ഓർമക്കുറിപ്പുകൾ (10 ) സ്വപ്നങ്ങൾക്കു പൊന്നും വില
1972 ൽ ആസ്സാമിൽ നിന്നും വേർപെട്ടു സ്തതന്ത്ര സംസ്ഥാനമായി മാറിയ മേഘാലയ ഇന്നും ഇന്ത്യയിലെ ദരിദ്ര സംസ്ഥാനങ്ങളിലൊന്നായി നിലകൊള്ളുന്നു. പഴവർഗങ്ങളും നെല്ലും മഞ്ഞളുമൊക്കെ കൃഷി ചെയ്യുന്നുണ്ടെങ്കിലും ചരക്കു ഗതാഗതം ഏതാണ്ട് അസാധ്യമായതു കൊണ്ട് ഒന്നും തന്നെ സംസ്ഥാനത്തിനു പുറത്തു കൊണ്ട് പോയി വിൽക്കാൻ സാധിക്കില്ല.
സ്വത്തു കൈവശം വയ്ക്കുന്നതും കുടുംബം ഭരിക്കുന്നതും എല്ലാം സ്ത്രീകളാണ്. ഗ്രാമങ്ങളിലെല്ലാം ഇപ്പോളും കൂട്ടു കുടുംബ സമ്പ്രദായം നിലനിൽക്കുന്നു. ഏറ്റവും ഇളയ പെൺകുട്ടിക്കാണ് പിന്തുടർച്ചാവകാശം. സ്വത്തും വീടും എല്ലാം അവളുടെ പേരിൽ വന്നു ചേരും; അതു പോലെ ഉത്തരവാദിത്വങ്ങളും. അപ്പനും അമ്മയുമുൾപ്പെടെ വീട്ടിലുള്ള എല്ലാവരുടെയും കാര്യങ്ങൾ നോക്കേണ്ടത് അവളുടെ കർത്തവ്യമായി മാറുന്നു.
വിവാഹം കഴിഞ്ഞാൽ പുരുഷൻ പെണ്ണിന്റെ വീട്ടിലേയ്ക്കു താമസം മാറ്റണം;
വെറും കറിവേപ്പിലയുടെ വിലയെ ആണുങ്ങൾക്കു കൊടുത്തിരുന്നുള്ളു.
സാധാരണ ഗതിയിൽ ഖാസി പെൺകുട്ടികളെ സംസ്ഥാനത്തിന് പുറത്തേയ്ക്കു വിവാഹം ചെയ്‌തു കൊടുക്കാറില്ലായിരുന്നു.
ആദ്യ കാലങ്ങളിൽ പെണ്ണിനു പുരുഷനെ ഇഷ്ടമില്ലാതെ വന്നാൽ ഒരു നാണയം പുറത്തേയ്ക്കു വലിച്ചെറിയും, അതായിരുന്നു ചിഹ്നം, പുരുഷൻ വീടിനു പുറത്ത്.
ആണുങ്ങൾക്കു ജോലിയൊക്കെ കിട്ടാൻ തുടങ്ങിയ ഇക്കാലത്തു സ്ഥിതിഗതികൾക്കു മാറ്റം വന്നിട്ടുണ്ടാവാം.
സത്യസന്ധരും വിശ്വസ്തരുമായ ഖാസി വർഗക്കാർക്കിടയിൽ കുറ്റ കൃത്യങ്ങൾ താരതമ്യേന കുറവായിരുന്നെന്നു പറയാം.
കൃഷിയിൽ നിന്നുള്ള വരുമാനം കുറവായിരുന്നതുകൊണ്ട് പാവങ്ങളുടെ ചൂതാട്ടമായി അറിയപ്പെട്ടിരുന്ന തീർ - അമ്പെയ്ത്തിൽ അധിഷ്ഠിതമായ ഒരു ചൂതാട്ട രീതി -ഷില്ലോങ് കേന്ദ്രമായി നിലനിന്നു പൊന്നു.
70 കളുടെ അവസാനം വരെ ഗവണ്മെന്റ് നിരോധിച്ചിരുന്നെങ്കിലും രഹസ്യമായി ആൾക്കാർ ഇതിൽ പണം നിക്ഷേപിച്ചു ഭാഗ്യം പരീക്ഷിച്ചു.
ഇന്ത്യയിൽ മറ്റെങ്ങുമില്ലാത്ത ഈ ചൂതാട്ടം ഇങ്ങിനെയാണ്
മേഘാലയയിലെ അറിയപ്പെടുന്ന ആർച്ചറി ക്ലബ്ബുകളിൽ നിന്നുള്ള 50 വില്ലാളികൾക്ക് 30 അമ്പുകൾ വീതം നൽകും. മൈതാനത്തു ഉറപ്പിച്ചിരിക്കുന്ന ഈറ്റകൾകൊണ്ടുള്ള ഒരു സ്‌തൂപത്തിലേയ്ക്ക് ഇവർ 50 യാർഡ് (1 Yard = 3 feet) ലക്‌ഷ്യം തെറ്റാതെ അമ്പെയ്യും. അവസാനം സ്‌തൂപത്തിൽ തറച്ചു നിൽക്കുന്ന അമ്പുകൾ ഊരി എണ്ണിയിട്ട് കിട്ടുന്ന സംഖ്യയുടെ അവസാനത്തെ രണ്ടക്കങ്ങളായിരിക്കും വിജയ നമ്പർ.
ഒരു രൂപ ഈ നമ്പറിൽ കളിച്ചിരുന്ന ആൾക്ക് 80 രൂപ തിരിച്ചു കിട്ടും. ഒരു ലക്ഷം കളിച്ചവന് 80 ലക്ഷവും. അങ്ങനെ ഉള്ളവനും ഇല്ലാത്തവനും അവനവന്റെ ഏക്കമനുസരിച്ചു കളിക്കാം. ഒന്നിലധികം വിജയികളുമുണ്ടാവാം.
ഈ കളി 15 .30 അവസാനിക്കും.
16.30 നവസാനിക്കുന്ന രണ്ടാമത്തെ കളിയിൽ ഒരു വില്ലാളിക്ക് 20 അമ്പുകൾ വച്ചാവും നൽകുന്നത്. കളിയും വിജയ നമ്പരും പഴയതുപോലെ തന്നെ, തറഞ്ഞു നിൽക്കുന്ന അമ്പുകളുടെ എണ്ണത്തിന്റെ അവസാനത്തെ രണ്ടക്കം.
ഇതിലെ വിജയിക്കു ലഭിക്കുന്നത് ഒരു രൂപയ്ക്കു 60 രൂപയായിരിക്കും.
ഈ രണ്ടു കളികളുടെയും വിജയ നമ്പർ ശരിയായി പ്രവചിച്ച കളിക്കാരന് ഒരു രൂപയ്ക്കു 40000 രൂപ സമ്മാനം.
തീറു- കളി ഇന്ന് മേഘാലയയുടെ അതിരുകൾ കടന്നു മുഴുവൻ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേയ്ക്കും വടക്കേ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേയ്ക്കുമൊക്കെ വ്യാപിച്ചിരിക്കുന്നു.സ്വിറ്റസർലാൻഡിലിരുന്നു നമുക്കു വേണമെങ്കിലും ഓൺലൈനിൽ കളിക്കാം.
ഷില്ലോങ്ങിൽ മാത്രം 10000 ലേറെ ആൾക്കാർ കളിക്കാരിൽ നിന്നും നമ്പർ സ്വീകരിക്കാൻ ജോലി ചെയ്യുന്ന തീറു - കളി 1980 മുതൽ നിയമാനുസൃതമാക്കുകയും സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.
" സ്വപ്നങ്ങൾക്കർത്ഥങ്ങളുണ്ടായിരുന്നെങ്കിൽ സ്വർഗ്ഗങ്ങളെല്ലാം നമുക്കു സ്വന്തം "
ഈ ഗാനശകലമാണ് ഇപ്പോൾ ഓർമ വരുന്നത്.
സ്വപ്നങ്ങൾ വ്യർത്ഥമെന്നു പറഞ്ഞ ഗാനരചയിതാവിനു തെറ്റി.
.
തീറു കളിയിലെ വിജയ നമ്പർ പ്രവചിക്കപ്പെടുന്നത് സ്വപ്നങ്ങളിലൂടെയാണ്.
തലേ രാത്രിയിൽ കാണുന്ന സ്വപ്നങ്ങൾ വിശകലനം ചെയ്താണ് നമ്പറുകളിലേക്കെത്തുന്നത്.
ഓരോ സ്വപ്നങ്ങൾക്കും ഓരോ നമ്പറുകൾ അച്ചിട്ടമാണത്രെ.
Fish -99 , erotic -17 അല്ലെങ്കിൽ 40,കുടുംബവഴക്ക്- 8 ending പശു - 4 അല്ലങ്കിൽ 2 ending അങ്ങനെ എല്ലാ സ്വപ്നങ്ങളും വിജയ നമ്പറിലേക്കുള്ള ചരടുകളാവും
എയർ ഫോഴ്സ് ക്യാമ്പിൽ ഭാര്യയും ഭർത്താവും മക്കളും എല്ലാം തങ്ങളുടെ സ്വപ്നങ്ങൾ പങ്കു വച്ചു കളിച്ചിരുന്നു.
പലരും വിജയ നമ്പർ കൃത്യമായി തങ്ങളുടെ സ്വപ്നത്തിലൂടെ കണ്ടെത്തി വലിയ തുകകൾ നേടിയെടുക്കുകയും ചെയ്തു.
ഒന്നിലധികം തവണ സ്വപ്നങ്ങൾ യാഥാർഥ്യങ്ങളാക്കുന്ന സ്വപ്നാടകർക്കു പൊന്നും വിലയായിരുന്നു.
അവരെ, ഇന്ന് MLA മാരെ ഹൈജാക്ക് ചെയ്‌യുന്നതു പോലെ പൊക്കിയെടുത്തു സുഖവാസ കേന്ദ്രങ്ങളിൽ താമസിപ്പിച്ചു സ്വപ്നം കാണാനുള്ള അനുകൂല സാഹചര്യമുണ്ടാക്കിക്കൊടുത്തിരുന്നു. അവന്റെ `സ്വപ്ന മൂഡ് ` നിലനിൽക്കുന്നത് വരെ.