ഓർമക്കുറിപ്പുകൾ ( 14 )
Pune - 1977 - ഒരു പന്നി വേട്ട
ശനിയാഴ്ചകളിൽ വൈകുന്നേരമാകുമ്പോളേയ്ക്കും ചീട്ടു കളിക്കാനും അല്പം കള്ളടിച്ചു സൊറ പറഞ്ഞിരിക്കാനുമൊക്കെയായി, കുടുംബവുമായി ക്വാർട്ടേഴ്സിൽ
താമസിക്കുന്നവരി ൽ പലരും എത്തിച്ചേരും. ഈ സുഹൃത്തുക്കളിൽ ചിലരുടെയൊക്കെയടുത്ത് അവധിദിവസങ്ങളിൽ ഞങ്ങൾ സന്ദർശനത്തിന് പോവുകയും ഭക്ഷണം കഴിക്കയുമൊക്കെ ചെയ്യാറുമുണ്ട്;
അങ്ങനെ കുടുംബവുമായി താമസിക്കുന്നവരുമായി വളരെ നല്ല ഒരു സൗഹൃദമാണ് പട്ടാള കമ്പുകളിൽ നിലനിൽക്കുക. അവരുടെ എല്ലാ ആവശ്യങ്ങൾക്കും സിംഗിൾ ആയിട്ടുള്ളവർ എപ്പോളും കൂടെയുണ്ടാവു൦.
വൈകുന്നേരങ്ങളിലെ ഈ കൂടിച്ചേരലുകളിൽ ലോകത്തു നടക്കുന്ന എല്ലാ സംഭവങ്ങളും ചർച്ചാ വിഷയമാകും.
പ്രാദേശികവും അന്തർദേശീയവുമായി പ്രാധാന്യമുള്ള എല്ലാ വാർത്തകളും, ദിവസവും രണ്ടു മൂന്നു പത്രങ്ങളെങ്കിലും വായിക്കുന്ന തിരുവല്ലക്കാരൻ തോമസ്, ആധികാരിക മായി വിശകലനം ചെയ്ത് ഞങ്ങളു മായി പങ്കു വച്ചിരുന്നു.
77 ൽ , അടിയന്തിരാവസ്ഥക്കാലത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടിയുടെ വിജയം, സീറ്റെണ്ണം വരെ ഏതാണ്ട് കൃത്യമായി പ്രവചിച്ചു തോമസ് ഞങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.
പുകവലി ശീലമാക്കിയിരുന്നു തോമസ് സിഗരറ്റു ചുണ്ടിൽ വച്ചു തീ കൊളുത്തിയാൽ പിന്നെ അങ്ങനെയൊരു സാധനം ചുണ്ടിൽ ഉള്ള കാര്യം തന്നെ അങ്ങു മറന്നു പോകും. ഇടക്കെടുത്തു പുകവിടുകയോ വലിച്ചു കയറ്റുകയോ ഒന്നും ചെയ്യില്ല.
അതു ചുണ്ടിലിരുന്ന് അങ്ങനെ പുകഞ്ഞു കൊണ്ടിരിക്കും. സാധാരണ പോലെ തോമസ് മറ്റു കാര്യങ്ങളിൽ വ്യാപൃതനാവും.
കത്തിക്കയറുന്ന സിഗരറ്റിന്റെ ചാരം പതിയെ താഴേയ്ക്കു തൂങ്ങി ഒടിഞ്ഞു വീഴാൻ പോകുന്നതു കണ്ട് , ചാരം കള്ളു ഗ്ലാസ്സിലേയ്‌ക്കോ ടച്ചിങ്സിലേയ്‌ക്കോ വീണു നാശമാവുമല്ലോ എന്ന വേവലാതി ഞങ്ങളുടെ ചങ്കിടിപ്പു വർദ്ധിപ്പിക്കും.
ഞങ്ങൾ പറഞ്ഞാലും തോമസ് മൈൻഡ് ചെയ്യില്ല, പുള്ളിക്കറിയാം ഒന്നും സംഭവിക്കില്ലെന്ന്.. ( ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം കഴിഞ്ഞ വർഷം തോമസ് ഞങ്ങളോടു വിട പറഞ്ഞു ) പ്രണാമം
അന്നത്തെ ഒത്തുചേരലിൽ തോമസും, പാലക്കാടുകാരൻ ഗോപിയും ഒരു വറുഗീസും ഞങ്ങളോടൊപ്പമുള്ള ഒരു പിള്ളയും, ജോർജും പിന്നെ ഞാനുമാണുണ്ടായിരുന്നത്.
ആറു മാസം കഴിഞ്ഞപ്പോൾ ഞാനും കള്ളുകമ്പനികളിൽ കൂടിത്തുടങ്ങി.
എല്ലാവരും തന്നെ ഒരുമാതിരി ഫിറ്റ് ആയപ്പോളാണ് തോമസിനു പെട്ടന്ന് ഒരു ഐഡിയ തോന്നുന്നത് ;
നമുക്കിന്നൊരു പന്നിയെ പൊക്കിയാലോ..
മെസ്സിൽ നിന്നും, മിച്ചം വരുന്ന ഭക്ഷണസാധനങ്ങൾ ഒഴിവാക്കിയെടുക്കാനുള്ള ചിലവു, ക്രമാതീതമായി കുടിയപ്പോളാണ് ഒരു പന്നി ഫാ൦ എന്ന ആശയം പ്രവർത്തികമായത്;
ഫാം തുടങ്ങിയിട്ടിപ്പോൾ രണ്ടു വർഷത്തോളമായി.
കള്ളിന്റെ കൂടെ പന്നിയിറച്ചി വറത്തു ടച്ചിങ്‌സ് ആയി കഴിച്ചു രുചിയറിഞ്ഞിട്ടുള്ള തോമസിനെ പന്നിക്കുട്ടന്മാർ പ്രലോഭിപ്പിച്ചതിൽ തെറ്റ് പറയാനൊക്കുകയില്ല.
കണ്ടാൽ ആരും കൊതിച്ചു പോകും, അത്ര വൃത്തിയിലാണ് അവരെ പരിപാലിക്കുന്നത്.
പക്ഷെ ഇങ്ങനത്തെ സാഹസങ്ങൾക്കൊന്നും ഇറങ്ങിത്തിരിക്കാത്ത തോമസ്സിന്റെ പക്കൽ നിന്നും ഇതുപോലൊരു നിർദ്ദേശം ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നു മാത്രം.
മെസ്സിൽ നിന്നും നാലു ദിവസം ആടും;
കോഴിയും,മുട്ടയും, മീനുമായി ബാക്കി ദിവസങ്ങളും;
അങ്ങനെ ആഴ്ചയിലെ ഏഴു ദിവസങ്ങളും നോൺ വെജിറ്റേറിയൻ കിട്ടുന്നതു കൊണ്ട് വല്ലപ്പോളും ഒരു ചെയിഞ്ചിനു വേണ്ടി അല്പം ബീഫ് വാങ്ങി വറുക്കുന്നതു മാത്രമാണ് ക്യാംപിൽ താമസിക്കുന്ന ഞങ്ങളുടെ നേരംപോക്ക്.
പന്നിയെ പിടിക്കലും അതിനെ കീറി മുറിച്ചു കറിയാക്കലുമൊന്നും ഞങ്ങളുടെ വിദൂര ചിന്തയിൽ പോലും ഉണ്ടായിരുന്നില്ല.
പക്ഷെ കമ്പനി കൂടി കള്ള ടിക്കുമ്പോൾ കൂടെയിരിക്കുന്ന ആർക്കു തോന്നുന്ന അഭിപ്രായവും സാധാരണ ഗതിയിൽ നടപ്പിലാക്കിയിരിക്കും.
ശരി തെറ്റുകളെപ്പറ്റി ആലോചിച്ചു തല പുണ്ണാക്കാനൊന്നും ആർക്കും സമയമില്ല. ലഹരി തലയ്ക്കു പിടിച്ചാൽ പിന്നെ എല്ലാവരും ശരികൾ മാത്രമേ പറയുകയുള്ളൂ, അതങ്ങു നടപ്പാക്കുക എന്നതാണ് ഒരു കീഴ്വഴക്കം.
തോമസിന്റെ ആഗ്രഹം എത്രമാത്രം സീരിയസ് ആയിരുന്നെന്നതിലുപരി അതു നടപ്പാക്കു ന്നതിനെ പറ്റിയായി പിന്നെ ആലോചന.
ഗോപിയും വറുഗീസും കൂടി വീട്ടിൽ പോയി പന്നിയെ കുത്തിവീഴിക്കുവാനുള്ള കത്തിയുമായി വന്നു.
രാത്രി 11.30 ആയപ്പൊളേക്കും ധൈര്യം കൂട്ടാൻ ഓരോ പെഗും കൂടി അകത്താക്കി ഞങ്ങൾ പന്നിക്കൂടു ലക്ഷ്യമാക്കി നടന്നു.
ഞാൻ പയ്യനായിരുന്നതു കൊണ്ടും, തോമസും പിള്ളയും , ഈ പണിക്കു പറ്റാത്തവരായതിനാലും ഞങ്ങൾ മുന്നുപേരും കുറച്ചു മാറിയുള്ള ബില്ലെറ്റിന്റെ മുകളിലത്തെ വരാന്തയിൽ പന്നിക്കൂട്ടിലെ ആക്ഷൻ കാണാവുന്ന രീതിയിൽ നിലയുറപ്പിച്ചു.
കുറേശ്ശെ അഭ്യാസമൊക്കെ പഠിച്ചിരുന്ന ജോർജിന്റെയും ഗോപിയുടെയും കൈയിലാണ് കത്തിയുള്ളത്. വറുഗീസിന്റെ കൈയിൽ പന്നിയെ കൊണ്ടു പോരാനുള്ള ചാക്കും.
ചെറിയ നിലാവുള്ളതു കൊണ്ട് ഞങ്ങൾക്ക് പന്നിക്കൂടും അതിൽ കിടന്നുറങ്ങുന്ന പന്നികളെയും കൂടിനോടടുത്തുകൊണ്ടിരിക്കുന്ന മൂന്നു പേരെയും നന്നായി കാണാം.
കൂടിന്റെ മതിലുചാടി മൂന്നു പേരും അകത്തു കടന്നു. പന്നികൾ ഉണർന്നു ചെറുതായി ശബ്ദമുണ്ടാക്കിയതല്ലാതെ കിടന്നിടത്തു നിന്നും എഴുന്നേറ്റില്ല. സാധാരണ തീറ്റി കൊടുക്കാൻ ചെല്ലുന്നവരുമായി നല്ല ഇണക്കമുള്ള പന്നികൾ ആളടുത്തു ചെന്നിട്ടും എഴുന്നേൽക്കുകയോ ബഹളം വയ്ക്കുകയോ ചെയ്തില്ല.
ചുറ്റും നോക്കി, അടുത്തെങ്ങും മറ്റാരുമില്ലെന്ന് ഒരിക്കൽകൂടി തീർച്ചപ്പെടുത്തിയശേഷം രണ്ടു പേരും കത്തി പുറത്തെടുത്തു തയാറായി.
അടുത്തു ചെന്നപ്പോൾ തല തിരിച്ചു നോക്കിയ പന്നിയുടെഹൃദയഭാഗത്തേയ്ക്ക് ജോർജിന്റെ കത്തി ആഴ്ന്നിറങ്ങി.
പിന്നെ സംഭവിച്ചതെല്ലാം അപ്രതീക്ഷിതമായിരുന്നു.
ജോർജിനെയും കൊണ്ടു പന്നി കൂടിന് ഒരു വലം വച്ചു.
കൂടെ ഓടിയ ഗോപി മറു വശത്തു നിന്നും പന്നിയെ വീണ്ടും കുത്തി.
പന്നി സാവധാനം വീണ് , അനക്കമറ്റു കിടന്നു.
അവർ മുന്ന് പേരും കൂടി പന്നിയെ ചാക്കിലാക്കി കൈയിൽ കരുതിയിരുന്ന തോർത്തു കൊണ്ട് ചോരയൊക്കെ തുടച്ചു കളഞ്ഞിട്ടു ചാക്കുകെട്ടുമായി തിരിച്ചു പോന്നു.
അക്കാലത്തു ലഭ്യമായിരുന്ന sea pirate XXX റമ്മിന്റെ, നിന്നു കത്തുന്ന വീര്യം സാഹസങ്ങൾക്കു പ്രചോദനമാകുമെന്നു ഞങ്ങൾ അനുഭവിച്ചറിഞ്ഞു.
ഗോപിയും, വറുഗീസും, തോമസും, കൂടി പന്നിയെ സൈക്കിളിന്റെ പിറകിൽ കെട്ടി വച്ച് വീട്ടിൽ കൊണ്ടു പോയി.
ആ രാത്രി തന്നെ കഷണങ്ങളാക്കി അടുത്ത കുട്ടുകാർക്കെല്ലാം എത്തിച്ചു കൊടുത്തു.
ജോർജും പിള്ളയും ഞാനും തിരിച്ചെത്തി ടെൻഷൻ മാറ്റാൻ ഓരോന്നും കൂടി അകത്താക്കി കിടന്നുറങ്ങി.
പന്നി വറുത്തതു ടച്ചിങ്‌സും കൂട്ടിയുള്ള അടുത്ത ദിവസങ്ങളിലെ സായാഹ്നങ്ങളിൽ, പന്നിപ്പുറത്തേറിയ ജോർജിന്റെ സാഹസികതയിലെ ഹാസ്യം ആവോളം ചർച്ച ചെയ്യപ്പെട്ടു.