സുർജിത് സിംഗിന്റെ മരണം (ഓർമ്മക്കുറിപ്പുകൾ -2)

സുർജിത് സിംഗിന്റെ മരണം

ബറേലി കാലത്തെ, നൊമ്പരപ്പെടുത്തുന്ന ഓർമയായി ഇന്നും അവശേഷിക്കുന്നു, സുബേദാർ മേജർ സുർജിത് സിംഗിന്റെ മരണം.
50 വയസ്സോളം പ്രായമുള്ള ,മൂന്ന് പെൺമക്കളുടെ പിതാവായ സുർജിത്, അയാളുടെ കീഴിലുണ്ടായിരുന്ന ജവാന്മാർക്കെല്ലാം പിതൃതുല്യനായിരുന്നു.
ജവാന്മാരെ അനാവശ്യമായി ശിക്ഷിക്കുകയോ ദ്രോഹിക്കുകയോ ചെയ്യാതെ അവരുടെ കാര്യങ്ങളിൽ ഇടപെട്ടിരുന്ന അദ്ദേഹത്തിന് സാധാരണ ഒരു സുബേദാർ മെജോറിനു ണ്ടാവാറുള്ള അധികാര ധാർഷ്ട്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. എല്ലാവർക്കും പ്രിയപ്പെട്ടവൻ.
എന്നാൽ ആകുലതകൾ പ്രകടമാക്കിയിരുന്ന മുഖം അയാളെ എന്തോ അലട്ടുന്നുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞു

എന്റെ പോസ്റ്റിങ്ങ് A O P (Army Out Post )യിലായിരുന്നു. എയർ
ഫോഴ്‌സുകാരും ആർമിക്കാരും കൂടി ഒന്നിച്ചു ഓപ്പറേററ് ചെയ്യുന്ന ഒരു യൂണിറ്റാണത്. നിരീക്ഷണത്തിനും, രക്ഷാദൗത്യത്തിനും പരിശീലനപറക്കലിനുമായി ഹെലികോപ്റ്ററുകളുണ്ടാവും; അവയുടെ മെയിന്റനൻസും സെർവീസിംഗും എയർ ഫോഴ്‌സുകാരും, കോപ്ടർ പറത്തുന്നത് ആർമി പൈലറ്റ് സും.
കമാൻഡിങ്, ആർമി യുടെ കീഴിലാണെങ്കിലും ഞങ്ങളുടെ അഡ്മിനിസ്ട്രേഷൻ എയർയർ ഫോഴ്‌സ് ചട്ടങ്ങളനുസരിച്ചായിരിക്കും, എല്ലാ രണ്ടു വർഷങ്ങളും കുടുമ്പോഴുള്ള, രണ്ടു മൂന്നാഴ്ച്ചകൾ വരെ നീണ്ടു നിൽക്കുന്ന എക്സർസൈസ് കാലത്തൊഴിച്ച്

AOP പോസ്റ്റിങ്ങ് എയർ ഫോഴ്‌സു കാർക്കു പഥ്യമല്ലെങ്കിലും ആർമിക്കാർക്ക് അവരുടെ സാധാരണ ദിനചര്യകളിൽ ഇളവുകളുള്ളതിനാൽ, അവർ സന്തുഷ്ടരാണ്
കമാൻഡിങ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ റാങ്കിലുള്ള ഒരു സർദാർജിയായിരുന്നു. മുഖത്തെ ഗൗരവഭാവവും ധാർഷ്ട്യവും, സാധാരണ ജവാന്മാരിൽ ഭീതി ജനിപ്പിക്കും.
സുബേദാർ മേജർ സുർജിത്താണ് ജവാന്മാരുടെ പ്രശ്നങ്ങൾ തീർപ്പാക്കാൻ കമാൻഡിങ് ഓഫീസറടിയടുത്തെത്തിക്കുന്നത്. മാനുഷിക പരിഗ ണന പോലും നൽകാതെ അവരുടെ ആവശ്യങ്ങൾ നിരസിക്കപപ്പെടുന്നത് സുർജിത്തിനെ പലപ്പോഴും അലോസരപ്പെടുത്തിയിരുന്നു

തന്റെ രണ്ടാമത്തെ മകളുടെ കല്യാണത്തിനു വേണ്ടി അവധിക്കും ലോണിനുള്ള അപേക്ഷ നൽകിയെങ്കിലും ഇതുവരെ തീരുമാനമൊന്നും പറഞ്ഞിട്ടില്ല

തീരുമാനമറിയാൻ താമസിക്കുന്നതു തന്റെ പിടിപ്പുകേടായി കണ്ട് ഭാര്യ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വേറെയും

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. പ്ലാൻ ചെയ്തിരുന്നതനുസരിച്ച് 0730 നു തന്നെ രണ്ടു കോപ്റ്ററുകൾ ഹാങ്ങറിൽ നിന്നും പുറത്തു കൊണ്ട് വന്നു ടെസ്റ്റിംഗുകളെല്ലാം തീർത്തു റെഡിയാക്കി നിറുത്തിയിരിക്കയാണ്.

ഹവിൽദാർ രാംദാസ് ഓടി വന്ന് അന്നത്തെ പ്രോഗ്രാമുകൾ ക്യാൻസൽ ചെയ്‌തെന്നും അയാളോടൊപ്പം ചെല്ലണമെന്നും C O അറിയിക്കുന്നതായി പറഞ്ഞു.

എന്തെങ്കിലും തക്കതായ കാരണങ്ങളില്ലാതെ ഫ്ലയിങ് പ്രോഗ്ഗ്രാമുകൾ ക്യാൻസൽ ചെയ്യാറില്ല

സ്റ്റാർട് ചെയ്തു നിറുത്തിയിരുന്ന ജീപ്പിൽ കയറി ഞങ്ങൾ രാംദാസിനോടൊപ്പം പോയി.പോകുന്ന വഴിയ്ക്കു സുർജിത്തിന്റെ വീട്ടിൽ നിന്നും പുക ഉയരുന്ന വിവരം രാംദാസിൽ നിന്നും അറിയാൻ സാധിച്ചു.
ഫയർ ഫൈറ്റിങ് കോഴ്സുകളിൽ നിന്നും തീ അണയ്ക്കുന്നതിനു കിട്ടിയിട്ടുള്ള പരിശീലനങ്ങൾ ഓർത്തെടുത്തു, ആവശ്യം വന്നാൽ
പ്രവർത്തനനിരതനാവാൻ മനസ്സും ശരീരവും സജ്ജമാക്കി വച്ചു.  

സുർജിത്തു താമസിക്കുന്നത് രണ്ടാം നിലയിലാണ്. ആണുങ്ങളെല്ലാവരും തന്നെ രാവിലെ ഡ്യൂട്ടിക്കു പോയിരുന്നതിനാൽ കുറച്ചു പെണ്ണുങ്ങൾ മാത്രം വഴിയിൽ കുടി നിൽക്കുന്നുണ്ട്

ഞങ്ങൾ ഓടി മുകളിലെത്തിയപ്പോളേക്കും ഫയർ എൻജിനുമെത്തി
കത്തി തീർന്നുകൊണ്ടിരിക്കുന്ന സുർ ജിത്തിന്റെ ശരീര ഭാഗങ്ങളിൽ നിന്നും കുഞ്ഞു കുഞ്ഞു തീ ഗോളങ്ങൾ താഴേയ്ക്കു വീഴുന്നുണ്ട്

വസ്ത്രത്തിലെ തീ മാംസത്തിലേയ്ക് പകർന്നാൽ പിന്നെ അങ്ങിനെയാണ്, ശരീരത്തിലെ കൊഴുപ്പും കൂടിയിട്ട് സ്വയം ഇന്ധനമായി കത്തി തീരും

ആർക്കും അധികമൊന്നും ചെയ്യുവാനില്ലായിരുന്നു.

കെട്ടിടത്തിലേയ്ക്കു തീ പടരാതിരിക്കുവാനായി ഫയർ സെൿഷൻകാർ മുൻകരുതലുകളെടുത്തു

മരവിച്ച മനസ്സുമായി ആരോടൊക്കെയോ ഉള്ള അമർഷവും പേറി ഞങ്ങൾ തിരിച്ചു പോന്നു

സുബേദാർ മേജർ സുർജിത് സിംഗ്, ശരീരത്തിൽ മണ്ണെണ്ണയൊഴിച്ചു, സ്വയം തീ കൊളുത്തുകയായിരുന്നു

അദ്ദേഹത്തിന്റെ ആത്മഹത്യക്ക്‌ ആരെങ്കിലും ഉത്തരവാദികളായിരുന്നോ എന്നത് ഒരിക്കലും അന്വേഷണവിധേയമായില്ല