1960 -70 കളൊക്കെ നാടകങ്ങളുടെ കാലമായിരുന്നു.
നാട്ടിലെ വായനശാലകളും, സാംസ്‌കാരിക കൂട്ടായ്മകളും, അമ്പലങ്ങളും പള്ളികളുമൊക്കെ കേന്ദ്രീകരിച്ചു മിക്കവാറും എല്ലാ ഗ്രാമങ്ങളിലും കലാകാരൻമാർ ഒത്തു കൂടുകയും അവരുടെ കലാവാസനകൾ പാട്ടുകളിലൂടെയും, അഭിനയത്തിലൂടെയും വരകളിലൂടെയുമെല്ലാം ഏറ്റവും കുറഞ്ഞത് അവരുടെ ഗ്രാമങ്ങളിലും ചുറ്റുവട്ടത്തുമുള്ളവർക്കും മുൻപിൽ വർഷത്തിലൊരിക്കലെങ്കിലും അവതരിപ്പിക്കാൻ അവസരം കണ്ടെത്തുകയും ചെയ്യും.
കലാകാരൻമാർ പേരും പെരുമയുമൊക്കെയുള്ളവരാകുമ്പോൾ വലിയ നാടക ട്രൂപ്പുകളിലേയ്ക്ക് ചുവടു മറ്റും.
അപ്പോൾ അവർ കേരളം മുഴുവൻ അറിയപ്പെടുന്നവരായി മാറും.
വർഷത്തിൽ വിരലിലെണ്ണാൻ മാത്രം സിനിമകൾ തിയേറ്ററുകളിലെത്തിയപ്പോൾ പുതിയ പുതിയ നാടകങ്ങൾ കേരളത്തിന്റെ എല്ലാ മുക്കിലും മുലയിലും അരങ്ങേറികൊണ്ടിരുന്നു.
വെറും ആസ്വാദനോപാധിയെന്നതിലുപരി നല്ല സന്ദേശങ്ങൾ സമൂഹത്തിനു നൽകുന്നതിൽ അന്നത്തെ നാടകങ്ങളും എഴുത്തുകളും ശ്രദ്ധിച്ചിരുന്നതായി തോന്നുന്നു.
കല ആസ്വദിക്കുന്നതിലും കലാകാരന്മാരെ ആദരിക്കുന്നതിലും ജനം ഇന്നത്തേതിലും അധികം ഉത്സുകരായിരുന്നുതാനും.
നാടകങ്ങളിൽ അഭിനയിക്കുന്നവർ മറ്റുള്ളവരുടെ ശബ്ദം കടമെടുക്കുന്ന സംവിധാനങ്ങളൊന്നും അന്നു നിലവിലില്ല, അതുകൊണ്ടു കഥാപാത്രങ്ങളെ ഉൾകൊള്ളുന്നതുപോലെ തന്നെ പ്രധാനമായിരുന്നു അവരുടെ സ്വരവിന്യാസങ്ങളും.
കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന രീതിയിൽ ഡയലോഗുകൾ പറയാൻ സാധിക്കാത്തവർക്ക് നാടകങ്ങളിൽ പിടിച്ചുനിൽക്കുക അസാധ്യമായിരുന്നു.
അങ്ങനെ കഥാപാത്രങ്ങളെ ഉൾക്കൊണ്ട് കാണികളെ ചിരിപ്പിച്ചും, കരയിച്ചും ചിന്തിപ്പിച്ചുമൊക്കെ കൈയടി നേടിയിരുന്ന ഒരു പറ്റം കലാകാരൻമാർ എന്റെ നാട്ടിലും ഉണ്ടായിരുന്നു.
M .S തോമസ്, O.S മാത്യു, M .T ജോൺ, ഇഗ്‌നേഷ്യസ് തുടങ്ങിയവരൊക്കെ (എല്ലാവരും അധ്യാപകർ) തകർത്തഭിനയിക്കുന്ന നാടകങ്ങൾ ഞങ്ങളുടെ നാട്ടിൽ ഒരു വലിയ സംഭവം തന്നെയായിരുന്നു.
എല്ലാ വർഷവും മിഷൻ ലീഗിന്റെ (പള്ളിയോടനുബന്ധിച്ചു പ്രവർത്തിക്കുന്ന ചെറുപ്പക്കാർക്കും കുട്ടികൾക്കും വേണ്ടിയുള്ള ഒരു സാമൂഹ്യ സംഘടന) വാർഷികത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന ഈ നാടകങ്ങൾക്കായി നാട്ടുകാർ ആകാംക്ഷയോടെ കാത്തിരിക്കും.
നാടകം ഇഷ്ടപ്പെടുകയും , നാടകത്തിലഭിനയിക്കുന്നവരെ ആദരിക്കയും പ്രശംസിക്കയുമൊക്കെ ചെയ്തിരുന്നെങ്കിലും സ്ത്രീ കഥാപാത്രങ്ങളാവാൻ അഭിനേത്രികളെ കിട്ടുക ബുദ്ധിമുട്ടാ യിരുന്നു.
സ്റ്റേജിൽ കയറുന്ന പെൺകുട്ടികളെപ്പറ്റി, പ്രത്യേകിച്ചു കരണമൊന്നുമില്ലെങ്കിൽപോലും പൊതുവെ മതിപ്പു കുറവായിരുന്നു എന്നതാണ് യാഥാർഥ്യം.
അതു കൊണ്ട് അന്നത്തെ സ്ത്രീ വേഷങ്ങളെല്ലാം ചെയുന്നത് മിക്കവാറും പുരുഷന്മാരായിരുന്നു.
അങ്ങനെയൊരു കാലത്താണ് 7 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ, മറ്റാരെയും കിട്ടാതെ വന്നപ്പോൾ, ഒരു മുഴു നീള നാടകത്തിൽ പെൺവേഷം കെട്ടാൻ എന്നോടാവശ്യപ്പെടുന്നത്.
പദ്യോച്ചാരണ മത്സരങ്ങൾക്കായി സ്റ്റേജിൽ കയറിയ പരിചയമല്ലാതെ അഭിനയിക്കാനൊന്നും അതിനു മുൻപ് സ്റ്റേജിൽ കയറിയിട്ടില്ല. പക്ഷെ സാറന്മാരുടെ നിർബന്ധവും സ്റ്റേജിൽ കയറിയാൽ ഉണ്ടാകാവുന്ന സ്വീകാര്യതയും ഓർത്തപ്പോൾ ഗുഢമായ ഒരു സന്തോഷം.
ഞാൻ സമ്മതം മൂളി.
രണ്ടു മണിക്കൂറിലധികം ദീർഘിച്ച ആ നാടകത്തിൽ ഒരു നഴ്‌സിന്റെ വേഷമായിരുന്നു,
പെൺ വേഷത്തിൽ എന്നെ കണ്ടാലുള്ള ചന്തവും, സംഭാഷണ ചാതുരിയും കൂടിയപ്പോൾ അഭിനയം നന്നായിരുന്നെന്നു പലരും പറഞ്ഞെങ്കിലും, മനസ്സിൽ തട്ടിയ അഭിനയമൊന്നും എന്നിൽ നിന്നും ഉണ്ടായിരുന്നില്ല.
വീണ്ടും മുഖത്തു ചായം തേയ്ക്കുന്നത് PDC കാലത്താണ്.
കോളേജ് ഡേയോടനുബന്ധിച്ചുള്ള ഏകാങ്ക മത്സരത്തിൽ എന്റെ സുഹൃത്തുക്കൾക്കൊപ്പം.
അവിടെയും എന്നെ നിർബന്ധിച്ചു പെൺവേഷംമിടുവിച്ചു. ആ പ്രായത്തിലെ എന്റെ പെൺവേഷം ഒരുമാതിരി സുന്ദരികളിലൊക്കെ അസൂയ പടർത്തി.
വിഗ്ഗു0 മുലയുമൊക്കെ വച്ചു പിടിപ്പിച്ച്, കണ്ണെഴുതി, പൊട്ടും തൊട്ടപ്പോൾ ആരും കൊതിയ്ക്കുന്ന ഒരു സ്ത്രീരൂപം സ്റ്റേജിലെത്തി.
ഇതുമായി ബന്ധപ്പെട്ടുള്ള ഒരു തമാശ ഇന്നും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നുണ്ട്.
സ്റ്റേജിൽ നിന്നും പുറത്തിറങ്ങിയ ഞങ്ങൾ അഭിനേതാക്കൾ കുറച്ചു ഫോട്ടോകളെടുത്തു. അതിലൊന്ന് അയൽവാസിയായ സുഹൃത്ത് സ്ത്രീവേഷത്തിലുള്ള എന്നെ കെട്ടിപ്പിടിച്ചു നിൽക്കുന്നതായിരുന്നു.
പുസ്തകകെട്ടുകളുടെ ഇടയിൽ നിന്നും ഈ ഫോട്ടോ കണ്ടെടുത്ത എന്റെ അമ്മച്ചി
അയൽവാസിയായ സുഹൃത്തിന്റെ അപഥ സഞ്ചാരം കൈയോടെ പിടികൂടിയ ഗർവിൽ അവനുമായുള്ള സുഹൃത് ബന്ധം അന്നത്തെതോടെ അവസാനിപ്പിക്കുവാൻ ഉത്തരവിട്ടു.
കോളേജിൽ പോയി ചീത്ത കൂട്ടുകെട്ടുകളിൽ പെട്ടു വഴി പിഴച്ചു പോകാതിരിക്കാൻ ക്ലസ്സെടുത്ത അമ്മച്ചിയെ യാഥാർഥ്യം പറഞ്ഞു മനസ്സിലാക്കുവാൻ എന്റെ പെങ്ങളും ഞാനും ഒത്തിരി ബുദ്ധിമുട്ടേണ്ടിവന്നു.
കാര്യം മനസ്സിലായപ്പോളത്തെ ജാള്യത മറയ്ക്കാൻ, പഠിക്കേണ്ട സമയത്തു വേഷം കെട്ടിനടക്കുന്നതിനു ശകാരിച്ചുകൊണ്ട് അമ്മച്ചി അടുക്കളയിലേക്കു വലിഞ്ഞു.
ഞങ്ങൾ പാടുപെട്ടു ചിരിയടക്കി.
പൂനയിൽ അടുത്തടുത്തായി രണ്ട് എയർ ഫോഴ്‌സ് സ്റ്റേഷനുകളാണുള്ളത്;
വിമാൻ നഗറിലുള്ള 9 BRD യും, ലോഗാവിലുള്ള 2 Wing ഉം.
മിഗ് വിമാനങ്ങളുടെ സങ്കേതമായിരുന്ന ലോഗാവിൽ BRD യിലുള്ളതിലും കൂടുതൽ ആളുകളുണ്ടായിരുന്നു, അതുപോലെ തന്നെ മലയാളികളും.
എല്ലാ വർഷവും ഓണത്തോടനുബന്ധിച്ചു രണ്ടു സ്ഥലങ്ങളിലും വലിയ ആഘോഷങ്ങളാണു നടക്കുക.
ഓണസദ്യയും നാടകവുമൊക്കെ ആരോഗ്യകരമായ ഒരു മത്സരബുദ്ധിയോടെ രണ്ടു കൂട്ടരും സംഘടിപ്പിച്ചു.
നാടകങ്ങളുടെ കാര്യത്തിൽ എന്നും വിജയം BRD ക്കാർക്കായിരുന്നു.
BRD യിൽ സിവിലിയൻ ടെക്‌നീഷ്യന്മാരായി ജോലി ചെയ്തു വന്ന, ഗോപാലകൃഷ്ണനും, രാധാകൃഷ്ണനും, രാധാകൃഷ്ണന്റെ ഭാര്യയുമൊക്കെ പൂനയിലെ പേരു കേട്ട നാടക നടി / നടന്മാരായിരുന്നു.
ഇവരിലെ അഭിനയ ചാതുരിയെ കണ്ടെത്തി പുർണതയിലെത്തിച്ച Mr. രാമചന്ദ്രൻ എന്ന ഡയറക്ടറിന്റെ, മറ്റുള്ളവരിൽ ഒളിഞ്ഞിരിക്കുന്ന പ്രത്യേക കഴിവുകളെ കണ്ടെത്തുവാനും അവയെ രൂപപ്പെടുത്തുവാനുമുള്ള കഴിവിനെ എത്ര പ്രശംസിച്ചാലും അധികമാവില്ല.
പ്രതിരോധമേഖലയിലെ, സിവിലിയൻകൂട്ടായ്മയുടെ ദേശീയ നാടകവേദികളിൽ മഹാരാഷ്ട്രക്കാരെയും, ബംഗാളികളെയും പിൻതള്ളി ബെസ്‌റ്റ് ഡയറക്റ്റർ അവാർഡ് നേടിയിട്ടുള്ള Mr. രാമചന്ദ്രൻ, BRD യിലുള്ളിടത്തോളം അദ്ദേഹത്തിന്റെ അവതരണ ശൈലിയെ തോൽപിക്കാൻ എളുപ്പമായിരുന്നില്ല. ഓരോ കഥാപാത്രങ്ങളും എങ്ങിനെയാവണമെന്നും അഭിനയിക്കണമെന്നും രാമചന്ദ്രന് വ്യക്തമായറിയാം. വെറും ഒരു ബീഡി വലിക്കുന്ന, സമൂഹത്തിലെ വ്യത്യസ്ത ശ്രേണിയിലുള്ളവരുടെ അംഗവിന്യാസങ്ങൾ രാമചന്ദ്രനിലൂടെ കാണുമ്പോൾ നമ്മൾ അത്ഭുതപ്പെട്ടുപോവും,
അതുപോലെ ഏതു വേഷവും ആവശ്യമെങ്കിൽ അദ്ദേഹം തന്നെ ചെയ്തു കാണിയ്ക്കും.
സദസ്സിനെ പിടിച്ചിരുത്തുവാനും കഥാപാത്രങ്ങളുടെ നിസ്സാരമെന്നു തോന്നിക്കുന്ന ചലന വൈഭവങ്ങളിലൂടെ തന്റെ സൃഷ്ടിയെ പൂർണതയിലെത്തിയ്ക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയമായിരുന്നു.
നാടകവും സിനിനിമയുമൊക്കെ ഡയറക്ടറിന്റെ ഭാവനയിലൂടെയാണ് മികവുറ്റതാവുന്നതെന്ന് രാമചന്ദ്രനെ പരിചയപ്പെട്ടപ്പോളാണ് ശരിയ്ക്കും മനസ്സിലാവുന്നത്.
രാമചന്ദ്രന്റെ നാടകങ്ങൾക്ക് വേണ്ടി പിന്നണിയും സ്റ്റേജും ചെയ്തിരുന്നത് അദ്ദേഹത്തിന്റെ കഴിവുകളെ ആദരിച്ചിരുന്ന പേപ്പൽ സെമിനാരിയിലെ വൈദിക വിദ്യാർത്ഥികളായിരുന്നു.
`തേവരുടെ ആന`എന്ന നാടകത്തിനു വേണ്ടി ജീവൻ തുടിക്കുന്ന ഒരു കൊമ്പനാന സ്റ്റേജിലെത്തിയപ്പോൾ, `പടിയത്തിന്റെ` സൃഷ്ടി വൈഭവത്തിനു മുൻപിൽ കാണികൾ അമ്പരന്നു പോയി.
പടമാടനും, അഞ്ചാനിക്കലും ചേർന്നൊരുക്കുന്ന ഹൃദ്യമായ പിന്നണിയും കൂടി ചേരുന്ന നാടകങ്ങൾ എപ്പോളും പ്രൊഫഷണൽ നിലവാരമുള്ളവയായി
( ഇവർ മൂവരും ഇന്ന് കേരളത്തിൽ അജപാലന രംഗത്തെ അറിയപ്പെടുന്നവരാണ്).
Mr. രാമചന്ദ്രൻ ഡയറക്ട് ചെയ്ത മൂന്നു നാടകങ്ങളിൽ അഭിനയിക്കുവാനുള്ള അവസരം ലഭിച്ചതു മഹാ ഭാഗ്യമായിരുന്നു.
ആദ്യ നാടകമായ `വെളിച്ചം കുറഞ്ഞ വഴികളിൽ ഒരു അപ്രധാന റോളായിരുന്നെങ്കിലും അടുത്ത വർഷത്തെ `തേവരുടെ ആന` എന്ന അക്കാലത്തെ അറിയപ്പെടുന്ന നാടകത്തിലെ നായക കഥാപാത്രമായി, രാമചന്ദ്രൻ എന്നെയാണു കണ്ടത്.
നാടകത്തിനു തിരശീലയുയരുമ്പോൾ സ്റ്റേജിനു നടുവിൽ തലയുയർത്തിനിൽക്കുന്ന ആനയെ, മൂക്കറ്റം മദ്യപിച്ചിട്ട്, ആനത്തോട്ടിയിൽ ചന്തി ഊന്നി നിന്നുകൊണ്ടു പര തെറി വിളിയ്ക്കുന്ന, കഥാപാത്രത്തെ അവതരിപ്പിച്ച ദിവാകരന്റെ ടെമ്പോയിൽ, ഒരു ഡയലോഗ് പറയാനായത് മുന്നു റിഹേഴ്സലുകൾക്കു ശേഷമാണ്.
നായക കഥാപാത്രമായ കഥാപ്രസംഗികന്റെ നെടുനീളൻ ഡയലോഗുകൾ കാണാതെ പഠിച്ചു മോശമല്ലാത്ത പ്രകടനം നടത്തിയപ്പോൾ ആ നാടകം പ്രതീക്ഷിച്ചതിലും ജനപ്രീതി നേടി.
മുകളിൽ പ്രതിപാദിച്ചിരിക്കുന്ന നാടകങ്ങളിലെല്ലാം അഭിനയിച്ചിരുന്നവരിൽ, പുതുമുഖമായ ഞാനൊഴിച്ചു് മറ്റെല്ലാവരും തന്നെ അനുഭവസമ്പന്നരായ അഭിനേതാക്കളായിരുന്നതുകൊണ്ട് രാമചന്ദ്രനെ സംബന്ധിച്ചിടത്തോളം നാടകം സ്റ്റേജിലെത്തിക്കുവാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.
എന്നാൽ ഞങ്ങളുടെ അവസാനത്തെ നാടകമായ,
KT മുഹമ്മദിന്റെ, പ്രശസ്തമായ `സാക്ഷാത്കാരം` പൂർണതയിലെത്തിക്കുവാൻ ഒത്തിരി ബുദ്ധിമുട്ടേണ്ടി വന്നു.
കാലിക പ്രസക്തിയുള്ളതും, കേരളത്തിലെ പശസ്ത നാടക ട്രൂപ്പുകൾ കളിച്ചു വിജയിച്ചതുമായ നാടകങ്ങളാണ് രാമചന്ദ്രൻ സാധാരണ തിരഞ്ഞെടുക്കുന്നത് .
അതുകൊണ്ടാണ് സ്ഥിരം അഭിനേതാക്കളിൽ പലരും ഓണമാഘോഷിക്കാനായി നാട്ടിലായിരുന്നിട്ടു പോലും ആ വർഷത്തെ ഏറ്റവും നല്ല നാടകങ്ങളിലൊന്നായിരുന്ന സാക്ഷാത്കാരം തന്നെ അവതരിപ്പിക്കണമെന്നു രാമചന്ദ്രൻ നിർബന്ധം പിടിച്ചത്.
ഇന്ത്യയിൽ സോസിഷ്യലിസം വരുന്നതു കണ്ടു മനസ്സു നിറഞ്ഞതിനു ശേഷം മാത്രമേ മരണം സംഭവിക്കയുള്ളുവെന്ന പ്രത്യേക വരം ലഭിച്ച 157 വയസ്സുള്ള, ഒരു വയസ്സൻ കഥാപാത്രം കേന്ദ്രബിന്ദുവായ നാടകത്തിൽ,
സോസിഷ്യലിസം നടപ്പാക്കുന്നത് കണ്ടിട്ടു മരിക്കാൻ തയാറെടുത്തിരിക്കുന്ന കിളവൻ.
കപട രാഷ്ട്രീയക്കാർ സോസിഷ്യലിസം പൂർണമായും നടപ്പാക്കിയെന്നു തെറ്റിദ്ധരിപ്പിച്ചു കിളവനെ എങ്ങിനെയെങ്കിലും കൊന്നു കളയാൻ ശ്രമിക്കുന്നതും, മാരക വിഷം കൊടുത്തിട്ടുപോലും കിളവൻ മരണത്തെ അതിജീവിക്കുന്നതുമൊക്കെയാണ് സന്നർഭങ്ങൾ.
അഭിനേതാക്കളെ കണ്ടു പിടിക്കേണ്ട ജോലി ഞാനേറ്റെടുത്തു.
രാമചന്ദ്രന്റെ നാടകത്തിലായതുകൊണ്ട് ആയിടയ്ക്കു മാത്രം കല്യാണം കഴിഞ്ഞെത്തിയ എത്സമ്മയും, Mrs.ശോഭ പിള്ളയും ഒക്കെ സമ്മതം മൂളി.
പ്രധാന സ്ത്രീ കഥാപാത്രത്തിനു യോജിച്ച ആരെയും കിട്ടാതെ ബുദ്ധിമുട്ടി;
അവസാനം ഒരു Mrs. പണിക്കരെ ഒത്തിരി നിർബന്ധിച്ചാണ് കൂടെ കൂട്ടിയത്.
പുരുഷ കഥാപാത്രങ്ങളെ കണ്ടെത്തുക എളുപ്പമായിരുന്നു.
വൈകുന്നേരം 7 :30 വരെ പൂന സിറ്റിയിൽ ജോലിയും കഴിഞ്ഞു രാമചന്ദ്രൻ വന്നിട്ട്, 8 മണിക്കു ശേഷമാണ് റിഹേഴ്സൽ തുടങ്ങുക.
ആദ്യത്തെ മുന്നു റിഹേഴ്സലുകൾക്കിടയിൽ വയസ്സനായി അഭിനയിക്കാൻ രണ്ടു പേരെ പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല.
അവസാനം ആ വയസ്സൻ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള നിയോഗം വേറെ ആരും ഏറ്റെടുക്കാനില്ലാതെ വന്നപ്പോൾ എന്റെ തലയിലായി ;
റിഹേഴ്സൽ പുരോഗമിക്കുന്നതിനിടയിൽ, എത്സമ്മയും, ശോഭയും ഗർഭിണികളായി.
പലപ്പോഴും പറഞ്ഞ സമയത്തിന് എത്തിച്ചേരാൻ കഴിയാതിരുന്ന രാമചന്ദ്രനു വേണ്ടി ഞങ്ങൾ രാത്രി വൈകിയും കാത്തിരിക്കേണ്ടി വന്നു.
ഗർഭത്തിന്റെ ആദ്യകാല ശർദ്ധിയും മറ്റു പ്രാരബ്ധങ്ങളുമെല്ലാം സഹിച്ചു പുതുമുഖ താരങ്ങൾ അവരുടെ റോളുകൾ നിലവാരത്തിലെത്തിക്കുവാൻ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു.
രാമചന്ദ്രന്റെ പ്രത്യേക ശിക്ഷണത്തിൽ കിളവൻ കഥാപാത്രത്തിന്റെ ശബ്ദം അടിവയറ്റിൽ നിന്ന് വരണമെന്നതു മുതൽ സ്റ്റേജിലെ ചലനങ്ങൾ വരെ എങ്ങിനെയാവണമെന്നതു ദിവസവും പരിശീലിച്ചു.
അവയെല്ലാം അക്ഷരം പ്രതി ഉൾക്കൊണ്ട് കിളവനു ജീവൻ വച്ചു.
മറ്റെല്ലാവരും രാമചന്ദ്രൻ ആഗ്രഹിച്ച നിലവാരത്തിലേക്കെത്തിയപ്പോളും
പ്രധാന സ്ത്രീ കഥാപാത്രമായ Mrs. പണിക്കരിൽ മാത്രം യാതൊരു ഭാവങ്ങളും പ്രതിഫലിച്ചില്ല.
അവർക്കു പകരമായി മറ്റൊരാളെ കണ്ടെത്താനുള്ള ബുദ്ധിമുട്ടും സ്റ്റേജിലെ അവരുടെ അലസമായ സമീപനവും ഞങ്ങളെ ആശങ്കപ്പെടുത്തി.
എത്ര പറഞ്ഞു കൊടുത്തിട്ടും അവരിൽ മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല.
എങ്ങിനെയെങ്കിലും ഇതിൽ നിന്നും ഒഴിവായിക്കിട്ടിയാൽ മതിയെന്ന ഒരു ഭാവമായിരുന്നവർക്ക്
ഫൈനൽ റിഹേഴ്സലിന് ഒരാഴ്ച മുൻപ് ഒരു ദിവസം
രാമചന്ദ്രൻ Mrs. പണിക്കരെ മറ്റൊരു റൂമിലേയ്ക്കു വിളിച്ചു കൊണ്ടുപോയി.
ഏതാണ്ടു രണ്ടു മണിക്കൂറുകൾക്കു ശേഷമാണ് അവർ തിരിച്ചു വന്നത്.
Mrs. പണിക്കരിൽ അതഭുതാവഹമായ മാറ്റം സംഭവിച്ചിരുന്നു.
അവർ മൂലം നാടകം തന്നെ വേണ്ടെന്നു വയ്‌ക്കേണ്ടി വരുമായിരുന്ന അവസ്ഥയിൽ നിന്നും ആ നാടകത്തിലെ ഏറ്റവും ശക്തയായ സ്ത്രീ കഥാപാത്രമായി അവർ തകർത്തഭിനയിച്ചു.
രാമചന്ദ്രനെന്ന ഡയറക്ടറിന്റെ അത്ഭുത സിദ്ധിയുടെ ഒരു നേർക്കാഴ്ചയാണ് ഞങ്ങളുടെ മുന്നിൽ അവതരിച്ചത്.
ആളുകൾ ഏറ്റവുമധികം പ്രശംസിച്ചത് Mrs.പണിക്കരെയായിരുന്നു.
പൂനയിൽ സ്റ്റേജ് ചെയ്യപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല ഒരു നാടകമായി സാക്ഷാത്കാരം ചർച്ച ചെയ്യപ്പെട്ടു.
( പ്രവാസത്തിന്റെ ആദ്യ നാളുകളിൽ, വിയന്നയിൽ വച്ച്, രണ്ടു നാടകങ്ങൾ സംവിധാനം ചെയ്തു സ്റ്റേജിലെത്തിക്കാനുള്ള അനുഭവ സമ്പത്ത്,