Dual Citizenship for Indians ( ഇന്ത്യക്കാരനും ഇരട്ട പൗരത്വം ) !
ഇന്ത്യൻ പൗരന്മാരായ പ്രവാസികൾ തിരിച്ചു നാട്ടിലെത്തിയാലുടൻ ആധാർ കാർഡ് ലഭിക്കുമെന്ന ബഡ്ജറ്റ് നിർദ്ദേശം ശ്ലാഘനീയം തന്നെ. സാധാരണ ഗതിയിൽ ലഭിക്കേണ്ടിയിരുന്ന ഈ അവകാശം, കാലങ്ങൾക്കു ശേഷം, വേഗത്തിലാക്കിയ N D A ഗവണ്മെന്റിനെ അഭിനന്ദിക്കാം
ഇന്ത്യൻ പൗരന്മാരായ പ്രവാസികൾ തിരിച്ചു നാട്ടിലെത്തിയാലുടൻ ആധാർ കാർഡ് ലഭിക്കുമെന്ന ബഡ്ജറ്റ് നിർദ്ദേശം ശ്ലാഘനീയം തന്നെ. സാധാരണ ഗതിയിൽ ലഭിക്കേണ്ടിയിരുന്ന ഈ അവകാശം, കാലങ്ങൾക്കു ശേഷം, വേഗത്തിലാക്കിയ N D A ഗവണ്മെന്റിനെ അഭിനന്ദിക്കാം
ഈ തീരുമാനത്തിന്റെ ഗുണഭോക്താക്കൾ കുടുതലും താൽക്കാലികമായി വിദേശത്തു ജോലി ചെയ്യുന്നവർ മാത്രമാണെന്നു പറയേണ്ടിയിരിക്കുന്നു, പ്രത്യേകിച്ചും ഗൾഫ് രാജ്യങ്ങളിൽ. ഇവിടങ്ങളിലെ കാലാവസ്ഥയും ജീവിത സാഹചര്യങ്ങളും അനുകൂലമല്ലാത്തതും, പൗരത്വം നേടുവാനുള്ള നിബന്ധനകൾ ദുഷ്കരമായതും പ്രവാസികളെ ഒരു മടങ്ങി പോക്കിനു നിർബന്ധിതരാക്കുന്നു. പ്രവാസ ജീവിതത്തിൽ നിന്നൊരു മടങ്ങിപോക്ക് തുടക്കം മുതലേ മുന്നിൽ കാണുന്ന ഇവർ ഇന്ത്യൻ സ്കൂളുകളിലോ ഇന്റർനാഷണൽ വിദ്യാലയങ്ങളിലോ മക്കളെ പഠിപ്പിച്ച് നാട്ടിൽ വസ്തുവകകളും വീടും സമ്പാദിച്ച് തിരിച്ചു പോകുവാൻ തയാറെടുക്കുന്നു. നാടുമായി എന്നും ബന്ധം പുലർത്തിയിരുന്ന, എല്ലാ വർഷവും നാട്ടിലുണ്ടായിരുന്ന ഇക്കൂട്ടർക്ക് ഒരു പൂർണ ഇന്ത്യൻ പൗരനായി അംഗീകരിക്കപ്പെടുവാൻ ഇനി ആറു മാസങ്ങൾ കാത്തിരിക്കേണ്ടതില്ല.
പ്രവാസി ഇന്ത്യക്കാരിലെ മറ്റൊരു വലിയ വിഭാഗമാണ് മറ്റു രാജ്യങ്ങളിൽ ജോലിതേടി പോവുകയും, ജോലി സ്ഥിരതയും സാമൂഹ്യ സുരക്ഷയും മുന്നിൽ കണ്ട് അവിടങ്ങളിലെ പൗരത്വം സ്വീകരിക്കുകയും ചെയ്തവർ. പ്രസ്തുത രാജ്യങ്ങളിലെ ജീവിത നിലവാരവും മക്കളുടെ വിദ്യാഭാസവും ജോലി സാധ്യതയുമെല്ലാം ഈ തീരുമാനത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ടാവും. ഇങ്ങനെ വിദേശ പൗരത്വം സ്വീകരിച്ച പ്രവാസികൾ പക്ഷെ മാതൃരാജ്യത്തോടുള്ള കൂറ് അണുവിട കുറയാതെ മനസ്സിൽ സൂക്ഷിക്കുന്നവരും തങ്ങളുടെ മക്കളെയും അതെ മാനസികാവസ്ഥയിൽ, ഇന്ത്യൻ സംസ്കാരത്തിൽ വളർത്തിക്കൊണ്ടു വരുന്നവരുമാണ്. എന്നാൽ വിദേശ പൗരത്വം സ്വീകരിക്കുന്നതോടെ അവർ ഇന്ത്യൻ പൗരൻ അല്ലാതാവുന്നു. ഓവർസീസ് ഇന്ത്യൻ സിറ്റിസൺ (O C I ) സംവിധാനം കൊണ്ട് ആജീവനാന്ത വിസ ഉറപ്പു തരുന്നുണ്ടെങ്കിലും ഒരു സാധാരണ ഇന്ത്യൻ പൗരന്റെ അവസരങ്ങൾ അവനു ലഭ്യമല്ല. നാട്ടിൽ കുടുംബസ്വത്തായും സമ്പാദ്യമായും ഉണ്ടായിരുന്ന വസ്തുവകകൾ മുതൽ എല്ലാം തന്നെ ബാധ്യതകളായി മാറുന്നു. ആധാർ കാർഡ് ഇല്ലാത്തതിനാൽ തന്നെ സർക്കാർ ഓഫീസിൽ നിന്നും ലഭിക്കേണ്ട സേവനങ്ങൾ പലപ്പോഴും ദുഷ്കരമാവുകയോ അസാധ്യമാവുകയോ ചെയ്യുന്നു. ചുവപ്പു നടയിൽ കുടുങ്ങി പലതും ഉപേക്ഷിച്ചു പോരേണ്ടി വരുന്നു.
വിദേശങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരോട് തിരിച്ചു വന്ന് ഇന്ത്യയിൽ ജോലി ചെയ്യുവാനും നിക്ഷേപിക്കുവാനും അതിനുള്ള സാഹചര്യമൊരുക്കുമെന്നും ഉറപ്പു തരുന്ന അധികാരികൾ പക്ഷെ യാഥാർഥ്യങ്ങളെ പൂർണമായി ഉൾക്കൊള്ളുന്നില്ല.
കുടിയേറ്റ തലമുറയിലെ പ്രവാസികൾക്ക് അവരുടെ മാതാപിതാക്കളും ബന്ധുമിത്രാദികളും സമ്പാദ്യവുമെല്ലാം ഇന്ത്യയിലുണ്ടായിരുന്നെങ്കിൽ അടുത്ത തലമുറകൾക്ക് നാടുമായി അങ്ങനത്തെ ഒരു ബന്ധം നിലനിറുത്താനാവില്ല. ഗ്രാൻഡ് പേരന്റിൻസിന്റെ കാലശേഷം കസിൻസ് മാത്രമായി ബന്ധങ്ങൾ ചുരുങ്ങുന്നു. സന്ദർശനങ്ങൾ വിരളമാവുമ്പോൾ കാലക്രമേണ അതും ക്ഷയിച്ചു തീരുന്നു. നാട്ടിലുണ്ടായിരുന്ന സമ്പാദ്യങ്ങൾ വിറ്റഴിച് അവർ ഇന്ത്യയെ മറന്ന് എന്നേയ്ക്കുമായി വിദേശികളായി മാറുന്നു. O C I കാർഡു കൊണ്ടുള്ള പ്രയോജനം വെറും ഒരു വിസയുടേത് മാത്രമായി ചുരുങ്ങുന്നു. അവർ മനസ്സു കൊണ്ട് ഇന്ത്യക്കാരല്ലാതാവുന്നു.
ഇരട്ട പൗരത്വം
ഇവിടെയാണ് ഇരട്ട പൗരത്വമെന്ന സാധ്യത ചർച്ച ചെയ്യപ്പെടേണ്ടത്. ലോകത്ത് അമേരിക്ക, കാനഡ, യു കെ,ഓസ്‌ട്രേലിയ, ജർമ്മനി, സ്വിറ്റസർലാൻഡ് തുടങ്ങിയ വികസിത രാജ്യങ്ങളും, അവികസിത രാജ്യങ്ങളുമുൾപ്പെടെ ഏതാണ്ട് അറുപതോളം രാജ്യങ്ങൾ ഇരട്ട പൗരത്വം അനുവദിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ നിബന്ധനകൾക്കു വിധേയരായി പൗരത്വമെടുക്കുന്നവർ മാതൃ രാജ്യത്തെ പൗരത്വം നില
നിർത്തുന്നതിൽ ഇവർ ആശങ്കപ്പെടുന്നില്ല. രാജ്യ സുരക്ഷയിൽ ഏറ്റവുമധികം ആശങ്കപ്പെടുന്ന ഇസ്രായേൽ തുടങ്ങി അയൽ രാജ്യമായ പാക്കിസ്ഥാൻ വരെ ഇരട്ട പൗരത്വം അനുവദിക്കുന്നുണ്ട്. ഈ ഓരോ രാജ്യങ്ങളും ഇരട്ട പൗരത്വം അംഗീകരിക്കുന്നെങ്കിലും ആവശ്യമെങ്കിൽ അവരുടെ സ്വന്തമായ നിബന്ധനകൾ വച്ച് മാതൃ രാജ്യത്തെ പൗരത്വം വേണ്ടി വന്നാൽ ഉപേക്ഷിക്കുവാൻ ആവശ്യപ്പെടുന്നു.
ഇരട്ട പൗരത്വം അംഗീകരിക്കുന്നതിലൂടെ സമ്പന്ന രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും ബഹുലമായ അവസരങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്. ദരിദ്ര രാജ്യങ്ങൾ സമ്പന്ന രാജ്യങ്ങളിലേക്കു കുടിയേറിയ തങ്ങളുടെ പൗരന്മാരിലൂടെ നിക്ഷേപവും ആധുനിക ജീവിത രീതികളും സാങ്കേതിക വളർച്ചയും നേടിയെടുക്കുവാൻ അവസരമൊരുക്കുമ്പോൾ സമ്പന്ന രാജ്യങ്ങൾ രാജ്യ സ്നേഹം മൂലം മാതൃ പൗരത്വം ഉപേക്ഷിക്കുവാൻ ഇഷ്ടപ്പെടാത്ത അതി ബുന്ധിമാന്മാരെ പോലും അവരുടെ സ്വരാജ്യ സ്നേഹത്തിനും സതന്ത്ര ചിന്തയ്ക്കും കോട്ടം വരുത്താതെ, അവരുടെ ആശ്രിതർക്ക് വരെ അനുകുല്യങ്ങൾ അനുവദിച്ചുകൊടുത്തുകൊണ്ട് തങ്ങളുടെ രാജ്യത്തു നില നിറുത്തുന്നതിലൂടെ ലോകത്തിലെ തന്നെ മിടുക്കരായ ബുദ്ധിരാക്ഷസന്മാരെ തങ്ങളുടെ രാഷ്ട്ര പുരോഗതിക്കായി ഉപയോഗപ്പെടുത്തുന്നു.. അമേരിയ്ക്കയിലും,യു കെ യിലും കാനഡയിലുമൊക്കെ കുടിയേറിയ ഇന്ത്യൻ സമൂഹം അവരുടെ രാഷ്ട്ര നിർമിതിയിൽ ചെയ്ത സംഭാവനകൾ തന്നെ ഇതിനുദാഹരണം
ഇന്ത്യയിലാണെങ്കിൽ കേരളത്തിന്റെ കാര്യം മാത്രമെടുത്താൽ മനസ്സിലാക്കാം, വികസിത സാഹചര്യങ്ങളിൽ ജോലി ചെയ്ത പ്രവാസി സമൂഹത്തിന് പ്രാവർത്തികമാക്കാൻ പറ്റുന്ന വികസന സ്വപ്‌നങ്ങൾ അതിരില്ലാത്തതാണെന്ന്.
വിദേശ പൗരത്വം സ്വീകരിച്ച പുതുതലമുറ ഇന്ത്യൻ സമ്പദ് ഘടനയുടെ വളർച്ചയെപ്പറ്റിയും അവസരങ്ങളെപ്പറ്റിയും തികച്ചും ബോധവാന്മാരാണ്. അവരിൽ പലർക്കും തിരിച്ചെത്തണമെന്നും സ്വന്തം രാജ്യത്ത് സ്വന്തം സംസ്കാരത്തിനു നടുവിൽ ജീവിക്കണമെന്നും തങ്ങളുടെ കഴിവുകൾ മാതൃ രാജ്യത്തിന് ഉപയോഗപ്പെടുന്ന രീതിയിൽ വിനയോഗിക്കണമെന്നും ആഗ്രഹമുണ്ട്. പക്ഷെ ഇന്നത്തെ സാഹചര്യത്തിൽ ഈ ആഗ്രഹങ്ങൾ സഫലീകൃതമാകാനുള്ള അവസ്ഥ ദുഷ്കരമാണ്
വിദേശ വിദ്യാർത്ഥികളെ ഇന്ത്യയിലേയ്ക്കാകർഷിക്കുവാനും അവസരങ്ങൾ നൽകുവാനും ഉള്ള ബഡ്ജറ്റ് തീരുമാനം നല്ലതു തന്നെ
കാലങ്ങൾക്കു മുൻപ് ഇന്നത്തെ വികസിത രാജ്യങ്ങൾ ഇത് പോലുള്ള അവസരങ്ങൾ സൃഷ്ടിച്ചതു മൂലമാണ് സർഗ്ഗശക്തിയുള്ള അനേക പ്രമുഖരെ നമുക്കു നഷ്ടമായത്
വിദേശ വിദ്യാർത്ഥികൾക്ക് അവസരം നല്കുന്നതോടൊപ്പം ലോകത്തിലെ ഏറ്റവും സർഗ്ഗശക്തിയുള്ള ഇന്ത്യൻ യുവത്വത്തെ അതിരുകളില്ലാത്ത ഒരു തിരിച്ചു വരവിനു പ്രേരിപ്പിക്കുന്ന നടപടികൾക്ക് ഊന്നൽ കൊടുക്കുന്നതിനെപ്പറ്റിയും ചിന്തിക്കേണ്ടിയിരിയ്കുന്നു
വിദേശ പൗരത്യം നേടിയ പ്രവാസികൾക്ക് ഓവർസീസ് ഇന്ത്യൻ സിറ്റിസൺ പദവി നൽകി ആജീവനാന്ത വിദേശ ഇന്ത്യൻ പൗരന്മാരായി അംഗീകരിച്ച പ്രധാനമന്ത്രി മോദിയുടെ ഗവണ്മെന്റിൽ നിന്നും ഒരു പടി കൂടി കടന്ന് രാഷ്ട നിർമ്മിതിയ്ക്കും ദേശീയതയ്ക്കും മുതൽകൂട്ടാവുന്ന ഇരട്ട പൗരത്വമെന്ന പ്രവാസിയുടെ ആഗ്രഹവും സഫലീകൃതമാകുമെന്നു പ്രത്യാശിക്കാം