ജസീന്തയുടെ സന്ദേശം

ചാവേറുകളുടെയും, ഭീകരാക്രമണത്തിന് ഇറങ്ങി പുറപ്പെടുന്നവരുടെയും ആത്യന്തിക ലക്ഷ്യം ചുളുവിൽ കന്യകമാരുമൊന്നിച്ചുള്ള സ്വർഗ്ഗവാസമാണെങ്കിലും ഈ ലോകത്തിൽ അവർ ആഗ്രഹിക്കുന്നത് തങ്ങളുടെ ആക്രമണം കൊണ്ട് ഏറ്റവും അധികം ആളുകളെ കൊലപ്പെടുത്തി പുതിയ റിക്കാർഡും, തങ്ങളുടെ പേരും ഫോട്ടോയും മാധ്യമങ്ങളിലൂടെ വരുമ്പോൾ കാണാൻ തങ്ങളുണ്ടായില്ലെങ്കിലും അനുയായികൾക്കു മുന്നിൽ തങ്ങളുടെ ധീര പരിവേഷവും അത് വഴി കൂടുതൽ പേർ തങ്ങളുടെ മാർഗം പിന്തുടർന്നേക്കാം എന്ന സംതൃപ്തിയുമാണ്.

മാർച്ച് 15 ന് ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ 50 പേരെ
കൊലപ്പെടുത്തിയ ആക്രമിയുടെ ലക്ഷ്യവും ഈ കൂട്ടകുരുതിയിലുടെ സ്വയം അറിയപ്പെടുക എന്നതല്ലാതെ മറ്റൊന്നുമാകാൻ സാധ്യതയില്ല.
പക്ഷെ അയാളുടെ കണക്കു കൂട്ടലുകൾ എല്ലാം തെറ്റിച്ചുകൊണ്ട് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജേസിന്താ ആർഡേൺ ലോകത്തിനു തന്നെ ഒരു പുതിയ സന്ദേശം പകർന്നു നല്കിയിരിക്കുകയാണ്. 

ദൈവസന്നിധിയിൽ പ്രാർത്ഥിച്ചിരുന്ന നിരപരാധികളെ ക്രൂരമായി കൊല ചെയ്ത അക്രമിയുടെ പേരു പോലും തന്റെ നാവിലൂടെ ഉച്ചരിക്കയില്ലെന്നും അയാളുടെ വ്യക്തിഗതമായ ഒരു വിശേഷങ്ങളും മാധ്യമങ്ങളിലൂടെ പങ്കു വയ്ക്കുകയില്ലെന്നും പ്രഖ്യാപിക്കുക വഴി ഒരു പക്ഷെ അയാൾക്ക്‌ നൽകാവുന്ന മാനസികമായ ഏറ്റവും വലിയ ശിക്ഷ ജേസിന്താ അയാൾക്കു നൽകിക്കഴിഞ്ഞിരിക്കുന്നു.

ഏതോ ഉടമസ്ഥനില്ലാത്ത, പേരില്ലാത്ത ഒരു തെരുവു നായ പേയിളകിയപ്പോൾ കുറെ ആൾക്കാരെ കടിച്ചു കൊന്നു. ഇതായിരിക്കും ചരിത്ര പുസ്തകത്തിൽ ഈ സംഭവത്തെ പറ്റി രേഖപ്പെടുത്തുക.

ചാവേറുകളുടെയും, ഭീകരാക്രമണത്തിനു തുനിഞ്ഞിറങ്ങുന്നവരുടെയും ലൗകികമായ പ്രധാന ലക്ഷ്യം ജെസീന്തയുടെ ഈ സമീപനത്തിലൂടെ നിരാകരിക്കപ്പെടുമ്പോൾ പരലോകത്തിലെ സുഖം മാത്രമായിരിക്കും ഇനി അക്രമികൾക്കുള്ള പാരിതോഷികം, അതും ആക്രമണമദ്ധ്യേ കൊലചെയ്യപ്പെട്ടാൽ മാത്രം. 

വിശ്വാസ സംരക്ഷണത്തിനായും, വംശീയവാദത്തിനു കുട്ടു നിന്നും, ഭീകരാക്രമണങ്ങൾ നടത്താൻ ഇറങ്ങിപുറപ്പെടുന്നവർ, ലക്ഷ്യ പ്രാപ്തിക്കു വേണ്ടി സ്വയം ബലി കൊടുക്കുവാൻ തയ്യാറായിട്ടും തങ്ങളുടെ പേരു പോലും പരാമർശിക്കപ്പെടാതെ, ജീവിച്ചിരുന്നു എന്നതിന് ഒരു തെളിവു പോലുംഅവശേഷിപ്പിക്കാതെ, എല്ലാമെന്നു കരുതിയ സ്വ സമൂഹത്തിൽ നിന്നും അപ്രത്യക്ഷനാകേണ്ടി വരികയെന്നത് അവരെ സംബന്ധിച്ചിടത്തോളം പരിതാപകരമാണ്. അതു കൊണ്ടു തന്നെ ആരെങ്കിലും ഇനി ഈ പാത തിരഞ്ഞെടുക്കുന്നെങ്കിൽ അതു പല വട്ടം ചിന്തിച്ചതിനു ശേഷമായിരിക്കും 

വെറും 37 വയസ്സ് മാത്രം പ്രായമുള്ള ജേസിന്താ ആർഡൻ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രിയായിരിക്കും. എന്നാൽ തന്റെ രാജ്യത്തു സംഭവിച്ച ഈ അത്യാഹിതത്തെ തികഞ്ഞ പക്വതയോടെ കൈകാര്യം ചെയ്ത അവരുടെ മനഃസാന്നിധ്യത്തെ ലോകം ആവേശത്തോടെയാണ് അംഗീകരിച്ചത്.

അഞ്ചു മില്യണിൽ താഴെ ജനസംഖ്യയുള്ള ന്യൂസിലാൻഡിൽ ഏതാണ്ട് 60000 ത്തോളം മാത്രം ഇസ്ലാം മത വിശ്വാസികളാണുള്ളത്. ഈ ന്യൂനപക്ഷത്തിന് ഇതുപോലൊരു അത്യാഹിതം സംഭവിച്ചപ്പോൾ സ്വയം 
ശിരോവസ്ത്രമണി ഞ്ഞു ന്യൂസിലൻഡിലെ മുഴുവൻ ജനതയെയും പ്രതിനിധീകരിച്ചുകൊണ്ട് അവരെ ചേർത്ത് പിടിച്ചു നിൽക്കുന്ന ജെസീന്തയുടെ ചിത്രം ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന മറ്റു ലോകരാഷ്ട്രങ്ങൾക്ക് ഒരു മാതൃകയാണ്. ന്യൂന പക്ഷങ്ങളെ മാനുഷിക പരിഗണകൾ പോലും നൽകാതെ പീഢിപ്പിക്കുന്നവർക്കുജെസിന്ദാ ഒരു പ്രചോദനമാകുമെന്നു പ്രത്യാശിക്കാം