ഓർമക്കുറിപ്പുകൾ ( 16 )
pune -1977 Honey hunt, ഒരു പരാജയപ്പെട്ട ദൗത്യം
പൂന ജീവിതവുമായി ഏതാണ്ട് ഇണങ്ങിചേർന്നിരുന്നു.
ഉച്ചയ്ക്ക് ഒരു മണി വരെയുള്ള ജോലി കഴിഞ്ഞാൽ പിന്നെ ആഴ്ചയിലൊരിക്കൽ ഉണ്ടാവാറുള്ള ഫിസിക്കൽ ട്രെയിനങ്ങ് മാത്രമേ നിർബന്ധമായിട്ടുള്ളു. ബാക്കി സമയം മുഴുവൻ ഫ്രീയാണ്, പുറത്തു പോവുകയോ നാലുമണി ചായ കഴിഞ്ഞു കളിയ്ക്കാൻ പോവുകയോ ഒക്കെയായി ഓരോരുത്തരും സമയം കളഞ്ഞു.
ആ കാലത്താണ് ടേബിൾ ടെന്നിസിൽ കമ്പമുള്ള ഒരു പ്രസാദമായി കണ്ടു മുട്ടുന്നത്. പിന്നെ പ്രസാദും ഞാനും കൂടി ആരും ഉപയോഗിക്കാതെ കിടന്ന ടേബിൾ ടെന്നീസ് ബോർഡ് പൊടി തട്ടിയെടുത്തു ദിവസവും പ്രാക്ടീസ് ചെയ്തു.
പന്നി വേട്ട കഴിഞ്ഞിട്ട് ഏതാനും മാസങ്ങളായിരിക്കുന്നു. ഇതിനിടയ്ക്ക് കോട്ടയം ജോയിമാർ രണ്ടും ചേർന്നുള്ള കരിം പൂച്ച പിടുത്തവും ആടുപിടുത്തവുമല്ലാതെ മറ്റൊന്നും കാര്യമായി സംഭവിച്ചില്ല.
കുടുംബവുമായി താമസിക്കുന്നവരുടെ വീടിനു മുൻപിലൂടെ തീറ്റി തേടി ആടുകൾ അലയുന്നതു സാധാരണമായിരുന്നു. ശനിയാഴ്ചകളിൽ ഇവരെ സന്ദര്ശിക്കാനെത്തുന്ന ജോയിമാർ തീറ്റി കാട്ടി ആടിനെ വീട്ടിനുള്ളിൽ വിളിച്ചു കയറ്റും. അകത്തു കയറുന്ന ആടിനെ അവർ ഒച്ച പുറത്തു വരുത്താതെ കൊല്ലും. ആടിന്റെ തൊലിയൊക്കെ പൊളിച്ച് ഇറച്ചി സുഹൃത്തുക്കൾക്കു പങ്കു വച്ചു കൊടുത്ത ശേഷം അതിനെ കറിയാക്കി ഭക്ഷണവും കഴിച്ചേ അവർ തിരിച്ചു പോരാറുള്ളു.
കരിം പൂച്ചകൾ വരുന്നത് വല്ലപ്പോഴുമാണ്.
അവ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ തേടിയെത്തുന്നതാണ്.
പൂച്ച കറുത്തതാണെങ്കിൽ അതിനെ അവർ തീർച്ചയായും കൊന്നിരിക്കും.
നാട്ടിൽ പണ്ട് പ്രചാരത്തിലുണ്ടായിരുന്ന കരിംകുരങ്ങു രസായനത്തെക്കാളും ഫലപ്രദമാണത്രെ കറുത്ത പൂച്ചയുടെ ഇറച്ചി.
പൂച്ച യെ കൊന്നു തേങ്ങാ കൊത്തുമിക്കെയിട്ടു വറുത്തു കഴിയുമ്പോൾ അതിൽ ഒരു ജോയിക്ക് ഓക്കാനമാകും, മിച്ചമാവുന്ന ഇറച്ചി പിന്നെ ഞങ്ങൾ എല്ലാവരും കൂടിയാണ് തീർക്കുന്നത്.
അങ്ങനെയിരിക്കെ യാദൃച്ഛികമായി ഒരു ദിവസം രാവിലെ പത്തുമണിയ്ക്കുള്ള കാപ്പിവിശ്രമസമയത്താണ് ലാബിലെ എയർ കണ്ടിഷണറിന്റെ തണുത്ത കാറ്റു വഹിച്ചു പോകുന്ന കുഴലിൽ കുടു കൂട്ടിയിരുന്ന തേനീച്ചക്കൂടു സംസാരവിഷയമാവുന്നത്.
ഒരു മീറ്ററോളം താഴേയ്ക്കു തൂങ്ങി മുക്കാൽ മീറ്റർ വീതിയിലുമുള്ള, വലിയ ഒരു, വൻതേനീച്ചക്കൂട് .
അതിനടുത്തുകൂടി നടന്നാണ് ഞങ്ങൾ എന്നും രാവിലെ കെട്ടിടത്തിനകത്തേയ്‌ക്കും ഉച്ചയാകുമ്പോൾ ജോലി കഴിഞ്ഞു പുറത്തേയ്ക്കും പോരുന്നത്.
അടുത്ത് കുടി പോകുമ്പോൾ അവയുടെ മൂളൽ ശബ്ദം കേൾക്കാം.
നമ്മൾ അവയെ ഉപദ്രവിക്കാത്തിടത്തോളം കാലം തേനീച്ചകളും നിരുപദ്രവികളാണ്.
അതിലൊരെണ്ണമെങ്ങാൻ കുത്തിയാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തോർത്ത് ആരും അവയെ ഉപദ്രവിക്കാൻ ധൈര്യപ്പെട്ടുമില്ല.
എയർ കണ്ടിഷണറിന്റെ കുഴലിലായതു കൊണ്ടു തീയിട്ടു കൊന്നുകളയാനും സാധിക്കയില്ല.
അതു കൊണ്ട് ആർക്കും ഉപദ്രവമുണ്ടാക്കാതെയിരിക്കുന്ന ആ തേനീച്ചക്കൂട് അവിടെത്തന്നെയിരുന്നോട്ടെയെന്നാണ് വല്യ സാറിന്റെ തീരുമാനം.
ജോയിമാർ ആ തേനീച്ചക്കൂട്ടിൽ നിന്നും കിട്ടാവുന്ന തേനിന്റെ അളവും ചന്ദ്രന്റെ നിലയനുസരിച്ച് എന്നായിരിക്കും തേനെടുക്കുവാൻ ഏറ്റവും അനുയോജ്യമായ ദിവസമെന്നുമൊക്കെയാണ് കണക്കു കൂട്ടുന്നത്.
അന്നേയ്ക്കു പത്തു ദിവസം കഴിഞ്ഞുള്ള ഒരു ദിവസം ഏറ്റവും കൂടുതൽ തേൻ കിട്ടുവാൻ സാധ്യതയുള്ളതായി അവർ നിജപ്പെടുത്തി.
ബാക്കി കാര്യങ്ങളൊക്കെ പിന്നെ തീരുമാനിക്കാമെന്നുറപ്പിച്ച് അവർ പിരിഞ്ഞു.
ഇവരുടെ സംസാരം കേട്ടു കൊണ്ടു നിന്ന പയ്യനായ എന്നെ അവർ ഗൗനിച്ചതുപോലുമില്ല!
ഏറ്റവും കുറഞ്ഞത് അഞ്ചു ലിറ്റർ തേൻ, അതായിരുന്നു അവരുടെ കണക്കു കൂട്ടൽ.
ഇത്രയും തേൻ വെറുതെ അവർക്കു വിട്ടുകൊടുക്കുന്നതിൽ എനിക്കല്പം ബുദ്ധിമുട്ടു തോന്നി.
പക്ഷെ എന്ത് ചെയ്യാം,
ആ തേനീച്ച കൂടിനടുത്തുകൂടി പോകുമ്പോൾ തന്നെ ഭയം തോന്നുന്ന വെറും പയ്യനായ എനിയ്ക്കു പറഞ്ഞിട്ടുള്ളതല്ല അഞ്ചു ലിറ്റർ തേൻ എന്നോർത്തു സമാധാനിച്ചു.
പക്ഷെ ഓരോ ദിവസം കഴിയും തോറും, ആ തേനീച്ചകൂട്ടിൽ നിന്നും ഞാൻ തേനെടുക്കാൻ ശ്രമിക്കുന്നതും, തേനീച്ചയുടെ കുത്തു കിട്ടുന്നതുമൊക്കെ സ്വപ്നം കാണാൻ തുടങ്ങി.
തേനീച്ചയുടെ കുത്തേൽക്കുന്ന ഈ ദുസ്വപ്നം രണ്ടു മൂന്ന് ദിവസം എന്റെ ഉറക്കം കെടുത്തിയപ്പോൾ ജോയിമാർ എങ്ങിനെയായിരിക്കും അത്രയും വലിയ തേനീച്ചക്കൂട്ടിൽ നിന്നും അവയുടെ കുത്തു കൊള്ളാ തെ തേനെടുക്കുക എന്നതായി എന്റെ ചിന്ത.
എളുപ്പമുള്ള കാര്യമാണെങ്കിൽ അവർക്കതു വിട്ടുകൊടുക്കണമെന്നില്ലല്ലോ,
എനിക്കും ആയിക്കൂടെ ? !
തേനെടുക്കുകയെന്ന സാഹസം ഞാൻ ന തന്നെ നടത്തുന്നതായി സങ്കല്പിച്ചു നോക്കി.
തേനീച്ചയുടെ കുത്തു കൊള്ളാതിരിക്കാൻ ജോയിമാർ എന്തൊക്കെയാവും ചെയ്യുകയെന്നായി പിന്നെ എന്റെ ചിന്ത.
അവർ എന്തൊക്കെ ചെയ്യുമെന്ന് വലിയ രൂപമൊന്നും കിട്ടിയില്ല.
അപ്പോൾ അവരെ വിട്ടിട്ട് ഇനി ഞാൻ തന്നെയാണതു ചെയ്യുന്നതെങ്കിൽ എങ്ങിനെയാവണമെന്നു ചിന്തിക്കാൻ തുടങ്ങി.
ഈ ദിവസങ്ങളിലൊന്നും എനിക്ക് ജോലിയിൽ കാര്യമായി ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല.
ആ തേനീച്ചക്കൂട് അവിടെ തുങ്ങി കിടക്കുന്ന കാലത്തോളം ഇനി എനിക്കതിനു സാധിക്കുമെന്നും തോന്നുന്നില്ല.
ആ കൂട്ടിൽ നിന്നും കിട്ടാവുന്ന അഞ്ചു ലിറ്റർ തേൻ, എനിക്കതെടുക്കാൻ പറ്റിയാലത്തെ രോമാഞ്ചം,
അതെന്നെ അത്രയേറെ സ്വാധീനിച്ചിരിക്കുന്നു.
ഈ വിഷയത്തെ പറ്റി ഇതു വരെ മറ്റാരോടും ഞാൻ പറഞ്ഞിരുന്നില്ല.
ജോയിമാർ പ്ലാൻ ചെയ്യുന്ന ഒരു പദ്ധതിയിൽ അവരറിയാതെ ഇടയ്ക്കു കയറുന്നതിന് ആരും സഹകരിക്കില്ല എന്നതാണ് പ്രധാന കാര്യം;
പിന്നെ ബലഹീനനായ പന്നിയെയോ ആടിനെയോ പോലെ ചുമ്മാ കൊന്നു ചുമലിലേറ്റി കൊണ്ട് പോരാവുന്ന എതിരാളിയല്ലല്ലോ തേനീച്ച.
കുത്തു കിട്ടിയാലത്തെ അവസ്ഥ എന്താവുമെന്ന് മുൻകൂട്ടി പറയാനൊന്നും പറ്റില്ല. അതു കൊണ്ട് ഇക്കാര്യത്തിൽ ആരുടെയെങ്കിലും സഹായം ലഭിക്കാനുള്ള സാധ്യതയും തീരെ കുറവാണ്.
എന്തായാലും ആരോടെങ്കിലും പറയുന്നതിനു മുൻപ് സ്വന്തമായി ഒരു പദ്ധതി രൂപപെടുത്തണം. അതിന്റെ മുഴുവൻ റിസ്കും സ്വന്തം തലയിലാണെന്നും കൂടെ കൂടുന്നവന് ബുദ്ധിമുട്ടുകളൊന്നുമുണ്ടാക്കില്ലെന്നും ഒരു കുത്തു പോലും കൊള്ളേണ്ടി വരില്ലെന്ന് ഉറപ്പു കൊടുക്കുകയും ചെയ്താലേ ആരെയെങ്കിലും കിട്ടുകയുള്ളു.
കുടുംബവുമായി താമസിക്കുന്ന കുത്താട്ടുകുളംകാരൻ ബേബിയെ ആണ് കൂടെ കുട്ടൻ തീരുമാനിച്ചത്. അയാളുടെ ഭാര്യ തൽക്കാലം നാട്ടിലാണ്
അയാൾക്കാണെങ്കിൽ സ്വന്തമായി സ്കൂട്ടറുള്ളതുകൊണ്ട് രാത്രിയിൽ നടപ്പാക്കാൻ പ്ലാൻചെയ്തിരിക്കുന്ന എന്റെ പദ്ധതിക്ക് സ്കൂട്ടർ ഒരായുധമായി ഉപയോഗിക്കുകയും ചെയ്യാം.
അന്നു വൈകിട്ട് തന്നെ ബേബിയുടെ വീട്ടിൽ പോയി തേനീച്ചക്കൂടു പൊക്കുന്ന പദ്ധതി അവതരിപ്പിച്ചു കൊണ്ട് അയാളുടെ സഹായം തേടി.
എന്നെക്കൊണ്ടതു സാധിക്കുമെന്ന വിശ്വാസം തോന്നാഞ്ഞ ബേബി തേനീച്ച കുത്തിയാലുണ്ടാകാവുന്ന ഗുരുതരമായ ഭവിഷ്യത്തുകൾ പറഞ്ഞു തന്ന് എങ്ങിനെയെങ്കിലും എന്നെ ഈ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിക്കുവാൻ ശ്രമിച്ചു.
ജോയിമാർ എന്നല്ല ഇതിനിറങ്ങിത്തിരിക്കുന്നവർ ആരായാലും കാട്ടുന്നതു മOയത്തരമാണെന്ന പക്ഷക്കാരനായിരുന്നു അയാൾ.
ഈ ലക്ഷ്യത്തിൽ നിന്നും പിന്മാറുന്ന പ്രശ്നമില്ലെന്ന എന്റെ പിടിവാശിയിൽ, അവസാനം അയാൾ കൂടെ വരാമെന്നു സമ്മതിച്ചു.
എന്റെ പ്ലാനുകളിൽ ബേബി ചില തിരുത്തലുകൾ വരുത്തി.
ഒന്നിനു പകരം ശരീരം മുഴുവൻ മൂടുന്ന രണ്ട് ഓവറോളുകൾ ധരിച്ചു, മുഖം കട്ടിയുള്ള പ്ലാസ്റ്റിക് ഷീൽഡു കോണ്ടു മൂടണം. ശ്വാസം കിട്ടാൻ പ്ലാസ്റ്റിക് ഷീൽഡിൽ തീരെ ചെറിയ തുളകൾ ഉണ്ടാക്കണം. കൈയിൽ കുത്തേൽക്കാതിരിക്കാൻ കട്ടിയുള്ള ഹാൻഡ് ഷുവും വേണം. കാലിലെ ഷുവിന്റെയും ഓവറോളിന്റെയും ഇടയിൽക്കൂടി തേനീച്ചകൾ അകത്തു കടക്കാതിരിക്കാൻ ടേപ്പു കൊണ്ട് നന്നായി ഒട്ടിക്കണം, അതുപോലെ തന്നെ കൈയിലും. ഹാൻഡ്‌ഷുവും ഓവറോളിനുമിടയിലൂടെ വിടവുണ്ടാകാതെ ഒട്ടിക്കണം. ഇത്രയുമായാൽ കൂടിനടുത്തേയ്ക്കു പോകുന്നയാൾ സുരക്ഷിതനായിരിക്കുമെന്നു കണക്കു കൂട്ടി.
അഞ്ചു മീറ്ററോളം നീളമുള്ള കനം കുറഞ്ഞ ഒരു പൈപ്പ് സംഘടിപ്പിച്ച് അതിൽ മൂർച്ചയുള്ള അരിവാൾ കെട്ടി.
അല്പം ദുരെ നിന്നു കൊണ്ട് തേനീച്ചക്കൂടു മുറിച്ചു മാറ്റാം.
താഴെ വീഴുന്ന കൂട്ടിൽ നിന്നും തേനീച്ചകളെ മണ്ണെണ്ണയിൽ മുക്കിയ തുണികൊണ്ട് കൂടിനു മുകളിൽ നിന്നും പതിയെ മാറ്റിയിട്ട് അത് ചാക്കിനകത്താക്കണം. അതിനു വേണ്ടി ഒരു വലിയ ചാക്കും കരുതണം.
തലയിലെ ഹെൽമെറ്റും ഹാൻഡ് ഷുവും ഓവറോളും എല്ലാം തേനീച്ച ഇടയ്ക്കു കൂടി നുഴഞ്ഞു കയറാത്തവണ്ണം ബേബിയും ടേപ്പു കൊണ്ട് ഒട്ടിക്കണം. സ്‌കൂട്ടറുമായി ഇരുപതു മീറ്ററോളം മാറിയുള്ള മെയിൻ റോഡിൽ നിന്നു കൊണ്ട് തേനീച്ചക്കൂട്ടിലേയ്ക്കു ലൈറ്റ് തെളിച്ചു കാട്ടികൊണ്ടു ബേബി കാത്തുനിൽക്കുമ്പോൾ ബാക്കി ഓപ്പറേഷൻ എല്ലാം ഞാൻ തന്നെ ചെയ്യണം.
മുറിച്ചു മാറ്റിയ തേനീച്ചക്കൂട് ഈച്ചകളെ മാറ്റി ചാക്കിനകത്താക്കിയാൽ അതുമായി ഞാൻ സ്കൂട്ടറിന്റെ പിറകിലിരുന്നു തിരിച്ചു പോരും.
തേനെടുക്കുന്നതിനുള്ള ആസൂത്രണങ്ങളെല്ലാം അന്നു തന്നെ പൂർത്തിയാക്കി; മിക്കവാറും എല്ലാവരുമായി പരിചയമുള്ള പഴമക്കാരനായ ബേബി മേൽപറഞ്ഞ ഉടയാടകളെല്ലാം ഒരുക്കുന്ന കാര്യം സ്വയം ഏറ്റെടുത്തു.
ജോയിമാർ പ്ലാൻ ചെയ്തിരുന്നതിനും രണ്ടു ദിവസം മുൻപ് ഞങ്ങൾ തേനെടുക്കുവാൻ തീരുമാനിച്ചു .
പ്രതീക്ഷിക്കുന്ന അഞ്ചു ലിറ്റർ തേൻ ഒഴിച്ചു വയ്ക്കുവാനുള്ള കുപ്പികൾ വരെ തയാറാക്കി വച്ചിട്ട് ഒരു വ്യാഴാഴ്ച രാത്രി പത്തു മണി കഴിഞ്ഞപ്പോൾ ബേബിയും ഞാനും കൂടി തേനീച്ച കൂടിനടുത്തെത്തി.
മെയിൻ റോഡിനു സൈഡിൽ കൂടിന് ഇരുപതു മീറ്റർ ദുരെ സ്കൂട്ടർ നിറുത്തി.
ഉടയാടകൾക്കിടയിലൂടെ ഈച്ചയ്ക്കു നുഴഞ്ഞു കയറാൻ വഴികൾ ബാക്കി വച്ചിട്ടില്ലെന്ന് ഒരിക്കൽ കൂടി പരിശോധിച്ച് ഉറപ്പു വരുത്തി.
അരിവാൾ കെട്ടിയ പൈപ്പു മായി ഞാൻ കൂടിനെ സമീപിച്ചു.
ബേബി സ്കൂട്ടർ സ്റ്റാർട്ട് ചെയ്‌ത് ലൈറ്റ് ഓൺ ആക്കി കൂടിനു നേരെ അടിച്ചു തന്നു.
ആ വെളിച്ചത്തിൽ എനിക്ക് കൂടു നന്നായി കാണാം.
ഉള്ളിലെ ഭയത്തിന് എന്നെ കീഴ്പ്പെടുത്താൻ സമയം കൊടുക്കാതെ അഞ്ചു സെന്റിമീറ്റർ മാത്രം ബാക്കി നിറുത്തിക്കൊണ്ട് ആ കൂടു ഞാൻ അരിഞ്ഞു താഴെ ഇട്ടു.
ഈച്ചകൾ താഴെ വീണ ഭാഗത്തും മുകളിൽ ബാക്കി നിൽക്കുന്ന കൂടിന്റെ ബാക്കിയിലുമായി പറന്നു നടന്നു.
പ്ലാൻ ചെയ്തിരുന്നത് പോലെ ബേബി ലൈറ്റ് ഓഫ് ചെയ്തു.
അഞ്ചു മിനിറ്റോളം ഞങ്ങളവിടെ അനങ്ങാതെ നിന്നു.
ഇരുട്ടത്തു നിശ്ച്വലരായി നിന്നിരുന്ന ഞങ്ങളുടെയടുത്തേയ്ക്ക് ഈച്ചകളൊന്നും പറന്നെത്തിയില്ല.
വീണ്ടും ലൈറ്റ് ഓൺ ചെയ്തു നോക്കുമ്പോൾ ഈച്ചകൾ ഭൂരിഭാഗവും ബാക്കി നിറുത്തിയിരുന്ന അഞ്ചു സെന്റിമീറ്റർ കുടിൽ പൊതിഞ്ഞിക്കുന്നുണ്ട്.
താഴെ മുറിച്ചിട്ടിരിക്കുന്ന ഭാഗം കൈയിലുള്ള പൈപ്പുകൊണ്ട് അവിടെ നിന്നും ദൂരേക്കു വലിച്ചു മാറ്റി. അതിനെ പൊതിഞ്ഞിരുന്ന കുറെ ഈച്ചകൾ കൂടി ബാക്കി നിറുത്തിയിരുന്ന കൂടിനടുത്തേയ്ക്കു പറന്നു പോയി.
വീണ്ടും ബാക്കി വന്ന ഈച്ചകളെ മണ്ണെണ്ണ പ്രയോഗം കൂടാതെ തന്നെ മുറിച്ചിട്ടിരുന്ന വലിയ കൂട്ടിൽ നിന്നും ഒഴിവാക്കാനായി.
ഒരു തേനീച്ചയുടെ കുത്തു പോലും ഏൽക്കാതെ ഇത്രയും വിജയകരമായി ഈ പദ്ധതി നടപ്പിലാക്കാൻ സാധിച്ചതിൽ ഞങ്ങൾ അല്പം അഹങ്കരിച്ചെന്നു പറയുന്നതാവും ശരി.
ഇതിൽ നിന്നും ഒരു കുപ്പി തേൻ എന്തായാലും അവധിയ്ക്കു പോകുമ്പോൾ വീട്ടിൽ കൊണ്ട് പോകണം.
ചാക്കിനകത്താക്കിയ തേൻ കൂടുമായി ഞങ്ങൾ ബേബിയുടെ വീട്ടിൽ തിരിച്ചെത്തി.
അടുക്കളയിൽ തേൻ അരിച്ചൊഴിക്കാനുള്ള അരിപ്പയും കുപ്പികളുമൊക്കെ നേരത്തെ തന്നെ ഒരുക്കി വച്ചിട്ടായിരുന്നു ഞങ്ങൾ പോയത്.
തേൻ കൂടു പതിയെ ചാക്കിനകത്തു നിന്നും പുറത്തെടുത്തു.
അതിൽ പറ്റിപ്പിടിച്ചിരുന്ന ഏതാനും ഈച്ചകളെ ഹാൻഡ് ഷു ഉണ്ടായിരുന്നതു കൊണ്ട് ബുദ്ധിമുട്ടുകുടാതെ പിടിച്ചു കളയാൻ പറ്റി.
ആ വലിയ കൂടിനെ തേൻ പിഴിഞ്ഞെടുക്കുവാനുള്ള എളുപ്പത്തിന് ചെറിയ കഴങ്ങളാക്കി മുറിച്ചു.
ഓരോ കഷ ണങ്ങളെടുത്തു പിഴിയുവാൻ തുടങ്ങിയ ഞങ്ങൾക്കു പക്ഷെ നിരാശരാവേണ്ടി വന്നു.
തേൻ ഉറച്ചു മഞ്ഞളാവുന്ന കാലത്താണ് പദ്ധതി നടപ്പിലാക്കപ്പെട്ടത്;
ആശ്വാസത്തിനായി ഒരു തുള്ളി തേൻ പോലും ഞങ്ങൾക്കു കിട്ടിയില്ല എന്നതാണ് സത്യം.
ഒരു പക്ഷെ ജോയി മാരുടെ കണക്കു കുട്ടലിൽ തെറ്റു പിണഞ്ഞതാവാം,
അവർ എനിയ്ക്കു വേണ്ടിയല്ലല്ലോ കണക്കു കൂ ട്ടിയത് !
ഓപ്പറേഷൻ വിജയമായിരുന്നെങ്കിലും സൗഖ്യം ലഭിക്കാഞ്ഞ ഈ ഈ പദ്ധതി ഞങ്ങളുടെ മാത്രം രഹസ്യമായി അവശേഷിച്ചു.
അടുത്ത ദിവസം ജോലിക്കെത്തിയവർക്ക് അപ്രത്യക്ഷമായ തേനീച്ചക്കൂട് സാന്ത്വനമായിരുന്നപ്പോൾ
തങ്ങൾ സ്വന്തമാക്കാൻ പ്ലാൻ ചെയ്തിരുന്ന അഞ്ചു ലിറ്ററിലധികം തേൻ മോഷ്ടിച്ചവരെ ജോയി മാർ തെറി വിളിച്ചു.
C. Abraham
( ഇതെഴുതാൻ തുടങ്ങുന്നതിനു മുൻപ് ഇത്രയും കാലം ഞങ്ങളുടെതു മാത്രമായിരുന്ന ഈ രഹസ്യം പരസ്യപ്പെടുത്തുവാൻ കൂത്താട്ടുകുളത്തെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന ബേബിയുടെ സമ്മതം വാങ്ങിയിരുന്നു)