ഓർമക്കുറിപ്പുകൾ ( 8 ) Shillong 1973

ഓർമക്കുറിപ്പുകൾ ( 8 ) Shillong 1973

When Appearence Becomes a Burden - ബാഹ്യരൂപങ്ങൾ ഭാരമാവുമ്പോൾ

കമ്പ്യൂട്ടർ വിപ്ലവത്തിനും ഒത്തിരി മുൻപ്, ഗുഗിൾ മാപ്പും തിരച്ചിലുമൊക്കെ അന്യമായിരുന്ന കാലത്ത്, ഷില്ലോങ്ങിനെപ്പറ്റി പരിമിതമായ വിവരങ്ങളെ ഞങ്ങൾക്കു ശേഖരിക്കാനായുള്ളു.
ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ മേഘാലയയുടെ തലസ്ഥാനം, ലോകത്ത് ഏറ്റവുമധികം മഴ ലഭിക്കുന്ന ചിറാപുഞ്ചിയിൽ നിന്നും 50 കിലോമീറ്റർ അകലം. മാർച്ചു മുതൽ നവംബർ വരെ മൺസൂൺ കാലം.

അങ്ങെത്തിപ്പെടണമെങ്കിൽ 6 ദിവസത്തെ യാത്ര, അവസാനത്തെ 31/2 മണിക്കൂർ -ഗോഹട്ടിയിൽ നിന്നും ഷില്ലോങ് ഔട്ട് പോസ്റ്റ് വരെ - ബസ്സിലും ശേഷം എയർ ഫോഴ്സ് സ്റ്റേഷനിലേയ്ക്ക് ഒരു മണിക്കൂറോളം പട്ടാള വണ്ടിയിലും.

ഞങ്ങൾ 9 പേരുണ്ടായിരുന്നതുകൊണ്ട് യാത്രയെപ്പറ്റി ആർക്കും ആശങ്കകളൊന്നുമുണ്ടായില്ല.

അങ്ങനെയിരിക്കെ ഞങ്ങളിൽ ചിലർക്കു ഷില്ലോങ്ങിൽ നിന്നും ഓരോ അപ്രതീക്ഷിത എഴുത്തു ലഭിച്ചു. യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, ഷില്ലോങ്ങിലെത്തിയാൽ ഞങ്ങളെ സ്വീകരിക്കാൻ എത്തുമെന്നും അറിയിച്ചു കൊണ്ടുള്ള ഒരു ചങ്ങനാശ്ശേരിക്കാരൻ അച്ചായന്റെ കത്തായിരുന്നു.
ഇത്രയും മലയാളികൾ ഒരുമിച്ചെത്തി മദ്രാസികളുടെ അംഗബലം വർധിക്കുന്നതിൽ അവർക്കെല്ലാം പെരുത്ത സന്തോഷമാണെന്ന് പ്രത്യേകം എഴുതിയിരുന്നു.

ആ എഴുത്തു കൂടിയായപ്പോൾ യാത്രയെപ്പറ്റിയുള്ളു ആധി ഒട്ടുമേ ഇല്ലാതായി.

കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും യാത്ര തിരിച്ച ഞങ്ങൾ മദ്രാസ് സെൻട്ര ലിൽ ഒന്നിച്ചു. അവിടെ നിന്നും ഹൗറ എക്പ്രസ്സിൽ കൽക്കട്ടയിലെ ഹൗറ റയിൽവേ സ്റ്റേഷനിൽ എത്തണം.

ഹൗറ യിൽ വീണ്ടും മാറിക്കയറി വേണം ഗോഹട്ടിയിലെത്താൻ.

കുളിച്ചു ഫ്രഷ് ആയി ബ്രേക്ക്ഫാസ്റ്റും ഒക്കെ കഴിച്ചു ഞങ്ങൾ ഗോഹട്ടി ട്രെയിൻ വരുന്ന പ്ലാറ്റ്ഫോമിൽ എത്തി. ട്രെയിൻ എത്തേണ്ട സമയം അടുക്കും തോറും പ്ലാറ്റുഫോം യാത്രക്കാരെക്കൊണ്ടു നിറഞ്ഞു. ഇരുന്നു പോകുവാനുള്ള സൗകര്യം പോലും കിട്ടാൻ സാധ്യത കാണുന്നില്ല. സീറ്റു പിടിച്ചു നൽകുന്നു കൂലികളുമായി സംസാരിച്ചു നോക്കി, അവർ ശ്രമിക്കാമെന്നല്ലാതെ തീർച്ച പറഞ്ഞില്ല. ആരെങ്കിലും വന്നു മസ്സിൽ പവർ കാട്ടിയാൽ ഒഴിഞ്ഞു കൊടുക്കേണ്ടി വരുന്ന സീറ്റിനു കൂലി ചോദിക്കുന്നത് അന്യായ പൈസയും.

കൂലികൾ സീറ്റ് പിടിച്ചെടുക്കുന്നത് ട്രെയിൻ അടുത്ത ഓട്ടത്തിനു വേണ്ടി കഴുകി, ചെറിയ പരിശോധനകളും നടത്തി റെഡിയാക്കി നിറുത്തുന്ന യാർഡിൽ ചെന്നിട്ടാണ്.
അവിടെ അവർ നേരത്തേയെത്തി സീറ്റിനു മുകളിൽ CPM കാർ ചെയ്യുന്നതു പോലെ കൊടി നാട്ടും. കൊടിയെന്നു പറഞ്ഞാൽ അവരുടെ ചുവന്ന നിറത്തിലുള്ള തലയിൽകെട്ടോ, ഇവരെ ഏർപ്പാടാക്കിയ യാത്രക്കാർ നൽകിയ ബെഡ്ഷീറ്റോ എന്തെങ്കിലുമാവും.

ഞങ്ങളും യാർഡിൽ പോകാൻ തീരുമാനിച്ചു. 4 പേരെ ലഗേജ് നോക്കാനേൽപ്പിച്ചിട്ടു ഞങ്ങൾ 5 പേർ യാർഡിലേയ്ക്കു നടന്നു; ഒരു കിലോമീറ്ററോളം ദൂരമുണ്ട്. ട്രെയിൻ പ്ലാറ്റഫോമിലെത്താൻ ഇനി അധികസമയമില്ല. ആവുന്നത്ര വേഗം നടന്നെങ്കിലും ഞങ്ങൾ അങ്ങെത്തുന്നതിനു മുൻപ് ട്രെയിൻ സ്റ്റാർട്ട് ചെയ്തിരുന്നു.
ഫുൾ സ്പീഡ് എടുക്കാൻ തുടങ്ങുന്ന ട്രെയിനിൽ ഓടികയറാൻ കാട്ടിയ സാഹസം , ഓർക്കുമ്പോൾ ഇപ്പോളും തരിപ്പു കയറും. ഭാഗ്യം ഒന്നു കൊണ്ട് മാത്രം ആർക്കും അപകടം സംഭവിച്ചില്ല.
സീറ്റുകൾക്കു മുകളിൽ കൊടി നാട്ടിക്കൊണ്ടു ഞങ്ങളും ആധിപത്യം ഉറപ്പിച്ചു.
കൊടി നാട്ടിയാൽ പിന്നെ ആ സീറ്റുകൾക്കടുത്തേയ്ക്കു സാധാരണ ഗതിയിൽ വിവരമുള്ള മുട്ടാളന്മാരല്ലാതെ ആരും എത്തി നോക്കില്ല.
അങ്ങനെ ആരെങ്കിലും വന്നാൽ സാഹചര്യമനുസരിച്ചു ചിലപ്പോൾ കോടി മാറ്റികൊടുക്കേണ്ടിയൊക്കെ വരും.

അങ്ങനെ ഹൗറ യിൽ നിന്നും ഇരുന്നും കിടന്നുമൊക്കെയായി വീണ്ടും യാത്ര തുടർന്നു.

അടുത്ത ചേഞ്ച് ഇനി ന്യൂ ജൽപായഗുരിയിലാണ്. അവിടെവരെയേ ബ്രോഡ് ഗേജ് സൗകര്യമുള്ളു. പിന്നെ ഗോഹട്ടി വരെ മീറ്റർ ഗേജ് ആണ്.
ന്യൂ ജൽപായഗുരിയിലും ഭയങ്കര തിരക്കായിരുന്നു. ലഗേജ് ഒക്കെയായി ഞങ്ങൾ എത്തിയപ്പോളേക്കും മുഴുവൻ സീറ്റും നിറഞ്ഞു. അവിടെ ട്രയിനിലെ ഒരു ജോലിക്കാരൻ ഞങ്ങളുടെ സഹായത്തിനെത്തി. എഞ്ചിനോടടുത്തുണ്ടായിരുന്ന ഒരു ബ്രേക്ക് വാൻ അയാൾ ഞങ്ങൾക്കു തുറന്നു തന്നു.
സീറ്റുകളില്ല , ടോയ്‌ലറ്റ് ഇല്ല, കാലി കംപാർട്മെന്റ്. ലഗേജുകൾ സീറ്റുകളായി മാറിയപ്പോൾ യാത്ര പരമ സുഖം. മൂത്രശങ്ക തീർക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടൊന്നുമുണ്ടായില്ല, വാതിൽ തുറന്നു പുറത്തേയ്ക്കു നീട്ടിപിടിച്ചു കാര്യം നടത്തി.
കൂടെ കൂടിയ ഒരു ഫാമിലിയുടെ കാര്യം ബുദ്ധിമുട്ടിലായിപ്പോയി. ഗോഹട്ടിയിലെത്തിയിട്ടേ അവർക്കൊന്നു ടോയ്‌ലെറ്റിൽ പോകാൻ സാധിച്ചുള്ളൂ.
ഗൗഹാട്ടിയിൽ നിന്നും ഷില്ലോങ്ങിനുള്ള 3 1/ 2 മണിക്കൂർ ബസ് യാത്രയാണ് ഞങ്ങളെ ശരിക്കും അവശരാക്കിയത്. ആറു ദിവസത്തെ യാത്രയ്ക്കു ശേഷം മലമ്പാതകളിൽ കൂടി വയനാട്ടിനുള്ള ചുരം കയറുന്നതിലും അധികം വളവുതിരിവുകളുള്ള വഴി പിന്നിടുമ്പോൾ, എല്ലാവരും തന്നെ ശർദ്ധിച്ചവശരായിരുന്നു. ആ മലംചെരുവുകളുടെ അപൂർവ സൗന്ദര്യം ശർദ്ധിച്ചു മലീമസമാക്കാനല്ലാതെ ആസ്വദിക്കാൻ ഞങ്ങൾക്കായില്ല.
ഷില്ലോങ് ഔട്ട് പോസ്റ്റിൽ ബസിറങ്ങുമ്പോൾ ഞങ്ങൾക്ക് എഴുത്തെഴുതിയിരുന്ന തോമസും, ഒരു കുര്യക്കോസും കൂടി ഞങ്ങളെ സ്വീകരിച്ചു കൊണ്ടുപോവാൻ വണ്ടിയുമായെത്തിയിരുന്നു. ആറു ദിവസത്തെ യാത്രയ്ക്ക് ശേഷം ഞങ്ങളെ കാത്തൊരു വണ്ടി ഉണ്ടായിരുന്നത് ആശ്വാസമായി. ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ ഈസ്റ്റേൺ എയർ കമാൻഡിന്റെ ക്യാമ്പിലെത്തി.

തോരാമഴയും,തണുപ്പും എല്ലാമായി ഈറനണിഞ്ഞ ഷില്ലോങ്ങിലേക്കാണ് ഞങ്ങൾ എത്തിപ്പെട്ടിരിക്കുന്നത്. കാലാവസ്ഥയ്ക്കനുയോജ്യമായ മാറ്റങ്ങൾ യൂണിഫോമിലും ആവശ്യമായിരുന്നു. തണുപ്പടിക്കാതിരിക്കാനായി കമ്പിളി കോട്ടും,
ഗം ബൂട്ടും( Steefil ), മഴക്കോട്ടും.
പുതച്ചുറങ്ങാൻ രജായി- അകത്തു പഞ്ഞി നിറച്ച പ്രത്യേക പുതപ്പ്- ഇതു പുതച്ചാൽ പിന്നെ തണുപ്പറിയില്ല, തീ കുട്ടി മുറി ചൂടാക്കാനായുള്ള സൗകര്യങ്ങളും, കത്തിക്കാൻ വിറകും കൽക്കരിയും, കുളിക്കാനുള്ള വെള്ളം ചൂടാക്കാൻ പ്രത്യേകം ഹീറ്റർ അങ്ങനെ തണുപ്പിനെ അകറ്റി നിറുത്താനുള്ള എല്ലാ സംവിധാനങ്ങളുമുണ്ട്.

അപ്രതീക്ഷിതമായി ഇടക്കിടക്കുണ്ടാവുന്ന ചെറിയ ഭൂമികുലുക്കങ്ങളിൽ ഭയപ്പെടേണ്ടതില്ലെന്ന മുന്നറിയിപ്പ് ആദ്യ ദിവസം തന്നെ കിട്ടി. കെട്ടിടഭിത്തികൾക്കിടയിൽ ഈറ്റകൊണ്ടുള്ള പനമ്പ് വയ്ച്ചു സുരക്ഷിതമാക്കിയിട്ടുള്ളതുകൊണ്ട് കുലുങ്ങിയാലും സാധാരണയുണ്ടാവുന്ന ചെറിയ കുലുക്കങ്ങൾ അപകടകാരികളല്ലത്രെ.

ട്രെയിനിങ്ങു കാലം കഴിഞ്ഞാലുള്ള എയർ ഫോഴ്സ് ജീവിതം മറ്റു ഫോഴ്‌സു കളെ അപേക്ഷിച്ചു സുഖകരമാണെന്നു പറയാം. ആഴ്ചയിൽ 40മണിക്കൂറിൽ താഴെയുള്ള ജോലിസമയം കഴിഞ്ഞാൽ പ്രത്യേക ടാസ്കുകളൊന്നുമുണ്ടാവില്ല. ഇഷ്ടമുള്ളത് ചെയ്യാൻ ധാരാളം സമയം.

ഷില്ലോങ്ങിൽ പരിചയപ്പെട്ട മുഖങ്ങളിൽ ഇന്നും പച്ച പിടിച്ചു നിൽക്കുന്നത് ചില ചങ്ങനാശ്ശേരിക്കാരുടേതാണ്.

രാജ കലയുള്ള മുഖവും അതിനു ചേർന്ന വലിയ കൊമ്പൻ മീശയുമായി , ആഢ്യത്തവും സൗമ്യതയും കൊണ്ട് എല്ലാവർക്കും സമ്മതനായിരുന്ന പെരുമ്പുഴക്കടവിൽ സെബാസ്റ്റ്യൻ- ടെലിപ്രിന്റർ കീ ബോർഡിൽ ഇദ്ദേഹത്തിന്റെ കൈവിരലുകൾ മെഷീന്റെ സ്പീഡിനെക്കാൾ വേഗത്തിൽ ചലിക്കുമ്പോൾ ടെലിപ്രിന്റർ ഇടയ്ക്കു പണി മുടക്കുമായിരുന്നു.

ആറടിയോടടുത്തു പൊക്കവും എണ്ണക്കറുപ്പു നിറവുമുള്ള മുള്ള ബഷീർ പുരുഷത്വത്തിന്റെ പ്രതീകമായിരുന്നു. ആരെയും ആകർഷിക്കുന്ന വ്യക്തിത്വം. ബാറിൽ ചെന്നാൽ ഒരു ഗ്ലാസിൽ നാലു പെഗ് വാങ്ങി അതിൽ തുള്ളി വെള്ളവും ചേർത്ത് കൗണ്ടറിൽ നിന്ന് തന്നെ അകത്താക്കിയിട്ട് അടുത്ത രണ്ടു പെഗും വാങ്ങിയേ ഇരിപ്പിടത്തിൽ പോയിരുന്നു കുടി തുടങ്ങുകയുള്ളു.
പത്തു പൈസ റമ്മി പപ്ലു, കിപ്ലു അകമ്പടിയോടെ കളിക്കുമ്പോൾ അന്നത്തെ നിലവാരത്തിൽ അത് ഏറ്റവും വലിയ ചൂതാട്ടമാണ്. ബഷീറിന്റെ കളി വെളുക്കുവോളം കൂടെയിരുന്നു കണ്ടാസ്വദിച്ചിട്ടുണ്ട്. പിക്ക് ആൻഡ് ഡിക്ക് കൈ വച്ചു രണ്ടു മുന്ന് റൗണ്ട് വരെ ഭാഗ്യംപരീക്ഷിക്കുന്ന ബഹഷീറിന്റെ കണക്കു കൂട്ടലുകൾ തെറ്റാറില്ലായിരുന്നു. രണ്ടാമത്തെ റൗണ്ടിൽ റൺ ( ലൈഫ്) തികയ്ക്കാനുള്ള കാർഡിനെ ഒരു മന്ത്രവാദിയെപ്പോലെ വിളിച്ചു വരുത്തി മറ്റുള്ളവരെ അമ്പരിപ്പിക്കുന്ന ബഷീറിനെ കാർഡുകൾ ഒരിക്കലും ചതിച്ചിട്ടില്ല.

അടുത്തത് ആക്രി കച്ചവടക്കാരൻ ജോസി ആണ്. 69 -70 കളിലൊക്കെ അമേരിക്കക്കാരി ഒരു പെൻ ഫ്രണ്ട് ഉണ്ടാവുകയും അവരെ വളച്ച് ഇടക്കിടക്കു സമ്മാനമായി ഡോളർ സ്വീകരിക്കുകയും ചെയ്തിരുന്ന ജോയി ചെയ്യാത്ത കച്ചവടങ്ങൾ ഒന്നും തന്നെയില്ല. കോഴി ഫാമിൽ നിന്നും വാങ്ങുന്ന കോഴികളെയും മുട്ടകളും ഒക്കെ വീട്ടിൽ എത്തിച്ചു കൊടുക്കുക മാത്രമല്ല ആവശ്യക്കാർക്ക് കോഴിയുടെ പപ്പു പറിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു, അതിന് 25 പൈസ കൂടുതൽ വാങ്ങും. ജാം നഗർ ജെട്ടികൾ കച്ചവടം ചെയ്തിരുന്ന കാലത്തു ജോസി കൊടുക്കുന്ന സ്പെഷ്യൽ ഓഫർ ആയിരുന്നു ജെട്ടി ഇട്ടു നോക്കി ബോധ്യപ്പെടാനുള്ള അവസരം. മിക്കവാറും എല്ലാ കുടുംബങ്ങളുമായും സുഹൃദ്ബന്ധത്തിലായിരുന്ന ജോസി അവധി ദിവസങ്ങളിൽ ജെട്ടികളുമായി വീടുകളിലെത്തുന്നത് വീട്ടമ്മമാർക്കൊരു സഹായമായിരുന്നു !

പെൻഷൻ പ്രായമടുത്ത പാലാക്കാരൻ മാസ്റ്റർ വാറണ്ട് ഓഫീസർ ജോസഫിന് വൈകുന്നേരങ്ങളിൽ മദ്യപിക്കാതെ പറ്റില്ലായിരുന്ന. വീട്ടിൽ തനിച്ചിരുന്നു ബോറടിച്ച പാലക്കാരി പറഞ്ഞു -എനിക്കു തനിച്ചിരുന്നു മടുത്തു, ഞാനും കുടി ചേട്ടന്റെ കൂടെ മെസ്സിൽ വന്നിരുന്നുകൊള്ളാമെന്ന്. അങ്ങനെ രണ്ടു പേരും കുടി ഒന്നിച്ചു മെസ്സിൽ പോക്കു തുടങ്ങി, ബാറിൽ നിന്ന് രുചി അറിയാൻ അര പെഗ്ഗിൽ തുടങ്ങിയ ചേച്ചി അവസാനം ചേട്ടനെയും തോൽപ്പിച്ച് കളഞ്ഞു. രണ്ടു പേരും മദ്യത്തിന് അടിമകളായി. കുടിച്ചില്ലെങ്കിൽ വിറയ്ക്കുന്ന അവസ്ഥ.

ബോഡി ബിൽഡർ നാണു അവധി കഴിഞ്ഞു വരുമ്പോൾ കൊണ്ടു വരുന്ന സ്വാദിഷ്ടമായ കറികൾ മെസ്സിൽ വന്ന് എല്ലാവരോടുമൊത്തു ഭക്ഷണത്തിനിരിക്കുമ്പോൾ, പ്ലേറ്റിൽ നിരത്തി വച്ചിട്ട് മറ്റാരും എടുത്തു കഴിക്കാതിരിക്കാൻ, എല്ലാവരും കാൺകെ തുപ്പൽ തൊട്ടു വയ്ക്കുമായിരുന്നു. മറ്റുള്ളവരുടെ പ്ലെയ്റ്റുകളിൽ കൈയിട്ടു വരാൻ വിരുതനായ നാണുവിന്റെ പ്രതിപക്ഷ ബഹുമാനമില്ലായ്മയെ ഞങ്ങൾ ദൂരെ മാറിനിന്നു വിമർശിക്കുമായിരുന്നു.

മേൽ പറഞ്ഞവരിൽ നിന്നെല്ലാം വ്യത്യസ്തനായി, എന്റെ ശ്രദ്ധ പിടിച്ചു പറ്റിയത് നിലമ്പുർ സ്വദേശി പാപ്പച്ചനായിരുന്നു. ഒരു മാതിരി പൊക്കവും,ചുരുണ്ട മുടിയും വെളുത്തു ചുമന്ന നിറവും അല്പം മാംസളമായ സ്ത്രൈണ ശരീരപ്രകൃതിയുമുള്ള, മുക്കിനു താഴെയും
താടിയുടെ അറ്റത്തും മാത്രം പുരുഷ ലക്ഷണങ്ങളുള്ള പാപ്പച്ചൻ. രണ്ടാം വർഷ ഡിഗ്രിക്കു പ്രൈവറ്റ് ആയി പഠിച്ചുകൊണ്ടിരുന്ന പാപ്പച്ചൻ മിക്കവാറും പുസ്തകങ്ങളുടെ മുന്നിലാണ്. ബാർ ദിവസങ്ങളിൽ രണ്ടു പേഗ്ഗും വാങ്ങി തനിച്ചിരുന്നു ഭക്ഷണവും കഴിച്ചു വീണ്ടും പുസ്തകമെടുക്കും. എന്നു വച്ച് ആരോടും മിണ്ടാതിരിക്കില്ല. എല്ലാവരുമായും ആവശ്യത്തിനുള്ള സൗഹൃദം.

എയർ ഫോഴ്‌സിൽ 1970 നു മുൻപും അതിനു ശേഷവും ചേർന്നവർ തമ്മിൽ, ഒരു തരം തിരിവുണ്ടായിരുന്നു. 70 നു മുൻപുള്ളവർ കള്ളടിയിൽ മാസ്റ്റേഴ്സും, ഒരു കുപ്പി( 12 1/2 പെഗ്ഗ് ) ഒറ്റഇരുപ്പിൽ ഒരു തീർക്കുന്നതാണ് മാസ്റ്റേഴ്സിനുള്ള മാനദണ്ഡം, 7 പെഗ്ഗിൽ കൂടുതൽ കപ്പാസിറ്റിയാവുമ്പോൾ ബാച്ചിലർ പദവി കിട്ടും, അല്പം പരാക്രമങ്ങളുമൊക്കെയായി ജീവിതം ആഘോഒഷമാക്കിയപ്പോൾ ,
70 നു ശേഷം വന്നവർ പ്രൈവറ്റ് ആയി പഠിച്ചു ഡിഗ്രിയും പോസ്റ്റ് ഗ്രാഡുവേഷനും ഒക്കെയായി 15 വർഷത്തിന് ശേഷം പുറത്തു വന്ന് മറ്റു മേഖലകളിൽ വ്യാപൃതരായി.
പഴയ തലമുറ എയർ ഫോഴ്സ് തങ്ങളുടെ ക്യാരീർ ആക്കി.

പാപ്പച്ചൻ തന്റെ ശരീര പ്രകൃതിയെപ്പറ്റി ബോധവാനായിരുന്നു.
ബാത് റൂമിൽ കുളിക്കാൻ പോകുമ്പോൾ പലരുടെയും ആർത്തിപിടിച്ചുള്ള നോട്ടം കാണുമ്പോൾ തനിച്ചെങ്ങാനുമാണെങ്കിൽ വേഗം കുളിച്ചു സ്ഥലം വിടും.

പാപ്പച്ചന്റെ പഴയ യൂണിറ്റ് ബിക്കാനീറിൽ വച്ചുണ്ടായ ഒരു സംഭവം വിവരിച്ചത് ഇങ്ങിനെയായിരുന്നു.

വേനൽകാലമായാൽ പിന്നെ ഫാനിന്റെ അടിയിൽ കിടന്നാലും സഹിക്കാൻ വയ്യാത്തത്ര ചൂടാണ്, അത് കൊണ്ട് മിക്കവാറും കട്ടിലുമെടുത്തു പുറത്തു പോയിക്കിടക്കും. മുകളിൽ നക്ഷത്രങ്ങളെക്കണ്ട് രാത്രി 12 മണിയോടെ തുടങ്ങുന്ന ഇളം തണുപ്പുള്ള കാറ്റും ആസ്വദിച്ച് ഉറങ്ങാൻ നല്ല സുഖമാണ്.
അങ്ങിനെയൊരു ദിവസം പാപ്പച്ചൻ രണ്ടു പെഗ്ഗും ഭക്ഷണവും കഴിഞ്ഞു പുറത്തു കിടന്നുറങ്ങി.
ഏതാണ്ട് പതിനൊന്നു മണിയോടെ അടിച്ചു പിമ്പിരിയായി ഭക്ഷണവും കഴിഞ്ഞു വരുന്ന മൂന്നു സർദാർജിമാർ കാണുന്നത് വെളിയിൽ കിടന്നുറങ്ങുന്ന പാപ്പച്ചനെയാണ്. നോട്ടമിട്ടു നാളേറെയായെങ്കിലും ഇതു വരെ അവസരമൊത്തുവന്നിട്ടില്ല. പുറത്തു കിടന്നുറങ്ങുന്ന പാപ്പച്ചനെ പൊക്കികളയാമെന്നു സർദാർജിമാർ പ്ലാൻ ചെയ്തു. രണ്ടു പേര് കട്ടിലിന്റെ മുൻപിലും പിറകിലും നിന്ന് കട്ടിലിന് അല്പം പോലും ഇളക്കം തട്ടാതെ പൊക്കിയെടുത്തു വിജനതയിലേയ്ക്കു കൊണ്ട് പോയി. മൂന്നാമൻ കൂടെ നിന്ന് മറ്റാരും ശ്രദ്ധിക്കുന്നില്ലെന്നും കട്ടിൽ ഇളകുന്നില്ലെന്നുമൊക്കെ ഉറപ്പു വരുത്തി. ആരുമില്ലാത്ത ദുരത്തിലെത്തിയപ്പോൾ അവർ കട്ടിൽ പതിയെ താഴെ വയ്ച്ചു.
കള്ള ടിച്ചിരുന്നതിനാൽ ഒരുത്തന്റെ കൈൽ നിന്നും കട്ടിലിന്റെ കാൽ തെന്നി പോയി. പിടഞ്ഞെണീറ്റ പാപ്പച്ചൻ മുന്നിൽ നിൽക്കുന്ന തലേക്കെട്ടുകളെക്കണ്ട് അന്ധാളിച്ചു. പിന്നെ ലുങ്കിയുമെടുത്തു് ഒറ്റ ഓട്ടമായിരുന്നു.