ഇത് ഭ്രാന്താലയമോ ???
ശ്രീലങ്കൻ ഭീകരാക്രമണത്തിൽ പൊട്ടിത്തെറിച്ച കുട്ടിചാവേർ തന്റെ ബന്ധുക്കൾക്കെഴുതിവച്ച കുറിപ്പ് പലരും വായിച്ചു കാണും. സ്വ ർഗത്തിൽ അവനു വേണ്ടി കാത്തിരിക്കുന്ന ഹൂറികളെ പ്രാപിക്കുവാനാണത്രേ പയ്യൻ ചാവേറായത്.
ശ്രീലങ്കൻ ഭീകരാക്രമണത്തിൽ പൊട്ടിത്തെറിച്ച കുട്ടിചാവേർ തന്റെ ബന്ധുക്കൾക്കെഴുതിവച്ച കുറിപ്പ് പലരും വായിച്ചു കാണും. സ്വ ർഗത്തിൽ അവനു വേണ്ടി കാത്തിരിക്കുന്ന ഹൂറികളെ പ്രാപിക്കുവാനാണത്രേ പയ്യൻ ചാവേറായത്.
മുസ്ലിം യുവതികളുടെ മുഖം മറക്കുന്ന വസ്ത്ര ധാരണ രീതി ചർച്ചാവിഷയമായിരിക്കുന്ന ഈ അവസരത്തിൽ പയ്യന്റെ കുറിപ്പു വളരെ പ്രസക്തമാണ്.
ഭൂമിയിൽ സൗരഭ്യം പരത്തുന്ന സുന്ദരമുഖങ്ങളെ പർദ്ദക്കുള്ളിലാക്കി, പുരുഷ യൗവനത്തിന്റെ കൺവെട്ടത്തുനിന്നും മറച്ചു പിടിച്ചു കൊണ്ട്, അവന്റെ കൗമാര സ്വപ്നങ്ങളിൽ സ്വർഗ്ഗത്തിലെ ഹൂറികളെ മാത്രം കാട്ടികൊടുത്ത് വർത്തമാന കാലം വിരസമാക്കിയ കാപാലികന്മാരാവാം അവനെ ഭീകരരുടെ പാതയിലെത്തിച്ചത്.
M E S മേധാവി Dr. ഫസൽ ഗഫൂർ തങ്ങളുടെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മുഖം മറച്ചുള്ള വസ്ത്രധാരണ രീതി നിരോധിച്ചതിനാൽ അദ്ദേഹത്തിനെതിരെ വധഭീഷിണി മുഴക്കിയിരിക്കയാണ് വിവിധമുസ്ലിം സംഘടനകൾ.
മുഖം മറയ്ക്കുന്ന പർദ്ദ നിരോധിച്ചാൽ അതിനോടൊപ്പം ഒരു വിഭാഗം ഹിന്ദു വനിതകൾ ഉപയോഗിക്കുന്ന മുഖം മറയ്ക്കുന്ന ഖുൺഘട്ട് കൂടി നിരോധിക്കണമെന്നതായിരുന്നു എഴുത്തുകാരനും കവിയുമൊക്കെയായ ജാവേദ് അക്തറിന്റെ ആവശ്യം. മുന്ന് ദിവസത്തിനുള്ളിൽ ഈ പരാമർശം പിൻവലിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തെ വീട്ടിൽ കയറി കൊന്നുകളയുമെന്നു കർണി സേനയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഈ രണ്ടു ഭീഷണികളും നടപ്പിലായാൽ ആരും അത്ഭുതപ്പെടണ്ടതില്ല, രണ്ടു കൂട്ടർക്കും ഇതുപോലൊരു ഹീനകൃത്യം ചെയ്യുവാനുള്ള സാഹചര്യമാണ് ഇന്ത്യയിൽ ഇന്നു നിലനിൽക്കുന്നത്.
പുറമെ ശാന്തമെന്നു തോന്നുന്ന മത ന്യുനപക്ഷങ്ങളുടെ അകത്തളങ്ങൾ എത്രമാത്രം അസഹിഷ്ണമാണെന്നതിനുള്ള തെളിവുകളാണിവയൊക്കെ.. IS നു വേണ്ടി പോരാടാൻ സിറിയയിൽ പോകാനും, ശ്രീലങ്കൻ സ്ഫോടനം പോലൊന്ന് കേരളത്തിൽ നടത്താനും പദ്ധതിയുണ്ടായിരുന്നെന്നറിയുമ്പോൾ മുൻ പോലീസ് മേധാവികളും രഹസ്യാന്വേഷണവിഭാഗവും ഒക്കെ നൽകുന്ന മുന്നറിയിപ്പുകൾ യാഥാർഥ്യമാവുന്നു.
ഇസ്ലാമിന്റെ ഉറവിടമായ അറേബ്യൻ നാടുകളിലും തുർക്കിയിലുമൊക്കെ സ്ത്രീകളുടെ മുഖം മറയ്ക്കുന്ന വസ്ത്രധാരണരീതി പുരോഗമനചിന്തകൾക്കു വഴി മാറുമ്പോൾ സംസ്കാരസമ്പന്നരെന്നഭിമാനിയ്ക്കുന്ന കേരളത്തിൽ ആരാണിവരെ ഇതിനു നിർബന്ധിയ്ക്കുന്നത് ? 42 ഡിഗ്രി വരെ ചുട് അനുഭവപ്പെടുന്ന കേരളത്തിൽ ആറു വയസ്സുള്ള പെൺകുട്ടി മുഖം മൂടുന്നെങ്കിൽ അത് സ്വന്തം ഇഷ്ടപ്രകാരമാവണമെന്നില്ല.
ന്യൂന പക്ഷ സമുദായങ്ങളിലെ തന്നെ ബഹുഭൂരിപക്ഷവും വ്യക്തിസ്വാതന്ത്ര്യവും പുരോഗമന ചിന്തയും സ്വാഗതം ചെയ്യുന്നെങ്കിലും മത നേതാക്കന്മാരാണ് അവരെ ചട്ടക്കൂടുകളിൽ തളച്ചിടുന്നത്
ഏകീകൃത വ്യക്തി നിയമം ഹിന്ദുത്വ അജണ്ടയെന്നു പറഞ്ഞു ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളും, വോട്ടു ബാങ്കു ലക്ഷ്യമിട്ട് അവരെ പ്രീണിപ്പിക്കുവാനായി രാഷ്ട്രീയ പാർട്ടികളും എതിർക്കുമ്പോൾ ഒരു രാജ്യത്തെ ജനതയെ നിയമത്തിന്റെ കണ്ണിൽ പോലും പല തട്ടുകളിലാക്കി അവർക്കു ലഭിക്കേണ്ടുന്ന സാമാന്യ നീതിയും വ്യക്തി സ്വാതന്ത്ര്യവും വരെ നിഷേധിക്കപെടുകയാണ്.
ഇന്ത്യയിൽ പ്രത്യേകിച്ചു കേരളത്തിലുള്ളവർ ആഗ്രഹിക്കുന്നത് നിയമത്തിനതീതരായിരിക്കുവാനാണ്.കള്ള വോട്ടു ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സംശയത്തിനിട നൽകാത്തവിധം പുറത്തായപ്പോൾ ആ ക്രിയക്ക്
`കള്ള വോട്ട് `എന്നതിന് പകരം ക്ഷന്തവ്യമായ മറ്റേതെങ്കിലും പദം കണ്ടു പിടിച്ചു നിഘണ്ടുവിൽ ചേർക്കാൻ നിർദ്ദേശിക്കുന്ന നേതാവ് സ്വയം പരിഹാസ്യനാവുന്നെങ്കിലും എല്ലാ പാർട്ടിക്കാരും തന്നെ കള്ള വോട്ടുകൾ ചെയ്തിരുന്നു അല്ലെങ്കിൽ അതിനെ കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്നു എന്ന യാഥാർഥ്യം ഒരു സാധാരണ സമ്മതിദായകനെ നിരാശനാക്കുന്നു.
കള്ള വോട്ടു ചെയ്തവർക്ക് ശിക്ഷ വാങ്ങി കൊടുത്തിരിക്കുമെന്നു ശപഥം ചെയ്തിരിക്കുന്ന ടിക്കാറാം മീണയൊഴിച്ചു മറ്റാർക്കും ഈ കള്ളത്തരത്തെ പൂർണമായി തള്ളി പറയാൻ ആർജ്ജവമില്ല.
ഫസൽ ഗഫൂറിനും, ജാവേദ് അക്തറിനും ഒന്നും സംഭവിക്കാതിരിക്കട്ടെ.
ടിക്കാറാം മീണയ്ക്ക് നീതി നടപ്പാക്കുവാൻ അവസരം ലഭിക്കട്ടെ