എരിഞ്ഞടങ്ങുന്ന കാമുകിമാർ
സാംസ്‌കാരിക നവോഥാന പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു ജനതയെ സ്തബ്ധരാക്കിക്കൊണ്ട് വീണ്ടും ഒരു പെൺകുട്ടി കൂടി പ്രണയം നിരസിച്ചതിന്റെ പേരിൽ നിഷ്കരുണം തീഗോളമായി മാറേണ്ടി വന്നിരിക്കുന്നു. തിരുവല്ലയിൽ കഴിഞ്ഞ ദിവസം പൊതുജനമധ്യത്തിൽ അരങ്ങേറിയ ഈ ക്രൂരകൃത്യം ഈ പരമ്പരയിലെ അവസാന സംഭവമാകാൻ സാധ്യതയില്ല.
പോയ കാലങ്ങളിൽ പ്രേമം നിരസിക്കപ്പെട്ട അല്ലെങ്കിൽ വഞ്ചിതനായ കാമുകൻ കാമുകിക്കു നൽകാവുന്ന ഏറ്റവും വലിയ ശിക്ഷയായി, അവളെ ജീവിതകാലം മുഴുവൻ തീരാ ദുഖത്തിലാഴ്ത്താൻ തന്റെ ആത്മഹത്യയ്‌ക്കോ, നാടുവിടലിനോ, താടിവളർത്തി ബാക്കി ജീവിതം അവിവാഹിതനായി ജീവിച്ചു തീർക്കുന്നത് കൊണ്ടോ ഒക്കെ സാധിക്കുമെന്ന് ധരിച്ചിരുന്നെങ്കിൽ, ബാല്യം മുതൽ ആഗ്രഹിച്ചതെന്തും സ്വന്തമാക്കാൻ അവസരം ലഭിയ്കുന്ന ഇന്നത്തെ യുവത്വം തന്റെ ആഗ്രഹങ്ങൾക്കു വിലങ്ങുതടിയാവുന്ന എന്തിനെയും നിർമാർജനം ചെയ്യാൻ സന്നദ്ധനാണ്. അത് താൻ എല്ലാമെന്നു കരുതിയിരുന്ന ഒന്നാവുമ്പോൾ കൈവിട്ടു പോകുമെന്ന് തീർച്ചയായാൽ പിന്നെ നിഗ്രഹിക്കുക തന്നെ എന്ന കടുത്ത തീരുമാനത്തിനു മുൻപിൽ മൃദുലവികാരങ്ങൾക്കു സ്ഥാനമില്ല. തന്റെ ആണത്വത്തെ അംഗീകരിക്കാത്ത, അപമാനിച്ച, അവൾ ഇനി ഈ ഭൂമുഖത്തു വേണ്ട.
ഇങ്ങനത്തെ കഠിനതീരുമാനങ്ങളെടുത്തു പ്രണയിനിയകളെ തീവെച്ചവർ എല്ലാവരും തന്നെ വിദ്യ സമ്പന്നരായിരുന്നു എന്നതാണ് യാഥാർഥ്യം.
കുടുംബങ്ങളിൽ തുടങ്ങി കാമ്പസുകളിൽ വരെ ഒരേ സാഹചര്യങ്ങളിലൂടെയാണ് വളർന്നു വരുന്നതെങ്കിലും ആൺകുട്ടികൾ സമൂഹത്തിൽ കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ്.
പെൺകുട്ടികളുടെ വളർച്ചയും വ്യക്തിത്വ വികസനവും മുൻപെന്നത്തേക്കാളും പക്വമാണ്, അവർ കൂടുതൽ സ്വാതന്ത്ര്യബോധമുള്ളവരായിരിക്കുന്നു. ആണിന്റെ മുഖത്ത് നോക്കി ഒരു നോ പറയാൻ മടിയില്ലാത്ത ,ധൈര്യം കാണിക്കുന്ന സ്ത്രീകൾ ഈ തലമുറയുടെ അലങ്കരമാണെന്നു തന്നെ പറയാം.
എന്നാൽ ഈ സ്വാതന്ത്ര്യത്തെ, "ധിക്കാരത്തെ " അംഗീകരിച്ചുകൊടുക്കുവാൻ മാത്രം പുരുഷൻ വളർന്നിട്ടില്ല. അവനാണ് നവോഥാന പാതയിൽ പിന്തള്ളപ്പെട്ടുപോയത്.
ആദ്യ കാഴ്ചയിൽ മുളപൊട്ടുന്ന പ്രേമം മുതൽ തപസ്സിരുന്നു സാക്ഷാത്ക്കരിക്കപ്പെടുന്ന പ്രേമം വരെ ശുഭപര്യവസായിയാകാതെ പല കാരണങ്ങളാലും അലസി പിരിയാറുണ്ട്. എന്നാൽ വഞ്ചിക്കപെടുന്നവർ ഒരിക്കൽ തന്റെ ആത്മാവിന്റെ അംശമായി കരുതിയിരുന്നവരെ പ്രതികാരാഗ്നിയിൽ ദഹിപ്പിക്കുന്ന ഈ പുതിയ പ്രവണതയുടെ കാരണങ്ങളാണ് തേടി പോകേണ്ടത്.
കുടുംബ ബന്ധങ്ങളിലെ വിള്ളലുകളും, വളർച്ചയുടെ കാലഘട്ടങ്ങളിലെ തിക്തമായ അനുഭവങ്ങളും കൊണ്ട് പുറമെ സൗമ്യരായി കാണുന്ന പലരും, ചിലപ്പോൾ വികൃത വ്യക്തിത്വത്തിന്റെ
ഉടമകളാണെന്നത് അടുത്തിടപഴകുമ്പോൾ മാത്രമേ അറിയാൻ സാധിക്കുകയുള്ളു. മാനസിക വൈകല്യങ്ങൾ തന്നെയാണ് മൂലകാരണം. വളർച്ചയുടെ കാലഘട്ടങ്ങളിൽ കുടുംബങ്ങളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും നേടേണ്ട പരസ്പര ബഹുമാനവും പ്രത്യേകിച്ച് പെണ്ണിനെ തുല്യതയോടെ കാണാനുള്ള ബോധവത്കരണവുംനമുക്കിന്നും അന്യമാണ്.
പോയകാലങ്ങളിൽ പരസ്പരം ആകർഷിക്കപ്പെടുന്നതും സ്നേഹച്ചരടിനാൽ ബന്ധിതരാവുന്നതും നിസ്വാർത്ഥവും നിഷ്കളങ്കവുമായ പ്രേമത്തിൽ നിന്നായിരുന്നെങ്കിൽ ഇന്നത്തെ അവസ്ഥ വ്യത്യസ്തമാണ്.ആകർഷണം തോന്നുന്ന സ്ത്രീ പുരുഷന്മാരുടെ സ്വഭാവ ഗുണവും ഹൃദയ നൈർമല്യതയും സൗന്ദര്യവും മാത്രംആധാരമാക്കിയല്ല ഇന്ന് പ്രേമം മുള പൊട്ടുന്നത്. സാമ്പത്തിക ഭദ്രതയും അവസരങ്ങളും കുടുംബവും അങ്ങിനെ മറ്റു പലതും മാനദണ്ഡങ്ങളായി വരുന്നു. ഇതെല്ലം കണക്കു കുട്ടി പ്രേമാഭ്യർത്ഥനയുമായെത്തുന്ന പുരുഷന് `വെറും` ഒരു പെണ്ണിന്റെ മുൻപിൽ തന്റെ പ്രേമം നിരാകരിക്കപ്പെടുകയെന്നത് , തന്നെ , തന്റെ പുരുഷത്വത്തെ, അപമാനിക്കലായി മാത്രമേ കാണാൻ കഴിയുന്നുള്ളൂ. സ്വയം വിചിന്തനത്തിനോ, ലാഘവ ബുദ്ധിയോടെ കാണാനോ മിനക്കെടാതെ പ്രതികരവാഞ്ച മനസ്സിൽ കുന്നു കൂടുന്നു..
പ്രേമം നിരസിക്കുന്നു പെൺകുട്ടിയും ഇന്നിന്റെ സന്തതികൾ തന്നെ. പിറകെ നടക്കുന്നവന്റെ നാൾവഴികൾ മുഴുവൻ ചികഞ്ഞു തനിക്കു സുരക്ഷിതത്വവും, ഭദ്രതയുമുള്ള ഭാവി തരുന്നവനോടൊത്തു കൂടാനാണ് അവളും ആഗ്രഹിക്കുന്നത്. അതിനിടയ്ക്ക് നിസ്വാർത്ഥ സ്നേഹത്തിന്റെ ചരടുകൾ പലപ്പോഴുംമുറിച്ചു മാറ്റപ്പെട്ടേക്കാം. അതിനു പക്ഷെ ഇത്ര വലിയ പ്രത്യാഘാതങ്ങൾ അവർ പ്രതീക്ഷിക്കുന്നില്ലെന്നു മാത്രം.
പാശ്ചാത്യ സംസ്കാരത്തെ അനുകരിക്കാനാണല്ലോ ഇന്നത്തെ യുവത്വത്തിനിഷ്ടം. ലോക പ്രസിദ്ധ ജർമൻ നോവലിസ്റ്റ് ഗോയ്‌ഥേ 1774 ൽ പ്രസിദ്ധീകരിച്ച The Sorrows of werter മാറോടു ചേർത്തു വച്ച് ആയിരമായിരം നിരാശ കാമുകർ ആത്മഹത്യ ചെയ്ത യൂറോപ്പിൽ പ്രേമാഭ്യർത്ഥനകൾ നിരസിക്കപെടുന്നതും മുഖത്ത് നോക്കി കൂടെ കിടക്കാൻ വരുന്നോ എന്ന് ചോദിക്കുമ്പോൾ ഒരു `നോ` കേട്ട് അതംഗീകരിച്ചു കൊണ്ട് ഒന്നും സംഭവിക്കാത്തതുപോലെ അടുത്ത നിമിഷത്തിലെ ജീവിത ചര്യകളിൽ വ്യാപൃതരാവുന്നതും ഇവിടെ പുതുമയല്ല.
നമ്മുടെ പുരുഷ കേസരികൾ സ്വയം കണ്ടെത്തുന്ന കാലം വിദൂരമല്ലെന്നു പ്രത്യാശിക്കാം.