ഓർമ്മക്കുറിപ്പുകൾ (19)
Pune
അതുല്യ പ്രതിഭകൾ (2 )
1971ൽ കോട്ടയം നാഗമ്പടം മൈതാനത്തു വച്ചു നടന്ന ദേശീയ സ്കൂൾ അത്ലറ്റിക്സ് മീറ്റ്, കായികപ്രേമികളിൽ ചിലരുടെയെങ്കിലുമൊക്കെ ഓർമയിൽ അവശേഷിക്കുന്നുണ്ടാവും. ആ മീറ്റിൽ കോഴിക്കോട്ടുകാരൻ ഒരു പയ്യൻ ഹൈ ജമ്പിൽ സ്റ്റേറ്റ് റെക്കോർഡിനെ മറികടന്ന പ്രകടനത്തോടെ പത്രവാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു.
അടുത്ത ദിവസത്തെ ദിനപത്രങ്ങൾ പയ്യന്റെ ഫോട്ടോയും അവനിൽ കുടി കൊള്ളുന്ന കായിക പ്രതിഭയുമെല്ലാം ചർച്ചാ വിഷയമാക്കി.
കേരളത്തിന്റെ, അല്ല , രാജ്യത്തിന്റെ തന്നെ ഭാവി വാഗ്ദാനമായിരിക്കും അവനെന്നു വിധിയെഴുതി. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിയായ, ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി;
സത്യനാഥൻ;
അവനായിരുന്നു അന്നത്തെ ആ താരം.
പഠനത്തിൽ മികവു പുലർത്തിയിരുന്ന സത്യനു പക്ഷെ അതിലും കൂടുതൽ ശ്രദ്ധ ഹൈജമ്പിൽ കൂടുതൽ ഉയരങ്ങൾ താണ്ടുന്നതിലായിരുന്നു.
അതുകൊണ്ടു തന്നെ മൈതാനത്തെ സ്വർണപ്രകടനങ്ങൾ പരീക്ഷകളിൽ സംഭവിച്ചില്ല.
ഹയർ സെക്കണ്ടറി കഴിഞ്ഞ സത്യൻ കുടുംബത്തിലെ സാമ്പത്തിക സാഹചര്യങ്ങൾ അനുകൂലമല്ലാതിരുന്നതിനാൽ തുടർ പ0നം വേണ്ടെന്നു വച്ച് എയർ ഫോഴ്‌സിൽ ചേർന്നു.
ട്രെയിനിങ് കാലത്തു തന്നെ സത്യനെപ്പറ്റി അറിഞ്ഞ എയർ ഫോഴ്സ് കോച്ച്, പ്രിലിമിനറി ട്രെയിനിങ്ങിനുശേഷം അവനെ നേരെ എയർ ഫോഴ്സ് കോച്ചിങ് ക്യാമ്പിലേക്ക് വിളിച്ചു.
അവിടത്തെ പരിശീലനത്തിനിടയിൽ സത്യനു ഹൈജമ്പിനേക്കാളും നന്നായി പോൾവാട്ടിൽ ഉയരങ്ങൾ താണ്ടാൻ സാധിക്കുമെന്നത് കൊച്ചിന്റെ കണ്ടെത്തലായിരുന്നു..
സത്യ നയാൾ പോൾവാട്ടിൽ തീവ്രപരിശീലനം നൽകാനാരംഭിച്ചു.
അടുത്തു വരുന്ന എയർ ഫോഴ്സ് മീറ്റിനു വേണ്ടി നടന്ന കോച്ചിങ് ക്യാമ്പിൽ വച്ച് പലപ്പോഴും സത്യൻ പോൾവാട്ടിൽ ദേശീയ റെക്കോർഡിനെ മറികടന്നിരുന്നു. പക്ഷെ അന്നവൻ, എയർ ഫോഴ്സ് മീറ്റിൽ പ്രതീക്ഷിച്ച നിലവാരം പുലർത്താനാകാതെ രണ്ടാം സ്ഥാനത്തേയ്ക്കു പിൻതള്ളപ്പെട്ടു. സത്യന്റെ കഴിവുകളിൽ വിശ്വസിച്ച കോച്ച്, അവനെ അടുത്തു വരുന്ന ദേശീയ ചാമ്പ്യൻഷിപ്പിൻെറ കോച്ചിങ്ങ് ക്യാംപിലേയ്ക്കു തിരഞ്ഞെടുത്തു
അപ്പോളേയ്ക്കും രണ്ടാം ഘട്ട ട്രെയിനിങ്ങിനു സമയമായതിനാൽ വീണ്ടും ബാംഗ്ലൂരിലേയ്ക്ക്.
സ്വന്തം ശരീരം സൂക്ഷിക്കണമെന്നും ലോങ്ങ് ജംപ് പോലുള്ള മറ്റിനങ്ങളിലൊന്നും ഇറങ്ങരുതെന്നും കർശനമായ നിർദ്ദേശം കൊടുത്തു കൊണ്ട്, അടുത്ത വർഷം കാണാമെന്ന ആശംസയോടെയാണ് പരിശീലകൻ അവനെ യാത്രയാക്കിയത്.
ബാംഗ്ലൂരിലെ ട്രെയിനിങ്ങിനടയിൽ അവിടെ നടന്ന യൂണിറ്റ് മീറ്റിൽ പങ്കെടുക്കാതിരിക്കാൻ എത്ര ശ്രമിച്ചിട്ടും സത്യനായില്ല.
അവൻ ഹൈ ജംപും ട്രിപ്പിൾ ജംപും, ലോങ്ങ് ജംപും എല്ലാം ചെയ്തു.
ലോങ്ങ് ജംപ് ചാട്ടത്തിനിടയിൽ കാലൊടിഞ്ഞു പ്ലാസ്റ്ററുമൊക്കെയിട്ട് കുറേക്കാലം ആശുപത്രിയിലുമായി.
എയർ ഫോഴ്സ് കോച്ചിങ്ങ് ക്യാമ്പിൽ ഒരു പോൾവാട്ട് താരം എത്തിയതിനെപ്പറ്റി ഒരു സുഹൃത്തിൽ നിന്നും അറിഞ്ഞിരുന്നു;
അത്ലറ്റിക്സ് ഫീൽഡിലെ മുൻ നിരയിൽ നിന്നും വിട്ടു നിന്നിരുന്നതിനാൽ കൂടുതൽ അന്വേഷിച്ചില്ല.
.എന്റെ സുഹൃത്തുക്കളായിരുന്ന പഴയ തലമുറക്കാർ എല്ലാവരും തന്നെ പൂനയോടു വിട പറഞ്ഞു.
കടുത്തുരുത്തിക്കാരൻ എബ്രഹാം കാലാവധി പൂർത്തിയാകുന്നതിനു മുൻപ് വിടുതൽ വാങ്ങി ഭാര്യാ സമേതം അമേരിക്കയിലേയ്ക്ക് പോയി.
വട്ടഭിനയിച്ചിരുന്ന ഫ്രാൻസിസിനു 14 ആമത്തെ വർഷം ഡിസ്ചാർജ് കിട്ടി,
പെൻഷൻ ആനുകുല്യത്തോടെ പോകാമായിരുന്നതിനു വെറും ഒരു വര്ഷം മുൻപു മാത്രം.
കോട്ടയം കാരൻ ജോയിയും കാലാവധി തികയ്ക്കാതെ ഭാര്യാസമേതം US ലെത്തി.
റൂം മേറ്റ് ആയിരുന്ന ജോർജിന് ഉധംപൂരിനു പോസ്റ്റിങ്ങ് വന്ന് പോകാനുള്ള തയാറെടുപ്പിലാണ്;
അയാൾക്ക് രണ്ടു വര്ഷം കൂടി സർവീസ് ബാക്കിയുണ്ട്.
അങ്ങനെയിരിക്കുമ്പോളാണ് ഒരു ദിവസം ജോലി കഴിഞ്ഞെത്തുമ്പോൾ പുതിയതായൊരുത്തൻ ഞങ്ങൾ താമസിക്കുന്ന മുറിയോടടുത്തു പെട്ടിയും പ്രമാണവുമൊക്കെ വച്ചിട്ട് പരിചയപ്പെടാൻ എത്തുന്നത്.
പേരും സ്ഥലവുമൊക്കെ ചോദിച്ചു മനസ്സിലാക്കി; സംസാരത്തിൽ നിന്നും ഒരു പക്വതയില്ലാത്ത പയ്യനായി വിലയിരുത്തി.
ഒരു മാസത്തിന്ന് ശേഷം ജോർജ് ഉധംപൂരിനു പോയപ്പോൾ ഞാനും സത്യനും റൂം മേറ്റ്സ് ആയി.
ഒരു പുതിയ സുഹൃദ് ബന്ധം ഉടലെടുക്കുകയായിരുന്നു.
ലോങ്ങ് ജമ്പിലെആ പഴയ റെക്കോർഡ് താരമായ,, പോൾവാട്ടിൽ ദേശീയ റിക്കോർഡിനെ പലപ്പോഴും മറികടന്നിട്ടുള്ള സാക്ഷാൽ സത്യനാഥനാണ് കൂടെയുള്ളതെന്നറിഞ്ഞപ്പോൾ അവനോട് ആദരവും, റൂം മേറ്റ് ആയി ലഭിച്ചതിൽ സന്തോഷവും തോന്നി.
രണ്ടു കൈകളും കാലുകലുളും കെട്ടി നിലയില്ലാ കയത്തിൽ അനായാസം നീന്തുവാൻ കഴിവുള്ള സത്യൻ, ആയോധനകലകളിലും പ്രാവീണ്യം നേടിയിരുന്നു.
ബാല്യകാല ചാപല്യങ്ങളും ട്രെയിനിങ് സമയത്തെ അനുഭവങ്ങളുമൊക്കെ പരസ്പരം പങ്കു വച്ച് നാളുകൾ കടന്നു പോയപ്പോൾ പല കാര്യങ്ങളിലുമുള്ള തുല്യ താല്പര്യം, ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കി.
കൂടുതൽ സമയവും ഞങ്ങൾ ഒരുമിച്ചായിരുന്നു.
വൈകുന്നേരങ്ങളിൽ ചായകുടിയും കഴിഞ്ഞു ഞങ്ങൾ ഒരുമിച്ചു വോളിബാൾ കോർട്ടിലെത്തും, ആകാശംമുട്ടെ ചാടുന്ന സത്യന്റെ സ്മാഷുകൾ ഞങ്ങളുടെ ടീമിനു മുതൽകൂട്ടായിരുന്നു. വോളിബോളിന് ആളു തികയാത്തപ്പോൾ ഞങ്ങൾ ബാസ്കറ്റ് ബോൾ കളിയ്ക്കും. തിരിച്ചെത്തിയാൽ പിന്നെ അല്പം കള്ളും പാർട്ടികളുമൊക്കെയായി ദിവസങ്ങൾ ആഘോഷിച്ചു. സ്പോർട്സിനോട് കൂടുതൽ താല്പര്യമുണ്ടായിരുന്നു ഒരു പുതിയ ഓഫീസർ വന്നു ചാർജെടുത്തതോടെ എല്ലാ വർഷവും സ്പോർട്സ് മീറ്റുകൾ സംഘടിപ്പിക്കുവാൻ തീരുമാനമായി. ജംപ് ഇനങ്ങളിൽ സത്യനും, ഹ്രസ്വ ദൂരങ്ങളിൽ ഞാനും ദീർഘ ദൂരങ്ങളിൽ പുതുതായി വന്നു ചേർന്ന ഒരു ജയകൃഷ്‌ണനും ചേർന്ന് ഒന്നാം സ്ഥാനങ്ങളെല്ലാം ഞങ്ങൾ പങ്കിട്ടെടുത്തു. സത്യനും ഞാനുമുൾപ്പെട്ട വോളി ബാൾ ബാസ്കറ്റ് ബോൾ ടീം N D A യിലും, പേപ്പൽ സെമിനാരിയിലും ആർമി യൂണിറ്റുകളിലും പോയി മാച്ചുകൾ കളിച്ചു.
രണ്ടു വർഷത്തിലേറെ കോച്ചിങ് ക്യാമ്പിൽ നിന്നും വിട്ടു നിന്ന സത്യന്, ദേശീയ റിക്കാർഡ് സ്വപ്നങ്ങളൊക്കെ ഏതാണ്ടവസാനിച്ചിരുന്നു. തിരിച്ചു ചെല്ലാനുള്ള കൊച്ചിന്റെ നിർബന്ധം അവൻ സ്നേഹപൂർവം നിരസിച്ചു.
പൂനയിലെത്തിയ പുതിയ തലമുറയിലെ എല്ലാവരും തന്നെ ഇടയ്ക്കു വച്ചു നിറുത്തിപ്പോന്ന പഠനം പുനരാരംഭിച്ചു പുസ്തകപ്പുഴുക്കളായി മാറി.
സത്യൻ A M I E (എൻജിനീയറിങ് ) Electronics and Telecommunication, പഠിക്കാൻ തീരുമാനിച്ചു. പൂന സിറ്റിയിൽ ട്യൂഷൻ ക്‌ളാസ്സുകൾക്കു പോകുന്നതൊഴിച്ചാൽ അവൻ പുസ്തകത്തിനു മുൻപിൽ ഇരിക്കുന്നതു കുറവായിരുന്നു, പാർട്ടികളും, നേരിയ തോതിലുള്ള മദ്യപാനവും വൈകുന്നേരങ്ങളിലെ കളിയുമൊക്കെ സാധാരണ പോലെ തന്നെ തുടർന്നു. പരീക്ഷ നടക്കുന്ന സമയത്തു പോലും അവനിൽ യാതൊരു പിരിമുറുക്കവും കാണപ്പെട്ടില്ല. ദിനചര്യകൾ എല്ലാം സാധാരണപോലെ തന്നെ. രണ്ടു പേപ്പറുകളുടെ ഇടയ്ക്കുള്ള ഗ്യാപ് കൂടുതലാണെന്നു കണ്ടു വെറും മൂന്നു ദിവസത്തെ തയാറെടുപ്പിലാണ് ഇലക്ട്രിക്കൽ എഴുതുന്നത്; കണക്കു പരീക്ഷയുടെ തലേന്ന് വൈകിട്ടും പാർട്ടിയും കള്ളടിയും സാധാരണപോലെ നടന്നു. ഈ പരീക്ഷകളിൽ അവൻ ജയിക്കുമെന്ന തോന്നൽ ഞങ്ങൾക്കാർക്കുമില്ലായിരുന്നു,
പക്ഷെ റിസൾട്ട് വന്നപ്പോൾ എഴുതിയ എല്ലാ പേപ്പറുകൾക്കും ഉയർന്ന മാർക്കു നേടി അവൻ ഞങ്ങളെ അതിശയിപ്പിച്ചു
സത്യന്റെ സ്വതസിദ്ധമായ ബുദ്ധിവൈഭവം ഞങ്ങൾക്കു ബോധ്യമാവുകയായിരുന്നു.
1981 ൽ ആറു വർഷത്തെ സംഭവബഹുലമായപൂന ജീവിതത്തോടു വിട പറയുമ്പോൾ യാത്രയയപ്പു പാർട്ടികളുടെ ബഹളമായിരുന്നു.
എല്ലായിടത്തും സത്യൻ കുടെയുണ്ടായിരുന്നെങ്കിലും, അവനും ഞാനും തനിച്ചുള്ള ഒരു അവസാന പാർട്ടി കൂടി വേണമെന്നത് അവന്റെ നിർബന്ധമായിരുന്നു.
അങ്ങിനെയാണ് സിറ്റിയിൽ നിന്നും രണ്ടു മണിക്കൂറോളം യാത്ര ചെയ്ത് ഒരു തടാകക്കരയിൽ ആവശ്യത്തിലേറെ ഭക്ഷണവും മദ്യക്കുപ്പികളുമായി രാവിലെ പതിനൊന്നു മണിയോടെ ഞങ്ങളെത്തുന്നത്. തീറ്റയും കുടിയുമായി മണിക്കൂറുകൾ പിന്നിട്ടപ്പോൾ രണ്ടു പേർക്കും ബാലൻസ് നഷ്ടപ്പെട്ടിരുന്നു. തിരിച്ചു പോകാമെന്നു പറഞ്ഞ് എഴുന്നേറ്റപ്പോളാണ് ആ തടാകത്തിൽ ഒന്നു നീന്തിയാലത്തെ സുഖം എന്നെ മത്തു പിടിപ്പിച്ചത്.
(മാസങ്ങൾ ശ്രമിച്ചിട്ടും നീന്തൽ മാത്രം പഠിച്ചെടുക്കാൻ പറ്റാഞ്ഞ ഞാൻ, ഏറിയാൽ പത്തു മീറ്റർ; അതു കഴിഞ്ഞാൽ വെള്ളത്തിനടിയിലേയ്ക്ക്, അതാണെന്റെ നീന്തൽ വൈഭവം )
ആഗ്രഹം സത്യനോട് പറഞ്ഞു,
നീന്തലറിയാത്ത എന്നെ അവൻ വില ക്കുന്നതിനു മുൻപു തന്നെ ഞാൻ വെള്ളത്തിലേക്ക് ചാടി.
വെള്ളത്തിൽ കൈകാലിട്ടടിച്ചു മുങ്ങി താഴുന്ന എന്നെ കുടിച്ചു രണ്ടു കാലിൽ നില്ക്കാൻ ബുദ്ധിമുട്ടിയ സത്യൻ ചാടി വന്നു രക്ഷപെടുത്തി.
കരയ്‌ക്കെത്തിയപ്പോൾ നല്ല ഒരു സമ്മാനവും, `കഴുവേറീ ചാകാൻ ഭവിച്ചാണോ `
പൊന്നീച്ച പറക്കുന്ന ഒരെണ്ണം കവിളത്ത്.. വേദനയൊന്നും അറിയാനുള്ള മൂഡിലല്ലായിരുന്നു !
പൂനയിൽ നിന്നും ശ്രീനഗറിലേയ്ക്കു പോസ്റ്റിംഗ് ലഭിച്ച സത്യൻ അവിടെ വച്ചാണ്
A M I E പൂർത്തിയാക്കുന്നത്. കമ്മീഷനിങ്ങിനു ശ്രമിക്കാൻ പലരും നിർബന്ധിച്ചെങ്കിലും, വേണ്ടെന്നു വച്ച് 1988 ൽ അവൻ ഡിസ്ചാർജ് വാങ്ങി പുറത്തു വന്നു.
പല സ്ഥലങ്ങളിൽ നിന്നും ജോലി വാഗ്ദാനങ്ങൾ ലഭിച്ചെങ്കിലും അവസാനം ഇന്ത്യൻ ടെലികോം ഇൻസ്റ്റിട്യൂട്ടിൽ ജൂനിയർ എൻജിനീയറായി പഞ്ചാബ് ഹരിയാന, ജമ്മു കശ്മീർ മേഖലയിൽ ജോയിൻ ചെയ്ത സത്യൻ . എയർ ഫോഴ്‌സിലെ തന്റെ അനുഭവസമ്പത്തിന്റെ പിൻബലത്തിൽ വടക്കൻ പ്രദേശങ്ങളിലെ മൈക്രോ വേവ് കമ്മ്യൂണിക്കേഷൻ യൂണിറ്റുകൾ സ്ഥാപിക്കുവാൻ നേതൃത്വം കൊടുത്തു.
1991 ലാണ് അവൻ ഡിപ്പാർട്മെന്റ് ഓഫ് ടെലികോമ്മ്യൂണിക്കേഷനിൽ ജോയിൻ ചെയ്തു കൊണ്ട് കോഴിക്കോട്ടേയ്‌ക്കെത്തുന്നത്. അവിടെ നിന്നും സ്തുത്യർഹമായ സേവനത്തിനു ശേഷം ഡിവിഷണൽ എൻജിനീയർ സ്ഥാനത്തു നിന്നും വിരമിച്ച സത്യന്റെ സേവനം അതുല്യമെന്നു സഹപ്രവർത്തകർ വിലയിരുത്തുന്നു.
പരിശീലന കാലത്തും അതിനു ശേഷവും കുടെയുണ്ടായിരുന്നവരിൽ പലരും ഡിസ്ചാർജ് വാങ്ങി പുറത്തു വന്ന് സ്റ്റേറ്റ് ബാങ്കിൽ സോണൽ മാനേജർ, ഏക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ,, ഇൻകം ടാക്സ്, ,കസ്റ്റംസ്, എൽ ഐ സി അങ്ങനെ പല വിഭാഗങ്ങളിലും ഉന്നത പദവിയിലിരുന്ന ശേഷം വിരമിച്ചിട്ടുണ്ട്.
ഇവരുടെയൊന്നും കഴിവുകളെ, കുറച്ചു കാണുവാൻ തുനിയുന്നില്ല;
എന്നാൽ സത്യൻ,
അവൻ വ്യത്യസ്തനായിരുന്നു; അപാരമായ ബുദ്ധിശക്തി, കായിക ക്ഷമത;
സാഹചര്യങ്ങൾ അനുകൂലമായിരുന്നെങ്കിൽ...
നാരായണ മൂർത്തിയുടെയൊക്കെ തലത്തിലേക്കുയരേണ്ടിയിരുന്ന