ഓർമക്കുറിപ്പുകൾ (6 ) പാൻ സിംഗ് തോമർ

ഓർമക്കുറിപ്പുകൾ  (6 ) പാൻ സിംഗ് തോമർ

ട്രെയിനിങ് തുടങ്ങി രണ്ടു മൂന്നാഴ്ചകൾ കഴിഞ്ഞ്, ഒരു ദിവസം വൈകുന്നേരം ഫിസിക്കൽ ട്രെയിനിങ്ങും കഴിഞ്ഞു തിരിച്ചു പോരുമ്പോളാണ്, അടുത്ത അത്ലറ്റിക്സ് മീറ്റിനു വേണ്ടി പ്രാക്റ്റീസു തുടങ്ങിയ  അരവിന്ദനു തോന്നുന്നത്, എല്ലാവരെയും കൂട്ടി ഒന്നോടി നോക്കിയാലോ എന്ന് .
ഞങ്ങൾ ആറേഴു പേരുണ്ട്;
അവൻ എല്ലാവരോടുമായി ചോദിച്ചു, നമുക്കൊന്നോടി നോക്കിയാലോ ?
അരവിന്ദന്റെ അടുത്തെങ്ങും എത്താൻ പറ്റില്ലെങ്കിലും വെറുതെ ഒന്നോടി നോക്കുന്നതിൽ ആർക്കും എതിർപ്പൊന്നുമില്ലായിരുന്നു, ഒരു തമാശ.
അവൻ വൺ, റ്റു, ത്രീ പറഞ്ഞു; ഞങ്ങൾ എല്ലാവരും പറ്റുന്ന വേഗതയിൽ ഓടി. അരവിന്ദൻ കഴിഞ്ഞാൽ ആർക്കാണ് സ്പീഡ് എന്നറിയണം.
80 മീറ്ററോളം പിന്നിട്ടപ്പോൾ അരവിന്ദനോടൊപ്പമെന്നപോലെ ഞാനും ഓടുകയാണ്.

ഞങ്ങൾ ഓട്ടം നിറുത്തി.

നീ എവിടെയൊക്കെ ഓടാൻ പോയിട്ടുണ്ട്, നാട്ടിലെ മത്സരങ്ങളിലൊന്നും
കണടിട്ടില്ലല്ലോ,

അരവിന്ദന്റെ ഒരു തമാശ, ഞാൻ വിചാരിച്ചു.

പിന്നെ ഒന്നോർത്തെടുത്തു നോക്കി.

ഇവിടെയെത്തുന്നതിനു മുൻപ് ഓടേണ്ടി വന്നിട്ടുള്ളത് എപ്പോളൊക്കെയായിരുന്നെന്ന്.

പള്ളിക്കൂടത്തിലെ ഓട്ടമത്സരങ്ങളിൽ പങ്കെടുക്കാൻ വീട്ടിൽ നിന്നും അനുവാദമില്ലായിരുന്നു, വീണു കൈയോ കാലോ ഒടിഞ്ഞാൽ അതിന്റെ പിറകെ നടക്കാൻ ഇച്ചാച്ചനും, അമ്മച്ചിക്കും സമയമില്ല.
 
അനുവാദമില്ലാതെ മത്സരത്തിനു കൂടിയെന്നറിഞ്ഞാൽ പൂരേ തല്ലും.

പഠിക്കാനുള്ള നേരം ഓടിക്കളയണ്ട, അതാണ് നിയമം.

100 മീറ്റർ ഓട്ടത്തിൽ മത്സരിക്കുന്നവരുടെ സ്പീഡ് കാണുമ്പോൾ, ഇവരുടെ അടുത്തെങ്ങുമെത്താനുള്ള സ്പീഡ് എനിക്കില്ലാതെ പോയല്ലോ എന്ന വിഷമം തോന്നും.

കോളേജിൽ ചെന്നപ്പോൾ രണ്ടു പ്രാവശ്യം ഓട്ട മത്സരത്തിൽ പങ്കെടുത്തു, 800  മീറ്ററിന്. അതാവുമ്പോൾ സമയമെടുത്ത് നമുക്കോടാമല്ലോ.

രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു പോന്നു.

പിന്നെ ഓടിയിട്ടുള്ളത്, പശുക്കിടാവു കയറുപൊട്ടിച്ചോടുമ്പോൾ അതിനെ പിടിച്ചു തൊഴുത്തിൽ കേറ്റാനായി അതിന്റെ പിറകെയും, കൂട്ടിൽ നിന്നും പുറത്തു ചാടുന്ന പന്നിയെ തിരിച്ചു പന്നിക്കൂട്ടിലെത്തിക്കാനുമായിരുന്നു.
പശുക്കിടാവിന്റെ കഴുത്തിൽ കയറുണ്ടാവും, അതു  കുറെ ഓടി മടുക്കുമ്പോൾ എങ്ങിനെയും പിടിക്കാം;
പക്ഷെ പന്നിയുടെ പിറകെ ഓടി അതിനെ പിടിച്ചു  കുട്ടിലാക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. സർവ ശക്തിയുമെടുത്തു പിറകെ ഓടിയാലും, അതു  മടുത്തു വായിലൂടെ നുരയും പതയുമൊക്കെ വന്നാലേ തോൽവി സമ്മതിക്കത്തൊള്ളു.

പന്നിക്കൂടെന്നൊക്കെ  പറയുമ്പോൾ പുതു തലമുറയക്ക് ചിലപ്പോൾ പിടി കിട്ടില്ലായിരിക്കും.

70 കളുടെ അന്ത്യം വരെയെങ്കിലും നാട്ടിൻപുറങ്ങളിലെ കർഷക കുടുംബങ്ങളിൽ പന്നി വളർത്തലുണ്ടായിരുന്നു. ഭക്ഷണത്തിന്റെ ബാക്കിയും കാടി വെള്ളവും പിന്നെ മനുഷ്യ വിസർജ്യവുമാണു പന്നിക്കു ഭക്ഷണം.
പന്നിയില്ലെങ്കിൽ ഇതെല്ലം വേസ്റ്റ് ആയിപ്പോകും.
ഇങ്ങനെ വളർത്തുന്ന പന്നികളുടെ ഇറച്ചിക്ക് ശീമ പോർക്കിനെക്കാളും ടേസ്റ്റ്  ആയിരുന്നത്രെ, അതുകൊണ്ടു തന്നെ നല്ല വിലയും.

കർഷകർക്ക് പ്രത്യേക മുടക്കില്ലാത്ത ഒരാദായമാർഗ്ഗം .

വീടുകളിൽ പന്നി കൂടിനോടനുബന്ധിച്ചു  കക്കൂസ് പണുത് അവിടെയായിരുന്നാണു  വെളിക്കിറങ്ങുക. ആ സൗകര്യങ്ങളില്ലാഞ്ഞവർ പ്രഭാത കൃത്യങ്ങൾക്കായി കുറ്റിക്കാടുകൾ തേടിയിറങ്ങും.

ചേട്ടന്മാരുടെയും , ചേച്ചിമാരുടെയും പ്രവാസം കൊണ്ടു  തീർത്ത ബംഗ്ലാവുകളും യൂറോപ്യൻ കക്കൂസുകളും കണ്ടു വളർന്ന തലമുറയ്ക്ക്, അവരില്ലായിരുന്നെങ്കിൽ, നമ്മൾ ട്രോളുന്ന വ ടക്കേ ഇന്ത്യയിലെ പാവങ്ങളെ പോലെ റെയിൽവേ ട്രാക്കുകളും കുറ്റിക്കാടുകളും തേടി ഇന്നും അലയേണ്ടി വന്നേനെ, പ്രത്യേകിച്ചും ട്രേഡ് യുണിയനിസം ജീവിത മാർഗമാക്കിയിരിക്കുന്ന ദൈവത്തിന്റെ നാട്ടിൽ.

അരവിന്ദൻ എന്നെ അവനോടൊപ്പം പ്രാക്ടിസിനു ചെല്ലാൻ നിർബന്ധിച്ചു; എന്നെ പരിശീലിപ്പിക്കുന്ന ജോലി അവൻ സ്വമേധയാ ഏറ്റെടുത്തു.
പിന്നെ കുറേക്കാലം അവനോടൊപ്പം അവൻ പറഞ്ഞു തന്ന ട്രെയിനിങ് ഷെഡ്യൂൾ പിന്തുടർന്ന് , മറ്റുള്ളവർ സുഖമായി വിശ്രമിക്കുന്ന സമയങ്ങളിൽ  ഞാൻ  വിയർപ്പൊഴുക്കി.

ആ വർഷത്തെ സ്പോർട്സ് മീറ്റിൽ അവന്റെ ഒരു പഴയ സ്പൈക്സ്ഉം ( അത്ലറ്റുകൾ ട്രാക്കിൽ ഉപയോഗിക്കുന്ന പ്രത്യേക തരം  ഷൂ ). ധരിച്ചു ഞാനും പങ്കെടുത്തു.
100,200  മീറ്ററിൽ രണ്ടാം സ്ഥാനവും, റിലേയിൽ ഒന്നാം സ്ഥാനവും !!

B. Pilla നിലവിലുള്ള ചാമ്പ്യനെ പിന്നിലാക്കി 10000 മീറ്റർ ജേതാവായി.

അരവിന്ദൻ ബാംഗ്ലൂർ വച്ച് നടന്ന എയർ ഫോഴ്‌സ് മീറ്റിൽ 800 മീറ്ററിൽ ജേതാവായികൊണ്ട് പത്രവാർത്തകളിൽ സ്ഥാനം പിടിച്ചു.

കുറച്ചു കാലത്തേക്കു കൂടി പ്രാക്ടീസ് ചെയ്യുകയും ഹ്രസ്വ ദൂര ഓട്ടത്തിൽ അന്നത്തെ ഏറ്റവും നല്ല സമയത്തിനടുത്തെത്തുകയും ചെയ്‌തെങ്കിലും കഠിനമായ പരിശീലനം തുടർന്ന് കൊണ്ടുപോകാനായില്ല.

അന്നു കൂടെയുണ്ടായിരുന്ന മറ്റെല്ലാവരും തമ്മിൽ ഇപ്പോളും  പരസ്പരം ബന്ധപ്പെടുകയും, വാർഷിക ഒത്തുചേരലുകളിലൂടെ സൗഹൃദം പുതുക്കുകയും ചെയ്യുമ്പോൾ, അരവിന്ദനെ മാത്രം ഞങ്ങൾ മിസ് ചെയ്യുന്നു.

ലോകത്തിന്റെ ഏതെങ്കിലും കോണിലിരുന്നു നീയിതു വായിക്കുന്നുണ്ടെങ്കിൽ പഴയകാല സുഹൃത്തുക്കളിൽ ആരെങ്കിലുമായി ബന്ധപ്പെടുമല്ലോ.

വടക്കേ ഇന്ത്യയിലെ ഏതോ കുഗ്രാമത്തിൽ നിന്നും ആർമിയിൽ ചേർന്ന, പിൽകാലത്തു തന്റെ കുടുംബം നശിപ്പിച്ച ഉയർന്ന ജാതിക്കാർക്കെതിരെ നിയമവഴികളിലൂടെ നീതി ലഭിക്കാതായപ്പോൾ കൊള്ളത്തലവനായി കാടു കയറിയ, ടോക്കിയോ ഒളിമ്പിക്സിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്‌സ് ഓടിയ, പാൻ സിങ് തോമർ;  ഇർഫാൻ ഖാൻ സിനിമയിലൂടെ നിങ്ങളിൽചിലർക്കെങ്കിലും സുപരിചിതനായിരിക്കും.

പശുവിന്റെയും പന്നിയുടെയും പിറകെ ഓടിതളർന്ന അനവധി  നാട്ടും പുറത്തുകാരുടെ കായിക മികവുകൾ യഥാസമയം കണ്ടെത്തി പരിശീലിപ്പിച്ചിരുന്നെങ്കിൽ  ഇന്ത്യയുടെ ഒളിമ്പിക്സ് സ്വപ്‌നങ്ങൾ എത്രയോ പണ്ടേ സാക്ഷാത്കരിക്കപ്പെടുമായിരുന്നു !!!.