ഓർമ്മക്കുറിപ്പുകൾ ( 9 ) ഷില്ലോങ്ങിലെ ചുവന്ന തെരുവുകൾ

ഓർമ്മക്കുറിപ്പുകൾ ( 9 ) ഷില്ലോങ്ങിലെ ചുവന്ന തെരുവുകൾ

ആലങ്കാരികമായി തെരുവുകൾക്കു  നിറം കൊടുത്തെന്നല്ലാതെ, 70 തുകളിൽ, ഷില്ലോങ്ങിൽ ചുവന്ന തെരുവുകൾ ഇല്ലായിരുന്നു. ആകെ ഒന്നോ രണ്ടോ ` ബാർ കം ബ്രോതെൽസ് ` മാത്രം. ആർമി കന്റോൺമെന്റും, ഈസ്റ്റേൺ എയർ കമാൻഡും ഒക്കെ അടുത്തുള്ളപ്പോൾ അത്രയെങ്കിലുമില്ലാതെ പറ്റില്ല. വീക്ക്എൻഡുകളിൽ നടക്കാനിറങ്ങുന്ന പട്ടാളക്കാർക്കും വേണ്ട തമാശകൾക്കൊരിടം ! 

ഷില്ലോങ്ങിലെത്തിയിട്ടു രണ്ടു മാസത്തോളമായിക്കാണും; പുതുമക്കാരായ ഞങ്ങളെ ചുവന്ന വഴികൾ കാട്ടിത്തരുവാൻ ഞങ്ങളുടെ വഴികാട്ടിക്കായിരുന്നു ഞങ്ങളെക്കാൾ ഉത്സാഹം. പലരും ഷിഫ്റ്റ് ഡ്യൂട്ടിയിലായതുകൊണ്ട് എല്ലാവർക്കും ഒന്നിച്ചവധി കിട്ടുക പ്രയാസം. അതു  കൊണ്ടു അന്നേ  ദിവസം അവധിയിലുണ്ടായിരുന്ന മൂന്നു  നാലു പേരുമായി പോകാമെന്നു തീരുമാനിച്ചു.

കുളിച്ചൊരുങ്ങി കുട്ടപ്പന്മാരായി ഉച്ച കഴിഞ്ഞു ഞങ്ങൾ പുറപ്പെട്ടു.
മെയിൻ ഗേറ്റിനു പുറത്തേക്കിറങ്ങിയാൽ ബസ് സ്റ്റോപ്പ് ആണ്. അവിടെ നിന്നും ഏതാണ്ട് ഒരു മണിക്കൂർ ദൂരം യാത്ര ചെയ്യണം സിറ്റിയിലേക്ക്. സിറ്റിയെന്നു പറയാനും മാത്രം വലുതായിട്ടില്ല അന്നത്തെ ഷില്ലോങ്. ഒരു വലിയ ചന്തയെന്നു വേണമെങ്കിൽ പറയാം.

നമ്മുടെ നാട്ടിൽ കണ്ടു പരിചയിച്ച വലിയ ബസ്സുകളല്ല, അതിന്റെ മുക്കാൽ ഭാഗം നീളവും പൊക്കകുറവുമുള്ള ചെറിയ ബസ്സുകൾ. ഖാസികൾക്കു (മേഘാലയ നിവാസികൾ ഖാസികളെന്നാണ് അറിയപ്പെടുന്നത്) പൊതുവെ പൊക്കം കുറവായതുകൊണ്ട് അവരുടെ ബസ്സുകൾക്കും  പൊക്കക്കുറവ്. പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും പ്രത്യേകമായി സീറ്റുകളൊന്നും മാറ്റി വച്ചിട്ടില്ല. ആർക്കും എവിടെയും ഇരിക്കാം, ഇരിക്കണമെന്ന് ആർക്കും വലിയ നിർബന്ധവുമില്ല. നിന്നു പോവാനാണ് എല്ലാവർക്കും ഇഷ്ടം. തിങ്ങി നിറഞ്ഞ ബസ്സിൽ ഖാസി പെണ്ണുങ്ങളാവും കൂടുതൽ. മഴയും തണുപ്പുമുള്ള കാലാവസ്ഥയിൽ തൊട്ടുരുമ്മി നിന്ന് തണുപ്പകറ്റി യാത്ര ചെയ്യുന്നതിൽ ആണുങ്ങൾ യാതൊരെതിർപ്പും പ്രകടിപ്പിച്ചിരുന്നില്ല !

ഷില്ലോങ്ങിലെ ബരാ ബസാറിൽ ബസ്സിറങ്ങിയ ഞങ്ങൾ കുറെ നേരം അവിടത്തെ കടകളൊക്കെ  കേറിയിറങ്ങി നടന്നു, അതിനു ശേഷം ലക്ഷ്യ സ്ഥാനത്തേയ്ക്ക്.

ഒരു രണ്ടു നിലക്കെട്ടിടമാണ് ഞങ്ങൾ കയറിയ സ്ഥലം. പെണ്ണും മദ്യവും വിൽക്കപ്പെടുന്ന ഇവിടെ രണ്ട് ഓപ്ഷൻസ് ആണുള്ളത്. ഒന്ന് ഇഷ്ടമുള്ള പെണ്ണുമായി തൊട്ടുരുമ്മിയിരുന്ന് മദ്യം സേവിക്കാം. ആ സമയം പെണ്ണിനെ സ്പർശിക്കാൻ സ്വാതന്ത്ര്യമുണ്ട്. ഇതിനിടയ്ക്ക് എപ്പോളെങ്കിലും അവളുമായി ശയിക്കണമെന്ന ആഗ്രഹം തോന്നിയാൽ രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുക്കാം. അവളുമായി താഴത്തെ നിലയിൽ ക്രമീകരിച്ചിട്ടുള്ള ഒഴിവുള്ള  ഏതെങ്കിലും മുറിയിലേയ്ക്കു പോകാം.

അൾത്താര ബാലന്മാരും സെമിനാരിജീവിതവുമൊക്കെ സ്വപ്നം കണ്ടു  നടന്നിരുന്ന പൂർവ്വകാലമുള്ള ഞങ്ങളിൽ ചിലർക്ക് വ്യഭിചരിക്കരുതെന്ന 7- ആം പ്രമാണ ലംഘനത്തെ പറ്റി ഓർക്കാൻ പോലും അപ്പോൾ സാധിക്കുമായിരുന്നില്ല. പക്ഷെ ചുവന്ന തെരുവെന്നാൽ എന്തെന്നറിയാത്ത ഒരു പട്ടാളക്കാരനു സുഹൃത്തുക്കളുമൊത്തുള്ള സഭ കൂടലിൽ വെറും കിശുവായിരിക്കേണ്ടി വരും, ഇതൊക്കെ ഞാനും കണ്ടിട്ടുണ്ടെന്നു  പറയണമെങ്കിൽ പ്രാഥമികവിവരങ്ങളെങ്കിലും വേണമല്ലോ. അതു കൊണ്ട് ഈ വരവിൽ ആർക്കും കുണ്ഠിതമൊന്നും തോന്നിയില്ല.

വഴി കാട്ടി `ബ്രോത്തൽ` മാനേജരിനോടു നേരത്തെ തന്നെ പറഞ്ഞിരുന്നു, ഞങ്ങൾ ഷില്ലോങ്ങിൽ പുതിയതാണെന്നും എല്ലാം പരിചയപ്പെടാൻ വന്നിരിയ്ക്കയാണെന്നും.

അവരുടെ നാടൻ കള്ളും കുടിച്ച്  അടുത്തിരുന്ന പെണ്ണിന്റെ ശരീരവടിവുകളും  ആസ്വദിച്ചിരിക്കുന്നതിനിടയിലാണ്   ഒരു സുഹൃത്തിന്റെ വിരണ്ട ശബ്ദം കേൾക്കുന്നത്. ഞങ്ങൾ എല്ലാവരും അവനെ ശ്രദ്ധിക്കുമ്പോൾ കൂടെയിരുന്നവളുടെ ബ്ലൗസിനിടയിൽ നിന്നും അവൻ കൈ പുറത്തേയ്ക്കു എടുക്കുന്നുണ്ട്, മാറിന്റെ മൃദുലതകൾക്കിടയിൽ അവന്റെ കൈയിൽ തടഞ്ഞ കട്ടിയുള്ള എന്തോ ഒന്ന് അവനെ ഭയപ്പെടുത്തിയിരുന്നു. അവൾ ആ സാധനം പൂർവസ്ഥിതിയിലാക്കിക്കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു പോയി.
പിന്നീടവിടെ അധികസമയമിരിക്കാനുള്ള താല്പര്യം ഞങ്ങൾക്കു നഷ്ടപ്പെട്ടു.

ചെറിയ മാറിടങ്ങളെ വലുതാക്കിയും, ഇടുങ്ങിയവയെ തെറിപ്പിച്ചു നിറുത്തിയുമൊക്കെ ആകർഷകമാക്കാൻ ബ്രയിസ്സറുകളിൽ കാട്ടികൂട്ടുന്ന ആധുനിക വിദ്യകളൊന്നും നിലവിലില്ലാതിരുന്ന അക്കാലത്ത് ഖാസി പെണ്ണുങ്ങൾക്ക് വേണ്ടി അവിടത്തെ ആശാരിമാർ തടികൊണ്ടുള്ള മുല-താങ്ങികൾ നിർമിച്ചു നൽകി. ബ്ലൗസിനുള്ളിൽ അവ തിരുകി വയ്ക്കുമ്പോൾ ഉണ്ടാവുന്ന രൂപമാറ്റം വ്യജമാണെന്ന് ആർക്കും മനസ്സിലാവില്ല.

മാറിടത്തിൽ വരെ മായം രുചിക്കേണ്ടി വന്ന ഞങ്ങൾക്ക്, ചുവന്ന തെരുവെന്നു കേൾക്കുന്നതു തന്നെ പിന്നെ അലർജി ആയിരുന്നു.