കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ സദ്ഗുരുവിന്റെ ഒരു പ്രഭാഷണം കേൾക്കാനിടയായി
ഈ പ്രപഞ്ചത്തിൽ നിന്നും മനുഷ്യൻ അപ്രത്യക്ഷനായാൽ, മനുഷ്യവർഗത്തിനു വംശനാശം സംഭവിച്ചാൽ എന്തു സംഭവിയ്ക്കും എന്നതായിരുന്നു വിഷയം.സ്വാർത്ഥമതികളും അഹംഭാവികളുമായ ഓരോ മനുഷ്യനും ചിന്തിക്കുന്നത് താനെന്ന വ്യക്തി ഇല്ലാതായാൽ വലിയ കുറവുകൾ, വിടവുകൾ സമൂഹത്തിൽ സംഭവിച്ചു പോകുമെന്നാണ്.ഒന്നും സംഭവിക്കില്ല, എത്ര കഴിവും പ്രഭാവവുമുള്ളവർ മണ്മറഞ്ഞാലും അവർക്കു പകരക്കാരായി ഒരു പക്ഷെ അവരെക്കാൾ മിടുക്കന്മാരായ ആരെങ്കിലും രംഗപ്രവേശം ചെയ്തിരിക്കും. ഇരിക്കുന്ന കസേരകൾ മരണം വരെ കൈയടക്കിവയ്ക്കാൻ ആസക്തി കാട്ടുന്നവരാണ് മാനവരാശിയുടെ ശാപം.
ഇനി സദ്ഗുരുവിന്റെ സന്ദേശത്തിലേയ്ക്
അദ്ദേഹം നമ്മെ ഓർമപ്പെടുത്തുകയായിരുന്നു, ഈ പ്രപഞ്ചത്തിൽ മറ്റെല്ലാത്തിനേക്കാളും വ്യത്യസ്തമായി, ചിന്താശേഷി സ്വായത്തമായുള്ള മനുഷ്യൻ മറ്റു ജീവജാലങ്ങളെ ഉൽമൂലനം ചെയ്തുകൊണ്ടും,ആവാസവ്യവസ്ഥിതിയെ താറുമാറാക്കികൊണ്ടുമാണ് സ്വന്തം നിലനിൽപു തന്നെ സാധ്യമാക്കുന്നത്. കൊറോണക്കാലത്തെ കർശന നിബന്ധനകൾ പ്രകൃതിയിൽ വരുത്തിയിട്ടുള്ള അനുകൂല വ്യതിയാനങ്ങൾ ഇതിനു അടിവരയിടുന്നു
നാം ഏറ്റവും നിസ്സാരമായി കരുതുന്ന കുഞ്ഞനുറുമ്പുകളും കൃമികീടങ്ങളുമൊക്കെ ഈ ലോകത്തു നിന്നും അപ്രത്യക്ഷമായാൽ നാലു വർഷത്തിനുള്ളിൽ മനുഷ്യനുൾപ്പെടെയുള്ള സർവതിനും വംശനാശം സംഭവിച്ചിരിക്കും.എന്നാൽ മനുഷ്യ രാശി തന്നെ ലോകത്തിൽ നിന്നും അപ്രത്യക്ഷമായാലും പ്രപഞ്ചത്തിനു പ്രത്യേക കേടുപാടുകളൊന്നും സംഭവിക്കാൻ പോകുന്നില്ല, പ്രത്യുത, പ്രകൃതിക്കും ആവാസവ്യവസ്ഥിതിക്കും അതു കൂടുതൽ ഗുണകരമാവുകയേ ഉള്ളു.
മനുഷ്യദൃഷ്ടിക്ക് അദൃശ്യനായ ഒരു വൈറസ് മനുഷ്യരാശിയുടെ നിലനിൽപിനു തന്നെ വെല്ലുവിളിയുണർത്തുമ്പോൾ നാം എത്ര ബലഹീനരാണെന്നതിനുള്ള ഒരു ഓർമപ്പെടുത്തലായി അതിനെ കാണണം
അജയ്യനാണെന്ന അഹംഭാവം വെടിഞ്ഞു സമഭാവനാ ചിന്തയെ ഉത്തേജിപ്പിക്കുവാൻ നമ്മൾ തയാറാവേണ്ടിയിരിക്കുന്നു