Shillong 1974 തെരുവുയുദ്ധം ഓർമ്മക്കുറിപ്പുകൾ (12 )

ഓർമ്മക്കുറിപ്പുകൾ (12 )
Shillong 1974 തെരുവുയുദ്ധം
ഈസ്റ്റേൺ എയർ കമാൻഡ് ക്യാമ്പിന് അകത്തേയ്‌ക്കും പുറത്തേയ്ക്കും കടക്കാൻ മൂന്നു ഗെയ്റ്റുകളാണുള്ളത്.
അതിൽ കമാൻഡ് ഗെയിറ്റാണ് ആൾക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്.
അതു വഴി പുറത്തിറങ്ങിയാൽ വലതു വശം ചായയും മഫ്‌ളോങ് എന്ന പേരിൽ അറിയപ്പെടുന്ന നാടൻ വാറ്റുചാരായവും ചെറു കടികളുമൊക്കെ വിൽക്കുന്ന, വീടിനോടനുബന്ധിച്ചുള്ള എട്ടു പത്തു കടകളാണുള്ളത്.
ഇടതു വശം ക്യാമ്പിന്റെ അതിർത്തിയാണ്. അവിടെ വെറും മുള്ളുകമ്പികൾ മാത്രമിട്ടു മെയിൻ റോഡുമായി തിരിച്ചിരിക്കുന്നു.
ഈ കടകളെല്ലാം നടത്തുന്നത് ഖാസികളാണ്. പുറത്തു നിന്നുള്ള ആരുടെയും കടകൾ അക്കാലത്തു ഷില്ലോങ്ങിലില്ല.
പെണ്ണുങ്ങളുടെ ഉടമസ്ഥതയിലും നടത്തിപ്പിലുമിരിക്കുന്ന കടകളിൽ അവരുടെ ഭർത്താക്കന്മാർ കാവൽക്കാരായി ഒരു മുലയിൽ ഒതുങ്ങും.
കടയിലെത്തുന്ന പതിവുകാരെ ഇന്ത്യയിൽ കിട്ടുന്നതിൽ ഏറ്റവും രുചികരമായ, ഇഞ്ചിയും ഏലക്കായും ചതച്ചിയിട്ട ചായയോ ചാരായം വേണ്ടവനു ചാരായമോ നൽകി അവർ അടുത്തിരുന്നു സൽക്കരിയ്ക്കും.
എയർ ഫോഴ്‌സുകാരല്ലാതെ മറ്റാരും അധികം വരാനില്ലാത്ത ചായക്കടകളിൽ ഒരു പ്രാവശ്യം വരുന്നവരെ പതിവുകാരാക്കുവാനാണ് എല്ലാ കടക്കാരും ശ്രമിക്കുന്നത്,
അതിഥികൾ കുറഞ്ഞാൽ അവരുടെ അടുപ്പിൽ പിന്നെ തീ പുകയില്ല.
സുന്ദരികളായ ഖാസി പെൺകിടാങ്ങളെ വിളമ്പാനും അടുത്തിരുന്നു കുശലം പറഞ്ഞു സുഖിപ്പിക്കാനും അവർ നിയോഗിക്കും.
അങ്ങനെ മിക്കവരും തന്നെ ഏതെങ്കിലും കടയിലെ സ്ഥിരം പതിവുകാരായി മാറും, പതിവുകാരെത്തിയാൽ അവരെ മാത്രം സത്കരിക്കാനായിഅവിടത്തെ സുന്ദരികൾ സമയം കണ്ടെത്തും.
ഈ പതിവുകാരിൽ പലരും രണ്ടു മുന്നു വർഷങ്ങൾ കൊണ്ട് അവരിലാരെങ്കിലുമായി അഗാധമായ പ്രണയത്തിലാവുകയും ചില പ്രണയങ്ങൾ വിവാഹത്തിലെത്തുകയും ചെയ്യും.
എന്നാൽ ഷില്ലോങ് വിട്ടു പോകാൻ തയ്യാറല്ലാത്ത കാമിനികൾ കാമുകനു സ്ഥലം മാറ്റം കിട്ടുന്നതോടെ പ്രണയം മറക്കുകയാണ് പതിവ്.
രാത്രിയിൽ ഷിഫ്റ്റ് ജോലി ചെയ്യുന്നവർക്ക്‌ രാത്രി പതിനൊന്നര വരെ ചായ സൽക്കാരം ഉണ്ടാവും.
റോഡിനിപ്പുറം മുള്ളുവേലിക്കരികിൽ ചെന്നു സുന്ദരിയെ പേരു ചൊല്ലി വിളിക്കുമ്പോൾ അവൾ ചായയുമായെത്തും.
ചൂടു ചായ ഊതി ഊതി കുടിച്ചുകോണ്ടിരിക്കുമ്പോൾ മുള്ളുവേലിയുടെ വേർ തിരിവിനപ്പുറത്തുനിന്നും നൽകാവുന്ന ചൂടും സമ്മാനിച്ച് കുടിച്ചു തീരുന്നതു വരെ അവൾ അടുത്തുണ്ടാവും.
ഷിഫ്റ്റിൽ ഉള്ള എല്ലാവരും തന്നെ അങ്ങനെ മാറി മാറി ചായ കുടിച്ച് അലസത മാറ്റും.
ആജാന ബാഹുക്കളായ പഞ്ചാബികളെ പെൺകൊടികൾക്കത്ര പഥ്യമല്ലായിരുന്നു;
അവരെ സ്നേഹിക്കാൻ കൊള്ളാഞ്ഞിട്ടോ സത്യസന്ധരല്ലാത്തതു കൊണ്ടോ ഒന്നുമല്ല, അവരുടെ ശരീരവലിപ്പം, ഒന്നരയടിയിൽ താഴെ മാത്രം ഉയരമുള്ള ഖാസി പെണ്ണുങ്ങൾക്ക് തങ്ങളുടെ പാകത്തിനനുസരിച്ചു മാത്രം പൊക്കമുള്ള മറ്റുള്ളവരോടു കൂട്ടുകൂടുവാൻ ഒരു കാരണമായെന്നു മാത്രം.
കമാൻഡ് ഗെയിറ്റിലെ തിളക്കമാർന്ന സുന്ദരിയെ സ്വന്തമാക്കിയിരുന്നത് ഒരു കണ്ണൂർക്കാരനായിരുന്നു. അതു പോലെ മറ്റു പല സുന്ദരികളെയും മദ്രാസികൾ സ്വന്തമാക്കുകയും കൂടി ചെയ്തപ്പോൾ സർദാർജികൾക്ക് `തിരിവുകളെക്കൊണ്ടു` തൃപ്തരാവേണ്ടി വന്നു.
അതതിൽ അവർക്കൽപ്പം മുറുമുറുപ്പുമുണ്ടായിരുന്നു.
ഞാൻ ഷില്ലോങ്ങിൽ ചെന്ന് ഏതാണ്ടൊരു വർഷത്തോളമായപ്പോളാണ് തെക്കൻ കേരളത്തിൽ നിന്നും ഒരു രാജൻ പിള്ള അവിടേയ്ക്കു പോസ്റ്റിംഗിൽ വരുന്നത്.
ശരീരം നിറയെ രോമവും കട്ടി മീശയും നല്ല കട്ട ശരീരവുമുള്ള പിള്ളയ്ക്ക് ഉയരം കുറവായിരുന്നെങ്കിലും ഒടുക്കത്തെ ആരോഗ്യവും ആരെയും കൂസാത്ത സ്വഭാവവുമായിരുന്നു.
ഒരിക്കൽ ഞങ്ങളോടൊപ്പം താമസിച്ചിരുന്ന, പിള്ളയുടെ സെക് ഷ നിൽ ജോലിചെയ്തിരുന്ന, ഒരു വടക്കേ ഇന്ത്യൻ ഭീമനുമായി പിള്ള എന്തോ പറഞ്ഞുടക്കി.
അന്നു വരെ അവനോടു തിരിച്ചു പറയുവാൻ ഞങ്ങൾക്കു ഭയമായിരുന്നു; അവനു ഞങ്ങളെ പുല്ലു വില യായിരുന്നെന്നതാണ് സത്യം.
ഭീമനും പിള്ളയും പോരിനു തയാറെടുത്ത സിംഹങ്ങളെപ്പോലെ കോപം കൊണ്ട് തീ പാറുന്ന കണ്ണുകൾ കോർത്ത് പരസ്പരം വിലയിരുത്തി;
രണ്ടു പേരും പിരിഞ്ഞു പോയി.
അതു കഴിഞ്ഞു ഞാൻ പിള്ളയോടു ചോദിച്ചു, കളരിപ്പയറ്റ് വല്ലതും പഠിച്ചിട്ടുണ്ടോയെന്ന്.
മറുപടി രസകരമായിരുന്നു.
" പത്തു പന്ത്രണ്ടു കൊല്ലം അതിന്റെ പിറകെ നടക്കാതെ വേണമെങ്കിലൊരു റിവോവർ മേടിച്ചാൽ പോരെ, ഒരുത്തനെ തല്ലാൻ കളരിപ്പയറ്റൊന്നും വേണമെന്നില്ല ".
ഓർത്തെടുത്തപ്പോൾ പല കളരിപ്പയറ്റുകാരും തനി നാടന്റെ മുൻപിൽ അടിയറവു പറഞ്ഞ സംഭവങ്ങൾ ഓർമ്മയിൽ മിന്നി മറഞ്ഞു.
പിള്ളയും, കാലൻ ചാക്കോ എന്നു ഞങ്ങൾ അങ്ങേരു കേൾക്കാതെ വിളിക്കുന്ന- ജോലി കഴിഞ്ഞു വന്നാൽ ബൈബിൾ കാണാതെ പഠിക്കാൻ മാത്രം സമയം ചിലവഴിക്കുന്ന - മറ്റൊരു സുഹൃത്തും, പഴയ യൂണിറ്റു കളിൽ അല്പം കുപ്രസിദ്ധി നേടിയിട്ടുള്ള കട്ടപ്പന ഷാജിയും കൂടി
(ഈ കട്ടപ്പന ഷാജിയും ഞാനുമായി ഒരു വല്ലാത്ത സുഹൃദ് ബന്ധമുണ്ടായിരുന്നു. ഷാജി വന്നു മാസങ്ങൾ കഴിഞ്ഞിട്ടും പുള്ളിക്കാരന് കള്ളടിക്കാനൊന്നും ആരും കമ്പനി കൊടുത്തില്ല, പഴയ സ്ഥലങ്ങളിലെ ചരിത്രമറിഞ്ഞിട്ടാവാം;
ഏതായാലും വളരെ അപ്രതീക്ഷിതമായി ഒരു ദിവസം ഷാജി എന്നോട് ചോദിച്ചു, ഞാൻ പുള്ളിക്കു കള്ളുകുടിക്കുമ്പോൾ കമ്പനി കൊടുക്കാമോ എന്ന്. ഞാനാണെങ്കിൽ ഷില്ലോങ്ങിലെ ആ കൊടും തണുപ്പിലും കള്ളടിയൊന്നും തുടങ്ങാതെ നല്ല കുട്ടിയായി തുടരുന്ന കാലം. എന്റെ ബുദ്ധിമുട്ടുകൾ ഞാൻ അവതരിപ്പിച്ചു. അങ്ങേരു പുതിയ സജ്ജഷൻ വച്ചു , ഞാൻ കള്ളൊന്നും കുടിക്കേണ്ട കൂടെയിരുന്നു കമ്പനി കൊടുത്താൽ മതി.
തീരുമാനം പറയാമെന്നു പറഞ്ഞ് അന്നു പിരിഞ്ഞു.
അടുത്ത ദിവസം ചില നിബന്ധനകളോടെ ഷാജിക്ക് കമ്പനികൊടുക്കാമെന്ന എന്റെ തീരുമാനം പുള്ളിയെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്.
എന്റെ നിബന്ധനകൾ ലളിതമായിരുന്നു; അന്നു മുതൽ കൃത്യം ഒരു മാസത്തേയ്ക്കായിരിക്കും കമ്പനി. ഞാൻ കൂടെയിരുന്നു കമ്പനി കൊടുക്കുമെന്നല്ലാതെ എന്നെ കുടിക്കാൻ നിർബന്ധിക്കരുത്.
രണ്ടും പുള്ളിക്ക് സമ്മതം.
അങ്ങനെ അന്നു മുതൽ ഞാനും ഷാജിയും ഖാസിക്കടയിൽ പോയി.
അയാൾ ചാരായവും ഞാൻ ചായയും കുടിച്ചു.
വല്ലപ്പോഴുമൊരിക്കൽ നാടൻ ചാരായതിന്റെ രുചി ഞാനും ആസ്വദിച്ചു.
ഒരു മാസത്തിനിടയ്ക്കു ഷാജിയുടെ പഴയ സ്ഥലങ്ങളിലെ വീര കൃത്യങ്ങൾ പലതും ഞാനുമായി പങ്കു വച്ചു.
കൃത്യം ഒരു മാസം തികഞ്ഞ ദിവസം ഞാൻ കോൺട്രാക്ടിൽ നിന്നും വിടുതൽ പ്രഖ്യാപിച്ചു.
ഞങ്ങൾ പിന്നെയും നല്ല സുഹൃത്തുക്കളായിരുന്നു ).
രാവിലെ ബ്രേക്ക് ഫെസ്റ്റൊക്കെ കഴിഞ്ഞു വെറുതെ നടക്കാനിറങ്ങി. അന്നവർ ക്യാംപിന്റെ കിഴക്കു വശത്തുള്ള അപ്പർ ഗേറ്റിലേക്കാണ് നടന്നത്. അവിടെ അകെ രണ്ടുമൂന്നു കടകളേയുള്ളു.
സാധാരണ ഞങ്ങൾ വല്ലപ്പോളും മാത്രമേ ആ വഴി നടക്കാറുള്ളു. സർദാർജികളാണ് അവിടത്തെ സ്ഥിരം സന്ദർശകർ.
പിള്ളയും കൂട്ടുകാരും കുടി ചായ കുടിച്ചിരിക്കുമ്പോളാണ് സർദാർജികൾ വരുന്നത്. അവർ അഞ്ചു പേരുണ്ടായിരുന്നു.
തങ്ങളുടെ സ്ഥിരം പറ്റുപടിക്കാരായ കടയിൽ, അന്നു മദ്രാസികളെ കണ്ടത് അവർക്ക് തീരെ സുഖിച്ചില്ല.
അവർ അടുത്ത മേശയിലിരുന്നു ചാരായം ഓർഡർ ചെയ്തു.
അതും കുടിച്ചു തമാശിച്ചിരിക്കുന്നതിനിടയിൽ അവരിൽ പ്രായം കുറഞ്ഞ സാർദാർജിക്കു പിള്ളയെ ഒന്നു ചൊറിയണമെന്നു തോന്നി.
ശരീരീരം നിറയെ രോമാവൃതനായ പിള്ളയെ അവൻ കേറി കരടി എന്നു വിളിച്ചു. പിള്ള എന്തോ തിരിച്ചു പറഞ്ഞു.
അങ്ങനെ ചെറുതായി തുടങ്ങിയ പ്രശ്നം ചൂടായി, തല്ലു വീണു.
അഞ്ചു പേരുള്ളതു കൊണ്ട് സർദാർജികൾക്കു ധൈര്യമായിരുന്നു, മദ്രാസികളെ നിരപ്പാക്കാമെന്ന്.
ബൈബിൾ മാത്രം കൈയിലെടുത്തിട്ടുള്ള കാലൻ ചാക്കോയും, കട്ടപ്പനയും,പിള്ളയും പത്തുപതിനഞ്ചു മിനിറ്റുനേരം അവർക്കെതിരെ പിടിച്ചു നിന്നു. രക്ഷയില്ലെന്നു കണ്ടപ്പോൾ ഒരു നിമിത്തം പോലെ അന്നു കൈയിലെടുക്കാൻ തോന്നിയ കത്തി പിള്ള പുറത്തെടുത്തു.
രണ്ടു സർദാർജികൾക്കു കുത്തേറ്റു.
ഒരുത്തന്റെ വയറിലെ പരുക്കു ഗുരുതരമായിരുന്നു.
ക്യാമ്പിനു വെളിയിൽ വച്ച് നടന്ന പ്രശ്നമായതിനാൽ എയർ ഫോഴ്‌സ് പോലീസ് സ്ഥലത്തെത്തുന്നതിനു മുൻപ് സിവിൽ പോലീസ് സ്ഥലത്തെത്തി എല്ലാവരെയും കസ്റ്റഡിയിലെടുത്തു.
അഞ്ചെട്ടു ദിവസത്തെ ആശുപത്രി വാസം കൊണ്ടു സർദാർജിയുടെ നില മെച്ചപ്പെട്ടു.
അഞ്ചു പേരുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ സ്വയരക്ഷക്കാണ് കത്തിയെടുക്കേണ്ടി വന്നതെന്ന വകുപ്പുണ്ടായിരുന്നതിനാൽ പിള്ള ഗ്രുപ്പിന് അല്പം ആശ്വാസമുണ്ടായിരുന്നു.
രാജ്യ സ്നേഹികളായ സർദാർജികൾക്കും
ക്വാർട്ടുമാർഷൽ എങ്ങിനെയും ഒഴിവായിക്കിട്ടണമെന്നേ ഉണ്ടായിരുന്നുള്ളു.
കേസിന്റെ ട്രയലും വിധിയുമൊക്കെ വരുന്നതിനു മുൻപ്, രണ്ടര വർഷത്തെ ഷില്ലോങ് വാസത്തിനു ശേഷം, ഞാൻ ട്രെയിനിങ്ങിന്റെ രണ്ടാം ഘട്ടം പൂർത്തിയയാക്കാൻ വേണ്ടി ബാംഗ്ലൂരിനു തിരിച്ചു പോന്നു.
ഈ രണ്ടര വർഷത്തിനിടെ, ഉറങ്ങിക്കിടക്കുമ്പോൾ ക്വിൽറ്റിനു തീ പിടിച്ചു മരണപ്പെട്ട രണ്ടു സഹപ്രവർത്തകരുടെ ദാരുണാന്ത്യം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു;
ഒരാൾ ഉറങ്ങുന്നതിനു മുൻപ് സിഗരറ്റു കുറ്റി കളയുവാൻ മറന്നതും, മറ്റെയാളുടെ ക്വിൽറ്റിന്റെ അറ്റം ഫയർ പ്ലേസിൽ (മുറി ചുടക്കുവാൻ തീ കത്തിക്കുന്ന സ്ഥലം ) വീണതുമാണ് തീ പിടിക്കാൻ കാരണം.
ക്വിൽറ്റിനകത്തെ പഞ്ഞി സാവധാനം കത്തിപ്പടർന്നുണ്ടായ വിഷവാതകം രണ്ടുപേരുടെയും സുഖനിദ്രയെ അന്ത്യനിദ്രയാക്കി മാറ്റി.
ഇടയ്ക്കെപ്പോളെങ്കിലുമൊക്കെയുണ്ടാവുന്ന സെക്കണ്ടുമാത്രം നിൽക്കുന്ന ഭൂമികുലുക്കങ്ങളുമായി പൊരുത്തപ്പെട്ടിരുന്നെങ്കിലും ഒരിക്കൽ അതു പേടിപ്പെടുത്തുന്നതായി മാറിക്കൊണ്ട് ഓർമ്മക്കുറിപ്പിൽ ഇടം പിടിക്കുന്നു.
ചെറിയ മഴയും നല്ല തണുപ്പുമുള്ള ഒരു വെളുപ്പാൻ കാലത്തുണ്ടായ ശക്തമായ കലുക്കത്തിൽ അരുകിൽ കിടന്ന മേശകളിൽ നിന്നും ഗ്ലാസ്സുകൾ താഴെ വീണു. കിടന്നിരുന്ന കട്ടിലുകൾ കുലുങ്ങി വിറച്ചു. എല്ലാവരും ഞെട്ടിയെഴുന്നേറ്റ് പലരും ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് ഏതാണ്ട് നഗ്നരായിത്തന്നെ വെളിയിലേയ്‌ക്കോടി.
ഒരു മിനിറ്റിൽ താഴെയേ കുലുങ്ങിയുള്ളു,
വീണ്ടും എല്ലാം ശാന്തം.
കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചില്ല.
അഞ്ചു മിനിറ്റോളം തണുത്തു വിറച്ചു വെളിയിൽ നിന്ന ശേഷം ധൈര്യം സംഭരിച്ചു വീണ്ടും ക്വിൽറ്റിനടിയിലെ ചൂടിലേയ്ക്കു നുഴഞ്ഞു കയറി.
സ്വവർഗ സല്ലാപങ്ങൾ ശിക്ഷാർഹാമായിരുന്നെങ്കിലും പല വേദികളിലും അതു രഹസ്യ സംസാര വിഷയമായിരുന്നു.
രണ്ടു കുട്ടികളുടെ പിതാവും സുന്ദരിയായ ഭാര്യയുമുണ്ടായിരുന്നവൻ തൻറെ ഒരു സബോർഡിനേറ്റിനെ വീട്ടിലെ
`കാര്യങ്ങൾ `ഏൽപ്പിച്ചിട്ട് ആഴ്ചയിലൊരിക്കൽ ആൺസുഹൃത്തിനൊപ്പം പോകുന്ന `പ്രതിഭാസം ` മനസ്സിലാക്കാനുള്ളത്ര ലോക പരിചയം അന്നെനിക്കിലായിരുന്നു.
പക്ഷെ ആ കുടുംബവും സന്തുഷ്ടമയിരുന്നത്രെ.!
ബംഗളൂരു വന്ന് ഏതാണ്ട് മൂന്നുമാസം കഴിഞ്ഞപ്പോൾ ഷില്ലോങ്ങിലെ തല്ലു കേസിന്റെ വിധിയറിഞ്ഞു.
രണ്ടു പാർട്ടിക്കാരും ഒത്തുതീർപ്പിനു തയാറായിരുന്നതിനാൽ പരസ്പരമുള്ള ആരോപണങ്ങൾ മയപ്പെടുത്തി.
എല്ലാവർക്കും സിവിയർ വാണിംഗ് കൊടുത്തു കൊണ്ട് (Red entry in document, കിട്ടാവുന്നത്തിൽ ഏറ്റവും ചെറിയ ശിക്ഷ ) ആ കേസ് അവസാനിപ്പിച്ചു.