കൊറോണ വൈറസിനെ ഭുമിയിലേക്കയക്കുമ്പോൾ ദൈവം മുന്നിൽ കണ്ടത് ഒരു ശുദ്ധികലശമായിരുന്നു.
മനുഷ്യൻ പ്രകൃതിയോടും ഇവിടത്തെ ആവാസവ്യവസ്ഥിതിയോടും കാട്ടുന്ന അനാദരവ്, സ്വാർത്ഥവും നൈമിഷികവുമായ താല്പര്യങ്ങൾ മുന്നിൽ കണ്ടു വരും തലമുറകൾക്കും മറ്റു ജീവജാലങ്ങൾക്കും ഭൂമിയിൽ ജീവിതം തന്നെ അസാധ്യമാക്കിത്തീർക്കുന്ന രീതിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന നശീകരണ പ്രവണത; പ്രകൃതി ദുരന്തങ്ങളിലൂടെയും , കാലാവസ്ഥാവ്യതിയാനവും മുഖേന മുന്നറിയിപ്പുകൾ ലഭിച്ചിട്ടും അവയോടുള്ള നഗ്നമായ അവഗണന;
ഇവയെല്ലാം കണ്ടു ദൈവത്തിനു തന്നെ മനം മടുത്തു
ഇവയെല്ലാം കണ്ടു ദൈവത്തിനു തന്നെ മനം മടുത്തു
മറ്റൊന്ന്, തന്റെ നാമത്തിൽ പരസ്പരം ഏറ്റുമുട്ടുന്ന വിവിധ മത വിഭാഗങ്ങളായിരുന്നു.
തന്റെ പേരു പറഞ്ഞു മനുഷ്യനെ പല വിഭാഗങ്ങളായി തിരിച്ച്, ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു നടത്തിക്കൊണ്ടിരിക്കുന്ന, ഇടനിലക്കാരുടെയും പുരോഹിത വർഗത്തിന്റെയും ചുഷണം എല്ലാ അതിർവരമ്പുകളും ലംഘിച്ചിരിക്കുന്നു
പഴയ നിയമകാലത്തു സൊദോം ഗൊമോറയിൽ, തീമഴയിലൂടെ തിന്മയെ ഉൻമൂലനം ചെയ്ത ദൈവം പരിഷ്കൃത മനുഷ്യനു നൽകാവുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ നൽകി, കൊറോണയുടെ രൂപത്തിൽ
മഹാമാരിയുടെ വ്യാപനത്തിൽ അന്ധാളിച്ചു നിന്ന മനുഷ്യൻ, ലക്ഷങ്ങൾ മരി ച്ചുവീണപ്പോൾ സാമൂഹിക അകലം പാലിക്കലല്ലാതെ മറ്റൊരു പ്രതിവിധിയും വൈറസ്സിനെതിരെ വിലപ്പോകില്ലെന്ന യാഥാർഥ്യം മനസ്സിലാക്കി.
ആഴ്ചകളും മാസങ്ങളും നാലു ചുമരുകൾക്കുള്ളിൽ ബന്ധിതനാക്കപ്പെട്ട മനുഷ്യന്, മറ്റുള്ളവരുമായുള്ള സാമീപ്യം തന്നെ നിഷിദ്ധമായി, പുഞ്ചിരിക്കുന്ന മുഖങ്ങൾ ഓർമകളായി; കട കമ്പോളങ്ങളും, ഫാക്ടറികളും നിശ്ചലമായി; വാഹനങ്ങൾ നിരത്തുകളിൽ നിന്നും അപ്രത്യക്ഷമായി; ഉല്ലാസ നൗകകളും കപ്പലുകളും ബോട്ടുകളുമൊക്കെ നങ്കുരമിട്ടു നിലയുറപ്പിച്ചു
അന്തരീക്ഷത്തിൽ സംഭവിച്ച മാറ്റങ്ങൾ അത്ഭുതാവഹമായിരുന്നു
അന്തരീക്ഷമലിനീകരണം ഏതാണ്ടില്ലാതായെന്നു തന്നെ പറയാം, പൊടിപടലങ്ങൾ അപ്രത്യക്ഷമായി . നോക്കെത്താ ദൂരത്തുള്ള മഞ്ഞുമലകളും,അംബരചുംബികളും നീലാകാശവും വീണ്ടും കൈയെത്തും ദൂരത്തായി. ഓസോൺ പാളികൾ വീണ്ടും കുടിച്ചേർന്നപ്പോൾ സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും ഭൂമിയും മോചിതമായി. കായൽത്തീരങ്ങളും കടൽത്തീരങ്ങളും വിവിധതരം മൽസ്യങ്ങളുടെ സംഗമവേദിയായി.തിമിഗലങ്ങളും, ഡോൾഫിനുകളുമൊക്കെ തീരത്തണഞ്ഞു നഷ്ടസ്വർഗ്ഗങ്ങളുടെ കൗതുകം നുകർന്നു പുളകിതരായി
പ്രകൃതിയെ സംരക്ഷിക്കുന്ന കാര്യത്തിൽ ദൈവത്തിന്റെ കണക്കുകൂട്ടലുകൾ ഫലപ്രാപ്തിയിലെത്തിയെങ്കിലും വിവിധ മതവിഭാഗങ്ങളിലെ പുരോഹിതവർഗം ദൈവനാമത്തിൽ നടത്തുന്ന ചുഷണങ്ങൾക്കൊരറുതിവരുത്താൻ വൈറസിനെക്കൊണ്ടു കഴിഞ്ഞില്ല. ആരാധനാലയങ്ങൾ അടച്ചിടുവാൻ നിർബന്ധിതരായപ്പോൾ അവർ മറ്റു മാർഗങ്ങൾ കണ്ടു പിടിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ മികവിൽ ഓരോ വീടുകളും ആരാധനാലയങ്ങളായി മാറി; ടെലിവിഷനുകൾ ബലിപീഠങ്ങളും പ്രസംഗവേദികളുമായി രൂപാന്തരപ്പെട്ടു, ലോക് ഡൗണിൽ പെട്ടു വീട്ടിലിരിക്കേണ്ടി വന്നപ്പോൾ ,സാധാരണഗതിയിൽ പ്രാർഥനകളോടു പുറം തിരിഞ്ഞു നിൽക്കുന്ന പുരുഷന്മാരും ആരാധനകളിൽ ഭാഗഭാക്കുകളായി. വാക് ചാതുരിയിൽ വീണു പോകുന്ന ബൗദ്ധിക അടിമത്വത്തിൽ നിന്നും മനു ഷ്യനെ മോചിപ്പിക്കാൻ ദൈവത്തിനായില്ല
സ്വന്തം സൃഷ്ടികളുടെ കഴിവുകൾക്ക് പരിമിതി വച്ചതിൽ ദൈവം മനസ്തപിച്ചു
*************************************************************************************
മാസങ്ങൾ നീണ്ട വൈറസിന്റെ ഭീകര താണ്ഡവത്തിൽ നിന്നും മനുഷ്യനെ മോചിപ്പിക്കുവാൻ ദൈവം തീരുമാനിച്ചു. വൈറസിന്റെ തീവ്രത കുറയുകയും ജനം സാധാരണ ജീവിതത്തിലേക്കു മടങ്ങി വരുകായും ചെയ്തു. മദ്യശാലകൾ തുറന്ന് ലഹരിയിൽ മുങ്ങി അവർ പുതിയ തുടക്കം ആഘോഷമാക്കി
വൈറസിനെ ചെറുക്കുവാൻ വേണ്ടി കൊട്ടിയടയ്ക്കപ്പെട്ട അതിർവരമ്പുകൾ എല്ലായിടത്തും തുറന്നുകൊടുത്തെങ്കിലും ഒരു ദേശക്കാർ മാത്രം തങ്ങളുടെ പ്രവാസികൾക്കു മുൻപിൽ അതിർത്തികൾ തുറന്നുകൊടുക്കുവാൻ സന്നദ്ധരായില്ല. സ്വന്തം കുടുംബത്തിനും ദേശത്തിനും വേണ്ടി പ്രവാസമനുഭവിച്ചവർക്കു മുൻപിൽ ആ ദേശക്കാർ മാത്രം ദുഷ്ടരും സ്വാർത്ഥരുമായി മാറി. പ്രവാസികൽ സ്വന്തം കുടുംബത്തിലേയ്ക്കു തിരിച്ചെത്തുന്നതിനു നിബന്ധനകളും വിലപേശലും നടന്നു.
സ്വന്തം ദേശത്ത് അന്യ രാകേണ്ടി വന്ന പ്രവാസികളുടെ ദുഃഖം കണ്ട ദൈവം ശക്തമായ തീരുമാനങ്ങ ളെടുക്കാൻ വീണ്ടും നിർബന്ധിതനായി.
ഇത്രകാലവും മനുഷ്യനു മാത്രം സ്വന്തമായിരുന്ന ചിന്താശേഷിയും ഭാഷാവരവും ആ ദേശത്തെ മൃഗങ്ങൾക്കു കുടി കൊടുക്കുവാൻ ദൈവം തീരുമാനിച്ചു.
ചിന്താ ശേഷി സ്വായത്തമാക്കിയ മൃഗങ്ങൾ വളരെ വേഗം സ്ഥിതിഗതികൾ മനസ്സിലാക്കി. വൈറസ് തൽക്കാലം മനുഷ്യനെ മാത്രമേ ബാധിക്കുന്നുള്ളുവെങ്കിലും,വളരെ വേഗം മ്യൂട്ടേഷൻ സംഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ അടുത്ത നാളുകളിൽ തന്നെ അതു തങ്ങൾക്കും വിനാശകരമാകുമെന്ന് അവർ തിരിച്ചറിഞ്ഞു. തിരക്കിട്ട കുടിയാലോചനകൾക്കുശേഷം മൃഗങ്ങളെല്ലാം കുടി മനുഷ്യനിൽ നിന്നും അകലം പാലിക്കുവാൻ തീരുമാനമെടുത്തു.
അടുത്ത നേരം വെളുത്തപ്പോൾ നാട്ടിൽ മൃഗങ്ങളൊന്നും അവശേഷിച്ചിരുന്നില്ല. എല്ലാം കാടണഞ്ഞു
തങ്ങളുടെ വളർത്തുമൃഗങ്ങളെയും, ജീവിതോപാധിയായ വില്പനയ്ക്കായുള്ള മൃഗങ്ങളെയും അടുത്ത പ്രഭാതത്തിൽ കാണാതായപ്പോൾ മനുഷ്യർ വിഹ്വലരായി. എന്തു ചെയ്യണമെന്നറിയാതെ അവർ പരക്കം പാഞ്ഞു. മൃഗങ്ങളില്ലാതെയുള്ള ജീവിതം മനുഷ്യനെ സംബന്ധിച്ചിടത്തോളം സങ്കല്പാതീതമായിരുന്നു. നേതാക്കന്മാരും ജനപ്രതിനിധികളുമൊക്കെയായി അവർ കൂടിയാലോചിച്ചു.
തങ്ങളുടെ മൃഗങ്ങളെല്ലാം കട്ടിൽ തമ്പടിച്ചിരിക്കുന്നതായി മനുഷ്യർക്കു വിവരം കിട്ടി. അവയെ കൂട്ടികൊണ്ടു വരുവാനായി കയറുകളും വടികളും വാഹനങ്ങളുമായി നേതാക്കന്മാരുടെ നേതൃത്വത്തിൽ അവർ കാട്ടിലേക്കു പുറപ്പെട്ടു. കാട്ടി ലെത്തിയ മനുഷ്യർ പക്ഷെ കാണുന്നത് ഒന്നിച്ചു കൂടിയിരുന്ന് പരസ്പരം ആശയ വിനിമയം നടത്തുന്ന മൃഗങ്ങളെയായിരുന്നു. ഇന്നലെ വരെ വാലാട്ടി കൂടെ നടന്നിരുന്ന പട്ടി മുതൽ സർവ മൃഗങ്ങളും മനുഷ്യനെ ഗൗനിക്കാതെ അകന്നു മാറി നിന്നു. ഇനി മനുഷ്യനൊപ്പം ജീവിക്കാനില്ലെന്നുള്ള തങ്ങളുടെ ഉറച്ച തീരുമാനം അവർ മനുഷ്യരെ അറിയിച്ചു
ജനപ്രതിനിധികളും,മൃഗപ്രതിനിധികളുമായി മണിക്കുറുകൾ നീണ്ട ചർച്ച നടന്നെങ്കിലും മൃഗപ്രതിനിധികൾ ഇനി മനുഷ്യനു കീഴിൽ കഴിയുവാൻ താല്പര്യമില്ലെന്ന തങ്ങളുടെ നിലപാടിൽ ഉറച്ചു നിന്നു. ഇത്ര കാലവും മനുഷ്യൻ മൃഗങ്ങളോട് കാട്ടിപ്പോന്ന ക്രൂരതകളും, പ്രവാസികളായ തങ്ങളുടെ യജമാനന്മാരെപ്പോലും പീഡിപ്പിക്കുന്നതും ഒരു പട്ടി നേതാവ് ചർച്ചാ വിഷയമാക്കി. പോംവഴികളൊന്നും ഉരുത്തിരിയാതെ വന്നപ്പോൾ ചർച്ച രണ്ടാം ദിവസത്തേയ്ക്കു മാറ്റി വച്ചു.
രണ്ടാം ദിവസത്തെ ചർച്ചയിൽ മൃഗങ്ങളോടുള്ള പെരുമാറ്റത്തിൽ കാതലായ മാറ്റങ്ങളും പ്രവാസി യജമാനന്മാർക്കു നിരുപാധികം സ്വന്തം വീടുകളിലേക്കു തിരിച്ചു വരുവാനുള്ള സാഹചര്യങ്ങളും ഉറപ്പു നൽകിയെങ്കിലും മൃഗ പ്രതിനിധികൾ പ്രത്യേകിച്ച് ശക്തരായിരുന്നവർ, തീരുമാനമെടുക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടപ്പോൾ ചർച്ച തീരുമാനമാകാതെ പിരിയേണ്ടി വന്നു
അടുത്ത ദിവസത്തെ ചർച്ചയിൽ മൃഗങ്ങളോട് ക്ഷമ പറയാനും കൂടുതൽ ഇളവുകൾ നല്കുവാനുമൊക്കെ തീരുമാനിച്ചാണ് ജനപ്രതിനിധികളെത്തിയത്
അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, കാടിനോടടുക്കുന്നതിനു മുൻപു തന്നെ വളർത്തുമൃഗങ്ങൾ ഒന്നൊന്നായി തല താഴ്ത്തി, വാലാട്ടിക്കൊണ്ട് അവരുടെ കാൽചുവട്ടിലെത്തി കല്പന കാത്തു നിന്നു
ദേശത്തെ ജനങ്ങളുടെ ചിന്താഗതിയിലുണ്ടായിരിക്കുന്ന മാറ്റം മനസ്സിലാക്കിയ ദൈവം
തലേന്നു രാത്രിയിൽ മൃഗങ്ങൾക്കു നൽകിയിരുന്ന പ്രത്യേക വരങ്ങൾ തിരിച്ചെടുത്തിരുന്നു !