ഓർമക്കുറിപ്പുകൾ (4)

ഓർമക്കുറിപ്പുകൾ (4 )
Airforce Station Jalahalli, Bangalore 1976, പരിശീലനത്തിന്റെ രണ്ടാം ഘട്ടം.

ദ്വന്ദ യുദ്ധം,

പട്ടാള ക്യാംപുകളിലെ സൗന്ദര്യപിണക്കങ്ങൾ സാധാരണ നാലു തെറി വിളികളിൽ തീരുകയാണു പതിവ്. അഥവാ, പ്രശ്നം തല്ലി തീർക്കേണ്ടത്ര സങ്കീർണമെങ്കിൽ അടുത്തു വരുന്ന Bar day യിലാവും ( പട്ടാളക്കാർക്ക്, ആഴ്ചയിൽ പ്രത്യേകദിവസങ്ങളിൽ ബാർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് ) അതു നടക്കുക. അന്നാവുമ്പോൾ കേസുണ്ടായാലും വലിയ ശിക്ഷ കിട്ടുകയില്ല. `under the influence of liquor, പ്രതി മദ്യത്തിന്റെ സ്വാധീനത്തിൽ ആയിരുന്നതിനാൽ`, എന്ന ഒരു വകുപ്പ് കുറ്റപത്രത്തിൽ എഴുതി ചേർത്തിരിക്കും.


ജവാന്റെ രക്തം ചുടാക്കി അവനെ ഉദ്ധീപിപ്പിച്ചു നിറുത്തേണ്ടത് സംവിധാനത്തിന്റെ ആവശ്യമായതിനാൽ , ബാറിൽ നിന്നും കള്ളു കുടിച്ച ശേഷമുണ്ടാക്കുന്ന ബഹളങ്ങൾക്കെല്ലാം ഒരുപരിധിവരെ സംവിധാനവും ഉത്തരവാദിത്വമേൽക്കുന്നു.

അതാണല്ലോ അതിന്റെ ന്യായവും.

( നാടു നീളെ ബിവറേജുകളും ബാറുകളും തുറന്നു പൊതുജനത്തിനു കള്ളൂ നൽകിയിട്ട്, സർക്കാർ അനുവദിച്ചു കൊടുത്ത കള്ളൂകുടിച്ചൊന്നു പൂസായിപ്പോയാൽ, കേസാക്കുന്ന പരിപാടിയോട് പൂർണ വിയോജിപ്പ് ).

മാരകായുധങ്ങൾ ഉപയോഗിച്ചാൽ വകുപ്പു മാറും, കരുതിക്കൂട്ടി, പ്ലാൻ ചെയ്ത്, എന്നൊക്കെ വരുമ്പോൾ ചിലപ്പോൾ ക്വാർട്ടർമാർഷൽ ചെയ്തു ശിക്ഷിക്കയും,ശേഷം പറഞ്ഞു വിടുകയും ചെയ്യും. ശിക്ഷ കഴിഞ്ഞു പുറത്തു വന്നാൽ പിന്നീടൊരു ജോലി കിട്ടുക ബുദ്ധിമുട്ടാവും.

ഇനി, ഒരു തല്ലു നടന്നാലും അതിന്റെ മാറ്റൊലികൾ അടുത്ത രണ്ടാഴ്ചകൾക്കുള്ളിൽ അവസാനിക്കും. അടുത്ത ബാറുള്ള ദിവസം തിരിച്ചു തല്ലാം. പക്ഷെ ഡ്യൂട്ടി ഓഫീസറും, പോലീസുമൊക്കെ ഇടയ്ക്കു വന്നു പോകുമ്പോൾ പകപോക്കലൊന്നും എപ്പോളും നടക്കില്ല.

സ്ഥിരമായി വിദ്വേഷം വച്ചുകൊണ്ടിരിക്കാൻ പട്ടാളകാർക്കൊട്ടാവാതുമില്ല, എപ്പോൾ ആരുടെ സഹായമാണ് തുണയാവേണ്ടന്നതെന്നു നിശ്ച്വയമില്ലാത്ത ജീവിതമല്ലേ

ഇനി ദ്വന്ദ യുദ്ധത്തെ പറ്റി

ജസ്റ്റിൻ പെരേസും, ശിവകുമാറുമാണ് യോദ്ധാക്കൾ

ഒരേ ടീമിൽ നിന്ന് സുന്ദരമായി ഫുട് ബോൾ കളിക്കുന്ന ഇരുവരും, ടീമിലെ ഏറ്റവും നല്ല കളിക്കാരിൽപ്പെടും.

ബാർ ദിവസങ്ങളിൽ ഒന്നിച്ചു കള്ളടിയ്കും, ആരെങ്കിലുമായി വഴക്കുണ്ടായാൽ ഒന്നിച്ചു നിന്നെതിർക്കും, ബാംഗ്ളൂരിലെ നിറമുള്ള തെരുവുകളിൽ ഒരുമിച്ചു സവാരി നടത്തും.

മറ്റൊരു സഹചാരിയായി ഒരു രവീന്ദ്രനും കുടെയുണ്ടെങ്കിലും വഴക്കിനൊന്നും അയാൾ കൂടെ നിൽക്കില്ല.
എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ എരിവുകേറ്റിക്കൊടുക്കാൻ മിടുക്കൻ.

ഏതു സൗഹൃദങ്ങളിലും സംഭവിക്കാവുന്നതുപോലെ ഇവർക്കിടയിലും എന്തോ പ്രശ്നമുണ്ടായി.

എത്ര പറഞ്ഞിട്ടും തീർക്കാൻ പറ്റാത്ത അവസ്ഥ

രണ്ടു പേരും തങ്ങളുടെ ശരികളിൽ മുറുകെപ്പിടിച്ചു. ആരും വിട്ടുകൊടുക്കാൻ തയാറായില്ല.

സുഹൃദ്ബന്ധത്തിന് ഉലച്ചിൽ തട്ടുന്ന അവസ്ഥയിലേക്കു കാര്യങ്ങൾ നീങ്ങിയപ്പോൾ, ജസ്റ്റിൻ ഒരു നിർദ്ദേശം വച്ചു;

നമുക്ക് തല്ലി തീർക്കാം.

ശിവകുമാറിനു ജസ്റ്റിൻ പറഞ്ഞതു പിടി കിട്ടിയില്ല

ജസ്റ്റിൻ ആവർത്തിച്ചു , അതെ നമ്മളീ പ്രശ്നം തല്ലി തീർക്കുന്നു.

വീഴുന്നവൻ തെറ്റു സമ്മതിക്കണം

പല സന്നർഭങ്ങളിലും ഒന്നിച്ചു നിന്ന് എതിരാളിയെ വീഴ്ത്തിയിട്ടുള്ള രണ്ടു പേർക്കും മറ്റവന്റെ ബലഹീനതകളും കരുത്തും നന്നായറിയാം.

അല്പസമയത്തെ മൗനത്തിനുശേഷം ശിവകുമാർ സമ്മതിച്ചു, അങ്ങിനെയെങ്കിൽ അങ്ങനെ

യുദ്ധത്തിനുള്ള സ്ഥലവും, സമയവും തീരുമാനിച്ചു. നിബന്ധനകളും നിശ്ച്വ യിച്ചു.


അടുത്ത ശനിയാഴ്ച വൈകിട്ട് 9 മണിയ്ക്ക് ഫുഡ് ബോൾ ഗ്രൗണ്ടിൽ. ഞായറാഴ്ച ക്ലാസ്സില്ലാത്തതുകൊണ്ടു രാവിലെ താമസിച്ചെഴുന്നേറ്റാലും കുഴപ്പമില്ല

മാരകായുധങ്ങൾ ഉപയോഗിക്കരുത്,

തോൽവി സമ്മതിക്കുകയോ ഒരുത്തൻ വീഴുകയോ ചെയ്യുമ്പോൾ വിജയി നിശ്ച്വയിക്കപ്പെടും

വീഴുന്നവനെ മറ്റവൻ തിരിച്ചു കൊണ്ടു പോരണം

ഇത്രയുമായിരുന്നു നിബന്ധനകൾ.

സന്തത സഹചാരിയായ രവീന്ദ്രനെപോലും കൂടെ കൂട്ടുന്നില്ല.

അങ്ങനെ ആ ശനിയാഴ്ചയെത്തി

നേരത്തെ അല്പം അകത്താക്കിയിട്ട് ലഘു ഭക്ഷണവും കഴിച്ചു രണ്ടു പേരും തയാറായി

കൃത്യം 9 മണിക്ക് തന്നെ രണ്ടു പേരും ഗ്രൗണ്ടിലെത്തി,

നല്ല നിലാവുള്ള രാത്രിയായിരുന്നു.

തല്ലു നിയന്ത്രിക്കാൻ റെഫറിയില്ലാതെ, ആവേശം പകരാൻ കാണികളില്ലാത്ത, വിജനമായ ഗാലറിയെ സാക്ഷി നിറുത്തി, അവർ യുദ്ധം ചെയ്തു.

ആ രാത്രിയിൽ രണ്ടു പേർക്കും നടന്നു തിരിച്ചു പോരാൻ പറ്റിയില്ല, അവിടെ കിടന്നുറങ്ങി.

ജയിച്ചതാരെന്ന അവകാശവാദങ്ങളൊന്നുമില്ലാതെ പിറ്റേന്ന് രാവിലെ രണ്ടു പേരും തിരിച്ചെത്തി.

രണ്ടു പെഗ് അകത്താക്കി കിടന്നുറങ്ങി.

ശരീരത്തിൽ അവിടിവിടെയും, മുഖത്തും കണ്ട ചതവുകളും, നടക്കാൻ കാട്ടിയ ബുദ്ധിമുട്ടുമല്ലാതെ അവർക്കിടയിൽ പ്രത്യേകിച്ചെന്തെങ്കിലും സംഭവിച്ചതായി ആർക്കും തോന്നിയില്ല.

അടുത്ത ബാറിലും അവർ ഒന്നിച്ചിരുന്നു കള്ളടിച്ചു.


( കാഴ്ചക്കാരില്ലാഞ്ഞ ഈ യുദ്ധത്തിന്റെ കമെന്ററി ,ജസ്റ്റിന്റെ വിവരണത്തിൽ നിന്ന് )