ആവശ്യക്കാരന് പരിശീലനം സൗജന്യമാവട്ടെ. സ്ഥാനമാനങ്ങൾക്കു മാനദണ്ഡം യോഗ്യതയും
ലോകസഭയിലും രാജ്യസഭയിലും ബഹുഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയോടെ സാമ്പത്തികസംവരണബിൽ പാസ്സാക്കിയതിൽ നിന്നും ഒന്ന് മനസ്സിലാക്കം, രാജ്യത്തെ ജനങ്ങൾ വലിപ്പ ചെറുപ്പം മറന്ന് ഈ മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന്.
എന്നാൽ ദളിത് ചിന്തകരെന്ന് അവകാശപ്പെടുന്നവരും, രാഷ്ട്രീയ മുതലെടുപ്പ് മുന്നിൽ കണ്ടു ചില സംഘടനകളും വ്യക്തികളുമൊക്കെ ഈ ബില്ലിനെ ഭരണഘടനാവിരുദ്ധമെന്നു വിശേഷിപ്പിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ സജീവമായിട്ടുണ്ട്.
പിന്നോക്ക ജാതി-വിഭാഗക്കാർക്കായി സംവരണം ഉറപ്പാക്കിയ ഭരണഘടനാ ശിൽപികൾ പോലും ഒരിക്കലും ആഗ്രഹിച്ചിട്ടുണ്ടാവില്ല, ഇന്നത്തെ രീതിയിൽ ഒരു സംവരണം നിലവിൽ വരണമെന്ന്. പിന്നോക്ക സമുദായങ്ങൾക്കും ജാതികൾക്കുമൊക്കെ വിദ്യാഭ്യാസ മേഖലകളിൽ ഏതറ്റം വരെയും സംവരണമോ സൗജന്യമോ സാധ്യമാക്കുന്നതും അനുബന്ധ തസ്തികകളിൽ (subordinate posts) സംവരണം ഏർപ്പെടുത്തുന്നതുമൊക്കെ അവരെ സാമൂഹികസമത്വത്തിലേയ്ക്കു ഉയർത്തിക്കൊണ്ടു വരുന്നതിന് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്, തികച്ചും ന്യായയുക്തവും.
എന്നാൽ പ്രഗൽഭ്യവും കഴിവും തെളിയിക്കേണ്ട മേഖലകളിൽ- മെഡിക്കൽ,സിവിൽ,മിലിട്ടറിതുടങ്ങി..സംവരണാനുകൂല്യം പ്രയോജനപ്പെടുത്തി അനർഹരായവർ കയറി പറ്റുകയും സ്ഥാനക്കയറ്റത്തിന് വരെ കഴിവിനു പകരം സംവരണം മാനദണ്ഡമാക്കുകയും ചെയ്യുമ്പോൾ അത് രാജ്യത്തിൻറെ വളർച്ചയെയും പ്രതിച്ഛായയെയും പ്രതികൂലമായി ബാധിക്കുകയും ആഗോളതലത്തിൽ നമ്മുടെ അന്തസ്സിനു നിഴൽ വീഴ്ത്തുകയുമാണു ചെയ്യുന്നത്. മാത്രമല്ല തങ്ങളുടെ മേലധികാരിയായി സംവരണത്തിന്റെ അനുകല്യത്തിൽ വന്ന ഒരു കഴിവുകെട്ട മേലധികാരിയെ അംഗീകരിക്കുവാൻ പലർക്കും സാധിച്ചെന്നും വരില്ല. ഫലം ഓഫീസിലെ കെടുകാര്യസ്ഥത തന്നെ! ഈ അവസ്ഥ ഇന്ന് പല ഓഫീസുകളിലും നിലനിക്കുന്നുണ്ടെന്നതാണ് വാസ്തവം. സംവരണ ആനുകൂല്യങ്ങൾ അനുഭവിക്കുന്നവർ തങ്ങൾക്കു കിട്ടുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ഉയർന്ന മാർക്കോടെ പാസ്സാകുവാനും അഭിമാനത്തോടെ ഉയർന്ന തസ്തികകൾ അലങ്കരിക്കുവാൻ തങ്ങൾ യോഗ്യരാണെന്നു തെളിയിക്കുകയും ചെയ്യട്ടെ . അനർഹമായ സ്ഥാനലബ്ധി അയോഗ്യരെ അപകർഷരാക്കുന്നു. അവർക്കു കഴിവു തെളിയിക്കാൻ കുറുക്കു വഴികൾ തേടേണ്ടി വരുന്നു.
ഇന്നത്തെ രീതിയിൽ സംവരണം നിലനിന്നിരുന്നതു കൊണ്ട് രാജ്യം അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്‌നം -Brain drain-ആണെന്നു പറയാം. ഉന്നത നിലവാരത്തിൽ പഠിച്ചിറങ്ങുന്ന പ്രതിഭാധനരായവർ സംവരണമതിലിൽ തട്ടി ജോലി കിട്ടാതെ വിദേശ രാജ്യങ്ങളിൽ അടിമകളായി സ്വയം വില്പനച്ചരക്കുകളായപ്പോൾ നമുക്കു നഷ്ടപ്പെട്ടത് രാജ്യ പുരോഗതിക്കു ഉതകുമായിരുന്ന ജീനിയസ്സുകളെയാണ്. അവരുടെ അധ്വാനത്തിന്റെ ഫലം NRI അക്കൗണ്ടുകളി ലൂടെ നാട്ടിലെത്തുമ്പോൾ ഒരു വർഷം 150 ൽ താഴെ ദിവസങ്ങളിൽ മാത്രം ജോലിയും ബാക്കി ദിവസങ്ങൾ ഹർത്താലും പണിമുടക്കും പൊതു അവധിയും ഒക്കെയായി ആഘോഷിക്കുന്നവർ നാട്ടിലെത്തുന്ന പണം ക്രിയാത്‌മകമായി എങ്ങനെ ഉപയോഗിക്കണമെന്നു പോലും ബോധ്യമില്ലാതെ ഓരോ വർഷവും ശമ്പളവർധനവിന്റെ പേരിൽ ഖജനാവ് കൊള്ളയടിക്കുന്നു.
സംവരണ സംവിധാനത്തിലെ ഈ മാറ്റം കൊണ്ട് ഇടത്തരക്കാർക്കായിരിക്കും ഒരു പക്ഷെ കൂടുതൽ പ്രയോജനം ലഭിക്കുക. മേൽ ജാതിക്കാരൻ എന്ന പേരിൽ മാറ്റി നിർത്തപ്പെട്ടിരുന്ന പാവപ്പെട്ടവന് ഒരു ജോലിക്കപേക്ഷിക്കാനുള്ള യോഗ്യത ഈ മാറ്റം ഉറപ്പ് കൊടുക്കുന്നു.
മറ്റൊന്ന് പട്ടേൽ സംവരണവും, മറാത്തി സംവരണവും പോലെയുള്ള രാഷ്ട്രീയ പ്രേരിതമായ പ്രക്ഷോഭണങ്ങൾക്ക് ഇനി വലിയ പ്രസക്തി ഉണ്ടാവില്ലെന്നതാണ്. അതുപോലെ തന്നെ രാഷ്ട്രീയ പാർട്ടികളുടെ ന്യുനപക്ഷ പ്രീണന നയവും ഇനി ബുദ്ധിമുട്ടാവും .
ബോക്സിങ് റിങ്ങിലേക്കും, ക്രിക്കറ്റു കളിക്കാനുമൊന്നും നമ്മൾ സംവരണാടിസ്ഥാനത്തിലല്ലല്ലോ തിരഞ്ഞെടുക്കുന്നത്. ആർക്കും അങ്ങനെ കയറിപ്പറ്റുവാൻ താല്പര്യവുമില്ല. ആവശ്യക്കാരന് പരിശീലനം സൗജന്യമാവട്ടെ. സ്ഥാനമാനങ്ങൾക്കു മാനദണ്ഡം യോഗ്യതയും.
C.V. Abraham