സമൂഹ്യ മാധ്യമങ്ങളിലൂടെ ഇത്തരത്തിലൊരു പ്രചാരണം പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. അധികമാരുടെയും പിന്തുണ ലഭിക്കാഞ്ഞതിനാലാകണം ഈയിടെയായി ചില പ്രമുഖരുടെ ഫോട്ടോയും അവരുടെ ഭാഗികമായ സപ്പോർട്ടും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർ നേടിയെടുത്തതായി കാണുന്നു.
ബോധവത്കരണത്തിലൂടെ ഈ സംരംഭം വളർത്തിയെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് മലയാളികളാണെന്നതും അഭിമാനകരം
ലക്ഷ്യം വയ്ക്കുന്നത് മാസാവരുമാനമുള്ള ജോലി ചെയ്തിട്ടുണ്ടെങ്കിലും, ഇല്ലെങ്കിലും ആരോഗ്യമുണ്ടായിരുന്ന കാലത്തു സമ്പാദിച്ചതിൽ നിന്നും പെൻഷൻ ആവശ്യത്തിനായോ, സർക്കാരിലേയ്ക്കോ, പത്തു പൈസ പോലും നിക്ഷേപിച്ചിട്ടില്ലെങ്കിലും 60 കഴിഞ്ഞ എല്ലാവർക്കും 10000 രൂപാ വച്ചു പെൻഷൻ കിട്ടണം.
ഉയർന്ന ശമ്പളം വാങ്ങി വലിയ സ്ഥാനങ്ങളിൽ നിന്നും പിരിഞ്ഞവർക്കും 60 വയസ്സു കഴിഞ്ഞാൽ 10000 രൂപയിൽ കൂടുതൽ പെൻഷൻ നൽകേണ്ട ആവശ്യമില്ല.
60 വയസ്സ് കഴിഞ്ഞവരുടെ ജീവിത ചിലവുകൾ 10000 ത്തിൽ തീരാവുന്നതേയുള്ളു, അവിടെ ഒരു തരം തിരിവിന്റെ ആവശ്യമില്ല!
ചുരുക്കി പറഞ്ഞാൽ 60 നു മുൻപ് ആരോഗ്യമുള്ള കാലത്തു സമ്പാദിച്ചതിൽ നിന്നും ഒന്നും മിച്ചം പിടിക്കാതിരുന്നവർക്കു നോക്കുകൂലിയിനത്തിൽ
-ചെറുപ്പക്കാർ ജോലി ചെയ്യുന്നത് കണ്ടിരിക്കാൻ-
പതിനായിരം രൂപ വച്ച് മാസം കിട്ടണം.
എവിടെ നിന്നെടുത്തു കൊടുക്കണം?
ഉദ്യോഗസ്ഥരുടെ പെൻഷൻ മാനദണ്ഡങ്ങളൊക്കെ മാറിയിരിക്കുന്നു.
ഇപ്പോൾ എല്ലായിടത്തും തന്നെ കോൺട്രിബ്യൂട്ടറി പെൻഷൻ സമ്പ്രദായമാണ് നിലനിൽക്കുന്നത്,
അങ്ങനെയല്ലെങ്കിൽ അങ്ങനെയാകണം.
ജോലിക്കാരനും ജോലിദാതാവും നിശ്ചിത തുക പെൻഷൻ ഫണ്ടിൽ നിക്ഷേപിക്കുന്നു, പെൻഷൻ പ്രായമാവുമ്പോൾ ഈ തുക കൈകാര്യം ചെയ്തിരുന്ന കമ്പനി അല്ലെങ്കിൽ സർക്കാർ, ജോലിക്കാരന് ജീവിതാന്ത്യം വരെ നിക്ഷേപിച്ചിട്ടുള്ള തുകയ്ക്ക് ആനുപാതികമായി മാസം തോറും പെൻഷൻ നൽകുന്നു.
അഴിമതി കൊടികുത്തിവാഴുന്ന രാജ്യത്തു പെൻഷൻ ഫണ്ടിന്റെ സുരക്ഷിതത്വത്തെപ്പറ്റി പലർക്കും ആശങ്കയുണ്ടാവും, പെൻഷൻ പ്രായമെത്തിയാൽ മാത്രം പിൻവലിക്കാവുന്ന വ്യക്തിഗത ബാങ്ക് അക്കൗണ്ടുകൾ ഇതിനൊരു പരിഹാരമായിരിക്കും.
ഈ പെൻഷൻ പക്ഷെ മാസ ശമ്പളം ലഭിച്ചിരുന്ന ജോലിക്കാർക്ക് മാത്രമേ സാധ്യമാവുകയുള്ളു.
വികസിത യൂറോപ്പ്യൻ രാജ്യങ്ങളിലേക്കു ഗവർമെന്റ് ചിലവിൽ സന്ദർശനം നടത്തിയിട്ടുള്ള നേതാക്കന്മാർക്കു തീർച്ചയായുമറിയാം അവിടങ്ങളിലെ സാമൂഹിക സുരക്ഷക്കായുള്ള പെൻഷൻ സമ്പ്രദായങ്ങളെപ്പറ്റി. സ്ഥിര വരുമാനമുള്ള ജോലി ചെയ്തവനും അല്ലാത്തവനും -ജോലി ചെയ്തവൻ അവന്റെ വരുമാനത്തിന്റെ തോതനുസരിച്ചും ശാരീരിക ബുദ്ധിമുട്ടുള്ള ജോലി ചെയ്യാത്തവർക്ക് സർക്കാർ നേരിട്ടും 24 വയസ്സ് അല്ലെങ്കിൽ ഓരോ രാജ്യങ്ങളിലെയും നിബന്ധനകളനുസരിച്ചു എല്ലാവരുടെയും സാമൂഹ്യ പെൻഷൻ അക്കൗണ്ടിൽ ഒരു തുക നിക്ഷേപിക്കുന്നു .
നിക്ഷേപ തുക എത്ര വലുതായാലും സാമൂഹിക പെൻഷൻ തുകയിലെ അന്തരം പരിമിതമായിരിക്കും.
നോക്കു കൂലി ആവശ്യപ്പെടുന്നതിന് പകരം ഒരു സാമൂഹ്യ പരിവർത്തനത്തിനു വേണ്ടിയാണു നിങ്ങൾ മുന്നിട്ടിറങ്ങേടത്.
24 വയസ്സ് കഴിഞ്ഞ ആരോഗ്യമുള്ള, എല്ലാവരും- കൃഷിക്കാരനും, വീട്ടമ്മയും,സന്യസ്തരും വൈദികരും ,ദിവസക്കൂലിക്കാരനും എല്ലാം ഒരു നിശ്ചിത തുക സാമൂഹിക പെൻഷൻ ഫണ്ടിലേയ്ക്ക് നിക്ഷേപിക്കുക.
ഭിന്നശേഷിക്കാർക്കുള്ള വിഹിതം പഞ്ചായത്തോ സർക്കാരോ നൽകട്ടെ.
അപ്പോൾ സാമൂഹിക പെൻഷൻ നമ്മുടെ അവകാശമാവും.
സ്വന്തം കീശയും കൂടെ നിൽക്കുന്നവരുടെ കീശയും നിറയ്ക്കുന്നതിൽ മാത്രം ശ്രദ്ധാലുക്കളായ നിലവിലുള്ള രാഷ്ട്രീയ സംവിധാനങ്ങളിൽ നിന്നും ഈ മാറ്റത്തിന്റെ ചുവടു വയ്പ് ആരും പ്രതീക്ഷിക്കേണ്ടതില്ല.
രാഷ്ട്രീയത്തിനതീതമായി വികസനങ്ങൾ നടപ്പിലാക്കിയ 2020 പോലുള്ള ആശയങ്ങൾ നടപ്പിലാക്കാൻ പ്രാപ്തരായ പ്രബുദ്ധരായ ചെറുപ്പക്കാരോടു വികസനത്തിനുള്ള വഴികൾ പറഞ്ഞു തരേണ്ടതില്ലല്ലോ!
Abraham C.