ഓർമക്കുറിപ്പുകൾ ( 3 )
ഒരു ഹെലികോപ്റ്റർ ദുര.....
ഹെലികോപ്ടറുകൾ അപകടത്തിൽപ്പെടുവാനുള്ള സാധ്യത സാധാരണ ഗതിയിൽ കുറവാണെന്നു പറയാം, അപ്രതീക്ഷിതമായി പ്രകൃതിക്ഷോഭങ്ങളിലകപ്പെട്ടാലല്ലാതെ. ഒറ്റ എൻജിൻ ഉപയോഗിച്ചു മാത്രം പറക്കുന്ന ഹെലികോപ്റ്ററിലെ എൻജിൻ കേടായാൽ പോലും ഓട്ടോ റൊട്ടേഷനിൽ (എൻജിനും കറങ്ങുന്ന ബ്ലെയ്ഡുമായുള്ള ബന്ധം വിച്ഛേദിച്ച ശേഷം) സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിക്കും.
ഞങ്ങളുടെ കമാൻഡിങ് ഓഫീസർ ലെഫ്റ്റനെന്റ് കേണൽ D സിംഗ്, ആർമിയിലെ അതിസമർത്ഥനായ ഒരു കോപ്റ്റർ പൈലറ്റ് ആയിരുന്നു. പൂവിനെ നോവിക്കാതെ തുമ്പപ്പൂവിനു മുകളിൽ പറന്നിരിക്കുന്ന, ഒരു തുമ്പിയുടെയത്ര ലാഘവത്തോടെ കോപ്റ്റർ ലാൻഡ് ചെയ്യുവാനും, നിശ്ചലമായി അന്തരീക്ഷത്തിൽ പറന്നു നില്കുവാനുമൊക്കെയുള്ള അയാളുടെ നിപുണത പ്രശംസനീയ൦.
രക്ഷാദൗത്യങ്ങളിൽ ഏറ്റവും ആവശ്യമായി വരുന്നതും ഈ രണ്ടു ടാസ്കുകളാണ്.
മറ്റു വിമാനങ്ങളിലെന്നപോലെ സമയ ബന്ധിതമായി നടത്തേണ്ട സെർവിസിങ്ങും മെയിന്റനൻസുമൊക്കെ ഹെലികോപ്റ്ററുകൾക്കും ബാധകമാണ്. കാലാവധി പൂർത്തിയാവുന്ന കംപോണന്റുകൾ മാറ്റി പുതിയവ ഫിക്സ് ചെയ്യുന്നതു മുതൽ വിശദമായ പരിശോധനകൾക്കു ശേഷമാണു ഓരോ സെർവീസിങ്ങും കഴിഞ്ഞാൽ പറക്കാനുള്ള ക്ലിയറൻസ് കൊടുക്കുന്നത്. ടെക്‌നിക്കൽ ക്ലിയറൻസ് നല്കിക്കഴിയുമ്പോൾ ഗ്രൗണ്ട് ടെസ്റ്റിംഗും കഴിഞ്ഞു മാത്രമേ കോപ്റ്ററുകൾ പറന്നുയരുകയുള്ളു.
ഒരു മേജർ സെർവീസിങ് കഴിഞ്ഞ കോപ്റ്റർ അന്ന് ടെസ്റ്റ് ചെയ്യേണ്ടിയിരുന്നു. എൻജിൻ, നാവിഗേഷൻ, കമ്മ്യൂണിക്കേഷൻ അങ്ങനെ എല്ലാ ടെക്‌നീഷ്യന്മാരും സെർവീസിങ് കൃത്യതയോടെയും ഉത്തരവാദിത്വത്തോടെയും പൂർത്തിയാക്കിയെന്ന് ലോഗ് ബുക്കിൽ രേഖപ്പെടുത്തി ഒപ്പു വച്ച് ഗ്രൗണ്ട് ടെസ്റ്റിംഗിനായി C O യുടെ വരവും
കാത്തു നിന്നു.
കാത്തു നിന്നു.
പ്ലാൻ ചെയ്തിരുന്നതു പോലെ കൃത്യം 0845 നു തന്നെ അദ്ദേഹമെത്തി.
പതിവു പോലെ കോപ്റ്ററിന്റെ ചുറ്റും നടന്നു ചെയ്യേണ്ട പരിശോധനകൾ നടത്തിയ ശേഷം, കോക്ക്പിറ്റിൽ കയറി വാതിലടച്ചു. സീറ്റിൽ സ്വസ്ഥമായിരുന്നു ശേഷം സീറ്റു ബെൽറ്റു ധരിച്ചു.
റേഡിയോ ഓൺ ചെയ്തു ഗ്രൗണ്ട് ടെസ്റ്റിംഗിനുള്ള അനുവാദം വാങ്ങിയ ശേഷം മോണിറ്ററിങ് സംവിധാനങ്ങളും മീറ്ററുകളുമെല്ലാം പ്രവർത്തനക്ഷമമെന്നു ഉറപ്പു വരുത്തി.എൻജിൻ സ്റ്റാർട്ട് ചെയ്തു.
ബ്ലേഡുകളുമായി എൻഗേജ് ചെയ്യേണ്ട വേഗത ആർജിച്ചപ്പോൾ എൻജിനും ബ്ലേഡുകളുമായി കണക്ട് ചെയ്തു.
പിന്നീടവിടെ നടന്നതെല്ലാം അപ്രതീക്ഷിതവും നാടകീയവുമായിരുന്നു.
ഇതു പോലത്തെ ആദ്യത്തേതും, ഒരു പക്ഷെ അവസാനത്തേതുമായ ഒരു സംഭവത്തിനാണ് പിന്നെ ഞങ്ങളവിടെ സാക്ഷ്യം വഹിച്ചത്.
കോപ്റ്റർ നിന്ന നിൽപ്പിൽ പമ്പരം കറങ്ങുന്നതുപോലെ വട്ടം കറങ്ങാൻ തുടങ്ങി.
ഞങ്ങളെല്ലാം ടാർമെക്കിൽ നിന്നും ഓടി മാറി.
നിലത്തു നിന്നു കോപ്റ്റർ കറങ്ങിക്കൊണ്ടിരിക്കയാണ്,
അതു, മറിയാം, ബ്ലേഡുകൾ പ്രതലത്തിൽ തട്ടുയാൽ ഒടിഞ്ഞു ചിതറാം, നിറഞ്ഞ ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കാം.
അങ്ങനെ സംഭവിച്ചാൽ ഒരു മഹാ ദുരന്തത്തിനാവും സാക്ഷ്യം വഹിക്കേണ്ടി വരുക.
ചെവിയടപ്പിക്കുന്ന ശബ്ദവും നിലത്തു കറങ്ങിക്കൊണ്ടിരിക്കുന്ന കോപ്ടറും.
അതിനെ നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന പൈലറ്റ് .
ഭയചകിതരായി എന്തുചെയ്യണമെന്നറിയാതെ നോക്കി നിൽക്കെ, ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ കോപ്റ്ററിന്റെ കറക്കം മന്ദഗതിയിലായി
അതു ഗ്രൗണ്ടിൽ നിശ്ചലമായി നിന്നു.
കോപ്റ്ററിനടുത്തേയ്ക് ഞങ്ങൾ ഓടിയടുത്തു.
നെഞ്ചിൽ കൈ വച്ചു കണ്ണുകളടച്ചി രിക്കുന്ന ഞങ്ങളുടെ കമാൻഡിങ് ഓഫീസർ.
അദ്ദേഹത്തിന്റെ മുഖത്തു നിന്നും ഭയം വിട്ടു മാറിയിരുന്നു.
വിയർപ്പിൽ കുതിർന്ന യൂണിഫോമിൽ, ഡോർ തുറന്നു പുറത്തിറങ്ങി, ഉറച്ച കാൽവയ്പുകളോടെ അദ്ദേഹം ഓഫീസിലേയ്ക്ക് തിരിച്ചു നടന്നു.
സംഭവിക്കാമായിരുന്ന വലിയ അപകടം ഒഴിവായത് അദ്ദേഹത്തിന്റെ അപാരമായ മനസ്സാന്നിധ്യം ഒന്നുകൊണ്ടു മാത്രം.
കറങ്ങിക്കൊണ്ടിരുന്ന കോപ്റ്റർ നിലത്തുനിന്നും അല്പമെങ്കിലും ലിഫ്റ്റ് ചെയ്തു പോയിരുന്നെങ്കിൽ പിന്നെ നിയന്ത്രിക്കുക അസാധ്യമായേനെ.
അമിതമായ ആത്മ വിശ്വാസവും നൈമിഷികമായ ശ്രദ്ധക്കുറവും വരുത്തിയ വിന.
എഞ്ചിനുമായി കണക്ട് ചെയ്യുമ്പോൾ ഒരേ ദിശയിൽ കറങ്ങേണ്ടുന്ന ബ്ലേഡുകൾ വിപരീത ദിശയിലാണു കറങ്ങിയത്.
റിവേഴ്‌സായി കണക്ട് ചെയ്ത ഒരു കേബിൾ, ഒന്നിലധികം സൂപ്പർവൈസറികളുടെ കണ്ണിൽപ്പെടാതെ പോയ ഒരു പിഴവ്.
മരണത്തെ മുഖാമുഖം കണ്ടിട്ടുള്ളവരുടെ ബാക്കി ജവിതം തികച്ചും വ്യത്യസ്തമായിരിക്കും.
ഞങ്ങളുടെ കമാൻഡിങ് ഓഫീസർക്കും മാറ്റങ്ങൾ സംഭവിച്ചു.
തന്റെ കീഴിലുള്ള ജവാന്മാരുടെ പ്രശ്നങ്ങൾ അതീവശ്രദ്ധയോടെ പരിഹരിക്കുവാൻ ഏതു തിരക്കിനിടയിലും അയാൾ സമയം കണ്ടെത്തി.