കറുത്ത സായിപ്പ്

 കറുത്ത സായിപ്പ്


വെളുത്ത നിറത്തോടുള്ള ആരാധനയാണ് വാസ്തവത്തിൽ ഇൻഡ്യാക്കാരെ വെള്ളക്കാരന്റെ അടിമയാക്കി മാറ്റിയത്. തൊലി വെളുപ്പില്ലാഞ്ഞവന്റെ സ്വന്തം നിറത്തോടുള്ള അപകർഷതാ ബോധം .. .ഉഷ്ണമേഖലാപ്രദേശങ്ങളിലെ കാലാവസ്ഥയും ജനതിക പൈതൃകവും കൊണ്ട് ജനതയുടെ നിറം ഇരുണ്ടതാവുമ്പോൾ  ഈ പ്രദേശങ്ങളിൽ തൊലി വെളുപ്പോടെ ജനിക്കുന്നവർ ആരാധ്യരാവുന്നു. സൗന്ദര്യത്തിന്റെ മാനദണ്ഡം വരെ വെളുത്ത നിറമായിരിക്കും. വിവാഹ കമ്പോളങ്ങളിൽ വെളുത്ത നിറമുള്ള പെണ്ണിനും ആണിനും വൻ ഡിമാൻഡാണ്. ഇരുണ്ട നിറത്തെ വെളുപ്പാക്കി മാറ്റാനുതകുന്ന സൗന്ദര്യ വർധക  ഉപാധികൾ വിറ്റും ചികിത്സാ രീതികൾ നിർദ്ദേശിച്ചുമൊക്കെ ഉപജീവന മാർഗം കണ്ടെത്തുന്നവർ വർധിച്ചു വരുന്ന ഇന്ത്യയിൽ സായിപ്പിന്റെ നിറത്തോടുള്ള സ്വീകാര്യതയ്ക് ഇന്നും കോട്ടമൊന്നും സംഭവിച്ചിട്ടില്ല.
എന്തിനേറെ, ഭരണതലത്തിലെ  നെഹ്‌റു കുടുംബത്തിന്റെ ആധിപത്യത്തിനു  പോലും അവരുടെ തൊലി നിറം സഹായകമായി എന്നത് പച്ചയായ യാഥാർഥ്യം മാത്രം. വടക്കേ ഇന്ത്യയിലെ ഉൾഗ്രാമങ്ങളിൽ ഇരുണ്ട നിറക്കാരായ പട്ടിണിക്കോലങ്ങളുടെ മുന്പിലേയ്ക്ക് ആഡംബര കാറുകളിൽ നിന്നിറങ്ങി പ്രത്യക്ഷപ്പെടുന്ന തൊലിവെളുപ്പുള്ള നേതാക്കൾ അവർക്കു ദൈവതുല്യരാണ്‌. ഇവരുടെ നിറമുള്ള ഒരു ഫോട്ടോ പതിക്കുന്നതോടെ അവരുടെ തിരഞ്ഞെടുപ്പു വിജയം സുനിശ്ചിതമായിരുന്നു. ഇങ്ങനത്തെ  ദൈവങ്ങളാണ് കാലങ്ങളോളം ഇന്ത്യ ഭരിച്ചത്.

എന്നാൽ സായിപ്പും വെറും സാധാരണ മനുഷ്യരാണെന്നും കുശുമ്പിനും കുന്നായ്മക്കുമൊന്നും മറ്റാരേക്കാളും പിന്നിലല്ലെന്നും അവരുമായി അടുത്തിടപഴകുമ്പോൾ മാത്രമാണ് നമുക്കു ബോധ്യമാവുക.
വിയന്നയിലെത്തിയ എനിക്ക് ഇലക്ട്രോണിക്‌സ് മേഖലയിൽ ഒരു ജോലി കിട്ടാൻ വളരെ ബുദ്ധിമുട്ടേണ്ടി വന്നു. ആതുര സേവന രംഗത്തൊഴിച്ചു മറ്റെവിടെയെങ്കിലും ജോലി ചെയ്യണമെങ്കിൽ വിദേശികൾക്ക് ഗവൺന്മെന്റിന്റെ  അനുവാദമുണ്ടായിരിക്കണം. ഭാഷയൊക്കെ പഠിച്ചു ജോലി ചെയ്യുവാനുള്ള അനുവാദം  കിട്ടിയപ്പോളേക്കും രണ്ടു വർഷം കഴിഞ്ഞുപോയി. പേരുകേട്ട പല കമ്പനികളിലും ജോലിക്കായി ശ്രമിച്ചെങ്കിലും നിരാശനാകേണ്ടി വന്നു. അവസാനം  നഗര മദ്ധ്യത്തിലുള്ള, Mariahilferstrasse  യുടെ അടുത്തു, Print  -Technik എന്നു  പേരുള്ള ഒരു ചെറിയ കമ്പനിയിൽ ജോലി കിട്ടി. കമ്പ്യൂട്ടറുകൾക്ക് വേണ്ടിയുള്ള ബാക്ക് അപ്പ് ഉപകരണങ്ങൾ നിർമിക്കലായിരുന്നു ജോലി. കമ്പനിയിലെ ഗവേഷണ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പുതിയ ഉപകരണങ്ങൾ നിർമിച്ചു നൽകിയ ഞങ്ങളുടെ ഉൽപന്നങ്ങൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. സോഫ്റ്റ് വയർ ടെക്‌നിക്സ് ഇന്നത്തെതു പോലെ പുരോഗമിച്ചിട്ടില്ലാതിരുന്നതിനാൽ ഇന്നു നമ്മൾ മൗസ് കൊണ്ടു  ചെയ്യുന്ന ഫോട്ടോ ഷോപ്പ് പെയിന്റിംഗ് തുടങ്ങി പല  കാര്യങ്ങളും മറ്റുപകരണങ്ങൾ ഘടിപ്പിച്ചിട്ടാണ് ചെയ്തു പോന്നത്. 

സർക്യൂട്ട് ഡയഗ്രവും ആവശ്യമുള്ള കമ്പോണന്റ്സും മേശയിലെത്തും. ഡയഗ്രം നോക്കി അതു ചെയ്തു തീർക്കണം. ടെസ്റ്റു ചെയ്തു പ്രവർത്തന സജ്ജമാക്കി സ്പെഷ്യൽ കേസിൽ ആക്കിയാൽ ഉൽപന്നം വിൽപ്പനയ്ക്കു റെഡിയായി. എടുത്തു ഷോ കേസിൽ വയ്ക്കാത്ത താമസം സാധനം വിറ്റു  പോകും  അത്രയ്ക്കു  ഡിമാൻഡ് ആയിരുന്നു Print - Technik ലെ ഉത്പന്നങ്ങൾക്ക്.
മുൻഗാമി വേറെ ജോലി കിട്ടി പോയതു  കൊണ്ടാണ് എനിക്കവിടെ അവസരം ലഭിച്ചത്.  7000 ഷില്ലിങ്ങിനു വിലയുള്ള  രണ്ടു സോഫ്റ്റ് വയർ സപ്പോർട്ടിങ് ഉൽപന്നങ്ങൾ   അയാൾ ഒരു ദിവസം പൂർത്തിയാക്കിയിരുന്നു.. എനിക്കും അതു സാധിച്ചേക്കുമെന്നു കമ്പനിയുടമ ന്യായമായും പ്രതീക്ഷിച്ചു. 
172 വിവിധ കൊമ്പോണന്റുകൾ പടം നോക്കി, തെറ്റു   വരാതെ, പ്രിന്റഡ് ബോർഡിൽ വിള ക്കി ചേർക്കണം; ഒരെണ്ണമെങ്ങാനും മാറിപ്പോയാൽ ഉപകരണം പ്രവർത്തിക്കില്ല. മൂന്നു മാസങ്ങൾ പിന്നിട്ടപ്പോൾ, മുൻഗാമിയുടെ  രണ്ടു പീസ് ലക്‌ഷ്യം ഞാനും കൈ വരിച്ചു. കടയുടമ സന്തുഷ്ടനായിരുന്നു, എന്റെ ജോലിയും സ്ഥിരപ്പെട്ടു.
ആറു  മാസങ്ങൾ പിന്നിടുമ്പോഴേയ്ക്കും ബോർഡിൽ നിരത്തേണ്ട 172 കമ്പോണന്റുകൾ മനഃപാഠമായിരുന്നു. പ്രൊഡക്ഷൻ എണ്ണം രണ്ടിൽ നിന്നും അഞ്ചായി ഉയർന്നു. ശമ്പള വർധവോടെ  കമ്പനിക്കും കടയുടമയ്ക്കും വേണ്ടപ്പെട്ടവനായി മാറി.

ഞങ്ങൾ ആറു  പേരാണ് അവിടെ ജോലി ചെയ്തിരുന്നത്. പ്രോഡക്ക്ഷനിൽ എന്നോടൊപ്പം രണ്ടു പോളണ്ടുകാരും, ഒ രാൾ ഓസ്ട്രിയക്കാരനും. പോളണ്ട് കാർ രണ്ടു പേരും വര്‍ഷങ്ങളായി അവിടെ ജോലി ചെയ്യുന്നവരാണ്. എന്റെ മേശയോടടുത്തിരുന്നു ജോലി ചെയ്യുന്നവൻ നേരത്തെ അവിടെ  ജോലി ചെതിരുന്നവന്റെ അടുത്ത സുഹൃത്തായിരുന്നു, തുടക്കത്തിൽ അവനെ പുകഴ്ത്തി പറയുകയും സാധാരണമായിരുന്നു. ജോലിയിലുള്ള എന്റെ പുരോഗതിയിൽ അസ്വസ്ഥനായ അവൻ എന്നോടുള്ള സംസാരം കുറച്ചു. ഒരു ദിവസം രാവിലെ ജോലി തുടങ്ങുമ്പോൾ തലേ ദിവസം പൂർത്തിയാക്കി വച്ചിരുന്ന ബോർഡുകൾ ഒന്ന് കുടി ഉറപ്പു വരുത്തി പാക്കിങ് കേസിൽ ഇടാനുള്ള തയാറെടുപ്പിലായിരുന്നു. അപ്പോളാണ് അതിലെ നാലഞ്ചു  കംപോണന്റുകളിലെ വിളക്കുകളിലുള്ള അസ്വാഭാവികത ശ്രദ്ധയിൽ പെട്ടത്. വീണ്ടും എല്ലാം പരിശോധിച്ചപ്പോൾ മനസ്സിലായി, തലേദിവസം ചെയ്ത എല്ലാ ബോർഡുകളിലെയും അഞ്ചു കംപോണന്റുകൾ മാറ്റി പിടിപ്പിച്ചിരിക്കുന്നു.

മേധാവിയുടെ അടുത്ത് പരാതിപ്പെട്ടാലോ എന്നാണു ആദ്യം ചിന്തിച്ചത്, എന്നാൽ തെളിവുകളില്ലാതെ ആർക്കെതിരെ പരരാതിപ്പെടാൻ. ഭാവവ്യത്യാസങ്ങളൊന്നും കാട്ടാതെ എല്ലാം പഴയപടിയാക്കി ജോലി തുടർന്നു. പിന്നീടുള്ള  ആഴ്ചകളിൽ പല തവണ എന്റെ ജോലി ഈ രീതിയിൽ തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഡയഗ്രം മനഃപാഠമായിരുന്നതിനാൽ എന്നെ ബുദ്ധിമുട്ടിക്കാൻ അവനു  സാധിച്ചില്ല. പോളണ്ട് കാരൻ സായിപ്പുമായി  ഒന്നും സംഭവിക്കാത്തതുപോലെ പഴയതു പോലെ അടുത്തിരുന്നു ജോലി തുടർന്നു. 

Print-Te  chnik ൽ ജോലി തുടങ്ങി ഒരു വർഷം തികയുമ്പോളേക്കും സ്വിറ്റ്‌സർലാൻഡിലേക്കുള്ള മാറ്റം തീർച്ചയാക്കിയിരുന്നു. അഞ്ചാഴ്ചത്തെ അവധി കഴിഞ്ഞു തിരിച്ചെത്തുമ്പോൾ രാജിക്കത്തു  കൊടുക്കാമെന്നു തീരുമാനിച്ചാണ് അവധിക്കു പോയത്. 
തിരിച്ചെത്തിയപ്പോൾ അടുത്തിരുന്നു ജോലി ചെയ്തിരുന്ന പോപോളണ്ടു  കാരനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു.രാവിലെ ആറു മണിക്കു 
 കമ്പനിയിലെത്തി പല്ലു തേയ്പ്പും  ടോയ്‌ലറ്റും  കുളിയും തേവാരവുമൊക്കെ നടത്തി ഇതെല്ലാം ജോലി സമയത്തിൽ എഴുതിച്ചേർത്തിരുന്ന അവനെ ഒരു ദിവസം നേരത്തേയെത്തിയ കടയുടമകൈയോടെ പിടിച്ചു. അത് അവന്റെ അവസാനത്തെ ജോലിദിവസമായിരുന്നു.

.എന്റെ രാജിക്കത്ത് അവർഒട്ടും  പ്രതീക്ഷിച്ചിരുന്നില്ല. ശമ്പള വർധനവും ആനുകുല്യങ്ങളുമൊക്കെ വാഗ്ദാനം ചെയ്‌തെങ്കിലും വിയന്നയോടു വിട പറയാനുള്ള തീരുമാനം ഉറച്ചതായിരുന്നു.