ഓർമ്മക്കുറിപ്പുകൾ (5 ) Justin Perez

ഓർമ്മക്കുറിപ്പുകൾ (5 )

ഓർമ്മക്കുറിപ്പുകൾ (5 ) Justin Perez
എയർ ഫോഴ്സ് സ്വപ്നമോ ആ സമയത്തൊരു ജോലിയോ വിദൂര ചിന്തകളിൽ പോലുമില്ലാത്ത കാലത്ത് 1971 ഡിസംബറിൽ പാകിസ്താനുമായുള്ള മൂന്നാം യുദ്ധം നടക്കുമ്പോളാണ് കോട്ടയത്തു വച്ച് എയർ ഫോഴ്‌സിന്റെ ടെക്നിക്കൽ
വിഭാഗത്തിലേയ്ക് റിക്രൂട്മെന്റു നടത്തുന്ന വാർത്ത വരുന്നത്.

PDC മാത്തമാറ്റിക്സ്സ് ആണു യോഗ്യത ആവശ്യപ്പെട്ടിരിക്കുന്നത്. PDC മാത്‍സ് കഴിഞ്ഞവർ എല്ലാം തന്നെ അന്ന് ഡിഗ്രി ചെയ്തു കൊണ്ടിരിക്കുന്ന സമയ൦.
വാർത്ത എന്നെ ഒട്ടും തന്നെ ആകർഷിച്ചില്ല.
എന്നാൽ സഹപാഠിയും, എയർ ഫോഴ്‌സ് മോഹം കേറി രണ്ടു തവണ ബാംഗളൂരിൽ റിക്രൂട്ടിട്മെന്റിനു പോയി നിരാശയോടെ മടങ്ങേണ്ടി വന്ന, അയൽവാസിയുമായ സുഹൃത്ത് കോട്ടയതതു വന്ന സാധ്യത ഒരവസരമായി
കണ്ടതിൽ തെറ്റു പറയാൻ പറ്റില്ലല്ലോ.
അവനു കൂട്ടു ചെല്ലാൻ നിർബന്ധിച്ചപ്പോൾ നാലു ദിവസത്തെ ക്ലാസും കട്ട് ചെയ്തു കോട്ടയം ടിബി യിൽ വച്ചു നടന്ന റിക്രൂട്മെന്റിൽ അവനോടൊപ്പം ഞാനും കൂടി.
2500 ഓളം, ഒന്നും രണ്ടും വർഷ ഡിഗ്രി സ്റ്റുഡന്റസ് മാത്രംപങ്കെടുത്ത റിക്രൂട്മെന്റിൽ, കമ്മ്യൂണിക്കേഷൻ വിഭാഗത്തിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ട, തെക്കൻ കേരളത്തിൽ നിന്നുള്ള ആറു പേരിൽ ഒരാളായപ്പോൾ എയർ ഫോഴ്‌സിലെ സാധ്യതകളെ പറ്റി കൂടുതൽ അന്വേഷിച്ചു. ട്രെയിനിങ് കഴിഞ്ഞാൽ പഠനം തുടരേണ്ടവർക്ക് ഇഷ്ടം പോലെ അവസരങ്ങളുണ്ടെന്ന അറിവു പ്രചോദനമായപ്പോൾ ഫോഴ്‌സിൽ ചേരുവാനും തീരുമാനമെടുത്തു.
( സുഹൃത്തിന് ഈ തവണയും കടന്നു കൂടാനായില്ല. റിക്രൂട്ടിങ് ഓഫീസറോടു പ്രത്യേക അഭ്യർത്ഥന നടത്തി നോൺ ടെക്. ട്രേഡിൽ അവൻ കയറി പറ്റി )
അതിനടുത്ത ദിവസങ്ങളിൽ കോഴിക്കോട്ട് വച്ചു നടന്ന റിക്രൂട്മെന്റിലും അഞ്ചു പേർ സെലക്ട് ചെയ്യപ്പെട്ടു.

49 വർഷങ്ങൾക്കു മുൻപ് ഒരു ജാനുവരി 22 നു ബാംഗളൂരിലെ ജലഹാലി എയർ ഫോഴ്സ് സ്റ്റേഷനിൽ ട്രെയിനിങ്ങിനെത്തുമ്പോൾ കുടെയുണ്ടായിരുന്നവരിൽ പലരും കേരളത്തിന്റെ പ്രതിഭകളായിരുന്നു.
10000 മീറ്റർ ഓട്ടത്തിലെ യൂണിവേഴ്സിറ്റി താരം B.Pilla യും (ചിരിക്കുമ്പോൾ കവിളുകളിൽ നുണക്കുഴി വിരിയുന്ന സുമുഖനായ ഇവനെ കണ്ടാൽ ഒരു അതിലിറ്റിക് ലുക്ക് കണ്ടെത്താൻ പ്രയാസമായിരുന്നു. കാക്കകറുപ്പു മാറിക്കിട്ടുമെന്ന് മാന്നാനം കോളിജിലെ ഏതോ പെൺകുട്ടി കൊടുത്ത ഉപദേശമനുസരിച്ചു കുട്ടിക്കുറ പൗഡറിൽ പാലൊഴിച്ചു മറ്റാരും കാണാതെ സേവിച്ചു നടന്നവൻ, അവൾ തന്നെ കളിപ്പിക്കാൻ പറഞ്ഞതായിരുന്നോ എന്ന് ഇടയ്ക്കു സന്ദേഹിച്ചിരുന്നു ).

100 മീറ്റർ മുതൽ 800 മീറ്റർ വരെയുള്ള ഓട്ടത്തിലും ലോങ്ങ് ജംപിലും, ട്രിപ്പിൾ ജംപിലും അജയ്യനായിരുന്ന മങ്കൊമ്പുകാരൻ അരവിന്ദനെത്തിയിരുന്നത് ഒരു സ്യുട്ട്കേസ് നിറയെ അവനു കിട്ടിയ സെർട്ടിഫിക്കറ്റുകളുമായിട്ടായിരുന്നു.
കോഴി ക്കോട്ടു നിന്നെത്തിയ ബുദ്ധിരാക്ഷസന്മാരായ പട്ടരും അയ്യരും തുടങ്ങി, ബാംഗ്ലൂരിൽ നിന്നും വന്നവരെയും കൂട്ടി ഞങ്ങൾ ഏതാണ്ടു 25 ഓളം മലയാളികൾ.
അതിൽ ഒരുവനായിരുന്നു ചുരുങ്ങിയ കാലത്തേയ്ക്കാണെങ്കിലും ഉണ്ടായിരുന്നിടത്തെല്ലാം തന്റെ വ്യക്തിമുദ്രകൾ അവശേഷിപ്പിച്ചു കടന്നു പോയ ജസ്റ്റിൻ പെരെസ്.

കോളേജ് യൂണിയൻ സെക്രട്ടറിയായി, സമരങ്ങൾ സംഘടിപ്പിക്കുകയും, പ്രതിയോഗികളെ ആക്രമിക്കയും ചെയ്യേണ്ട വലിയ ഉതിരവാദിത്വം ചുമലിലേറ്റയിരുന്ന പെരേസ്, ജീനുകളിൽ അക്രമവാസനയുമായി ജനിച്ചവനായിരുന്നിരിക്കണം.
ട്രാൻസ്‌പോർട്ട് ബസുകൾ തടഞ്ഞുകൊണ്ട് നടത്തിയ ഒരു സമരത്തിൽ ഉദ്ദേശിച്ച `ഓളം` കാണാതിരുന്നപ്പോൾ കണ്ടക്ടറുമായി വാഗ്വാദത്തിലേർപ്പെട്ടിരുന്ന പെരേസ് പതിയെ പിറകോട്ടു മുങ്ങി, കോളേജ് കോമ്പൗണ്ടിലെത്തി.
കൂടികിടന്ന കല്ലുകളിലൊന്നെടുത്തു കണ്ടക്ടറെ ലക്ഷ്യമാക്കി എറിഞ്ഞു. കല്ലു കൃത്യം കണ്ടക്ടറുടെ തലയ്ക്കു തന്നെ കൊണ്ടു, അയാളവിടെ വീണു.
പെരേസ് സംഭവസ്ഥലത്തുനിന്നും ആരും കാണാതെ രക്ഷ പെട്ടെങ്കിലും,എറിഞ്ഞത് അവനായിരിക്കുമെന്നതിൽ ആർക്കും സംശയമില്ലായിരുന്നു.

കുട്ടികളിൽ മറ്റാർക്കും അങ്ങിനെയൊന്നും ചെയ്യാൻ സാധിക്കില്ല
കണ്ടക്ടർ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരവേ, മകനെ ഇനി നാട്ടിൽ നിറുത്തുന്നതു പന്തിയല്ലെന്ന് പിതാവിനു മനസ്സിലായി.
താൻ പറഞ്ഞാൽ ഇനി അവൻ നേരെയാവില്ല.
എയർ ഫോഴ്‌സ് റിക്രൂട്ടിങ് ബോർഡിലുള്ള തന്റെ ബന്ധുവിനെ വിളിച്ചു സാഹചര്യങ്ങൾ വിശദീകരിച്ചു.
ജനുവരി 22 നു ജസ്റ്റിനും ഞങ്ങളോടൊപ്പമുണ്ടായിരുന്നു.
ഹിപ്പിയിസം ട്രെൻഡ് ആയിരുന്ന എഴുപതുകളിൽ തലമുടി അല്പം നീട്ടി വളർത്തുന്നതായിരുന്നു ഫാഷൻ.
അങ്ങനെ തലമുടിയൊക്കെ നീട്ടി വളർത്തി നല്ല സുന്ദരകുട്ടപ്പന്മാരായി ചെന്ന ഞങ്ങളെ രണ്ടാം ദിവസം ആറേഴു ബാച്ചുകളായി തിരിച്ചു ബാർബർ ഷോപ്പിലെത്തിച്ചു.
നാട്ടിലെ മുടിവെട്ടുകാരന്റെയടുത്ത് ഓരോ മുടി മുറിക്കുമ്പോളും അഭിപ്രായം പറഞ്ഞു കൊടുത്തിരുന്നവർ തങ്ങളുടെ തലയിൽ നിന്നും ഒരു സെന്റിമീറ്റർ നിറുത്തി ബാക്കിയുള്ള മുടി മുറിച്ചു നീക്കുമ്പോൾ നിശബ്ദം കണ്ണീരൊഴുക്കി.
അടുത്ത ദിവസം എല്ലാവർക്കും കിട്ടി ഓരോ നിക്കർ .(Half pant ), സാധാരണ സമയങ്ങളിലും ഫിസിക്കൽ ട്രെയിനിങ് സമയത്തുമൊക്കെ ഉപയോഗിക്കേണ്ട വേഷം. മുട്ടറ്റം വരെ തൂങ്ങിക്കിടക്കുന്ന അയഞ്ഞ ആ സാധനവുമിട്ടു മൊട്ടത്തലയന്മാരായി കണ്ണാടിയുടെ മുന്നിൽ നിക്കുമ്പോൾ, ഞങ്ങൾ കണ്ടത് അപരിചിതരെയായിരുന്നു.

അടുത്തത് ഒരു പരിചയപ്പെടുത്തലായിരുന്നു. ഫോഴ്‌സിൽ ഡിസിപ്ലിനും അനുസരണവും സീനിയേഴ്സിനെ എങ്ങനെ ബഹുമാനിക്കണമെന്നു പഠിപ്പിക്കലുമൊക്കെയാണെന്നു വേണമെങ്കിൽ പറയാം.
ഒരു ചെറിയ ഹാളിൽ എല്ലാവർക്കും ഇരിപ്പിടങ്ങളൊരുക്കി.
ഞങ്ങളുടെ മുൻപിൽ ഫിസിക്കൽ ഇൻസ്ട്രക്ടർ സാർജന്റ് ദേശ്‌മുഖ് പ്രത്യക്ഷപ്പെട്ടു.

പിന്നെ ഒരു വെടിക്കെട്ടായിരുന്നു.

ഇംഗ്ലീഷും ഹിന്ദിയും അനായാസം കൈകാര്യം ചെയ്യാൻ മിടുക്കനായിരുന്ന അയാൾ രണ്ടു ഭാഷകളിലെയും ഏറ്റവും വൃത്തികെട്ട തെറി വാക്കുകളുപയോഗിച്ചു ഞങ്ങളുടെ അഭിമാനത്തെ മുറിപ്പെടുത്തി. ` ബസ്റ്റാർഡ്, സൺ ഓഫ് എ ബിച്ച്, ഫക് യു, ബെഗർ , പിന്നെ ഹിന്ദിയിലെ 'അമ്മ പെങ്ങന്മാരുടെ മാനത്തെ അധിക്ഷേപിക്കുന്ന, ഞങ്ങൾ കേട്ടിട്ടുപോലുമില്ലാത്ത എണ്ണം പറഞ്ഞ തെറികൾ,( അതു വടക്കൻമാരെ ഉദ്ദേശിച്ചുള്ളതായിരിക്കണം). ഇതൊക്കെ വരും ദിവസങ്ങളിൽ ഞങ്ങൾ സ്ഥിരമെന്നോണം കേൾക്കേണ്ടി വരുമെന്നും അച്ചടക്കമാണ് പ്രധാനമെന്നും പറഞ്ഞു.

" First ObeyThen Question, and now Get Out " ,ആദ്യം അനുസരിക്കുക,പിന്നെ ചോദ്യം ചെയ്യാം.
ഞങ്ങൾ ഹാളിൽ നിന്നും പുറത്തു വന്നു.
പലർക്കും അവിടെ നിന്നും ഓടിപ്പോകണമെന്നു തോന്നി.
പക്ഷെ ഒരിക്കൽ അകപ്പെട്ടാൽ ആരും കാണാതെ ക്യാംമ്പിൽ നിന്നും പുറത്തുകടക്കുക ബുദ്ധിമുട്ടാണ്.
ആ പരിചയപ്പെടുത്തലിൽ നിന്നാണ് ഒരു പട്ടാളക്കാരനെന്നനിലയിൽ ഞങ്ങളോരോരുത്തരുടെയും വ്യക്തിത്വ വികസനത്തിന്റെ ആരംഭം.
ക്ഷമ നശിക്കുകയോ, പ്രകോപിതരാവുകയോ ചെയ്യാതെ ഏതു സാഹചര്യത്തെയും തരണം ചെയ്യുവാനുള്ള പരിശീലന കളരിയായിരുന്നു അത്.
അടുത്ത മുന്നു മാസങ്ങൾ കടന്നു പോയതറിഞ്ഞില്ല, രാവിലെ 5.30 തിനെഴുന്നേറ്റാൽ വൈകിട്ട് ആറു മണി വരെ മറ്റൊന്നിനെ പറ്റിയും ചിന്തിക്കാൻ സമയം കിട്ടിയില്ല. പരേഡും,തിയറി ക്ലാസും ഫിസിക്കൽ ട്രെയിനിങ്ങും എല്ലാം കഴിഞ്ഞു 9 മണിയോടെ ബെഢിൽ കയറുമ്പോൾ തന്നെ ഉറങ്ങി പോകും.
എല്ലാ ആഴ്ചകളിലും മുടി വെട്ടിക്കേണ്ടതുകൊണ്ട് ഞങ്ങളുടെ പുതിയ രൂപം കണ്ണാടിയിൽ ഞങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി. നാട്ടിലെ സുഹൃത്തുക്കളും വീട്ടുകാരും ഒക്കെ വീണ്ടും മനസ്സിൽ തെളിയാൻ തുടങ്ങി.
ട്രെയിനിങ് തുടങ്ങി അഞ്ചാം മാസത്തിലായിരുന്നു ജസ്റ്റിൻ പെരെസിന്റെ ആദ്യത്തെ അരങ്ങേറ്റം.
വൈകിട്ട് 9 മണി. അല്പം മദ്യസേവയും കഴിഞ്ഞു മെസ്സിൽ ചെന്നപ്പോൾ ആവശ്യപ്പെട്ടതെന്തോ കിട്ടിയില്ല. രാജസ്ഥാൻ കാരനായ ഒരു ജാട്ടു മായി അവൻ വഴക്കിട്ടു.

ജാട്ടുകൾ സാധാരണ തടിമിടുക്കുള്ളവരായിരിക്കും, വഴക്കുണ്ടാകുമ്പോൾ അവരുടെ പിടിയിലകപ്പെട്ടാൽ പിന്നെ രക്ഷപെടുക പ്രയാസമാണ്.
അഞ്ചരയടി മാത്രം പൊക്കവും 52 കിലോ തുക്കവുമുള്ള ജസ്റ്റിനെ അവൻ രണ്ടു കൈകൊണ്ടും എടുത്തു പൊക്കി, നിലത്തടിക്കുവാനുള്ള തയാറെടുപ്പിലാണ്.
അവന്റെ കൈകളിൽകിടന്നു പിടഞ്ഞു കൊണ്ട് രക്ഷക്കായി മലയാളത്തിൽ അലറി വിളിച്ച ജസ്റ്റിനെ തമിഴരും ഒന്ന് രണ്ടു മലയാളികളും കുടി രക്ഷപെടുത്തി പറഞ്ഞു വിട്ടു.
ജാട്ടിനെ അവർ പറഞ്ഞു സമാധാനിപ്പിച്ചു.
ജസ്റ്റിൻ പക്ഷെ തിരിച്ചു പോകുന്നതിനു പകരം അടുക്കളയിൽ കടന്ന്, നന്നായി തിളച്ചു കിടന്നിരുന്ന വെള്ളം ഒരു പാത്രത്തിലാക്കി വീണ്ടും തിരിച്ചെത്തി.
പുറം തിരിഞ്ഞു നിന്നിരുന്ന ജാട്ടിന്റെ മുതുകിലേയ്ക് ആ വെള്ളം അവൻ തൂവിയൊഴിച്ചു.
പൊള്ളലേറ്റ ജാട്ടിനു കുറച്ച ദിവസങ്ങൾ ചികിത്സയിൽ കഴിയേണ്ടി വന്നു.
ട്രെയിനിങ് കാലത്തെ കുരുത്തക്കേടുകൾക്കു കഠിനമായ ശിക്ഷകൾ പതിവില്ലാത്തതിനാൽ അരങ്ങേറ്റത്തിൽ പോറലേൽക്കാതെ ജസ്റ്റിൻ രക്ഷ പെട്ടു.
മാസങ്ങൾ കടന്നു പോയ്ക്കൊണ്ടിരിക്കെ പല വികൃതിത്തരങ്ങൾക്കും ജസ്റ്റിൻ ശിക്ഷിക്കപ്പെട്ടെങ്കിലും അവന്റെ ഏറ്റവും ഗംഭീരമായ പ്രകടനം നടക്കുന്നത് ട്രെയിനിങ് തുടങ്ങി പത്തം മാസത്തിലാണ്.

ബാറിൽ നിന്നും കള്ളു കുടിയും ഒക്കെ കഴിഞ്ഞു ഭക്ഷണത്തിനെത്തിയ ജസ്റ്റിൻ ഞങ്ങളെക്കാൾ മൂന്നു മാസം സീനിയേർസ് ആയ ആന്ധ്രക്കാരുടെ അടുത്തിരുന്നാണ് ഭക്ഷണം കഴിച്ചത്.
അവർ അവനെ പറ്റിയാണു സംസാരിക്കുന്നതെന്ന് അവനു മനസ്സിലായി. അവരുമായി ചെറിയ ഒരു വാഗ്വാദത്തിനു തുടക്കമിട്ടശേഷം ഭക്ഷണവും കഴിച്ച് അവൻ തിരിച്ചു പോയി.
ഇതെല്ലം കണ്ടിരുന്ന ഞാനും ഭക്ഷണമൊക്കെ കഴിഞ്ഞു തിരിച്ചു പോരുമ്പോൾ ജസ്റ്റിൻ മെസ്സിലേയ്ക്കു മടങ്ങി വരുകയാണ്.
നല്ല ഒരു തല്ലു കാണണമെങ്കിൽ കൂടെ ചെല്ലാൻ എന്നെ അവൻ ക്ഷണിച്ചു.
ഞാനില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു പോന്നെങ്കിലുംഅല്പസമയം കഴിഞ്ഞു തിരിച്ചു പോയി,

എന്താണ് നടക്കുന്നതെന്നറിയാനുള്ള ആകാംക്ഷ.
മൂന്നു പേർക്കെതിരെ ഒറ്റയ്ക്ക് നിന്നു പൊരുതിയ ജസ്റ്റിൻ അവരെ അടിച്ചു നിലം പരിശാക്കിക്കളഞ്ഞു.
ഒന്നും സംഭവിക്കാത്തതുപോലെ അവൻ തിരിച്ചു പോകുന്നതു ഞാൻ മാറി നിന്നു കണ്ടു.
ശരീരത്തിലേറ്റ ചതവുകളും മുറിവുകളുമായി അടുത്ത ദിവസം മെഡിക്കൽ റിപ്പോർട്ടു ചെയ്യാൻ തയാറെടുക്കുന്ന ആന്ധ്ര സുഹൃത്തുക്കളെ അതിരാവിലെ പോലീസും ഡ്യൂട്ടി ഓഫീസറും വന്നു കൂട്ടികൊണ്ടു പോയി.
ജസ്റ്റിൻ പേരേസ് തലയിൽ നാലഞ്ചു സ്റ്റിച്ചുകളുമായി ആ രാത്രിയിൽ തന്നെ അഡ്‌മിറ്റഡ് ആയിരുന്നു.
രക്ഷപെടാനായി, ഫീൽഡ് മെസ്സർ ഉപയോഗിച്ച് തലയിൽ അവൻ സ്വയം മുറിവുകളുണ്ടാക്കി !

72 ജനുവരി ബാച്ചിൽ നിന്നും പതിനഞ്ചു വർഷത്തെ എയർ ഫോഴ്സ് ജീവിതം നൽകിയ അവസരങ്ങൾ ഉപയോഗിച്ച് കേരളത്തിൽ നിന്നുണ്ടായിരുന്ന എല്ലാവരും തന്നെ യൂണിവേഴ്സിറ്റി ഡിഗ്രികൾ പ്രൈവറ്റ് ആയി നേടി പുറത്തു പോരുകയും, മിക്കവരും ഇന്നു വലിയ സ്ഥാനങ്ങളിൽ നിന്നും വിരമിച്ചു വിശ്രമജീവിതം നയിക്കയും ചെയ്യുന്നു.

ജോലിചെയ്ത സ്ഥലങ്ങളിലെല്ലാം പ്രശ്നക്കാരനായിരുന്ന ജസ്റ്റിനെ കോൺട്രാക്ട് തീരുന്നതിനു മുൻപ് ഡിസ്‌സിപ്ലിനറി ഗ്രൗണ്ടിൽ സർവീസിൽ നിന്നും പുറത്താക്കി.

വാങ്ങിക്കൂട്ടിയ ക്ഷതങ്ങൾ അവന്റെ ഓർമശക്തിയെ തന്നെ താറുമാറാക്കിയിരിക്കുന്നു.
ഞങ്ങളുടെ വാർഷിക ഒത്തുകൂടലുകൾക്കുള്ള ക്ഷണം സ്വീകരിക്കാൻ അവനാകുന്നില്ല, ക്ഷണിതാവാരെന്നു തിരിച്ചറിയാൻ സാധിക്കാത്തതിനാൽ.