കല്ലിന്മേൽ കല്ല് ശേഷിക്കാതെ (The Death of Jerusalem)

The Death of Jerusalem -യെരൂശലേമിന്റെ മരണം 

AD 50കളിൽ യെരുശലേം ദേവാലയത്തിന്റെ പണി പൂർത്തിയായപ്പോൾ ദേവാലയത്തിന്റെ പ്രസിദ്ധിക്കൊപ്പം യഹൂദന്റെ അഭിമാനവും അഹന്തയും വാനം മുട്ടെ വളർന്നു. 
ദേവാലയത്തിന്റെ നിർമ്മാണത്തിലേർപ്പെട്ടിരുന്ന 18000 പേര് തൊഴിൽരഹിതരായി. റോമൻ സ്ഥാനപതികൾ യഹൂദരില്നിന്നു പിരിക്കുന്ന കപ്പം കൊണ്ട് സ്വന്തം കീശ വീർപ്പിച്ചു.
ലക്ഷക്കണക്കിനു വരുന്ന തീർഥാടകാരിൽനിന്നും ദേവാലയത്തിൽ കുമിഞ്ഞുകൂടിയ സമ്പത്തും അധികാരവും കൈക്കലാക്കാൻ അവർ ഗ്രൂപ്പ് തിരിഞ്ഞു യുദ്ധം ചെയ്തു. റോമിനെ ധിക്കരിച്ച് സ്വതന്ത്ര്യപ്രഖ്യാപനം നടത്തി.
സ്വയം മറന്ന് അഹങ്കരിച്ച യഹൂദന്റെയും, ദേവാലയത്തിന്റെയും, യരൂശലേമിന്റെയും അവസാനത്തിന്റെ തുടക്കമായിരുന്നു അത്. 

`The rebellion  destroyed the city and the Romans destroyed the rebellion` "ലഹളക്കാർ നഗരത്തെ നശിപ്പിച്ചു, ലഹളക്കാരെ റോമൻപട്ടാളവും"  -    Josephevus 
ഒളിമ്പിക്സ് തേരോട്ട മത്സരത്തിലെ വിജയാഘോഷങ്ങൾക്കിടയിലാണ് റോമൻ ചക്രവർത്തിയായിരുന്ന നീറോയ്ക്ക് യെറുശലേം ലഹളയെപ്പറ്റിയുള്ള അറിയിപ്പു ലഭിക്കുന്നത്. 5000  റോമൻ പടയാളികളെ കൊന്നൊടുക്കിക്കൊണ്ട്  യെഹൂദർ റോമാസാമ്രാജ്യത്തെ വെല്ലു വിളിച്ച്  യൂദയായിൽ  സ്വാതന്ത്ര്യപ്രഖ്യാപനം
നടത്തിയിരിക്കുന്നു.
ക്ഷുഭിതനായ ചക്രവർത്തി ലഹളക്കാരെ അമർച്ച ചെയ്യുവാനായി സേനാനായകരിൽ പ്രമുഖനായിരുന്ന ജനറൽ വെസ്പാസിയാനെ നിയോഗിച്ചു. കൂടുതൽ പടയാളികളെ കൂട്ടുവാനായി തന്റെ മകൻ ടൈറ്റസിനെ അലക്‌സാൻഡ്രിയയിലേക്കയച്ച ശേഷം 60000 വരുന്ന റോമൻ പടയും,അറബി വില്ലാളികളും, ഹേറോദ് അഗ്രിപ്പാ രാജാവിന്റെ കുതിരപ്പടയും, സിറിയയിൽ നിന്നുള്ള കവണ (Slingers) പട്ടാളവുമായി AD 67 ആദ്യം വെസ്പാസിയാൻ ഗലീലിയയിലെത്തി. 
വളരെ കൃത്യമായി ആസൂത്രണം ചെയ്തു പട നയിച്ച വെസ്പാസിയാൻ ജോസെഫേവൂസ് നയിച്ച യെഹൂദപ്പടയാളികളുമായി ഏറ്റുമുട്ടി. ചെറുത്തു നിൽക്കുവാനുള്ള യെഹൂദപ്പടയുടെ ശ്രമങ്ങൾ വിജയിച്ചില്ല. ഒരു ഘോരയുദ്ധത്തിലൂടെ, ഇഞ്ചിഞ്ചായി, റോമൻ പട്ടാളം ഗലീലിയാ തിരിച്ചു പിടിച്ചു. 
യെഹൂദ  പടയാളികൾ മരണം വരെ പോരാടി. തോൽവി മുന്നിൽ കണ്ട വളെരെയേറെപ്പേർ സ്വയം വെട്ടി മരിച്ചു. അവസാനം ജോസെഫേവൂസും കുറച്ചു പടയാളികളും രക്ഷപെടുവാനായി ഒരു ഗുഹയിലൊളിച്ചു. ഗുഹ വളഞ്ഞ റോമൻ സൈന്യത്തിനു പിടി കൊടുക്കാതിരിക്കുവാനായി ഇവരും സ്വയം മരിക്കുവാൻ തീരുമാനിച്ചു. ആർ ആരെ വധിക്കണമെന്നു നറുക്കിട്ടു തീരുമാനിച്ചപ്പോൾ അവസാന നറുക്കെടുത്ത ജോസഫേവൂസ് മാത്രം അവശേഷിച്ചു.
ഗുഹയിൽ നിന്നും ജീവനോടെ പുറത്തുവന്ന ജോസെഫേവൂസിനെ റോമിൽ നീറോ ചക്രവർത്തിക്കു മുന്നിലെത്തിക്കുവാൻ വെസ്പാസിയാൻ ഉത്തരവിട്ടു. നീറോയുടെ മുൻപിലെത്തിയാൽ അതിദാരുണമായ മരണം മുന്നിൽ കണ്ട ജോസെഫേവൂസ് ജനറലിനെ നേരിൽ കാണണമെന്ന തന്റെ അപേക്ഷ അറിയിച്ചു.
വെസ്പാസിയാന്റെയും മകൻ ടൈറ്റസിന്റെയും മുന്നിലെത്തിയ ജോസെഫേവൂസ് അവരോടു ചോദിച്ചു `ഭാവിയിൽ റോമാസാമ്രാജ്യം ഭരിക്കാൻ പോകുന്ന നിങ്ങൾ എന്നെ എന്തിനാണ് നീറോ ചക്രവർത്തിയുടെ 
അടുത്തേയ്ക്കയക്കുന്നത്`.  ഈ മുഖസ്തുതി- പ്രവചനം കേട്ട -വെസ്പാസിയാൻ അയാളെ തന്റെ സ്വന്തം പാളയത്തിൽ തന്നെ തടവുകാരനാക്കി പാർപ്പിക്കുവാൻ തീരുമാനിച്ചു. സമപ്രായക്കാരായിരുന്ന ജോസെഫേവൂസും ടൈറ്റസും ചങ്ങാതിമാരായി.
റോമാസാമ്രാജ്യത്തിലെ അധികാര വടം വലിയും, പട്ടാളത്തിന്റെ അച്ചടക്കമില്ലായ്മയും, തന്റെ അമ്മയെയും  ഗർഭിണിയായിരുന്ന സ്വന്തം ഭാര്യയെയും  വരെ തൊഴിച്ചു കൊന്ന  നീറോയുടെ സ്ഥിരതയില്ലാത്ത ക്രൂര മാനസികാവസ്ഥയും - അവസാനം നീറോ ചക്രവർത്തി ആത്മഹത്യ ചെയ്തു.
റോമിലെ അധികാര ശൂന്യത മുന്നിൽ കണ്ട, ഈജിപ്തിലും യൂദയായിലുമുണ്ടായിരുന്ന റോമൻ സൈന്യം വെസ്പാസിയാനെ റോമാ ചക്രവർത്തിയായി അംഗീകരിച്ചു.
ജോസെഫേവൂസിന്റെ പ്രവചനം യാഥാർഥ്യമായപ്പോൾ കൃതാർത്ഥനായ വെസ്പാസിയാനു തന്റെ തടവുകാരനോട് ആദരവു  തോന്നി, അയാളെ തടവറയിൽ നിന്നും മോചിപ്പിച്ച് തന്റെ ഉപദേശകനായി നിയമിച്ചു.
മകൻ ടൈറ്റസിനെ യെരുശലേം കീഴ്പെടുത്തുവാനുള്ള ദൗത്യം ഏൽപ്പിച്ചുകൊണ്ട് റോമിൽ ആധിപത്യം ഉറപ്പിക്കുവാനായി വെസ്പാസിയാൻ റോമിലേയ്ക്കു തിരിച്ചു.
ജോസെഫേവൂസിനെ തന്റെ ഉപദേശകനും സുഹൃത്തുമാക്കിയ ടൈറ്റസിന് ഈ യുദ്ധവിജയത്തിലൂടെയാവും  തന്റെ  ഭാവി നിശ്ചയിക്കപ്പെടുകയെന്ന് ഉറപ്പുണ്ടായിരുന്നു.
യെഹൂദപുരോഹിതന്റെ മകനായി ജനിച്ച് , റോമിനെതിരായി പട നയിച്ച  സേനാനായകനും, അവസാനം ടൈറ്റസിന്റെ ഉപദേശകനുമായ  ഇതേ ജോസെഫേവൂസ് ആണ് പിൽക്കാലത്തു  യെഹൂദ ചരിത്രകാരനായി അറിയപ്പെടുന്നത്.  
      
*        *       *        *         *         *           *          *          *           *
റോമിന് കപ്പം കൊടുത്തും, റോമാസാമ്രാജ്യത്തിനുവേണ്ടി ദേവാലയത്തിൽ  ദിവസേന  ഒരു ബലിയർപ്പണം നടത്തിയും, റോമിനോടുള്ള തങ്ങളുടെ വിധേയത്വം നിലനിറുത്തിയിരുന്ന യെഹൂദർ പക്ഷെ റോമിന്റെ മേൽക്കോയ്മ മനസ്സുകൊണ്ട് ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ഏക ദൈവവിശ്വാസികളായ യെഹൂദർക്ക് വിഗ്രഹാരാധനയിൽ മുഴുകിയിരുന്ന റോമാക്കാരെ അകറ്റി നിറുത്തുവാനായിരുന്നു താല്പര്യം. യെരുശലേം ദേവാലയംപുതുക്കി പണിത  ഹേറോദു  രാജാവിന്റെ മരണശേഷം യൂദയായിലെത്തിയ റോമൻ സ്ഥാനപതികൾ എല്ലാവരും തന്നെ യെഹൂദന്റെ ജീവിതം കൂടുതൽ ദുസ്സഹമാക്കി. സ്ഥാനപതികൾ അവരുടെ ഇടനിലക്കാരുമായി ചേർന്ന്, തോന്നും വിധം നികുതി പിരിക്കുകയും, നികുതി നൽകാൻ വിസമ്മതിച്ചവരെ പീഡിപ്പിക്കയും ചെയ്തു പോന്നു. സീസറിന്റെ ബലഹീനതകളിൽ  സാമ്രാജ്യഭരണം കുത്തഴിഞ്ഞതായപ്പോൾ സ്ഥാനപതികളും ഇടനിലക്കാരും ചേർന്ന് പിരിച്ചെടുക്കുന്ന കപ്പം സ്വന്തം കീശയിലാക്കുവാനും കൂടുതൽ ധനികരാകുവാനും വേണ്ടി സാധാരണക്കാരായ യുദയാ  നിവാസികളെ കൂടുതൽ ദുരിതത്തിലാക്കി.
പുതുതായി അധികാരത്തിൽ വന്ന റോമൻ സ്ഥാനപതി ഗേസിയൂസ്  ഫ്‌ളോറസ് യെഹൂദരോടു അല്പം പോലും മമത ഇല്ലാത്തവനായിരുന്നു. ഇതിനിടയിലാണ് യെരുശലേമിന് പുറത്തുള്ള ഒരു സിനഗോഗിന് സമീപം മൃഗബലി നടത്തി സിറിയൻ ഗ്രീക്കുകാർ യെഹൂദരെ പ്രകോപിപ്പിച്ചത്. യെഹൂദർ  സംഘം  ചേർന്ന് ഇതിനെതിരെ പ്രതികരിച്ചു.
 ഫ്ലോറസിന്റെ മുൻപിൽ പരാതിപറയാനെത്തിയ യെഹൂദസംഘത്തെ അയാൾ ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല, യെഹൂദവിരോധികളിൽ നിന്നും കൈക്കൂലി വാങ്ങിക്കൊണ്ടു യെഹൂദരെ അടിച്ചമർത്തുവാൻവേണ്ടി അയാൾ തന്റെ കീഴിലുണ്ടായിരുന്ന യോദ്ധാക്കളുമായി യെരുശലേമിലെത്തുകയും ചെയ്തു. അവിടെ അയാളെ നാണയത്തുട്ടുകൾ എറിഞ്ഞു യെഹൂദയുവാക്കൾ അപമാനിച്ചു. ദേവാലയത്തിനകത്തൊളിച്ച ലഹളക്കാരെ വിട്ടുകിട്ടണമെന്നു ഫ്‌ളോറസ് ആവശ്യപ്പെട്ടെങ്കിലും അയാൾക്കവരെ പിടികൂടാനായില്ല. ദേവാലയത്തിനുള്ളിൽ പ്രവേശിക്കാൻ കഴിയാഞ്ഞ ഫ്‌ളോറസ് കണ്ണിൽ കണ്ടവരെയെല്ലാം ക്രൂരമായി ആക്രമിച്ചു. വീടുകളിൽ കയറി സ്ത്രീകളെയും കുട്ടികളെയും  മർദ്ദിച്ചവശരാക്കി. അഗ്രിപ്പാ രാജാവിന്റെ സഹോദരിയെ വരെ അവർ അപമാനിച്ചു.

 അവിടെ അയാൾ യെഹൂദരുമായി ഒരു ഏറ്റുമുട്ടലിനു തുടക്കം കുറിക്കുകയായിരുന്നു. കൂടുതൽ പട്ടാളത്തെ വിട്ടുകിട്ടുവാൻ അഭ്യർത്ഥിച്ച് അവരുടെ വരവും കാത്തിരുന്ന ഫ്‌ളോറസ്, അഗ്രിപ്പാ രാജാവിന്റെ സമാധാനത്തിനുള്ള അഭ്യർത്ഥന പോലും ചെവിക്കൊണ്ടില്ല. അയാൾ യെഹൂദരോട് പ്രതികാരം ചെയ്യാനും കൂടുതൽ കൊള്ളയടിക്കുവാനും ഉത്തരവിട്ടു. തീവ്ര  വിശ്വാസികളായിരുന്ന യെഹൂദർ റോമിൽ നിന്നും സ്വതന്ത്രമാവാനുള്ള ഏറ്റവും പറ്റിയ അവസരമായി ഈ സാഹചര്യത്തെ വിലയിരുത്തി, ഫ്ലോറസിന്റെ പടയാളികൾക്കെതിരെ യുദ്ധം ചെയ്യുവാൻ തീരുമാനിച്ചു. ലഹളക്കാരെ ശാന്തരാക്കുവാനും ഫ്ലോറസുമായി രമ്യതയിലെത്തുവാനും വേണ്ടി യെഹൂദ പുരോഹിതർ ദേവാലയത്തിൽ നിന്നും പൂജാവസ്തുക്കളുമായി തെരുവീഥികളിൽ ഘോഷയാത്ര  നടത്തി. നഗരത്തിലുണ്ടായിരുന്ന റോമൻ പട്ടാളത്തെ സ്വീകരിക്കുവാൻ സമാധാന സന്ദേശവുമായി അവർ ഫ്ലോറസിന്റെ അടുത്തെത്തി. എന്നാൽ ഫ്‌ളോറസ്, ജാഥാ നയിച്ച പുരോഹിതരെ ഉൾപ്പെടെ, ജനക്കൂട്ടത്തെ തന്റെ കുതിരപടയാളികളെ വിട്ട് തെരുവിൽ ചവിട്ടി മെതിച്ചു. ദേവാലയത്തിനുള്ളിലേയ്ക്കു പ്രവേശിക്കുവാനുള്ള പട്ടാളത്തിന്റെ ശ്രമത്തെ പക്ഷെ കെട്ടിടങ്ങളുടെ മുകളിൽ നിന്നും കുന്തങ്ങളെറിഞ്ഞു ലഹളക്കാർ തടസ്സപ്പെടുത്തി. ദേവാലയത്തിലേയ്ക്കെത്താനുള്ള പാലം യെഹൂദർ നശിപ്പിച്ചു കളഞ്ഞു. ഫ്ലോറസിന്റെ പട്ടാളത്തിന് പിൻവാങ്ങുകയല്ലാതെ മറ്റു മാർഗങ്ങളില്ലായിരുന്നു.
നഗരത്തിലെത്തിയ ഹെറോദ് അഗ്രിപ്പാ രാജാവ് റോമാക്കാരുമായി ഒരു യുദ്ധത്തിന് പുറപ്പെട്ടാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ, ലഹള നയിച്ചവരെയും പുരോഹിതരെയും മനസ്സിലാക്കുവാൻ ശ്രമിച്ചു. റോമിന്റെ ശക്തിയെ നിസ്സാരമായി കാണരുതെന്നും ഫ്ലോറസ് മാറി മറ്റൊരു സ്ഥാനപതി വരുന്നത് വരെ സംയമനം പാലിക്കുവാനും ഉപദേശിച്ചു.
ജോസെഫേവൂസ് ഉൾപ്പെടെയുള്ള യെഹൂദ  നേതാക്കളും പുരോഹിതരും ഒന്നിച്ചു കൂടി തങ്ങളുടെ ഭാവിപരിപാടികളെ പറ്റി ചർച്ച ചെയ്തു തീരുമാനങ്ങളെടുത്തു. റോമാ സാമ്രാജ്യത്തിനു വേണ്ടി ദിവസവും നടത്തിവന്നിരുന്ന  ബലിയർപ്പണം അവസാനിപ്പിക്കുവാനും റോമിനെ മേലിൽ അംഗീകരിക്കേണ്ടതില്ലെന്നും അവർ തീരുമാനിച്ചു. സമാധാനപ്രിയരായിരുന്ന മിതവാദികളുടെ വാദഗതികൾ തീവ്രവാദികളുടെ മുൻപിൽ വിലപ്പോയില്ല. 
റിബലുകൾ ദേവാലയത്തിന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ, മിതവാദികൾ നഗരത്തിന്റെ നിയന്ത്രണം സ്വന്തമാക്കി. പിന്നീട് ഇവർ തമ്മിലായി അധികാരത്തിനു വേണ്ടിയുള്ള പോരാട്ടം. കുന്തവും വാളും കവണകളുമെല്ലാമുപയോഗിച്ച് രണ്ടു കൂട്ടരും തെരുവുകൾ യുദ്ധക്കളമാക്കി. തന്റെ കീഴിലുണ്ടായിരുന്ന  3000 പടയാളികളെ മിതവാദികൾക്കു കീഴിൽ വിട്ടുകൊടുത്തുകൊണ്ട് അഗ്രിപ്പാ രാജാവ് സിറിയയിലേക്ക് തിരിച്ചു പോയി. ഈ അധികാര യുദ്ധത്തിൽ പക്ഷെ റിബലുകൾക്കായിരുന്നു വിജയം. അവർ പ്രധാന പുരോഹിതന്റെ അരമന നശിപ്പിച്ചു കൊണ്ട് നഗരം പിടിച്ചെടുത്തു. ഒരു ചെറിയ ഇടവേളയിലേക്ക് നഗരവും ദേവാലയവും ക്രൂരനായ ഒരു ലഹളക്കാരന്റെ നിയന്ത്രണത്തിലായി, അവസാനം പുരോഹിതർ അയാളെ വധിക്കുന്നതു വരെ. 
അതിനു ശേഷം ദേവാലയം പുരോഹിതരുടെ നിയന്ത്രണത്തിലായെങ്കിലും മിതവാദികളും തീവ്ര വിശ്വാസികളായ യെഹൂദരും തമ്മിൽ ഒരു ആഭ്യന്തരയുദ്ധം, (വിപ്ലവം) പൊട്ടി പുറപ്പെടുകയാണുണ്ടായത്.
ഏക ദൈവമായ യെഹോവയൊഴിച്ചു മറ്റൊരു സാമ്രാജ്യത്തെയും അംഗീകരിക്കുവാൻ യെഹൂദർ തയാറല്ലായിരുന്നു.  റോമിനോട് തുറന്ന യുദ്ധ പ്രഖ്യാപനം നടത്തുകയാണ് തീവ്രവാദികൾ ചെയ്തത്.
അടുത്ത ഏതാനും വർഷങ്ങൾ അധികാരമോഹികളായ യെഹൂദഗ്രുപ്പുകൾ പരസ്പരം യുദ്ധം ചെയ്തു.
യെരുശലേമിൽ അവശേഷിച്ചിരുന്ന റോമൻ പടയാളികൾ തങ്ങളുടെ ആയുധവും പട്ടാളക്യാംപും അടിയറവു വച്ച് പിൻവാങ്ങലിന് തയ്യാറായെങ്കിലും അവരുടെ അഭ്യർത്ഥന ലഹള നയിച്ച യെഹൂദ സൈന്യാധിപർ സമ്മതിച്ചില്ല. തങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും യോദ്ധാക്കളെയും കൊന്നൊടുക്കിയതിലുള്ള അമർഷം  അവശേഷിച്ച റോമൻ പടയാളികളോടു തീർത്തു. അവരെ മുഴുവൻ യെഹൂദർ  വധിച്ചു.
AD 66 ൽ സിറിയയിലുണ്ടായിരുന്ന റോമൻ സ്ഥാനപതി യെരൂശലേമിലേക്കു വീണ്ടും പട നയിച്ചു. എന്നാൽ യെരുശലേമിലെത്തിയ റോമൻ പട്ടാളത്തിന്  ചില പ്രത്യേക സാഹചര്യങ്ങളാൽ  യുദ്ധം വേണ്ടെന്നു വച്ച് പിൻവാങ്ങുവാൻ അവരുടെ സേനാനായകൻ ഓർഡർ കൊടുത്തു. പിൻവാങ്ങുവാനൊരുങ്ങിയ 5000 ത്തിലധികം റോമൻ പട്ടാളക്കാരെ  യെഹൂദസേന വകവരുത്തി.
പഴയ പ്രധാന പുരോഹിതനായിരുന്ന അനാനെസിനെ തങ്ങളുടെ നേതാവായി അവരോധിച്ചുകൊണ്ട്  യെഹൂദരുടെ ജന്മദേശമായ ഇസ്രയേലിനെ റോമിന്റെ അധീനതയിൽ നിന്നും സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.  
യെരുശലേമിന്റെ ചുറ്റുമതിലുകൾ ബലപ്പെടുത്തിയും ആയുധങ്ങൾ സംഭരിച്ചും പുതിയ നാണയങ്ങൾ ഇറക്കിയും അവർ റോമിൽ നിന്നുള്ള സ്വാതന്ത്ര്യം പ്രകടമാക്കി. പുതിയ പട്ടാള ജനറൽമാർ നിയമിക്കപ്പെട്ടു.
ജോസെഫേവുസ്സ്‌ ഗലീലിയയുടെ പ്രദേശത്തുള്ള സേനയെ നയിക്കുവാൻ അവിടേയ്ക്കു യാത്രയായി.
 *              *            *            *        *              *               *
ശക്തരായ റോമാക്കാരിൽ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം പക്ഷെ, യെഹൂദരിൽ ഒരു നല്ല വിഭാഗത്തെയും ഭയപ്പെടുത്തിയിരുന്നു. റോമിൽ നിന്നുള്ള ഒരു പടയോട്ടം ഏതു നിമിഷവും പ്രതീക്ഷിച്ചുകൊണ്ട് ഉൾക്കിടിലത്തോടെയാണ് അവർ   ദിവസങ്ങൾ തള്ളി നീക്കിയിരുന്നത്    
ഏതാണ്ടു നാലു വർഷക്കാലം  ഇസ്രായേൽ ഒരു സ്വതന്ത്ര പ്രദേശമായി നില കൊണ്ടു. 
സ്വതന്ത്രമായിരുന്നെങ്കിലും യെരുശലേമിന്റെ ആധിപത്യം കൈപ്പിടിയിലൊതുക്കുവാൻ വേണ്ടി രണ്ടു സേനാനായകരും ദേവാലയത്തിലെ പുരോഹിതന്മാരുമുൾപ്പെട്ട മൂന്നു  ഗ്രുപ്പുകൾ തമ്മിൽ ഇക്കാലയളവിൽ പരസ്പരം യുദ്ധം ചെയ്തു. കണ്ണിൽ കണ്ടവരെയെല്ലാം കൊന്നൊടുക്കിയും കവർച്ച ചെയ്തും യെരുശലേമിനെ ഒരു വൃത്തികെട്ട വ്യഭിചാരശാലയായി  മാറ്റിയെന്നാണ് ചരിത്രകാരന്മാർ എഴുതുന്നത്. തന്റെ പക്ഷത്തിന്റെ വിജയത്തിന് വേണ്ടി സമീപ പ്രവിശ്യയിൽ നിന്നും യുദ്ധ വീരന്മാരും ക്രൂരരുമായ ഇഡുമെൻ പട്ടാളത്തെ വരെ ജോൺ ഓഫ് ഗിസ്‌ല എന്ന ജനറൽ വിളിച്ചു വരുത്തി. അവർ നഗരത്തിൽ സർവനാശം വിതച്ചു. ദേവാലയത്തിൽ പ്രധാനപുരോഹിതൻ അനാനെസിനെ യുൾപ്പെടെ പുരോഹിതരെയെല്ലാം വകവരുത്തി. മനുഷ്യജീവികളെ കൊന്നൊടുക്കുന്നതിൽ ഒരു പൈശാചികമായ സംതൃപ്തിയാണ് അവർക്കുണ്ടായിരുന്നത്. 
എങ്കിലും ദേവാലയത്തിലെ ബലിയർപ്പണവും പ്രാർത്ഥനകളും എങ്ങിനെയൊക്കെയോ നടക്കുന്നുണ്ടായിരുന്നു.
പെസഹാ പെരുന്നാളിന്റെ സമയമായപ്പോഴേക്കും ദേവാലയവും നഗരവും ബലിയർപ്പിക്കാനെത്തിയ ഏതാണ്ട് ഒരു മില്യൺ അടുത്ത് തീർത്ഥാടകരെകൊണ്ട് നിറഞ്ഞു.
ഗലീലിയ കടന്ന് ജെറിക്കോ നഗരം വരെ റോമൻ പട്ടാളം പിടിച്ചെടുത്തപ്പോൾ മാത്രമാണ് പരസ്പരം പോരാടിയിരുന്ന യെഹൂദ  യുദ്ധവീരന്മാർ തങ്ങൾക്കടുത്തെത്തിയിരിക്കുന്ന അപകടം ശരിക്കും  മനസ്സിലാക്കുന്നത്. വിഘടിച്ചു നിന്നിരുന്ന സേനകൾ  നഗരവും ദേവാലയവും രക്ഷപെടുത്തുവാനായി പിന്നീട് ഒന്നിച്ചിരുന്നു പദ്ധതികൾ തയാറാക്കി. നഗരത്തെ രക്ഷിക്കുവാനുള്ള  മൂന്നാമത്തെ ചുറ്റു മതിൽ വീണ്ടും ശക്തിപ്പെടുത്തി, വീണ്ടും പടയാളികളെ റിക്രൂട്ടു ചെയ്തു, ആയുധങ്ങൾ സംഭരിച്ചു, കിടങ്ങുകൾ കുഴിച്ചു. ഒരു മഹാ യുദ്ധത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും അവർ നടത്തി, പക്ഷെ വളരെ വൈകിപ്പോയെന്നു മാത്രം. 
തന്റെ യുദ്ധസന്നാഹങ്ങൾ എല്ലാം അവസാനമായി പരിശോധിച്ച്  ഉറപ്പു വരുത്തിയ ശേഷം ടൈറ്റസ് സ്കോപുസ് മലയുടെ മുകളിൽ നിന്ന് യെരുശലേം നഗരവും ദേവാലയവും വീക്ഷിച്ചു. അതി മനോഹരമായ  യെരുശലേം നഗരം മഞ്ഞു നിറഞ്ഞ മലനിരകൾ പോലെ കാണപ്പെട്ടു. സ്വർണപാളികളാൽ പൊതിയപ്പെട്ടിരുന്ന ദേവാലയവും വെള്ളികൊണ്ടു ഗിൽഡ്‌ ചെയ്തിരുന്ന ഗേറ്റുകളും   സൂര്യകിരണങ്ങൾ തട്ടി പ്രതിഫലിക്കുമ്പോൾ ദേവാലയം നോക്കി നിൽക്കുക അസാദ്ധ്യമായിരുന്നു .
ലോക ചരിത്രത്തിൽ അന്നുവരെ അറിയപ്പെട്ടിരുന്നതിൽ ഏറ്റവും മനോഹരവും പ്രസിദ്ധവുമായ ദേവാലയവും അതിനുചുറ്റുമായി ഉയർന്നു വന്ന യെരുശലേം നഗരവും ചരിത്രതാളുകളിൽ  ഇടം പിടിച്ചിട്ട് ആയിരം വര്ഷങ്ങളോളം കഴിഞ്ഞിരുന്നെങ്കിലും ടൈറ്റസ് കണ്ട യെരുശലെം അന്ന് അതിന്റെ  പ്രസിദ്ധിയുടെ പാരമ്യതയിലായിരുന്നു. ചരിത് കാരന്മാരുടെ വാക്കുകളിൽ " വർണനാതീതമായ സൗന്ദര്യവും പ്രസിദ്ധിയും". 
നഗരമദ്ധ്യത്തിലെ മോറിയാ മലയുടെ മുകളിൽ ദേവാലയത്തിന്റെ മധ്യഭാഗത്തായി ആ ചെറിയ മുറി- പരമവിശുദ്ധിയുടെ ആലയം - രൂപ ഭാവങ്ങളില്ലാത്ത പരിശുദ്ധിയുടെ, ദിവ്യത്വത്തിന്റെ സാന്നിധ്യം- യെഹൂദരുടെ ദൈവമായ യെഹോവയുടെ വാസസ്ഥലം  എന്നു വിശ്വസിച്ചു പോന്ന  `The Holy of Holies `  നില കൊണ്ടു.
ടൈറ്റസിന്റെ സൈന്യം യെറുശലേമിൽ കടന്നു.. ആദ്യ പതിനഞ്ചു ദിവസത്തെ പൊരിഞ്ഞ യുദ്ധത്തിനുശേഷം മൂന്നാമത്തെ ചുറ്റുമതിൽ റോമൻ പട്ടാളം  വരുതിയിലാക്കി. പിന്നെയും നീണ്ടു നിന്ന യുദ്ധത്തിൽ രണ്ടാമത്തെ ചുറ്റുമതിലും കീഴ്പെടുത്തിയെങ്കിലും യെഹൂദർ വീണ്ടും തിരിച്ചു പിടിച്ചു. അവസാനം റോമൻ പട്ടാളം യെരുശലേം നഗരം മുഴുവനായി വളഞ്ഞു. അകത്തേയ്ക്കും പുറത്തേയ്ക്കും ആർക്കും കടക്കാൻ സാധിക്കാത്ത വിധം സീൽ ചെയ്തു. നഗരവാസികൾക്കു ആഹാര സാധനങ്ങൾ ഒന്നും കിട്ടാതെയായി. കുട്ടികളും മാതാപിതാക്കളും തമ്മിൽ ഒരു തുള്ളി  വെള്ളത്തിനും അപ്പക്കഷണത്തിനും വേണ്ടി വഴക്കടിച്ചു, പരസ്പരം അപ്പക്കഷണങ്ങൾ തട്ടിപ്പറിച്ചു. പുല്ലും ചാണകവും തുകൽക്കഷണങ്ങളും എന്നു വേണ്ട, കാണുന്നതെന്തും  പട്ടാളക്കാരും  ലഹളക്കാരും നഗരവാസികളുമെല്ലാം ഭക്ഷണമാക്കി. ഓർമ നഷ്ടപ്പെട്ട ധനികയായ ഒരു സ്ത്രീ തന്റെ മകനെ  കൊന്നു കഷണങ്ങളാക്കി വറുത്തു തിന്നു വിശപ്പടക്കി. ബാക്കി വന്നത് അടുത്ത ദിവസത്തേയ്ക്ക് സൂക്ഷിച്ചു വച്ചു. യുദ്ധത്തിൽ മരിച്ചു വീഴുന്നവരുടെ ശവം മറവു ചെയ്യാൻ പോലും ആരും ഇല്ലാതെയായി. മൃതദേഹങ്ങൾ മറവു ചെയ്ത് ആദരവ് കാട്ടണമെന്ന യെഹൂദവിധി ആചരിച്ചവർ കുഴിമാടങ്ങളിലേയ്ക്കു വീണു മരിച്ചു. തുറന്ന വായും തുറിച്ച കണ്ണുകളുമായി വഴിയോരങ്ങളിൽ മൃതദേഹങ്ങൾ ചിതറിക്കിടന്നു. വീണു പോകുന്ന ഓരോ യെഹൂദനും തന്റെ അവസാന ദൃഷ്ടി ദേവാലയത്തിലേയ്ക്കാക്കിയാണ് ജീവൻ വെടിഞ്ഞത്. ചെന്നായ്ക്കളും തെരുവുനായ്ക്കളും മൃതദേഹങ്ങൾ കടിച്ചുപറിച്ചു തിന്നു. യെരുശലേം കുന്നുകൾ കുരിശിലേറ്റപ്പെട്ടവരുടെ മൃതദേഹങ്ങളാൽ നിറഞ്ഞു. കുരിശു നിർമിക്കുവാൻ പോലും അവസാനം മരത്തടികൾ ഇല്ലാതായി. ദേവാലയത്തിന്റെയും കെട്ടിടങ്ങളുടെയും ഭിത്തികളിൽ മൃതദേഹങ്ങൾ വികൃത രൂപങ്ങളിൽ ആണിയടിച്ചു നിറുത്തി പട്ടാളക്കാരും ലഹളക്കാരും പരസ്പരം മൃതദേഹത്തോട് അനാദരവ് കാട്ടി.
 നഗരത്തിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചവർ തങ്ങളുടെ സമ്പാദ്യമായി ഉണ്ടായിരുന്ന സ്വർണ നാണയങ്ങൾ വിഴുങ്ങിയും മലദ്വാരങ്ങളിൽ ഒളിപ്പിച്ചും കിടങ്ങുകളിലൂടെ കടക്കുവാൻ ശ്രമിച്ചപ്പോൾ നിറവയർ കണ്ടു സംശയം തോന്നിയ റോമൻ പട്ടാളം അവരുടെ വയറു കീറി നാണയങ്ങൾ പുറത്തെടുത്തു. പിന്നീട് കാണുന്നവരെയെല്ലാം അവർ വയറു കീറി കൊലപ്പെടുത്തി.
രണ്ടാമത്തെ ചുറ്റുമതിലും ദേവാലയ കവാടവും തകർക്കുവാനുള്ള ശ്രമത്തിൽ ടൈറ്റസിനു ധാരാളം പടയാളികളെ നഷ്ടപ്പെട്ടു. ദേവാലയത്തിനുള്ളിലേക്കു എങ്ങിനെയും ഇടിച്ചു കയറുവാൻ അയാൾ പട്ടാളത്തിന് ഓർഡർ കൊടുത്തു. അവസാനം അവർ ദേവാലയ വാതിലിനു  സമീപം തീയിട്ടു. ആളിപ്പടരുന്ന തീയിൽ വാതിലിന്റെ വെള്ളിപിടിപ്പിച്ചിരുന്ന ഗ്രില്ലുകൾ ഉരുകി തീ  അകത്തേയ്ക്കു പടർന്നു.  കർട്ടണുകളിൽ പടർന്ന തീ അവസാനം ഹോളി ഓഫ് ഹോളിനെസ്സിനെയും വിഴുങ്ങുന്നത് കണ്ടപ്പോൾ യെഹൂദർ തീയണയ്ക്കാൻ  ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നിറകണ്ണുകളോടെ, ദുഃഖഭാരത്തോടെ വേദന താങ്ങാനാവാതെ അവർ അത് സ്തബ്ധരായി നോക്കി നിന്നു
.
സമീപത്തു St.Antoniyus ൽ രാത്രി വിശ്രമത്തിലായിരുന്ന ടൈറ്റസ് ഓടിയെത്തി തീയണയ്ക്കുവാൻ തന്റെ പടയാളികൾക്കു നിർദ്ദേശം കൊടുത്തെങ്കിലും അവർ അത് കേട്ടതായി ഭാവിച്ചില്ല. അലറിവിളിച്ചുള്ള ടൈറ്റസിന്റെ ഗർജനം പോലും പട്ടാളക്കാരുടെ ആക്രോശങ്ങളിലും  തീജ്വാലകളിലും മുങ്ങിപ്പോയി.  ദേവാലയത്തിന്റെ ബാക്കി ഭാഗങ്ങൾക്കും തീകൊടുത്തുകൊണ്ടിരുന്ന പടയാളികളെ പിന്തിരിപ്പിക്കാൻ നിർദേശങ്ങൾ നല്കിക്കൊണ്ടിരുന്ന ടൈറ്റസിന്റെ ജീവൻ തന്നെ അവിടെ നിന്നാൽ അപകടത്തിലാവുമെന്നു കണ്ടപ്പോൾ അദ്ദേഹത്തിന്റെ അംഗരക്ഷകർ ടൈറ്റസിനെ അവിടെ നിന്നും രക്ഷപെടുത്തി പുറത്തെത്തിച്ചു.
റോമൻ പട്ടാളം ദേവാലയത്തിനുള്ളിലുണ്ടായിരുന്ന പതിനായിരക്കണക്കിനു യെഹൂദരെയും തീർത്ഥാടകരെയും വെട്ടിക്കൊന്നു. മൃതദേഹങ്ങൾ ഒന്നിനു മുകളിൽ ഒന്നായി ദേവാലയത്തിനുള്ളിൽ കുമിഞ്ഞു കൂടി കിടന്നു. ജീവനോടെ അവശേഷിച്ചിരുന്ന യെഹൂദപുരോഹിതർ തീയിൽ സ്വയം ചാടുകയോ പട്ടാളക്കാരുമായി അവസാന പോരാട്ടം നടത്തി വീരമൃത്യു വരിക്കുകയോ ചെയ്തു. റോമൻ പട്ടാളം ദേവാലയത്തിലെ മുഴുവൻ സ്വർണവും സമ്പത്തും കൊള്ളയടിച്ചു. ദേവാലയത്തിന്റെ ട്രഷറിയിൽ കുമിഞ്ഞുകൂടിയിരുന്ന സ്വർണം മുഴുവൻ അവർ സ്വന്തമാക്കി.
അത് ജെറുസലേം ദേവാലയത്തിന്റെ മരണമായിരുന്നു. കല്ലിന്മേൽ കല്ല് അവശേഷിപ്പിക്കാതെ റോമൻ പട്ടാളം ദേവാലയത്തെ നിലം പരിശാക്കി
 അടുത്ത ദിവസം റോമാക്കാർ പരുന്തുകളുമായി മലമുകളിലെത്തി തങ്ങളുടെ ദേവന്മാർക്കു ബലിയർപ്പണം നടത്തി.
ദേവാലയം വീണു കഴിഞ്ഞപ്പോൾ രക്ഷപെട്ട യെഹൂദ പടയാളികളും സേനാനായകരും ഒരു മാസത്തോളും വീണ്ടും ഗുഹകളിലും കിടങ്ങുകളിലും ഒളിച്ചിരുന്നു റോമക്കാർക്കെതിരെ പോരാട്ടം നടത്തി. അവസാനം രക്ഷയില്ലാതെ സേനാനായകർ ടൈറ്റസിനു മുൻപിൽ കീഴടങ്ങി.
ജീവനോടെ അവശേഷിച്ച യെരുശലേമികളെ മുഴുവനും ഒരു കോൺസെൻട്രേഷൻ ക്യാമ്പിലെത്തിച്ചു. പട്ടാളക്കാരായിരുന്നവരെ  കൊലപ്പെടുത്തി, ആരോഗ്യമുള്ളവരെ ഈജിപ്ത്യൻ ഖനികളിൽ പണിചെയ്യാനയച്ചു. ചെറുപ്പക്കാരും സുന്ദരികളുമായിരുന്നവരെ അടിമകളാക്കി വിറ്റു , 
 യെരുശലേം ദേവാലയവും നഗരവും 500 വർഷങ്ങൾക്കു മുൻപ് ബാബിലോൺ രാജാവ് നെബുക്കഡ്‌നേസർ നശിപ്പിച്ചതു പോലെ തന്നെ ടൈറ്റസും അതിനെ  നിലം പരിശാക്കി. ഈ യുദ്ധത്തിൽ എത്ര പേർ  കൊല്ലപ്പെട്ടു എന്ന് കൃത്യമായ കണക്കുകളില്ല.ഒരു മില്യണിലധികമെന്നു ചരിത്രകാരൻ ജോസെഫേവൂസ് സാക്ഷ്യപ്പെടുത്തുന്നു.
എത്ര മനുഷ്യ ജീവൻ ബലികൊടുക്കേണ്ടി വന്നു എന്നതിലധികം ഒരു ജനതയുടെ, സംസ്കാരത്തിന്റെ, ശവപ്പറമ്പായി മാറുകയായിരുന്നു ഈ യുദ്ധം. നിറകണ്ണുകളും ദീർഘ നിശ്വാസങ്ങളുമായി യെഹോവയുടെ ആലയമിരുന്ന മോറിയാമലയിലേയ്ക്കു നോക്കി വിലപിച്ചു കൊണ്ട് വിട വാങ്ങി, രണ്ടായിരം വർഷങ്ങൾക്കു ശേഷവും ദേവാലയത്തിന്റെ പുനർനിർമാണം മനസ്സിലേന്തുന്ന യെഹൂദനെ സംബന്ധിച്ചിടത്തോളം യെരുശലേമിന്റെ മരണം അവനു താങ്ങാവുന്നതിലും അധികമായിരുന്നു.. ദേവാലയത്തിന്റെ ജീവിക്കുന്ന ഓർമകളും യെഹോവ തങ്ങളോടൊപ്പം എന്നുമുണ്ടെന്ന ദൃഡമായ വിശ്വാസവും, യെഹൂദനെ ഭൂമുഖത്തു നിന്നും മായ്ച്ചു കളയണമെന്നു ശാഠ്യം പിടിക്കുന്നവർക്കു  മുൻപിലും അവരുടെ അന്തസ്സോടെയുള്ള അതിജീവനം സാധ്യമാക്കുന്നു. യെഹൂദന്റെ മനസ്സിൽ  മോറിയാമലയിലെ പ്രസിദ്ധമായ യെഹോവയുടെ ആലയം ഇന്നും പച്ച പിടിച്ചു നില്ക്കുന്നു. തങ്ങൾ യെഹോവയാൽ സംരക്ഷിക്കപ്പെട്ടിരുന്ന തെരഞ്ഞെടുക്കപ്പെട്ട ജനതയായിരുന്നെന്ന വിശ്വാസം  തലമുറകളിലേയ്ക്ക് കൈമാറ്റം ചെയ്തു കൊണ്ടിരിക്കുന്നു.
ദേവാലയത്തിന്റെ മരിക്കാത്ത ഓർമ്മകൾ അവർക്കു ആത്മധൈര്യം നൽകുന്നു 
C.Abraham