ജനാധിപത്യം അപകടത്തിലോ ?

ജനാധിപത്യം അപകടത്തിലോ ?

U S പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു അനധികൃത കുടിയേറ്റം തടയാൻ മെക്സിക്കൻ അതിർത്തി മതിൽ കെട്ടി തിരിക്കുമെന്നുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തിയിൽ ആവശ്യത്തിനു സുരക്ഷാസംവിധാനങ്ങളില്ലാത്തതിനാൽ ഈ അതിർത്തി വഴിയുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിന് കണക്കില്ലായിരുന്നു. മുതലാളിത്ത, സമ്പന്ന രാഷ്ട്രമെന്ന പെരുമയുണ്ടെങ്കിലും അമേരിക്കയുടെ സാമ്പത്തിക നില കഴിഞ്ഞകാലങ്ങളിൽ ഭദ്രമായിരുന്നില്ല എന്ന യാഥാർഥ്യം നിലനിൽക്കെ,
അതിനൊരു കാരണം ഈ അനധികൃത കുടിയേറ്റക്കാരും കൂടിയാണെന്ന വാദം ജനങ്ങളെ ബോധ്യപ്പെടുത്താൻ ട്രംപിനു സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതി നടപ്പാക്കുകയെന്നത് ട്രംപിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്നം കൂടിയാണ്.

എന്നാൽ പിൽക്കാലത്തു സെനറ്റിൽ ഭൂരിപക്ഷം നേടിയ ഡെമോക്രാറ്റുകൾ  നാൻസി പേലെസിയുടെ നേതൃത്വത്തിൽ ട്രംപിന്റെ പദ്ധതി പാസ്സാക്കാൻ വിസമ്മതിച്ചു. അതിർത്തിയിൽ മതിലു പോയിട്ട് ഒരു വേലി കെട്ടാൻ പോലും ഫണ്ട് അനുവദിക്കില്ലെന്ന പിടിവാശിയിലാണവർ. 
ഭരണപ്രതിപക്ഷങ്ങൾ തമ്മിലുള്ള വടംവലി മൂർച്ഛിക്കുമ്പോൾ ഒരുമാസത്തിലധികമായി ജോലിക്കാർക്കു ശമ്പളം കൊടുക്കാൻ പോലും കഴിയാതെ പല ഓഫീസുകളും താത്കാലികമായി നിശ്ചലമാക്കിയിരിക്കുന്നു.
ഒരു മതിലു  കെട്ടാൻ പണമില്ലാഞ്ഞിട്ടല്ല പ്രത്യുത രണ്ടു വമ്പന്മാർ തമ്മിലുള്ള ഈഗോ ക്ലാഷ് ആണ് ഇവിടെ പ്രശ്നമായിരിക്കുന്നത്. ജനസമ്മതി എങ്ങിനെ നിരാകരിക്കപ്പെടുന്നു എന്നുള്ളതിന് അമേരിക്കയിൽ നിന്നും ഒരു സന്ദേശമെന്നു പറയാം 

ഇംഗ്ലണ്ട്  യൂറോപ്യൻ  യൂണിയനിൽ നിന്നും പുറത്തുപോരണമെന്നും സ്വതന്ത്രമായി നിക്കണമെന്നുമുള്ള തീരുമാനം ഒരു ജനഹിത പരിശോധനയിൽ നിന്നും ഉരുത്തിരിഞ്ഞതായിരുന്നു. ഇംഗ്ലണ്ടിലെ ഭൂരിപക്ഷം ജനങ്ങൾ യൂണിയനിൽ നിന്നും പുറത്തുപോരണമെന്നു വിധിയെഴുതിയെങ്കിൽ ആ തീരുമാനത്തെ മാനിക്കയെന്നതും അതു നടപ്പിലാക്കുകയെന്നതും ഇപ്പോൾ നിലവിലുള്ള ഗവൺമെന്റിന്റെ കടമയാണ്. എന്നാൽ ഈ വേർപിരിയൽ എങ്ങിനെയെങ്കിലും നടപ്പിലാക്കാതിരിക്കാൻ വഴി നോക്കുകയാണ് പ്രതിപക്ഷവും തെരേസ മേയുടെ പാർട്ടിയിലെ തന്നെ ചിലരും ചേർന്ന്. ഈ അവസരത്തിൽ തെരേസ മെയെ കാലു വാരുന്നത് ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിന് സമം എന്ന് തന്നെ പറയാം. എങ്ങിനെയും ജനഹിതം നടപ്പിലാക്കാതിരിക്കുക! 

ഇംഗ്ലണ്ട് യൂണിയനിൽ നിന്നും പുറത്തു പോകുന്നത് അംഗ രാഷ്ട്രങ്ങളിൽ ആർക്കും തന്നെ ഇഷ്ടമല്ല,പ്രത്യേകിച്ച് യൂണിയൻ നിലനിൽക്കുന്നതു കൊണ്ട് ഏറ്റവും അധികം ലാഭം കൊയ്യുന്ന ജർമനിക്ക്. ഇംഗ്ലണ്ടിലെ ജനങ്ങളെ വീണ്ടും ഒരു ജനഹിത പരിശോധന നടത്തി ബ്രെക്സിറ്റിന് എതിരായി വിധിയെഴുതുവാൻ ആഹ്വാനം ചെയ്യുകയാണ് ജർമൻ നേതാക്കൾ. മറ്റൊരു രാജ്യത്തെ ജനാധിപത്യ പ്രക്രിയയ്‌ക്കു മേലെയുള്ള കടന്നു കയറ്റം!

ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ഈയിടെ നടന്ന തിരഞ്ഞെടുപ്പിൽ പഴയ പ്രതിപക്ഷ നേതാവ് ഫെലിക്സ് ഡിഷ്‌കെടിയാണ് വിജയം നേടിയത്. അവിടത്തെ തിരഞ്ഞെടുപ്പ് കോടതി വരെ അംഗീകരിച്ച ഈ വിജയത്തെ അംഗീകരിക്കുവാൻ പക്ഷെ  പരാജയപ്പെട്ട നേതാവ് ഫയാലു സന്നദ്ധനല്ല. താനല്ല ജയിക്കുന്നതെങ്കിൽ അതു തിരഞ്ഞെടുപ്പ് അട്ടിമറി കാരണമാണെന്ന് കരുതാനാണ് അയാൾക്കിഷ്ടം. ഇവിടെയും ജനഹിതത്തിന് പുല്ലു വില.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ 2014 ൽ ബി ജെ പി ഗവണ്മെന്റ് അധികാരത്തിൽ വന്നത് വോട്ടിങ് മെഷീനിൽ തിരിമറി നടത്തിയിട്ടാണെന്നതാണ് പുതിയ കണ്ടു പിടുത്തം. അഴിമതിയിലും കൈക്കൂലിയിലും മുങ്ങിയിരുന്ന കോൺഗ്രസ്സ്  ഭരണത്തിന്റെ  ചരമക്കുറിപ്പു മാറ്റിയെഴുതുവാൻ  അന്ന് ഒരു ശക്തിക്കും സാധിക്കുമായിരുന്നില്ല. അത് കഴിഞ്ഞു വന്ന പല തിരഞ്ഞെടുപ്പികളിലും പാർട്ടികൾ മാറി മാറി ജയ പരാജയങ്ങൾ നുണഞ്ഞു. ജയിക്കുമ്പോൾ വോട്ടിംഗ് യന്ത്രം പിഴവറ്റതും തോൽക്കുമ്പോൾ തിരിമറിക്കപ്പെട്ടതും! കേവല ഭൂരിപക്ഷം നേടി പാർലമെന്റിലെത്തിയ ഒരുപാർട്ടിയെ പക്ഷെ വിരലിലെണ്ണാവുന്ന പ്രതിപക്ഷം സഭ അലംകോലപ്പെടുത്തി ഭൂരിപക്ഷം ദിവസങ്ങളിലും നിഷ്ക്രിയമാക്കിയപ്പോൾ നമ്മൾ ജനാധിപത്യത്തിനു ശവക്കുഴി തോണ്ടുകയായിരുന്നു. ഇവിടയേയും ഞാനല്ല ഭരണത്തിലെങ്കിൽ ഭരണം തന്നെ നടക്കേണ്ട എന്ന പ്രതീതി സൃഷ്ടിക്കൽ.

അധികാരത്തിന്റെ അകത്തളങ്ങളിൽ വിരാജിച്ചവർക്ക് ആ സുഖ സൗകര്യങ്ങൾ ത്യജിക്കാനും ജനങ്ങൾ തന്നെ/ തന്റെ പാർട്ടിയെയല്ലാതെ മറ്റൊന്നു  തിരഞ്ഞെടുത്താൽ അത് ജനാധിപത്യമായി അംഗീകരിയ്കാനും ഉള്ള വിമുഖത
ലോകം ഏകാധിപത്യ പ്രവണതയിലേക്കുള്ള ചുവടു മാറ്റത്തിലാണോ എന്ന സന്ദേഹമുണർത്തുന്നു.

C.Abraham