ഓർമക്കുറിപ്പുകൾ (13 ) Puna 1976
K P PIllai - A Rajaneesh disciple
ബാംഗ്ലൂർ ജലഹല്ലിയിലെ തീവ്ര പരിശീലന ത്തിന്റെ രണ്ടാം ഘട്ടം ഭേദപ്പെട്ട നിലയിൽ, ബാച്ചിലെ ബെസ്റ്റ് കേഡറ്റിനും, കരകൗശലവൈദഗ്ദ്യത്തിനുമുള്ള (Workshop ) ട്രോഫികൾ കരസ്ഥമാക്കിക്കൊണ്ടു പാസ്സായപ്പോൾ ഒരു വർഷം കടന്നു പോയതറിഞ്ഞില്ല. പഠനത്തിൽ അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ പുറംതള്ളപ്പെടുമെന്നതിനാൽ പരാക്രമങ്ങൾക്കും തമാശകൾക്കുമൊന്നും ഇറങ്ങിത്തിരിക്കാൻ ആരും ധൈര്യപ്പെട്ടില്ല.
ട്രെയിനങ്ങ് കഴിഞ്ഞാൽ എല്ലാവർക്കും പുതിയ സ്ഥലത്തേയ്ക്കാണ് പോസ്റ്റിങ്ങ് ലഭിക്കുക.
ഇത്രയും കാലം ടെലിപ്രിന്ററും മോഴ്സ് കോഡ് ഉപയോഗിച്ചുള്ള ആശയ വിനിമയവും ആയിരുന്നു ജോലിയെങ്കിൽ,
എയർഫോഴ്‌സ് യൂണിറ്റുകളിലും, യുദ്ധവിമാനങ്ങളിലും ഉപയോഗിക്കുന്ന ചെറുതും വലുതുമായ എല്ലാ ഇലക്ട്രോണിക്സ് എക്വിപ്മെന്റ്‌സിന്റെയും ടെസ്റ്റ് എക്വിപ്‌മെന്റുകളുടെയും പ്രയോജനക്ഷമതയും, ഉപയോഗവും ഉറപ്പു വരുത്തുക യെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഇനി ഞങ്ങളിൽ അർപ്പിതമായിട്ടുള്ളത്.
ഈ ട്രെയിനങ്ങ് കഴിഞ്ഞതു കൊണ്ടു മാത്രം ഞങ്ങളാരും ആ നിലവാരത്തിലേക്കെത്തുന്നില്ല. ട്രെയിനിങ്ങിനു ശേഷം ലഭിക്കുന്ന പോസ്റ്റിംഗും, ഏതു സെക്ഷനിൽ ജോലിചെയ്യാൻ അവസരം ലഭിക്കുന്നെന്നതും ആരു നമ്മുടെ വഴികാട്ടിയാവുന്നു എന്നതു മെല്ലാം ഇതിൽ പ്രാധാന്യമർഹിക്കുന്നു.
അതുകൊണ്ടു തന്നെ എന്റെ പോസ്റ്റിങ്ങ് 9 B R D പൂന യിലേക്കാണെന്നറിഞ്ഞപ്പോൾ ഞാൻ വളരെ സന്തോഷിച്ചു.
എയർ ഫോഴ്‌സിൽ ഉപയോഗിക്കുന്ന ടെസ്റ്റ് എക്വിപ്മെന്റുകൾ നന്നാക്കുന്നതും, ടെസ്റ്റ് ചെയ്തു കാലിബ്രേറ്റ് ചെയ്യുന്നതു മായ ഒരു ലബോറട്ടറി ഉള്ളത് അവിടെയാണ്.
സാധാരണ ഗതിയിൽ ട്രെയിനങ്ങ് കഴിഞ്ഞാലുടനെ അങ്ങോട്ടേയ്ക്കൊരു പോസ്റ്റിങ്ങ് കൊടുക്കാറില്ല.
ഇന്ത്യയിലെ ഏറ്റവും സുഖകരമായ കാലാവസ്ഥ യുള്ള സ്ഥലമായിട്ടാണ് പൂന അറിയപ്പെടുന്നത് , അധികം ചൂടും തണുപ്പുമില്ലാത്ത മിതമായ കാലാവസ്ഥ. ഭഗവാൻ രജനീഷിന്റെ ആസ്ഥാനം, ഹിപ്പി സംസ്കാരം അതിന്റെ പരമോന്നതിയിൽ, ധാരാളം വിദേശികൾ ഭഗവാന്റെ ശിഷ്യരായുള്ള കാലം.
N D A ( നാഷണൽ ഡിഫെൻസ് അക്കാദമി ) യും പേപ്പൽ സെമിനാരിയും (വൈദികവിദ്യാർത്ഥികളുടെ ഉപരി പഠന
കേന്ദ്രം )എല്ലാമുള്ള പൂന അന്നു തന്നെ എല്ലാവർക്കും പ്രിയങ്കരമാണ്.
ഞാൻ പൂനയിലെത്തുമ്പോൾ അവിടം പഴയ തലമുറക്കാരുടെ എന്നു പറഞ്ഞാൽ 60 കളിൽ സർവീസിൽ ചേർന്ന് പത്തു പന്ത്രണ്ടു വർഷം കഴിഞ്ഞ മൂപ്പന്മാരുടെ, പലരും അതി സമർത്ഥരായ ടെക്‌നിഷ്യൻസ് , താവളമായിരുന്നു. മലയാളികളിൽ ആരും തന്നെ ഉപേക്ഷിച്ചു പോന്ന കോളേജ് പഠനം പുനരാരംഭിക്കാൻ ശ്രമം നടത്തിയില്ലെങ്കിലും മിക്കവരും കള്ളടിയിൽ മാസ്‌റ്റേഴ്‌സ് എടുത്തവരായിരുന്നു.
ഒന്നുരണ്ടു മാസങ്ങൾക്കു മുൻപ് എയർ ഫോഴ്‌സിൽ നിന്നും പിരിഞ്ഞു പോയ P K പിള്ളയെന്ന രജനീഷ് ശിഷ്യനെ വളരെ ആദരവോടെ പലരും മനസ്സിൽ സൂക്ഷിച്ചിരുന്നു. കമ്മാണ്ടിങ് ഓഫീസറിൽ നിന്നും പ്രത്യേക അനുവാദം വാങ്ങി ദീക്ഷ വളർത്തി രുദ്രാക്ഷമിട്ട്, കാവിയുമുടുത്ത്, ജോലി കഴിഞ്ഞാൽ ഉടനെ പിള്ള ക്യാമ്പിൽ നിന്നും അധിക0 ദൂരെയല്ലാത്ത ഭഗവാന്റെ ആശ്രമത്തിലേക്കുതിരിക്കും. സ്റ്റഡി ക്ലാസുകളിൽ പങ്കെടുത്തു തിരിച്ചെത്തുന്ന പിള്ള സുഹൃത്തുക്കളുമായി കൂടിയിരുന്ന് സായാഹ്നങ്ങളിൽ ചർച്ചാ വേദികൾക്കു നേതൃത്വം നൽകി. കുപ്പികൾ കാലിയാവുന്ന ചർച്ചാവേദികൾ പക്ഷെ വിജ്ഞാനപ്രദമായിരുന്നത്രെ. ഇടയ്ക്കിടെ നടക്കുന്ന വാദപ്രതിവാദങ്ങളിൽ ഏതെങ്കിലും വിഷയത്തിൽ, പരസ്പരം ബോധ്യപ്പെടാതെ വന്നാൽ ചർച്ച തുടരാനുള്ള അടുത്ത തീയതി തീരു മാനിച്ചു കൊണ്ടു പിരിയും. പിന്നെ, പൂനയിലെ ലൈബ്രറികളിൽ കിട്ടാവുന്ന പുസ്തകങ്ങൾ തപ്പി, വിവരശേഖരണം നടത്തിയാവും ചർച്ചയിൽ പങ്കെടുക്കുന്നവർ അടുത്ത ദിവസമെത്തുന്നത്. അങ്ങനെ തികച്ചും വിജ്ഞാനപ്രദമായ ചർച്ചാ സായാഹ്നങ്ങൾ അവരുടെ യെല്ലാം മനസ്സിൽ തളിരിട്ടു നിന്നിരുന്നു.
പിള്ളയുടെ അഭാവത്തിലും ഇങ്ങനത്തെ ചർച്ചാസായാഹ്നങ്ങൾ സംഘടിപ്പിക്കപ്പെടുകയും എനിക്കും അതിൽ ഭാഗഭാക്കാകുവാൻ സാധിക്കയും ചെയ്തത് ഒരനുഗ്രഹമായി ഇന്നു ഞാൻ കാണുന്നു,
ഞാൻ കണ്ടിട്ടില്ലാത്ത പിള്ളയ്ക്കു പ്രണാമം.
ജോർജ് ശരിയ്ക്കും ഒരു സുന്ദരനായിരുന്നു. ഒത്ത പൊക്കവും നല്ല വെളുത്ത നിറവും, ചുരുളൻ മുടിയും എല്ലാമുള്ള, ഏതു പെണ്ണും കൊതിക്കുന്ന ഒരു കാമദേവൻ. കുവൈറ്റിൽ ജോലിയുള്ള ഒരു മാലാഖ അയാളെ സ്വന്തമാക്കിയിരുന്നു. കല്യാണം താമസിയാതെ ഉണ്ടാവും. ജോർജിനെ എല്ലാവരും ബഹുമാനിച്ചു, സെക്‌ഷനിൽ ഉണ്ടാവുന്ന കുറച്ചു മണിക്കൂറുകൾ കൊണ്ട് ആ മാസത്തെ ടാസ്ക് ആയ മൂന്നോ വേണമെങ്കിൽ അതിലധികമോ എക്വിപ്മെന്റുകൾ റെഡിയാക്കി കൊടുക്കാൻ മാത്രം കഴിവുള്ള ജോർജ് സെക്ഷനിൽ എത്ര സമയമുണ്ടാവണമെന്നു തീരുമാനിയ്ക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനു തന്നെ വിട്ടുകൊടുത്തിരുന്നു. (എക്വിപ്മെന്റിന്റെ വലിപ്പമനുസരിച്ചു മാസത്തിൽ രണ്ട്, മുന്ന് ഒക്കെ കണക്കിലാണ് ടാസ്കുകൾ നൽകുന്നത് ).
സിഗററ്റും, കള്ളും, പെണ്ണും ലഹരിയുടെ ഉറവിടങ്ങളായി മാത്രം കണ്ട ജോർജ് മിക്കവാറും ഇതിൽ ഏതെങ്കിലും ഒരു ലഹരി ആസ്വദിയ്ക്കുന്ന തിരക്കിലായിരുന്നു ബാക്കി സമയം.
മുൻപറഞ്ഞ ലഹരികളെ തൊട്ടറിയാൻ പോലും അനുവദിക്കാതെ ജോലിസ്ഥലത്തു മാത്രം എന്നെ അദ്ദേഹത്തിന്റെ ശിഷ്യനായി ജോർജ് കൊണ്ടു നടന്നു.
പൂനയിലെ ആദ്യ ആറു മാസം മദ്യക്കുപ്പികളുടെ അകമ്പടിയോടെയുള്ള ഇവരുടെ ചർച്ചകളിൽ വെറും പച്ച വെള്ളം മാത്രം കുടിച്ചു കൊണ്ടു ഞാൻ കേൾവിക്കാരനായിരുന്നു.
കടുത്തുരുത്തിക്കാരൻ Abraham ത്തിനു ഞാൻ സഹോദര തുല്യനായിരുന്നു, അമേരിക്കയിലുള്ള മാലാഖയുടെ അടുത്തേയ്ക്കു പോകാൻ തയാറെടുത്തിരുന്ന എബ്രഹാം മാലാഖ അവധിയിലെത്തിയപ്പോൾ എന്റെ വീട്ടിൽ വരികയും ഇച്ചാച്ചൻ നല്ല കശുമാങ്ങ ചാറിൽ വാറ്റിയെടുത്തു വച്ചിരുന്ന ചാരായമടിച്ചു രണ്ടും പൂസാവുകയും ചെയ്തു.
മദൻ ഗോപാൽ എന്ന പഞ്ചാബിയുടെ ശിഷ്യത്വം റഡാർ ഉപകരണങ്ങളിൽ പ്രാവീണ്യം നേടാൻ എന്നെ ഒത്തിരി സഹായിച്ചു.
അമേരിക്കയിലുള്ള മാലാഖയുടെ അടുത്തെത്തനായി, കാലാവധി തീരുന്നതിനു മുൻപ് എയർഫോഴ്‌സിൽ നിന്നും വിടുതൽ ലഭിക്കാൻ, `വട്ട` ഭിനയിച്ച ഫ്രാൻസിസിന് ശരിക്കും മനോനില തെറ്റിയോ എന്നു ഞങ്ങൾ ആശങ്കപ്പെട്ടു,
തനിയെ സംസാരിച്ചുകൊണ്ടു നടന്നിരുന്ന ഫ്രാൻസിസ് തൊട്ടു മുന്നിൽ നിൽക്കുന്നവരെ പോലും കാണുന്നുണ്ടോ എന്നു സംശയമായിരുന്നു.
കുത്താട്ടുകുളംകാരൻ കുരിശു ബേബിയുംകുടുംബവും ഞായറാഴ്ചകളിൽ എനിക്ക് വിഭവസമുദ്ധമായ ആതിഥ്യമരുളി. ( ബേബി യുടെ സ്വാഭാവഗുണം കൊണ്ട് ആരോ കൊടുത്ത വിശേഷണമാണ് പേരിനു മുൻപിലുള്ള `കുരിശ് `, ആരെയും ദ്രോഹിക്കണമെന്ന ഉദ്ദേശ്യമില്ലെങ്കിലും ബേബിക്കഭിപ്രായമില്ലാത്ത വിഷയങ്ങളില്ല. അതുകൊണ്ടു തന്നെ അഭിപ്രായങ്ങളുമായി ക്ഷണിക്കാതെ കടന്നു വരുന്ന ബേബി കുരിശുബേബി യായി ).
കോട്ടയം കാരായ ജോയിമാരായിരുന്നു വ്യത്യസ്തത നിറഞ്ഞ രണ്ടു നസ്രാണി താരങ്ങൾ. വഴിയേ പോകുന്ന ആടും പൂച്ചയും മുയലും കീരിയും തവളയുമെല്ലാം വൈകുന്നേരങ്ങളിൽ അവരുടെ വറചട്ടിയിൽ വിഭവങ്ങളായി മാറും. അധികമുള്ളത് സുഹൃത്തുക്കളുമായി പങ്കു വയ്ക്കും.ഇവരും അമേരിക്കയിലും കുവൈറ്റിലുമുള്ള മാലാഖമാരുടെ ചിറകിലേറിപ്പോകാൻ തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരുന്നു.
പുനയിലേയ്ക്കു പോസ്റ്റിങ്ങ് ലഭിച്ചത് ആ ബാച്ചിൽ നിന്നും എനിയ്ക്കു മാത്രമായിരുന്നു. പ്രായത്തിൽ അന്നവിടെയുണ്ടായിരുന്ന ചേട്ടന്മാരെക്കാളെല്ലാം പത്തു വയസ്സെങ്കിലും താഴെയായിരുന്ന എന്നെ അവർ കരുതലോടെ ഒരു കുഞ്ഞനുജനെപ്പോലെ സ്വീകരിച്ചു.
സെക് ഷൻ അലോട്ട്മെന്റ് കാലിബറേഷൻ ലബോറട്ടറി ആണെന്നറിഞ്ഞപ്പോൾ ഞാൻ സംതൃപ്തനായി. കഴിവുകൾ ആർജിക്കുവാനും വളരുവാനുമുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്.
സെക് ഷനിലെ ആദ്യ ദിവസം പരിചയപ്പെടുത്തലായിരുന്നു. സെമി കണ്ടക്ടേഴ്സും ചിപ്സുമൊന്നും സാധാരണമല്ലായിരുന്ന 70 പതുകളിൽ വാൽവ് വേർഷൻ എക്വിപ്മെന്റ്സ് ആണ് കുടുതലും ഉപയോഗിച്ചിരുന്നത്. തങ്ങളേക്കാൾ വലിപ്പമുള്ള ഈ എക്വിപ്മെന്റുകൾക്കു മുൻപിൽ ഒരു കസേരയും വലിച്ചിട്ടു സർക്യൂട്ട് ഡയഗ്രത്തിനു മുൻപിലിരുന്നവർ സ്വയം പരിചയപ്പെടുത്താനായി എഴുന്നേറ്റപ്പോൾ മാത്രമാണ് അവിടെ ഒരാളുണ്ടായിരുന്നെന്നറിയുന്നത്. എക്വിപ്മെന്റുകളുടെ വലിപ്പവും, സർക്യൂട്ട്ഡയഗ്രങ്ങളുടെസങ്കീർണതയും തുടക്കക്കാരനായ എന്നെ ശരിയ്ക്കും ഭയപ്പെടുത്തിയെന്നതാണ് സത്യം. എനിക്കവിടെ പിടിച്ചു നിൽക്കാനാവുമോ എന്ന ഭയം ?!. ആകെയുള്ള 20 തിൽ പകുതിയോളം സിവിൽ ടെക്‌നീഷ്യൻസ് ആണ്. അവർക്കു സ്ഥലം മാറ്റമുണ്ടാവില്ല. ഞങ്ങൾ സ്ഥലം മാറിപ്പോവുമ്പോളും അവർ അവിടെ സ്ഥിരമായിട്ടുണ്ടാവും..ഞങ്ങളുടെ സ്ഥലം മാറ്റം ലാബിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കാതിരിക്കാനാണ് സിവിലിയൻസിനെ ഇങ്ങനെ സ്റ്റാൻഡ് ബൈ ആയി സ്ഥിരപ്പെടുത്തിയിരിക്കുന്നത്.
ജോർജിന്റെ ശിഷ്യത്വം സ്വീകരിച്ചു കൊണ്ട് എന്റെ സംഭവ ബഹുലമായ പൂന ജീവിതം അങ്ങനെ ആരംഭിച്ചു. എന്റെ ജീവിതത്തെ ചിട്ടപ്പെടുത്തിയതു പൂന ജീവിതമായിരുന്നെന്നു പറയാം. ആദ്യ രണ്ടു വർഷങ്ങളിൽ പഴയ തലമുറയുടെ കൂടെ അവരുടെ ശിഷ്യനായിട്ടുള്ള പഠന കാലവും രണ്ടു വർഷത്തിനു ശേഷം പഴമക്കാർ മാറി പകരം പുതു തലമുറ എത്തിയപ്പോൾ അവരുടെ മാർഗദർശിയായും വ്യത്യസ്ത റോളുകൾ ഭംഗിയായി അഭിനയിച്ചു തീർത്തു.