ഓർമ്മക്കുറിപ്പുകൾ (15) സ്വത്വം വെളിപ്പെടുത്തുന്ന കാൽവിരലുകൾ

ഓർമ്മക്കുറിപ്പുകൾ ( 15 )
puna 1980 - സ്വത്വം വെളിപ്പെടുത്തുന്ന കാൽവിരലുകൾ

മൂന്നു  മില്യനോളം പേർ യു ട്യൂബിലും തിയേറ്ററിലുമായി കണ്ടു കഴിഞ്ഞ   2019 ലെ ഒരു മലയാള സിനിമയായിരുന്നു `കെട്ട്യോളാണെന്റെ മാലാഖ.`
വളരെയേറെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വിഷയമാണ് ചിത്രത്തിൽ സംവാദിച്ചിരിക്കുന്നത്. സഹോദരിമാരുടെ വിവാഹമൊക്കെ കഴിഞ്ഞു പ്രായമായ അമ്മയും കാർഷികവൃത്തിയിലേർപ്പെട്ടിരിക്കുന്ന, വലിയ ഭൂ സ്വത്തിനുടമയായ നായക കഥാപാത്രവും തറവാട്ട് വീട്ടിൽ തനിച്ചാവുമ്പോളാണ് അടുക്കളയിലും പറമ്പിലും തൊഴുത്തിലുമൊക്കെ ഒരു സഹായിയുടെ കുറവ് അനുഭവപ്പെടുന്നത്.
കുടുംബ ഭരണവും കൃഷികാര്യങ്ങളുമായി നടക്കുന്ന നായകന്റെ രുചികരമായ ഭക്ഷണവും,വൃത്തിയുള്ള വസ്ത്രധാരണവും പോലുള്ള പരിമിതമായ ആവശ്യങ്ങൾ ഇത്രനാളും അമ്മ സാധിച്ചു കൊടുത്തിരുന്നു.
അമ്മയ്ക്കു പ്രായമേറുകയും, മകന്റെ കാര്യങ്ങൾ നോക്കാൻ ബുദ്ധിമുട്ടാവുകയും ചെയ്തപ്പോളാണ് മകനെ ഒരു വിവാഹത്തിനു പ്രേരിപ്പിക്കുന്നത്.
പാടത്തും പറമ്പിലും പണിക്കെത്തുന്നവരും, വൈകുന്നേരങ്ങളിൽ കൂട്ടു കൂടാനെത്തുന്ന കുട്ടികളും, പള്ളിയും നാട്ടുകാര്യങ്ങളുമൊക്കെയായി ഓടി നടക്കുന്ന കഥാപാത്രത്തിന് ഈ പ്രായത്തിനിടയ്ക്കു കിടപ്പുമുറിയിലോ ജീവിതത്തിലോ ഒരു സ്ത്രീയുടെ അഭാവം അനുഭവപ്പെട്ടിട്ടില്ല. ഇനി അങ്ങനെയൊരാൾ എത്തിയാൽ എന്തു വ്യത്യാസമാണ് ഉണ്ടാവാൻ പോകുന്നതെന്നൊന്നും വിഭാവനം ചെയ്തിട്ടുമില്ല.
ഇടവക പള്ളിയിൽ  വൈദിക സമക്ഷം വിശ്വാസപ്രമാണവും,സ്വർഗ്ഗസ്ഥനായ പിതാവും കാണാതെ ചൊല്ലി കേൾപ്പിച്ച്  ഒരു കുമ്പസാരവും നടത്തിയാൽ കിട്ടുന്ന വിവാഹത്തിനു ള്ള യോഗ്യത സർട്ടിഫിക്കറ്റു  കൈപ്പറ്റുമ്പോൾ, തന്റെയടുത്തു ഒരു പെണ്ണ് വന്നാൽ എങ്ങനെ സമീപിക്കണമെന്നറിയില്ല എന്ന തന്റെ അജ്ഞത സത്യസന്ധമായി അവൻ വെളിപ്പെടുത്തുന്നുമുണ്ട്.
നായികാ കഥാപാത്രം പക്വമതിയെങ്കിലും മുൻകൈയെടുക്കുന്നതിലും പുരുഷനെ വഴികാട്ടുന്നതിലുമുള്ള പരിമിതികൾ മനസ്സിലാക്കാവുന്നതേയുള്ളൂ.

എന്തായാലും ഒന്നും സംഭവിയ്ക്കാതെ പിന്നിട്ട പല രാത്രികൾക്കും വിരാമമിട്ടുകൊണ്ട് ഒരു നാൾ മദ്യ പിച്ചു വർദ്ധിതവീര്യവുമായി കിടപ്പറയിലെത്തിയ നായകൻ എല്ലാം കുളമാക്കി.

കുളിക്കടവിൽ വച്ചു തങ്ങളുടെ ആദ്യരാത്രികളെ പറ്റി പൊടിപ്പും തൊങ്ങലും വച്ചു  കൂടെയുള്ളവർ വിവരിക്കുന്നതു കേട്ടിട്ടാണ് കള്ളടിച്ചിട്ടായാൽ എല്ലാം നന്നായി കലാശിക്കുമെന്ന തിരിച്ചറിവു നായകനുണ്ടായത്.

ലൈംഗികാവയവങ്ങളെപ്പറ്റിയും ലൈംഗികമായ ഇടപെടലുകളെപ്പറ്റിയും ചെറുപ്പക്കാർക്കിടയിലെ അജ്ഞത തുറന്നു കാട്ടുന്ന, ലൈംഗിക വിദ്യാഭ്യാസ ത്തിന്റെ അഭാവം  മൂലം ഉണ്ടാകാവുന്ന ദുരന്തങ്ങൾക്കു മുന്നറിയിപ്പായിട്ടുള്ള ഒരു ചിത്രം.

വിദ്യാഭ്യാസത്തിലും സാസംസ്കാരികതയിലും  ഇത്രയേറെ പുരോഗതി കൈ വന്നിട്ടുള്ള ഇന്നും സ്ഥിതി ഇതാണെങ്കിൽ ഇന്നേക്ക്  50 വർഷം മുൻപത്തെ കാര്യം പറയേണ്ടതില്ലല്ലോ.

മിക്കവാറും അറേൻഞ്ച്ഡ് കല്യാണങ്ങൾ മാത്രം സാധാരണമായിരുന്ന അക്കാലത്തു് ബന്ധങ്ങൾ ഉറപ്പിക്കപ്പെട്ടിരുന്നത് മനപ്പൊരുത്തത്തിലേറെ കുടുംബപ്പൊരുത്തവും, സ്ത്രീധനത്തിന്റെ ഭാരവും അങ്ങനെ പലതും നോക്കിയായിരുന്നു . വിവാഹിതരാവേണ്ട പെണ്ണിനും ചെറുക്കനും കാര്യമായ സ്വാധീനമൊന്നും ഇണയെ തിരഞ്ഞെടുക്കുന്നതിൽ ഇല്ലായിരുന്നെന്നതാണ് സത്യം. കൂടെ പോരുന്ന തല മൂത്ത കാരണവന്മാർ-കരണവത്തികൾ പെണ്ണിനെ അല്ലെങ്കിൽ ചെറുക്കനെ കണ്ടിട്ട് ലക്ഷണം നോക്കി തീരുമാനിയ്ക്കും തമ്മിൽ ചേരുമോ ഇല്ലയോ എന്നത്.

അവരുടെ കണ്ടെത്തലുകൾ തിരുത്തിക്കുറിക്കാനൊന്നും തുനിയുന്നില്ല, അങ്ങനെ ഒന്നിപ്പിക്കപ്പെട്ട നമ്മുടെയൊക്കെ കാരണവന്മാരെ മരണത്തിനു മാത്രമേ വേർ പെടുത്താനായുള്ളു,
അത്ര ദൃഢതരമായ ഒരു ബന്ധം അവർക്കിടയിൽ കാലം രൂപപ്പെടുത്തിയിരുന്നു.

കൗമാര പ്രേമത്തിലെ കാമിനിമാർ, പലരും  സാമീപ്യം കുറഞ്ഞപ്പോൾ പുതിയ ബന്ധങ്ങൾ തേടി പോവുകയോ, കുടുംബ പ്രാരാബ്ധങ്ങൾ ഒന്നൊതുക്കിയിട്ടു കല്യാണമാവാമെന്നു തീരുമാനിച്ചപ്പോൾ പഴയ ബന്ധങ്ങൾ  ഉപേക്ഷിക്കേണ്ടി വരുകയോ ചെയ്ത എയർ ഫോഴ്‌സു കാരന് വിവാഹം കഴിക്കാൻ തയാറാവുമ്പോളേയ്ക്കും  മനസ്സില്ലാ മനസ്സോടെയെങ്കിലും അവൻ ഒരിക്കലും ഇഷ്ടപ്പെടാഞ്ഞ അറേൻഞ്ച്ഡ് കല്യാണം മാത്രമാണ് ഒരു ഇണയെ കണ്ടെത്താനുള്ള മാർഗമായി അവശേഷിക്കുന്നത്.
ഒരു വ്യത്യാസം മാത്രം, തങ്ങളുടെ ഇഷ്ടങ്ങൾ കാരണവന്മാരുടെ ഇടപെടലുകൾക്കു വിട്ടുകൊടുക്കാതെ, സ്ത്രീധനത്തിന്റെ ഘനത്തിലും കുടുംബപെരുമയിലുമൊന്നും വീണു പോകാതെ, പറ്റുന്നിടത്തോളം മനസ്സിൽ രൂപം കൊടുത്ത ഭാവിവധുവിനെ തന്നെ, സ്വയം തിരഞ്ഞെടുക്കുവാൻ അവൻ ശ്രദ്ധാലുവാകും.

സൗന്ദര്യ സങ്കല്പത്തിന്റെ അളവുകോലുകളും, ആദ്യരാത്രിയിലെ ഇടപെടലുകളുമൊക്കെ രൂപപ്പെടുത്തിയിരുന്നത് ഒരു പരിധി വരെ സൗഹൃദ കൂട്ടായ്മകളിൽ നിന്നുള്ള അറിവുകൾ ആധാരമാക്കിത്തന്നെയാവും.

പലതും അബദ്ധധാരണകളാണെങ്കിലും ആദ്യ രാത്രിയിൽത്തന്നെ 7 തവണ ഇണയെ കീഴ് പ്പെടുത്തി തന്റെ ശക്തി തെളിയിച്ച സർദാർജിയുടെ വിവരണങ്ങൾ വിവാഹ ശേഷവും,
സ്ത്രീ ശരീരത്തിൽ  എവിടെയാണ് ണ് സൗന്ദര്യം ഒളിഞ്ഞിരിക്കുന്നതെന്നുള്ള വിവരണങ്ങൾ പങ്കു വയ്ക്കുന്ന അനുഭവസ്ഥരുടെ പ്രഭാവവുമൊക്കെ പെണ്ണുകാണൽ വേളയിൽ ഉണ്ടാക്കുന്ന സ്വാധീനം കുറച്ചൊന്നുമല്ല.

ഇടുങ്ങിയ അരക്കെട്ടും,മാംസളമായ നിതംബവും, ആലില വയറും സമൃദ്ധമായ മുടിയും, നിറഞ്ഞ മാറും, കരിമിഴിക്കണ്ണുകളും, മുഖത്തിന്റെ രൂപഭംഗിയുമൊക്കെ സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങളാണെന്നറിയാമായിരുന്നെങ്കിലും,

കാൽവിരലുകൾ നോക്കി പെണ്ണിനെ വിലയിരുത്താനാവുമെന്നത്  ഒരു പുതിയ അറിവായിരുന്നു.

മുഖ ലക്ഷണവും, മുക്ക് ചെവി തുടങ്ങിയവയെ ആസ്പദമാക്കിയു മൊക്കെയുള്ള വ്യക്തിത്വ നിർണയം പോലെ തന്നെ കാൽവിരലുകൾ നോക്കിയും ഒരാളെ പഠിക്കാൻ സാധിക്കുമത്രേ !

ഒറ്റപ്പാലം കാരൻ ഗോപാലകൃഷ്ണനും പാലക്കാട്ടുകാരൻ നമ്പ്യാരും, പെണ്ണ് കാണൽ  വേളയിൽ മുന്നിൽ വന്നു നിന്നു കാൽവിരലുകൾ കൊണ്ടു ചിത്രം വരച്ചവളുടെ   ക്യുടെക്സ് ഇട്ടു സുന്ദരമാക്കിയ കാൽവിരലുകൾ നോക്കിയാണ് അവരെ അളന്നത് . രണ്ടു പേരും സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നു.

ഞങ്ങളോടൊപ്പമുണ്ടായിരുന്ന വായനാട്ടുകാരൻ ഒരു ജൂനിയർ ഓഫീസർ ജയനും കാൽവിരലുകളിൽ നോക്കിയാണ് ഭാവിവധുവിനെ അളക്കാൻ തുടങ്ങിയത്. എന്നാൽ നോട്ടം മുകളിലേയ്ക്കു മാറി കൈ വിരലുകളിൽ എത്തിയപ്പോളേക്കും അയാൾ ശരിക്കും വീണു പോയി. നീണ്ടു സുന്ദരമായ വിരലുകളിൽ അര സെന്റിമീറ്ററോളം നീട്ടി വളർത്തിയ നഖങ്ങൾ;
ചുവന്ന നിറത്തിലുള്ള ക്യുടെക്സ് പുരട്ടി സുന്ദരമാക്കിയ ആ വിരലുകളിലുടക്കിയ  ജയന്റെ കണ്ണുകൾ,
അളവു കോലുകളെല്ലാം വലിച്ചെറിഞ്ഞ്, അവളെ തന്നെ സ്വന്തമാക്കുവാൻ അയാളെ പ്രേരിപ്പിച്ചു.
അങ്ങനെ അവൾ ജയന്റെ ഭാര്യയായി.

രണ്ടു കുട്ടികളുടെ അമ്മയായ മിസ്സിസ് ജയൻറെ കൈവിരലുകളിൽ, ഇപ്പോളും നീട്ടി വളർത്തി ക്യുടെക്സ്  പുരട്ടിയ ഭംഗിയുള്ള നഖങ്ങൾ കാണാം.
അടുക്കളയിൽ കറിക്കരിഞ്ഞും, തേങ്ങാ അരച്ചുമൊന്നും ആ നഖങ്ങൾക്കു പോറലേൽപ്പിക്കാൻ ജയൻ അനുവദിച്ചില്ല.
തേങ്ങാ അരയ്ക്കലും കറിക്കരിയലുമൊക്കെ ഇപ്പോളും ജയൻ തന്നെ !

C. Abraham