പുനരാവൃത്തി
Based on a true story
മയക്കത്തിൽ നിന്നും പതിയെ ഉണരുകയാണ്
തലയ്ക്കു വല്ലാത്ത ഭാരം തോന്നുന്നു, നേരിയ തലവേദനയും
കണ്ണുകൾ മെല്ലെ തുറന്നു
നോക്കുമ്പോൾ ചുറ്റും വെള്ള വസ്ത്രധാരികളുടെ അപരിചിത മുഖങ്ങൾ
അവരുടെ മുഖഭാവം എന്നിൽ ആകാംക്ഷയുണർത്തി. ശരീരം വല്ലാതെ വേദനിക്കുന്നുണ്ട്. ഞാനിതെവിടെയാണ്! ഒന്നും മനസ്സിലാവുന്നില്ല. എല്ലാം ഒന്നോർത്തെടുക്കുവാൻ ശ്രമിക്കുന്നതിനിടെയാണ് ചോദ്യം
ഇപ്പോൾ എങ്ങിനെ തോന്നുന്നു?
ചോദ്യകർത്താവിന്റെ മുഖത്തേയ്ക്കു ഞാൻ ആകാംക്ഷയോടെ നോക്കി
അദ്ദേഹം സ്വയം പരിചയപ്പെടുത്തി
ഡോക്ടർ ഫ്ലോറിയാൻ
ഞാൻ സൂറിച്ചിലെ കുട്ടികളുടെ ആശുപത്രിയിലാണെന്നും ഇവിടെയെത്തിയിട്ടു ആറേഴു മണിക്കൂറുകളായിരിക്കുന്നെന്നും അയാളിൽ നിന്നും മനസ്സിലാക്കി.
നിന്റെ പപ്പയെ വിവരമറിയിച്ചിട്ടുണ്ട്, താമസിയാതെ വന്നേക്കും, ഡോക്ടർ പറഞ്ഞു
സ്കൂൾ ബാഗിൽനിന്നും അവർക്ക് വീട്ടിലെ നമ്പർ കിട്ടിയിരുന്നു
ക്ഷീണം തോന്നുന്നെങ്കിൽ അല്പം കുടി ഉറങ്ങുവാൻ നിർദ്ദേശിച്ചിട്ടു, പിന്നെ വരാമെന്നു പറഞ്ഞു ഡോക്ടർ പുറത്തിറങ്ങി. കൂടെ നഴ്സും.
ക്ഷീണം തോന്നിയെങ്കിലും പിന്നീടെനിയ്ക്ക് ഉറക്കം വന്നില്ല.
ഞാൻ എങ്ങിനെയിവിടെയെത്തിയെന്ന് എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കുവാൻ സാധിക്കുന്നില്ല.
അൽപ സമയം കഴിഞ്ഞു പുതിയ ഇൻഫ്യൂഷൻ ബോട്ടിലുമായി നേഴ്സ് വീണ്ടും എന്റെ ബെഡ്‌ഡിനരികിലെത്തി
ഇവിടെ എങ്ങിനെ എത്തിപ്പെട്ടെന്ന് അവരിൽ നിന്നുമാണ് ഞാനറിയുന്നത്.
സൂറിച്ച് റെയിൽവേ സ്റ്റേഷനിലെ ഒരു പ്ലാറ്റഫോമിൽ അപകടകരമാം വിധം മദ്യപിച്ചു ബോധരഹിതയായിക്കിടന്ന എന്നെ ആംബുലൻസിൽ ഇവിടെയെത്തിക്കയായിരുന്നത്രെ
ഞാൻ അമിതമായി മദ്യപിച്ചിരുന്നെന്നോ !
മദ്യപിച്ചതായിപ്പോലും ഞാൻ ഓർക്കുന്നില്ല, പിന്നെങ്ങനെ അമിതമായി മദ്യപിക്കാൻ !
അന്നത്തെ ദിനചര്യകൾ ഓർത്തെടുത്ത് ഒന്ന് ചിട്ടപ്പെടുത്താൻ ശ്രമിച്ചു നോക്കി.
തലേന്ന് രാത്രി കൂട്ടുകാരിയുടെ വീട്ടിലായിരുന്നു ഉറങ്ങിയത്
സൂസനും ഞാനും ഒന്നാം ക്ലാസ് മുതൽ ഒന്നിച്ചാണ്. പരസ്പരം അടുത്തറിഞ്ഞ എല്ലാ വിശേഷങ്ങളും പങ്കു വയ്ക്കുന്ന സൂസനാണ് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി.
സ്വിറ്റസർലണ്ടിലെ പ്രസിദ്ധനായ ഒരു പ്ലാസ്റ്റിക് സർജന്റെ ഒറ്റ മകൾ. അവളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്ന മാതാപിതാക്കൾ
പക്ഷെ, ചറുപ്രായത്തിൽ, എനിയ്ക്കു കിട്ടിയിരുന്നത്ര വാത്സല്യവും പരിഗണനയും അവൾക്കു ലഭിച്ചിരുന്നോ?
സംശയമാണ് !
അവർക്കാഗ്രഹമില്ലാഞ്ഞിട്ടല്ല, സമയക്കുറവുതന്നെ കാരണം
കൃത്യമായി പ്ലാൻ ചെയ്ത അവധിക്കാലങ്ങളിലല്ലാതെ മാതാപിതാക്കളോടൊത്തുള്ള സമയം വളരെ കുറവായിരുന്നു. എട്ടു മണിക്ക് മുൻപ് ഉറങ്ങാൻ പോകുന്ന സൂസൻ രാവിലെ എഴുന്നേൽക്കുമ്പോളേയ്ക്കും അവളുടെ പപ്പാ ജോലിയ്ക്കു പോയിരിക്കും.
അമ്മ പല കാര്യങ്ങളുമായി എപ്പോളും തിരക്കിലാണ്. കൃത്യനിഷ്ഠയെപ്പറ്റിയും ഡിസിപ്ലിനെപ്പറ്റിയും പൊതുവായ പെരുമാറ്റരീതികളെപ്പറ്റിയുമൊക്കെ പറഞ്ഞു തീരുമ്പോൾ പിന്നെ മറ്റൊന്നിനും സമയം കാണില്ല.
സ്കൂളിൽ സൂസന്റെ നിലവാരം, ചിലപ്പോൾ കണക്കുൾപ്പെടെ പല വിഷയങ്ങൾക്കും മുഴുവൻ മാർക്കും വാങ്ങും. എന്നാൽ പലപ്പോഴും കഷ്ടിച്ചാണു കടന്നു കൂടുന്നത്.
ഇങ്ങനെ പോയാൽ മകളുടെ പഠനം ശരിയാവില്ലെന്നു തോന്നിയ മാതാപിതാക്കൾ അവളെ നല്ല ഒരു പ്രൈവറ്റ് സ്കൂളിൽ, ഹോസ്റ്റലിൽ നിറുത്തി പഠിപ്പിക്കുവാൻ തീരുമാനിച്ചു. അവൾ തീരുമാനത്തെ ആകും വിധം എതിർത്തു നോക്കി
പക്ഷെ വിലപ്പോയില്ല
ഞാൻ അവളുടെ വീട്ടിലുറങ്ങിയ ദിവസവും ഹോസ്റ്റലിൽ നില്ക്കാൻ ഇഷ്ടമില്ലെന്നു പറഞ്ഞു അവൾ അമ്മയോട് വഴക്കിട്ടു
അടുത്ത ദിവസം ഞങ്ങൾ രണ്ടുപേരും കൂടി ഒന്നിച്ചാണു സ്കൂളിൽ പോയത്. സ്കൂൾ ബാഗിൽ അവൾ സാധാരണപോലെ ഒരു കുപ്പിയിൽ ഓറഞ്ച് ജ്യൂസ് നിറച്ചു, ഇടയ്ക്കു കുടിക്കാൻ വേണ്ടി.
അന്നു ബുധനാഴ്ചയായിരുന്നതു കൊണ്ട് ഉച്ച വരെയേ ക്ലസ്സുണ്ടായിരുന്നുള്ളു
ക്‌ളാസ്സ് കഴിഞ്ഞു ഞങ്ങൾ രണ്ടും കുടി സ്റ്റാഡെൽഹോഫൻ റെയിൽവേസ്റ്റേഷൻന്റെ മുകളിലെ നടക്കല്ലുകളിലിരുന്നു സാധാരണപോലെ കുശലം പറഞ്ഞു.
അവൾക്കു സൂറിച്ചിൽ നിന്നും പോകുന്നതിനുള്ള ഇഷ്ടക്കേട് മാതാപിതാക്കളോടുള്ള അരിശമായി സംസാരത്തിൽ മുഴച്ചു നിന്നു
അവൾ കൊണ്ടു വന്നിരുന്ന ഓറഞ്ച് ജ്യൂസ് ദാഹം തീർക്കാനായി ഞങ്ങൾ രണ്ടു പേരും കൂടി കുടിച്ചു. ആ പൊരി വെയിലത്തു ജ്യുസിനു നല്ല രുചിയായിരുന്നു. അതിൽ അല്പം വോഡ്ക ചേർത്തിട്ടുണ്ടെന്നു അവൾ ഇടയ്ക്കെപ്പോളോ പറഞ്ഞെങ്കിലും ഞാനതു കാര്യമാക്കിയില്ല
അല്പംകുടിച്ച ശേഷം എന്നെ തനിച്ചാക്കി സൂസൻ പോയി. മുഴുവൻ വേണ്ടെങ്കിൽ ഒഴിച്ചുകളഞ്ഞിട്ടു പോകണമെന്ന് പോകും വഴി അവൾ ഓർമ്മിപ്പിച്ചു
ഞാൻ അല്പസമയം കുടി അവിടെ ഇരുന്നു. എന്റെ ട്രെയിൻ വരാനുള്ള സമയമായി. ഇവിടെ നിന്നും കയറി സൂറിച്ചിൽ ഇറങ്ങിയിട്ട് വേണം അടുത്ത ട്രെയിൻ പിടിക്കാൻ
ബാക്കി യുണ്ടായിരുന്ന ജ്യുസും കുടി വേഗം കുടിച്ചു തീർത്തു. കുപ്പി വെയ്‌സ്റ്റ് ബോക്സിൽ നിക്ഷേപിച്ച ശേഷം ഞാൻ വേഗം എഴുന്നേറ്റു
ട്രെയിൻ വരാൻ ഇനി മിനുട്ടുകൾ മാത്രം. വേഗം പ്ലാറ്റുഫോമിലെത്തി. എന്റെ ട്രെയിൻ വന്നിട്ടുണ്ട്. രണ്ടു മിനുട്ടു മാത്രമാണ് ട്രെയിൻ ഇവിടെ നിറുത്തുക
ജനലിനടുത്തുള്ള സീറ്റിൽ സ്ഥലം കിട്ടി. വേനൽക്കാലമായതുകൊണ്ട് ട്രെയിനിൽ എയർ കണ്ടീഷൻ നന്നായി പ്രവർത്തിപ്പിച്ചിരിക്കുന്നു. സുഖകരമായ തണുപ്പ്.
മുന്ന് മിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ ട്രെയിൻ സൂറിച്ചിലെത്തി
ഞാൻ ട്രെയിനിൽ നിന്നും പുറത്തിറങ്ങി.
അടുത്ത ട്രെയിൻ പിടിക്കാൻ മറ്റൊരു പ്ലാറ്റ്‌ഫോമിലേയ്ക്ക് നടക്കണം
ഞാൻ നടക്കുകയാണെങ്കിലും അന്തരീക്ഷത്തിലൂടെ സുഖകരമായി ഒഴുകുന്നതു പോലൊരു അനുഭൂതി. ഇതു വരെ ഇങ്ങനെയൊന്നു ഞാൻ അനുഭവിച്ചിട്ടില്ല. എന്റെ കാലുകൾ നിലത്തു തൊടുന്നില്ലാത്തതു പോലെ. എനിയ്ക്കിപ്പോൾ മുന്നിലുള്ള ആരെയും നന്നായി കാണാൻ വയ്യ, ചിലരൊക്കെ മുന്നിൽ നിന്നും മാറി പോകുന്നുണ്ട്, എനിക്കുവേണ്ടി വഴി മാറിത്തരുകയാണെന്നു തോന്നുന്നു . അങ്ങനെ ഒഴുകിയൊഴുകി ഞാനങ്ങു പറന്നു പോയതു മാത്രമേ എനിക്ക് അവസാനം ഓർമിച്ചെടുക്കുവാൻ പറ്റുന്നുള്ളു .
ഡോക്ടർ പറഞ്ഞതനുസരിച്ചു പപ്പാ ഏതു നിമിഷവും ഇങ്ങെത്തും. പാപ്പയോടു ഞാൻ എന്തു പറയും, എങ്ങിനെ പപ്പയുടെ മുഖത്തു നോക്കും . ഒരു സുഹൃത്തിനെപോലെ ഇടപഴകുന്ന വിശേഷ ദിവസങ്ങളിൽ ഒന്നിച്ചിരുന്നു പ്രോസ്റ്റ് പറയുന്ന പാപ്പയോട് എന്തു പറയണമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. ഒരു പക്ഷെ പപ്പ എന്നെ മനസ്സിലാക്കുമായിരിക്കും, എന്നോട് ക്ഷമിക്കുമായിരിക്കും. എനിക്കു കരച്ചിൽ വന്നു.
മമ്മിയ്ക്കു താമസിച്ചു തീരുന്ന ജോലിയായതു ഭ്യഗ്യം. മമ്മിയാണ് ആദ്യം വരുന്നതെങ്കിൽ
ഓർക്കുവാൻ പോലും പറ്റുന്നില്ല.
കതകു പതിയെ മുട്ടി തുറന്നു കൊണ്ടു പപ്പാ അകത്തു വന്നു. അല്പസമയം എന്റെ മുഖത്തേയ്ക്കു നോക്കി നിന്ന ശേഷം കട്ടിലിൽ ഇരുന്ന് എന്റെ രണ്ടു കൈകളും എടുത്ത് മുറുകെ പിടിച്ചിട്ട് , അറിയാതെ പറ്റിയതാവുമല്ലോ, സാരമില്ല എന്ന് പറഞ്ഞു.
ആ സാന്ത്വനത്തിനു മുൻപിൽ ഞാൻ അലിഞ്ഞു പോയതതു പോലെ തോന്നി
പിറ്റേന്ന് ഉച്ച കഴിഞ്ഞപ്പോൾ എന്നെ ആശുപത്രിയിൽ നിന്നും വിട്ടു. മമ്മിയും പപ്പയും കുടി വന്ന് എന്നെ വീട്ടിലേയ്ക്കു കൊണ്ടുപോയി. മമ്മിയുടെ ഉപദേശം കുടിപ്പോയെന്നു തോന്നിയെങ്കിലും ആ അവസരത്തിൽ എനിക്ക് കിട്ടിയ സുരക്ഷിതത്വം, അതായിരിയ്കും എന്നെ ഞാനാക്കിയതെന്നു തോന്നുന്നു
.
അടുത്ത രണ്ടു വർഷത്തേയ്ക്ക് ഞാൻ ഒരു തുള്ളി വൈൻ പോലുംകുടിച്ചിട്ടില്ല.
സൂസനുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് മമ്മിയുടെ വക കർശന നിർദ്ദേശം വന്നെങ്കിലും അവൾ നല്ല കൂട്ടുകാരിയായി തോന്നുന്നെങ്കിൽ മാറ്റി നിറുത്തരുതെന്ന പപ്പയുടെ അഭിപ്രായം എനിക്കിഷ്ടമായി
സൂസൻ മൂന്നു മാസം കഴിഞ്ഞു ഹോസ്റ്റൽ ജീവിതം മതിയാക്കി അവിടെ നിന്നും തിരിച്ചു വന്നു, എന്റെ ക്ലാസ്സിൽ തന്നെ വീണ്ടും കൂടി
ഇന്നവൾ, സൂറിച്ച് ETH യിൽ നിന്നും ആർകിടെക്ട് പഠനവും കഴിഞ്ഞു ലോക പ്രസിദ്ധമായ ഒരു ആർക്കിടെക്ട് ഓഫീസിൽ ഉയർന്ന പദവിയിൽ ജോലി ചെയ്യുന്നു.
ഞങ്ങൾ ഇപ്പോളും നല്ല സുഹൃത്തുക്കളായി തുടരുന്നു, ഒന്നിച്ചു കൂടാൻ സമയം കുറവാണെന്നു മാത്രം
ഇന്ന് 15 വർഷങ്ങൾക്കു ശേഷം സ്വിറ്റസർലണ്ടിലെ ഒരു സൈക്കിയാട്രി ആശുപത്രിയിൽ എന്റെ മുന്നിലിരുന്നു 14 വയസ്സുകാരി മകളുടെ മദ്യപാനശീലം വിസ്തരിച്ചു വിവരിയ്‌ക്കുന്ന ഏഷ്യാക്കാരിയായ അമ്മ, എന്നെ അല്പം പിറകോട്ടു നടത്തിച്ചു
അമ്മയുടെ വിവരണം കഴിഞ്ഞപ്പോൾ അവരെ പറഞ്ഞു വിട്ട ശേഷം ഞാൻ മകളെ അകത്തേയ്ക്കു വിളിച്ചു. ആ 14 വയസ്സുകാരി ഉറച്ച ചുവടുകൾ വച്ച് എന്റെ മുന്നിലെത്തി
അവളോട് ഞാൻ എന്താണു പറഞ്ഞു കൊടുക്കുക
എങ്ങിനെ തുടങ്ങണം!