കോവിഡും നിങ്ങളുടെ സ്വാതന്ത്ര്യവും


അറിയപ്പെടുന്ന ദൈവങ്ങളുടെയൊന്നും വരുതിയിൽ നിൽക്കാതെ COVID 19 അതിന്റെ സംഹാര താണ്ഡവം തുടർന്നുകൊണ്ടേയിരിക്കുന്നു

ഭൂഖണ്ഡാന്തര ആറ്റോമിക് വാഹക ശേഷിയുള്ള മിസൈൽ സംവിധാനങ്ങൾ സ്വന്തമായുള്ള ലോകത്തിലെ വിരലിലെണ്ണാവുന്ന വൻശക്തികളും ഏതു മിസൈലുകൾ വന്നാലും അവയെയെല്ലാം നിഷ്പ്രഭമാക്കി തങ്ങളുടെ പ്രധാന നഗരങ്ങളെ അത്യാധുനിക മിസൈൽ വേധ സംവിധാനത്തിന്റെ കുടക്കീഴിലാക്കി സുരക്ഷിതമാക്കിയിരിക്കുന്ന സമ്പന്ന രാഷ്ട്രങ്ങളുമെല്ലാം, ജനസമ്പർക്കത്തിലൂടെയും സൗഹൃദകൂട്ടായ്മകളിലൂടെയും മാത്രം പകർന്നുകൊണ്ടിരിക്കുന്ന കോവിഡിനു മുന്നിൽ പതറി നിൽക്കയാണ്

ചാറൽസ് രാജകുമാരനും,ബോറിസ് ജോൺസണും,ആഞ്ചേല മെർക്കലും കനേഡിയൻ പ്രഥമവനിതയുമുൾപ്പെടെ ലോക നേതാക്കളിൽ പലരും വൈറസ് ബാധിതരായി വീട്ടിലിരിയ്ക്കുന്നു. വൈറസിന്റെ വ്യാപന ശേഷിയെ നിസ്സാരവത്കരിച്ചവർ പ്രത്യാഘാതങ്ങൾ ഏറ്റു വാങ്ങി സ്വയം തിരുത്തലിലാണ്.

ജാതി,മത,ദേശ വ്യത്യാസമില്ലാതെ കോവിഡ് എല്ലാവരെയും ഒരുപോലെ കാണുമ്പൊൾ, അവരോടു സ്നേഹം ഭാവിച്ചു കൂടെ കൂടുമ്പോൾ വിനാശകാരിയെന്നറിയാമായിരുന്നിട്ടും വിവിധ വിഭാഗങ്ങൾ വൈറസിനെ എതിരേൽക്കുന്നതു വ്യത്യസ്തമായാണ്.
ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചപ്പോൾ ദിവസവരുമാനക്കാർക്ക് ലോക് ഡൌൺ സാമൂഹിക അകലം കൊറോണ വൈറസ് എന്നതൊക്കെ `മറുഭാഷ ` മാത്രമായിരുന്നു. അതിന്റെ പ്രതിഫലനമാണ് ഡൽഹിയിലും പായിപ്പാട്ടുമൊക്കെ നമ്മൾ കണ്ട അതിഥി തൊഴിലാളികളുടെ ഒത്തുചേരൽ.
തങ്ങൾ കൊറോണയ്ക്കതീതരെന്നും അല്പസമയം പുറത്തിറങ്ങിയാൽ ഒന്നും സംഭവിക്കാനില്ലെന്നും ഭാവിച്ചു മുന്നറിയുപ്പുകളെ ധിക്കരിയ്ക്കുന്ന അഹങ്കാരികളും വിവരദോഷികളുമായ കേരളത്തിലെ യുവാക്കൾ സമൂഹത്തിനു തന്നെ അപമാനമാണ്.
സർക്കാർ ആശുപത്രികളിൽ ലഭിക്കുന്ന മികച്ച പരിചരണവും 5 സ്റ്റാർ ഭക്ഷണത്തിനു കൊടുക്കുന്ന പരസ്യവും ഒരു പക്ഷെ ഇവരെ ആകർഷിക്കുന്നുണ്ടാവാം
വുഹാനിലെ നിജസ്ഥിതികളുടെ രഹസ്യാത് മകതയും വൈറസിന്റെ മാരകശേഷിയെ ലഘൂകരിച്ചു കണ്ടതും ലോകശക്തികളെ തങ്ങൾ അജയ്യരല്ല ,മറ്റുള്ളവരെപ്പോലെ വെറും അബലരായ മനുഷ്യർ മാത്രമാണെന്നു അംഗീകരിച്ചുകൊടുക്കുവാൻ
നിർ ബന്ധിതരാക്കിയിരിക്കുന്നു.
എന്നാൽ ഈ വിഷമഘട്ടത്തിലും കോവിഡ് 19 നു അടുത്തെത്താൻ പോലുംഅവസരം കൊടുക്കാതെ വൈറസിനെ തോൽപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമുണ്ട്.
ലോകത്തിലെ അതി സമ്പന്നർ
സുഖവാസത്തിനായി, പസഫിക് സമുദ്രത്തിൽ ദ്വീപുകൾ തന്നെ സ്വന്തമാക്കിയിട്ടുള്ളവർ , അല്ലെങ്കിൽ ദ്വീപുകളിൽ രണ്ടാമതൊരു താമസസൗകര്യം കരുതിയിട്ടുള്ളവർ.
വൈറസിന്റെ മാരകശക്തിയെ തിരിച്ചറിഞ്ഞ നിമിഷം ഇവർ കുടുംബസമേതം ദ്വീപുകളിലേയ്ക്കും സ്വകാര്യ ഗൃഹങ്ങളിലേയ്ക്കും താമസം മാറ്റി. എല്ലാം ശാന്തമായതിനു ശേഷം മാത്രമായിരിയ്കും ഇനിയൊരു തിരിച്ചു വരവ്.
ഭേദപ്പെട്ട സാമൂഹിക വ്യവസ്ഥികൾക്കു വേണ്ടി മാസങ്ങളായി സമരം നടക്കുന്ന ഫ്രാൻ‌സിൽ 3.4 മില്യൺ സമ്പന്നർ സുഖവാസത്തിനായി രണ്ടാമതൊരു വീടു കൂടി കരുതിയിട്ടുള്ളവരാണ്, പലതും പസഫിക് ദ്വീപുകളിൽ.

ലോകത്തിലെ അതി സമ്പന്നർ സമ്പത്തിന്റെ മാർഗത്തിലൂടെ രക്ഷപെടുമ്പോൾ സാധാരണക്കാരനു പണം മുടക്കില്ലാതെ വൈറസിനെ അകറ്റി നിര്ത്തുവാനുള്ള മാർഗമാണ് ലോക് ഡൗണും, സാമൂഹിക അകലം പാലിക്കലും. നാളെകൾ ആഘോഷിക്കുവാൻ നിങ്ങൾ കൂടിയുണ്ടാവണമോ എന്നു തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കു സ്വന്തം

C. Abraham