ആത്മാവിന്റെഅസ്തിത്വത്തെ തന്നെ അംഗീകരിക്കാത്ത, സ്വന്തം ജീവിതവും ശരീരവും തന്റേതു മാത്രമെന്നും,അതിന്റെ അന്ത്യം എപ്പോഴവണമെന്നു തീരുമാനിക്കേണ്ടത് യമകിങ്കിരന്മാരോ ഈശ്വര നിശ്ച്വയമോ അല്ല, അത് തന്റെ മാത്രം ഇഷ്ടാനുസരണമാകണമെന്നും വിശ്വസിക്കുന്ന അഭിമാനികൾ
ബോധപൂർവം അവരുടെ മരണസമയം തിരഞ്ഞെടുക്കുന്നു.വേദനാരഹിതവും,സന്തോഷകരവുമായ തന്റെ അന്ത്യനിമിഷങ്ങൾ വേണ്ടപ്പെട്ടവരോടും സുഹൃത്തുക്കളോടുമൊത്തു പങ്കുവച്ചുകൊണ്ട് ഈ ലോകത്തോടു വിട പറയുന്നു.
വേർപാടിന്റെ നിമിഷങ്ങൾ ക്ലേശരഹിതമാക്കാൻ ഇത്തരക്കാരെ സഹായിക്കുന്ന, നിയമപരമായി പ്രവർത്തിയ്ക്കുന്ന ഒരു പ്രസ്ഥാനമാണ് സ്വിറ്റ്‌സർലണ്ടിൽ പ്രവർത്തിക്കുന്ന ` EXIT `( അരങ്ങത്തുനിന്നും മറയൽ എന്ന് മലയാളം)
120 000 അധികം ആളുകൾ ` EXIT `-ലൂടെയാവണം തങ്ങളുടെ ജീവിതാന്ത്യമെന്നു തീരുമാനിച്ചു രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തീവ്ര മതവിശ്വാസികളും യാഥാസ്ഥിക ചിന്താഗതിക്കാരും ഈ രീതിയെ നിശിതമായി വിമർശിക്കുമ്പോൾ സ്വിസ്സിലെ 75 % ആൾക്കാരും EXIT നെ പിന്തുണയ്ക്കുന്നു. സുറിച്ച് നഗരത്തിലെ 85 % പേർ അനുകൂല ചിന്താഗതിക്കാരാണ്.
ഒരു കള്ളനെ പോലെ വിചാരിയ്ക്കാത്ത സമയങ്ങളിൽ കടന്നു വരുന്ന മരണം, ഒരു പക്ഷെ അപകടങ്ങളിലൂടെയാവാം,രോഗശയ്യയിൽ ആരും അടുത്തില്ലാത്ത ഒരു നിമിഷത്തിലാവാം, ഓർമ നഷ്ടപ്പെട്ട് ഇറങ്ങി നടന്നപ്പോൾ പിന്നിടുന്ന വഴികളിലെവിടെയെങ്കിലും വച്ചാവാം, എന്തായാലും അവസാന നിമിഷങ്ങൾ വേണ്ടപ്പെട്ടവരാൽ
ചുറ്റപ്പെട്ട് അവരുടെ സാന്നിധ്യമനുഭവിച്ച് ഈ ലോകത്തോട് വിട പറയാൻ സാധിക്കുന്നവർ ചുരുക്കമാണ്.
ഇവിടെയാണ് EXIT ൻറെ പ്രസക്തി. അവർ നമ്മുടെ ഇoഗിതങ്ങൾ തഴക്കം ചെന്ന ഒരു ഇവൻറ് മാനേജരായി നമുക്ക് വേണ്ടി പ്രവർത്തിച്ചു യാഥാർഥ്യമാക്കുന്നു. മരണമെത്തുന്ന നേരത്ത് നിന്റെ കൈ പിടിച്ച് നിന്നോടൊപ്പം ഒരല്പനേരമിരിക്കാൻ ഒരാൾ.
എക്കോ ഡിസ്കഷൻ ഫോറം 23 ഫെബ്രുവരി ഈ വിഷയത്തിൽ ചർച്ച /ഡിബേറ്റ് സംഘടിപ്പിക്കയാണ്. ശ്രീ. റോയി സെബാസ്റ്റിയനും എബ്രഹാം സി. വി. യും വിഷയം അവതരിപ്പിക്കുന്നു.
താല്പര്യമുള്ളവരുടെ സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു. നിങ്ങൾക്ക് കേൾവിക്കാരനോ അവതാരകനോ ആവാം. തുറന്നതും സ്വാതന്ത്രവുമായിരിക്കും ഫോറത്തിലെ ചർച്ചകൾ .
ചർച്ചയുടെ രണ്ടാം പാദം, ഇന്ന് ഇന്ത്യൻ സമൂഹത്തിൽ ഏറ്റവുമധികം അസ്വസ്ഥതകൾക്കു വഴി വച്ചിരിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെ ആസ്പദമാക്കിയാവും, രാഷ്ട്രീയ ചായ്‌വുകളില്ലാതെ തികച്ചും നിഷ്പക്ഷമായ ഒരവലോകനം. എല്ലാവരെയും ചർച്ചയിലേയ്ക്കു സ്വാഗതം ചെയ്യന്നു.