്ധിതമായ സ്ത്രീസാന്നിധ്യം തുല്യ നീതി ഉറപ്പു വരുത്തുന്നു.
ഇന്ത്യയിൽ പ്രത്യേകിച്ചു കേരളത്തിൽ ഇല്ലാതെ പോകുന്നതും ഭരണത്തലത്തിലുള്ള സ്ത്രീസാന്നിധ്യമാണ്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ പെൺകുട്ടികൾ യൂണിവേഴ്സിറ്റികളിൽ വരെ ഭൂരിപക്ഷമാണ്. ബുദ്ധികൂർമതയിലും അവർ ആൺകുട്ടികളെ പിന്നിലാക്കിയിരിക്കുന്നു. സിവിൽ സർവീസ് പരീക്ഷകളിൽ വിജയികളാവുന്ന പെൺകുട്ടികളുടെ എണ്ണവും ഓരോ തവണയും വർധിച്ചു വരുന്നു. പ്രതിരോധ മേഖലകളിലേയ്ക്കുപോലും പെൺകുട്ടികൾ കടന്നു വന്നുകൊണ്ടിരിക്കുന്നു.
ഇതെല്ലാം സാധിക്കുമ്പോളും എന്തുകൊണ്ടാണ് ഇവർ വിവേചനമനുഭവിക്കുന്നത് ! തിരഞ്ഞെടുക്കപ്പെട്ടാൽ പോലും ആൻമേധാവിത്വത്തിനെതിരെ ശബ്ദമുർത്താനാവാതെ പുരുഷമേധാവിത്വം കൊടികുത്തിവാഴുന്ന പാർട്ടിവേദികളിൽ നിശ്ശബ്ദമാക്കപ്പെടുന്ന സ്ത്രീശബ്ദം, സിവിൽ സർവിസിൽ ഉന്നത വിജയം നേടി ജോലിയിൽ പ്രവേശിച്ചിട്ടും സ്വന്തം മനഃസാക്ഷിക്കു വിരുദ്ധമായ നിലപാടുകളെടുക്കാൻ നിർബന്ധിതരാവുന്ന, സ്ത്രീസുരക്ഷക്കുവേണ്ടി ഒന്നും ചെയ്യാനവാതെ പകച്ചു നിനിൽക്കുന്ന വനിതാ ഓഫീസർമാർ.
നിങ്ങൾ ഈ നിസ്സംഗത വെടിഞ്ഞ് കർമ്മനിരതരാവാത്തിടത്തോളം, നില നിൽക്കുന്ന സാഹചര്യങ്ങൾക്ക് യാതൊരു വ്യത്യാസവും സംഭവിക്കാൻ പോകുന്നില്ല.
കൂടുതൽ വനിതകൾ രാഷ്ട്രീയത്തിൽ വ്യാപൃതരാവണം, തിരഞ്ഞെടുപ്പുകളിൽ മത്സരിക്കണം, പുരുഷൻമാരുടെയും പാർട്ടിചിന്തകളുടെയും ചട്ടക്കൂടുകളിൽ നിന്നും സ്വതത്രരായി സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനും നടപ്പിലാക്കാനും മുൻകൈയെടുക്കണം.
സിവിൽ സർവീസ് പാസായി വരുന്ന പെൺകുട്ടികൾ ഭരണയന്ത്രത്തിന്റെ അടിമകളായി പോകാതെ നീതിപൂർവകമായ സമീപനങ്ങളെടുക്കണം.
നിയമ പരിരക്ഷയില്ലാത്ത സാമൂഹിക വ്യവസ്ഥിതിയിൽ ഒത്തു ജീവിതം പ്രഘോഷിക്കുന്നതിനെ ആക്ടിവിസമായോ വ്യക്തി സ്വാതന്ത്ര്യമായോ വിലയിരുത്തുന്നതിൽ അർത്ഥമില്ല.
ഒരു കുട്ടിയെ തന്നിട്ട് പുരുഷൻ ഉപേക്ഷിച്ചാൽ വഴിയാധാരമാവുന്നതു ജീവിതമായിരിക്കും.
സ്ത്രീകൾ ജെട്ടി ധരിക്കാത്തതിനെയോ, വൈബ്രേറ്റർ ഉപയോഗിച്ചു സ്വയം ഭോഗം നടത്തുന്നതിനെയോ ആക്ടിവിസമാണെന്നും നവീനമെന്നും ധരിചു യു ട്യൂബ് വഴി പ്രചാരണം നടത്തുന്നതും മൗഢ്യം;
ജെട്ടി വാങ്ങാൻ പോലും പൈസ കൈയിലില്ലാതിരുന്ന ഒരു തലമുറ മുൻപ് ഈ കേരളഭൂവിൽ ജീവിച്ചിരുന്നു.